28 November, 2014

എന്റെ സ്ക്കൂള്‍ ഡയറി 17




                   
സെക്കന്റ് റൗണ്ട്


വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു.ശാസനയും ശകാരവും പാടില്ല. ബെഞ്ചില്‍ നിറുത്താന്‍ പാടില്ല. നിലത്തിരുത്താന്‍ പാടില്ല. ഇംമ്പോസിഷന്‍ എഴുതിക്കാന്‍ പാടില്ല. കുട്ടി പഠിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെങ്കിലും , പരീക്ഷക്ക് പരാജയപ്പെട്ടാലും കുറ്റം പറയാന്‍ പാടില്ല. പ്രശ്നം അദ്ധ്യാപകനാണ്.

എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഒരടി കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളുണ്ട്. ഒരു ദിവസം പൊരിഞ്ഞ ഇടി നടക്കുന്നു. ഇടിക്കാരെ കൈയോടെ പിടി കൂടി. ഈ അവസരത്തില്‍ സാരോപദേശം നടത്തിയിട്ട് കാര്യമില്ല. സ്കൂളില്‍ നിന്ന് പറഞ്ഞ് വിടലും , മാതാപിതാക്കളെ വിളിപ്പിക്കലുമൊക്കെ അടുത്ത നടപടി. ഇപ്പോള്‍ ഓരോന്ന് കൊടുക്കുക തന്നെ.

ഒരു ചൂരല്‍ വരുത്തി. ഇടിക്കാരെ ഓരോരുത്തരെ നിരത്തി നിറുത്തി ഓരോന്ന് കൊടുക്കുവാന്‍ തുടങ്ങി.
ആദ്യം അടി കിട്ടിയവന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കരച്ചില്‍ തുടങ്ങി.
ഇത് ഫസ്റ്റ് റൗണ്ട് . ഇവരുടെ കൂടി കഴിഞ്ഞിട്ട് സെക്കന്റ് റൗണ്ട് തരാം.”
അവന്‍ ഡെസ്ക്കില്‍ തല താഴ്ത്തി കരച്ചില്‍ തുടര്‍ന്നു.

മൂന്നാമനെ അടിച്ചതോടെ വടി ഒടിഞ്ഞു . അത് പൊട്ടി പൊളിഞ്ഞ വടി ആയിരുന്നു. ഇനി രണ്ടു പേര്‍ കൂടി ഉണ്ട്.

അടി കൊള്ളാത്തവര്‍ക്ക് ആഹ്ളാദം . കാഴ്ച്ചക്കാര്‍ക്ക് നിരാശ. ഡെസ്ക്കില്‍ തല ചായ്ച്ച് കരഞ്ഞു കൊണ്ടിരുന്നവന്‍ എഴുന്നേറ്റു. കണ്ണിരൊപ്പിക്കൊണ്ട് അവന്‍ ചോദിച്ചു.” അപ്പോ സാറെ . സെക്കന്‍റ് റൗണ്ടിനെന്തു് ചെയ്യും ?”

ക്ളാസ്സില്‍ കൂട്ടച്ചിരി.

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...