11 January, 2014

യാത്രാവിവരണം.






    മൂന്നാറിലെ തണുപ്പ് ആസ്വദിക്കാന്‍ ഒരു യാത്ര


                                  ഗൗരിലക്ഷ്മി


മൂന്നാറിലേക്ക് പോകുന്ന ആഹ്ളാദത്തില്‍ വെള്ളിയാഴ്ച്ച ഒരുങ്ങുന്ന സമയത്ത് ടിവിയില്‍ ഒരു വാര്‍ത്ത കണ്ടു.ഇടുക്കി ജില്ലയില്‍ ശനിയാഴ്ച്ച ഹര്‍ത്താല്‍.അതു കേട്ടപ്പോഴേ ഞങ്ങള്‍ക്കേല്ലാം വിഷമം വന്നു. ശനിയാഴ്ച്ച നാലു മണിക്ക് എഴുന്നേറ്റു. യാത്ര ഒരു മണിക്കുര്‍ നേരത്തേയാക്കി. ഹര്‍ത്താല്‍ പിന്‍വലിച്ചില്ലെങ്കില്‍ അന്നു തന്നെ മടങ്ങും , പിന്‍വലിച്ചാല്‍ അവിടെ തങ്ങും. അങ്ങനെയാണ് പ്ലാന്‍.




വീട്ടില്‍ നിന്ന് സാധനങ്ങള്‍ കാറില്‍ കയറ്റി. മാമാജിയുടെ വീട്ടില്‍ 5.45 ന് എത്തി. പിന്നെ അവിടത്തെ സാധനങ്ങളഅ‍ കയറ്റി. എടവനക്കാട് നിന്നും വല്യമ്മയുടെ കാറും എത്തി.ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ എല്ലാവരുമായി കരുതിയിട്ടുണട്. സാധനങ്ങളെല്ലാം കാറില്‍ കയറ്റി ഞങ്ങള്‍ റെഡിയായി. 6.15 ഞങ്ങള്‍ രണ്ട് കാറുകളില്‍ പുറപ്പെട്ടു. മാമാജിയുടെ കാറില്‍ ഞാന്‍ , ചേട്ടന്‍, മാമി, അമ്മു, അച്ചാച്ചന്‍ എന്നിവര്‍. വല്യച്ചന്റെ കാറില്‍ വല്യമ്മ, അമ്മ, അച്ചന്‍, മണിച്ചേട്ടന്‍. ആലുവയും , പെരുംമ്പാവുറും, കോതമംഗലവും കടന്ന് ഞങ്ങള്‍ ഹൈറേഞ്ചിലേക്ക് പ്രവേശിച്ചു. 9.30 ആയപ്പോള്‍ ഞങ്ങള്‍ കാറ്‍ നിറുത്തി.റോഡിന് ഇരുവശവും റബ്ബര്‍ തോട്ടങ്ങള്‍. ചായ കുടിക്കാനാണ് കാര്‍ നിറുത്തിയത്.രാവിലെ ഒരു ചായ മാത്രം കുടിച്ച് ഇറങ്ങിയതീണ്.നല്ല വിശപ്പുണ്ട്. വല്യമ്മച്ചി കൊണ്ടുവന്ന പൂരിയും ,കോളിഫ്ളവര്‍ കറിയും വിളമ്പി. ചൂടന്‍ ചായയും കുടിച്ചപ്പോള്‍ നല്ല ഉന്മേഷം കിട്ടി.വീണ്ടും കാറില്‍ കയറി.





കാറിലിരുന്ന് നോക്കുമ്പോള്‍ ദൂരെ മലകള്‍ കാണാന്‍ നല്ല ഭംഗി.മലകളെ മൂടല്‍ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു.വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ കാര്‍ മല കയറി കൊണ്ടിരിക്കുകയാണ്.ഒരു വെള്ളച്ചാട്ടം കണ്ടു.അവിടെ കാര്‍ നിറുത്തി. കുറച്ചു നേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു നിന്നു.കുക്കുമ്പറും, പൈനാപ്പിളും, കപ്പ വറുത്തതും തിന്നു.വീണ്ടും കാറില്‍ കയറി. തേയില തോട്ടങ്ങള്‍ കണ്ടു തുടങ്ങി. എന്തൊരു ഭംഗി ! ആദ്യമായാണ് തേയിലത്തോട്ടങ്ങള്‍ കാണുന്നത്. കാര്‍ അവിടെ നിറുതതി ആ മനോഹര കാഴ്ച്ചകള്‍ കണ്ടു. പിന്നെ വീണ്ടും യാത്ര. 12 കി.മീറ്റര്‍ ഇനി മൂന്നാറിലേക്കുണ്ടെന്ന് മാമാജി പറഞ്ഞപ്പോള്‍ ഞങ്ങള്‍ വലിയ സന്തോഷത്തിലായി.




പക്ഷെ 12 കി.മീറ്റര്‍ ദൂരം കടക്കാന്‍ രണ്ടര മണിക്കൂര്‍ എടുത്തു. റോഡ് ബ്ളോക്ക് ആയി. വാഹനം അങ്ങോട്ടുമില്ല, ഇങ്ങോട്ടും വരുന്നില്ല. ഞങ്ങള്‍ക്ക് ബോറഡിയായി.ഞങ്ങള്‍ ഒരു ഓട്ടോറിക്ഷക്കാരനോട് ചോദിച്ചു എന്തു പറ്റിയെന്ന്. അയാള്‍ പറഞ്ഞു അവിടെ റോഡ് പണി നടക്കുകയാണെന്ന്.രണ്ടു മണിക്കൂറെങ്കിലും എടുക്കുമെന്നും പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. രണ്ടര മണിക്കൂര്‍ കഴിഞ്ഞിട്ടാണ് ആ ബ്ളോക്കില്‍ നിന്ന് രക്ഷപ്പെട്ടത്.ഞങ്ങള്‍ക്ക വലിയ ആശ്വാസമായി.




പന്ത്രണ്ടേ മുക്കാലിന് ഞങ്ങള്‍ മൂന്നാറിലെത്തി. നട്ടുച്ചക്കും ഇളം കുളിര്! ക്രിസ്തുമസ്സ് അവധിക്കാലം തീരാന്‍ രണ്ടു ദിവസം മാത്രമുള്ളതിനാലായിരിക്കാം മൂന്നാറില്‍ നല്ല തിരക്കായിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍ മുറി കിട്ടാന്‍ പ്രയാസമുണ്ടായില്ല. ഞങ്ങള്‍ മുറി കാണാന്‍പോയി. ഒരു കുന്നിന്റെ മുകളിലാണ്. സിമന്റ് പടികള്‍ കയറി മുകളിലെത്തി. നിര വീടാണ്. ഒരു ഹാള്‍ . നാല് ബെഡ്, ടിവി, രണ്ട് ബാത്ത് റൂം,ചൂട് വെള്ളം . റൂം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ഞാനും, അമ്മുവും, അച്ചാച്ചനും മുറിയിലിരുന്നു . മറ്റെല്ലാവരും ചേര്‍ന്ന് സാധനങ്ങള്‍ റൂമിലേക്ക് കയറ്റി.പിന്നെ ലഞ്ച് കഴിക്കാനുള്ള ഒരുക്കമായി. ഊണിനുള്ള വിഭവങ്ങള്‍ എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ചിക്കന്‍, അച്ചിങ്ങ, മോര് കാച്ചിയത്, സവാള ചൊറുക്കയില്‍ ഇട്ടത്, മാങ്ങ അച്ഛാര്‍, തുടങ്ങിയ രസകരമായ വിഭവങ്ങള്‍. ഭക്ഷണ​ കഴിച്ചതോടെ ക്ഷീണം പമ്പ കടന്നു. എല്ലാവരും വിശ്രമിച്ചു.


2.30 ന് മാട്ടുപെട്ടി, എക്കോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെട്ടു.മാട്ടുപെട്ടിയിലേക്ക് 12കി.മീറ്റര്‍ ദൂരം. മാട്ടുപെട്ടിയില്‍ എത്തിയപ്പോഴാണ് അറിയുന്നത് സന്ദര്‍ശകരെ കയറ്റുന്നില്ലയെന്ന്. നാട്ടിലെല്ലാം കന്നുകാലികള്‍ക്ക് കുളമ്പു രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നതിനാല്‍ മുന്‍കരുതലായാണ് സന്ദര്‍ശകരെ നിരോധിച്ചിരിക്കുന്നതെന്നറിഞ്ഞു.അതിനാല്‍ കാര്‍ എക്കോപോയിന്റിലേക്ക് വിട്ടു. അവിടന്ന് നാലു് കി.മീറ്റര്‍ ദൂരമുണ്ട് എക്കോപോയിന്റിലേക്ക്.യാത്രക്കിടയില്‍ മാമി കാരറ്റ് വാങ്ങി തന്നു. നല്ല ഫ്രഷ് കാരറ്റ് . തിന്നാന്‍ നല്ല രസം. കറുമുറെ കടിച്ചു തിന്നു.എക്കോ പോയിന്റില്‍ നല്ല തിരക്കായിരുന്നു. ആളുകള്‍ ബോട്ടിങ്ങ് നടത്തുന്നുണ്ട്. അവിടെ ഒരു കടയില്‍ നിന്നും മസാല ചായ കഴിച്ചു.



തിരിച്ചു വരുന്ന വഴിക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇറങ്ങി.ഗാര്‍ഡന്‍ അടക്കാറായിട്ടുണ്ടായിരുന്നു. ലാസ്സ് ടിക്കറ്റ് ഞങ്ങള്‍ക്കായിരുന്നു. ടിക്കറ്റ് ചാര്‍ജ്ജ് പതിനഞ്ച് രൂപ.അപ്പോഴെക്കും തണുപ്പ് കൂടി വന്നു.പക്ഷെ പൂക്കളുടെ വര്‍ണ്ണഭംഗിയില്‍ മനം മയങ്ങി തണുപ്പ് ഫീല്‍ ചെയ്തില്ല.ഗാര്‍ഡനില്‍ നിന്ന് വേഗം ഇറങ്ങി. നേരം ഇരുട്ടി തുടങ്ങി. മൂന്നാര്‍ ടൗണില്‍ എത്തുമ്പോള്‍ സമയം എട്ടര. ഞങ്ങള്‍ ലോഡ്ജില്‍ എത്തി.ഭക്ഷണം കഴിക്കാനുള്ള ഒരുക്കമായി. ടാപ്പിലെ വെള്ളം ഐസ് പോലെയായിരന്നു. കൊണ്ടു വന്ന ഭക്ഷണം എല്ലാവരും കഴിച്ചു തീര്‍ത്തു. ഒമ്പതരയോടെ കിടന്നു. പക്ഷെ ഉറക്കം വന്നില്ല. നാളത്തെ കാഴ്ച്ചകള്‍ എന്തൊക്കെയായിരിക്കും? അച്ഛനോട് ചോദിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്ക് കാണാന്‍ നാളെ പോകാമെന്ന് അച്ഛന്‍ പറഞ്ഞു. സ്വെറ്ററും, മങ്കി ക്യാപ്പും ധരിച്ച് കിടന്നു. തണുപ്പിന് അല്‍പ്പം ആശ്വാസം. ഉറങ്ങിയതറിഞ്ഞില്ല.


രാജമലയുടെ മടിത്തട്ടില്‍

ഹരിശങ്കര്‍




2013 ഡിസംമ്പര്‍ 28 ശനി . മൂന്നാറിലെ ‍ഞങ്ങളുടെ ആദ്യ പുലരി. അത് വളരെ മനോഹരമായിരുന്നു. പതിവുപോലെ അച്ഛന്റെ ഫോണിന്റെ അലാറം അടിച്ചു. ആദ്യം നിദ്ര വിട്ടുണര്‍ന്നതും അച്ഛന്‍ തന്നെ. രാവിലത്തെ കൂളി അവഗണിക്കാനാകാത്തതിനാല്‍ മൂന്നാറിലെ കൊടുംതണുപ്പ് വെള്ളത്തില്‍ കുളിക്കുകയും ചെയ്തു.പിന്നീട് പത്രം വാങ്ങാനായി പുറത്തേക്ക് പോയി. പതിയെ പതിയെ എല്ലാവരും ഉറക്കമുണര്‍ന്നു. മൂന്നാറിലെ വെള്ളത്തിന്റെ തണുപ്പ് ആസ്വദിച്ചറിയാതിരിക്കാന്‍ ആര്‍ക്കും മനസ്സ് വന്നില്ല.
പത്രം കിട്ടിയില്ലെന്ന് പറഞ്ഞ് അച്ഛന്‍ തിരിച്ചു വന്നു. പത്രം കിട്ടാത്തതിന്റെ നിരാശയേക്കാള്‍ കൂടുതല്‍ തണുപ്പ് ആസ്വദിച്ചതിന്റെ സന്തോഷം അച്ഛന്റെ മുഖത്തുണ്ടായിരുന്നു. ഇന്നെവിടെയാണ് പോകുന്നതെന്ന് ഗൗരി ചോദിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ പോകാം എന്ന് മാമാജി പറഞ്ഞു. സമയം ഏതാണ്ട് അഞ്ചരയായിക്കാണും. പത്രം കിട്ടുമോ എന്നറിയാന്‍ ഒരു ശ്രമം കൂടി നടത്താന്‍ അച്ഛന്‍ തീരുമാനിച്ചു. ഇത്തവണ ഞാനും കൂടെ കൂടി.

ചൂടുചായ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് അമ്മ പറഞ്ഞു. ചായ വാങ്ങാന്‍ അച്ഛന്‍ ഫ്ളാസ്ക്കെടുത്തു. ഞാനും അച്ഛനും പുറത്തിറങ്ങി. കൊടുംതണുപ്പായിരുന്ന അപ്പോള്‍ . കോടമഞ്ഞ് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നാറിന്റെ തണുപ്പറിയാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നി.

വഴി വിജനമായിരുന്നു. ഇന്നലെ മാല മാല പോലെ വണ്ടികള്‍ കിടന്നിരുന്ന റോഡില്‍ അനക്കമില്ല. ഏതാനം കടകള്‍ തുറന്നിട്ടുണ്ട്. ‍ഞങ്ങള്‍ ഒരു ചായക്കടയില്‍ കയറി. ആളുകള്‍ ചൂടു ചായകുടിക്കുകയാണ്. ഫ്ളാസ്ഖ്ക്കില്‍ ചായ വാങ്ങിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴാണ് ഞാന്‍ ഒരു അത്ഭുത കാഴ്ച കാണുന്നത്. ഞാന്‍ സംസാരിച്ചപ്പോള്‍ എന്റെ വായില്‍ നിന്നും വെളുത്ത പുക വരുന്നു. വായില്‍ നിന്നും പുറത്തു വരുന്ന വായു അന്തരീക്ഷത്തിലെ തണുപ്പില്‍ ഘനീഭവിച്ചതാണ് പുകയായി കാണുന്നതെന്ന് അച്ഛന്‍ പറഞ്ഞു. പത്രത്തിന്റെ കാര്യത്തില്‍ ഇത്തവണയും നിരാശയായിരുന്നു. ഫലം. ഇടുക്കിയില്‍ പ്രസ്സില്ലെന്നും കോട്ടയത്തുനിന്നും പത്രമെത്താന്‍ വൈകുമെന്നും ഞങ്ങള്‍ മനസ്സിലാക്കി. ചായയുമായി ഞങ്ങള്‍ വീട്ടിലെത്തി.

എല്ലാവരും ചൂടു ചായ കുടിച്ചു. സമയം ആറു മണി കഴിഞ്ഞു. പത്രം വന്നിരിക്കും എന്നുറപ്പിച്ച് കൊണ്ട് ഞാനും അച്ഛനും വീണ്ടുമൊരന്വേഷണത്തിന് പുറപ്പെട്ടു. ഇത്തവണ മണിച്ചേട്ടനും ‍ഞങ്ങളുടെ കൂടെ കൂടി. പത്രക്കെട്ടുകള്‍ അഴിച്ച് തരം തിരിക്കുന്നേയുള്ളു. ഞങ്ങള്‍ ഒരെണ്ണെം വാങ്ങിച്ചു. പത്രം വായിച്ച് നടക്കുമ്പോള്‍
വല്യച്ഛന്‍ വരുന്നു. ബ്രേക്ക് ഫാസ്ററിന് എന്തെങ്കിലും കിട്ടുമോയെന്നറിയാന്‍ ഇറങ്ങിയതാണ്. വലിയ ഹോട്ടലുകള്‍ ഒന്നും തുറന്നിട്ടില്ല. ഒരു ചായക്കടയില്‍ ഇഡ്ഡലി തട്ടിലേക്ക മാവ് ഒഴിക്കുന്നേയുള്ളു. അരമണിക്കൂറിനകം ശരിയാകുമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ തിരിച്ചു നടന്നു.

വീട്ടില്‍ വീണ്ടും തിരിച്ചെത്തിയപ്പോഴെക്കും എല്ലാവരും അടുത്ത യാത്രക്ക് തയ്യാറായ് കഴിഞ്ഞിരുന്നു.
ഭക്ഷണത്തിനായ് ഞങ്ങള്‍ അടുത്തുള്ള ഒരു വെജിറ്റെറുയന്‍ ഹോട്ടലില്‍ കയറി.ഭാഗ്യവശാല്‍ അവിടെ ഭക്ഷണം തയ്യാറായ് കഴിഞ്ഞിട്ടുണ്ടായിരുന്നു.സമയം ആറര കഴിഞ്ഞിരിക്കണം. മസാല ദോശയും ഇഡ്ഡലിയുമാണ് അവിടെ നിന്നും കഴിച്ചത്. ഭക്ഷണം നല്ലതായിരുന്നു.

ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കാര്‍ കിടന്നിടത്തേക്ക് പോയി. കാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച സെക്യൂരിറ്റിക്കാരന്‍ അപ്പോഴും അവിടെ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തോടട് യാത്ര പറഞ്ഞ് ഞങ്ങള്‍ കാറുമായി വീടിന് മുന്നിലെ ചരിവിലെത്തി. കുത്തനെയുള്ള കയറ്റമായതിനാല്‍ കാര്‍ വീടിനടുത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വീട് പൂട്ടി ഉടമസ്ഥന് താക്കോല്‍ കൊടുത്തു. കാറുകളില്‍ സാധനങ്ങള്‍ കയറ്റി ഞങ്ങള്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് പുറപ്പെട്ടു. ഇത്തവണ ഞാന്‍ മാമാജി ഓടിച്ച കാറിലാണ് കയറിയത്. ഗൗരി, അമ്മു, അച്ചാച്ഛന്‍, മാമി എന്നിവരായിരുന്നു മറ്റു യാത്രക്കാര്‍. റോഡില്‍ തിരക്ക് കുറവായിരുന്നു. വണ്ടി വേഗത്തില്‍ വിട്ടു, ഒരു വശത്ത് ഗംഭീരമായി തല ഉയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. മറുവശത്ത് വന്‍ ഗര്‍ത്തങ്ങള്‍. തണുപ്പ് കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.പതിനൊന്ന് കിലോമീറ്ററോളം ഉണ്ടായിരുന്നു ഇരവികുളത്തേക്ക്. ഒമ്പതരയോടെ ഞങ്ങള്‍ ഇരവികുളത്തെത്തി.
ഉള്ളവരില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു.വനം വകുപ്പിന്റെ ‍വണ്ടിയില്‍ ഞങ്ങളെ മല മുകളില്‍ എത്തിക്കും എന്ന്
ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു.ക്യൂവില്‍ സ്ഥാനം ഉറപ്പിച്ചതിനുശെഷം അവിടെ തന്നെ ഇരുപ്പായി.
സാവധാനമാണ് ക്യു നീങ്ങിയതെങ്കിലും ശമ്പരിമലയെക്കാളും ഗുരുവായുരിനെക്കാളും വേഗത്തിലായിരുന്നു.

അച്ഛന്‍ ടിക്കറ്റെടുത്തു.എല്ലാവര്‍ക്കും ഒരെ വണ്ടിയില്‍ കയറാനുള്ള ഭാഗ്യം ഉണ്ടായില്ല.ഒരു വശത്ത് മലയും
മറുവശത്ത് അങ്ങ് ദൂരെക്ക് തോയിലക്കാടുകള്‍.ഇങ്ങനെ ആയിരുന്നു ഞങ്ങള്‍ സഞ്ചരിച്ച റോഡ്.കിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷം ഞങ്ങള്‍ മലയുടെ മുകളിലെത്തി.ഇവിടന്നിനി കാല്‍
നടയായിട്ടാണ് പോകെണ്ടത്.പ്രായാധിക്ക്യം മൂലം അച്ചാച്ഛന്‍ മല കയറുന്നതില്‍ നിന്ന് പിന്‍മാറി.കൊടും
തണുപ്പില്‍ അച്ചന് അച്ചാച്ഛന് അസുഖങ്ങളോന്നും ഉണ്ടായില്ല എന്നത് എല്ലാവര്‍ക്കും അത്ഭുതകരമായ
കാര്യമായിരുന്നു.
അച്ചച്ഛനെ വരമ്പിലിരുത്തി ഞങ്ങള്‍ മല കയരാന്‍ ആരംഭിച്ചു.എല്ലാവരും ഒരുമിച്ച് മല കയറി.അച്ചന്‍
എടുക്കിടെ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു.വളരെ മനോഹരമായ മല. രാജമലയുടെ മടിത്തട്ടിലാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. "രാജമല" . പേര് പോലെ തന്നെ ഗംഭീരം.പശ്ചിമഘട്ടത്തിലെ പര്‍വ്വത രാജാവ് എന്ന് തന്നെ പറയാം. എന്തൊരു പ്രൗഢി! നമ്മുടെ വീടിന് ചുറ്റുമുള്ളത് മാത്ര
അല്ല പ്രകൃതി.അത് ഒരു വലിയ സമുദ്രം പോലെയാണ് എന്നെനിക്ക് മനസ്സിലായി.ഭൂമിയോളം
പഴക്കമുള്ളവയാണ് ഈ മലയിലെ പാറകളും മരങ്ങളും.എത്ര തലമുറകള്‍ ഈ മല ചവിട്ടിക്കയറിയിരിക്കുന്നു.
മലയുടെ ചില ഇടങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തകര്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു.പല ചെടികളിലും പെരെഴുതി
ഒട്ടിച്ചിട്ടുണ്ടായിരുന്നു.
പതിയെ ഒട്ടും കിതയ്ക്കൈതെ ഞാന്‍ മല കീഴടക്കി.ഇനി അങ്ങോട്ടു പ്രവേശനം ഇല്ല എന്ന ബോര്‍ഡ്
കണ്ട് അവിടെ വിശ്രമിക്കാന്‍ നിന്നു. മല കീഴടക്കിയതു കൊണ്ട് പ്രകൃതിയെ കീഴടക്കി എന്ന അഹങ്കാരം പാടില്ല് എന്ന് ഞാന്‍ ഓര്‍ത്തു. കാരണം പ്രകൃതി എപ്പോഴാണ് കോപിക്കുക എന്ന് നമുക്ക് അറി‍ഞ്ഞു കൂടാ. പ്രകൃതി കോപിക്കുമ്പോഴുള്ള ദുരിതങ്ങള്‍ നാം പലപ്പോഴും കണ്ടിട്ടുണ്ട്.

വരയാട് എന്ന മലയാടിന്റെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ് ഇരവികുളം. ദൂരെ മലമുകളിലേക്ക് കണ്ണ് നട്ട് കൊണ്ട് ഒരു വരയാടിനെയെങ്കിലും കാണണേയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് നിര്‍ന്നിമേഷരായി ഞങ്ങള്‍ നിന്നു. “ അതാ ഒരു വരയാട് " മാമാജി ദൂരേക്ക് വിരല്‍ ചൂണ്ടി. എല്ലാവരും അങ്ങോട്ടായി നോട്ടം .” ഞാനും കണ്ടു " എന്ന് ഗൗരിയും പറഞ്ഞു. പക്ഷെ എനിക്ക് ഒന്നും കാണാന്‍ പറ്റിയില്ല. ഞങ്ങള്‍ കുറച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം മല ഇറങ്ങാന്‍ തീരുമാനിച്ചു. മല ഇറങ്ങുന്നതിനിടയില്‍ മല ദൈവങ്ങളുടെ കൃപകൊണ്ടാവാം ഞാനും ഒരു വരയാടിനെ കണ്ടു. ഒന്ന്, രണ്ട്, മൂന്ന്,നാല്..... ഞാന്‍ എണ്ണാന്‍ തുടങ്ങി. കുറെ ഉണ്ട് . ഒരെണ്ണത്തിനെ തൊട്ടടുത്ത് കണ്ടു ! സാവധാനം ഞങ്ങള്‍ മലയിറങ്ങി താഴെ എത്തി.

താഴെക്ക് തിരിച്ചിറങ്ങുന്നതിന് വനം വകുപ്പിന്റെ വണ്ടി കാത്ത് ഞങ്ങള്‍ ഏറെ നേരം നിന്നു. വണ്ടി എത്തി. മലഞ്ചരിവിലെ വളഞ്ഞു പുളഞ്ഞ റോഡിലൂടെ മടക്കയാത്ര. ഞങ്ങള്‍ താഴവാരത്തെത്തി. മലമുകളിലേക്ക് കയറാന്‍ നില്‍ക്കുന്നവരുടെ ക്യുവിന് അപ്പോള്‍ നല്ല നീളം വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നാര്‍ ടൗണിലേക്ക് മടക്കയാത്ര ആരംഭിച്ചു.മൂന്നാറിലെത്തുമ്പോള്‍ 12 മണി. മൂന്നാറില്‍ നിന്ന് കുറച്ച് സ്പൈസസ് വാങ്ങിച്ച് ഞങ്ങള്‍ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മനോഹര ഭൂമിയോട് യാത്ര പറഞ്ഞു.വൈകീട്ട് അഞ്ച് മണിക്ക് ഞങ്ങള്‍ പറവൂരെത്തി.

വളരെ മനോഹരമായ യാത്രയായിരുന്നു അത്. മൂന്നാറിന്റെ വന്യമായ ഭംഗി ആസ്വദിച്ചതോടൊപ്പം , പ്രകൃതി എത്ര സുന്ദരമാണെന്നും , ആ സൗന്ദര്യം നില നിറുത്തേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണെന്നും ഞാന്‍ മനസ്സിലാക്കി. ഇനിയും ഇതുപോലത്തെ ആനന്ദവും , വിജ്ഞാനവും തരുന്ന യാത്രകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും


























































No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...