13 October, 2019

കേസരി



ഒരു എഴുത്തുകാരന്റെ ഉദയം
എം.എന്‍.സന്തോഷ്

ശാരദാ പ്രസ്സിന്റെ വരാന്ത.അവിടെ ഒരു കസേരയില്‍ ആലോചനാഭരിതനായി ചാരുകസേരയില്‍ ഇരിക്കുകയാണ് കേസരി പത്രത്തിന്റെ പത്രാധിപര്‍ എ.ബാലകൃഷ്ണപിള്ള. നീണ്ടുവെളുത്ത താടി തലോടി സ്വതവേയുള്ള ഇരിപ്പ്. 'കേസരി സദസ്സ്'’ എന്ന് പില്‍ക്കാലത്ത് വിഖ്യാതമായിത്തിര്‍ന്ന സാഹിത്യ കൂട്ടായ്മയുടെ അരങ്ങായിരുന്നു ആ വരാന്ത.
ഒരു ദിവസം , ഏകദേശം പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് ആ വരാന്തയിലേക്ക് കടന്നു വന്നു.വാര്‍ത്താക്കുറിപ്പുകളും , കഥയും, കവിതയും എഴുതിയ കടലാസ്സുകള്‍ ചുരുട്ടിപ്പിടിച്ച് ചില ചെറുപ്പക്കാര്‍ ആ വരാന്തയിലേക്ക് നിത്യവും വരാറുണ്ട്. അവ ഒന്നച്ചടിച്ച് കാണാനുള്ള വെമ്പലോടെ !
സ്വദേശം തകഴിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി ആ ചെറുപ്പക്കാരന്‍.തിരുവനന്തപുരത്ത് നിയമകലാശാലയില്‍ പ്ളീഡര്‍ ഷിപ്പ് പഠിക്കുകയാണയാള്‍. പരീക്ഷ പാസ്സാകണം, വക്കീലാകണം. നല്ല വായനാശീലവുമുണ്ടത്രെ. അല്‍പ്പസ്വല്‍പ്പമൊക്കെ എഴുതാറുമുണ്ട്. ഈ ഒരു യോഗ്യതയുടെ ബലത്തിലാണ് ആ വിദ്യാര്‍ത്ഥി നാടെങ്ങും അറിയപ്പെടുന്ന ആ പത്രാധിപരെ കാണാനെത്തിയിരിക്കുന്നത്.
വക്കീല്‍ പണിയോടൊപ്പം എഴുത്തും ആയാല്‍ കൊള്ളാമെന്നുണ്ട്. അതിനുള്ള ഉപദേശം കിട്ടിയാല്‍ കൊള്ളാം.”
സമദര്‍ശിയും. പ്രബോധകനും , കേസരിയുമൊക്കെ വായിച്ച് ആവേശഭരിതനായ യുവാവ് തന്റെ ആഗമനോദ്ദേശം സവിനയം വെളിപ്പെടുത്തി.
യുവ എഴുത്തുകാരെ പരിചയപ്പെടാനും, പ്രോത്സാഹിപ്പിക്കാനും പത്രാധിപര്‍ അതീവ തല്‍പ്പരനായിരുന്നു. വളരെ നേരം ആദ്ദേഹം ആഗതനുമായി സാഹിത്യ സംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചു. ഫ്രഞ്ച് സാഹിത്യത്തിലെ ഉത്കൃഷ്ഠങ്ങളായ ചെറുകഥകളെ പറ്റി അദ്ദേഹം ചെറുപ്പക്കാരന് പറഞ്ഞു കൊടുത്തു. ആ ദേശത്തെ കഥാസാഹിത്യത്തിന്റെ സൗന്ദര്യം നമ്മുടെ ഭാഷയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് നമ്മുടെ ഭാഷക്ക് മികവേകുവാനാകുമെന്ന് അദ്ദേഹം പറ‍ഞ്ഞു.
കേസരി പത്രാധിപരുടെ സാഹിത്യ പ്രഭാഷണം കോരിത്തരിപ്പോടെയാണ് ശിവശങ്കരപിള്ള ശ്രവിച്ചത്.
സാഹിത്യാസ്വാദകര്‍ വായിച്ചിരിക്കേണ്ടതായ ചില പാശ്ചാത്യ സാഹിത്യ കൃതികളുടെ പട്ടികയും അദ്ദേഹം അതിഥിക്ക് നല്‍കി. മോപ്പസാങ്ങിന്റെ പ്രസിദ്ധ കൃതിയായ 'ബെല്‍ അമി'യുടെ പരിഭാഷ 'കാമുകന്‍' എന്ന പേരില്‍ ബാലകൃഷ്ണ പിള്ള പ്രസിദ്ധീകരിച്ച സമയമായിരുന്നു അത്. ആ കൃതിക്ക് അദ്ദേഹമെഴുതിയ ദീര്‍ഘമായ മുഖവുരയുടെ പകര്‍പ്പും പയ്യന് കൊടുത്തു. സമയം കിട്ടുമ്പോഴൊക്കെ വന്നു കാണണമെന്ന് പറഞ്ഞ് , അനുഗ്രഹാശിസ്സുകളും നല്‍കി ശിവശങ്കരപിള്ളയെ യാത്രയാക്കി.
തിരുവനന്തപുരത്തെ പഠനം തീരും വരെ , ആ യുവാവ് നിത്യേനയെന്നോണം കേസരിയാപ്പീസിലെത്തുമായിരുന്നു.അസാധാരണമായ ഒരു വ്യക്തി ബന്ധമായിരുന്നു അവര്‍ തമ്മില്‍. ആ ഗുരുശിഷ്യ ബന്ധമാണ് , എഴുത്തുകാരനാകാനുള്ള തീവൃമായ അഭിലാഷവുമായെത്തിയ ആ തകഴിക്കാരനിലെ പ്രതിഭാ വിലാസത്തെ ഊതിക്കാച്ചി പൊന്നാക്കി മാറ്റിയത്. ആ നാടിന്റെ പേരില്‍ തന്നെ അദ്ദേഹം വിശ്വ സാഹിത്യത്തോളം വളര്‍ന്നത് പിന്നീട് ചരിത്രം ! ക്ലാസ്സിക്ക് കൃതികളായ കയര്‍, ചെമ്മീന്‍ തുടങ്ങിയ നൂറ് കണക്കിന് കൃതികള്‍ രചിച്ച് , മലയാള സാഹിത്യത്തിന്റെ അഭിമാനമായ ജ്ഞാനപീഠ പുരസ്കാര ജേതാവ് കൂടിയായ കെ.കെ.ശിവശങ്കരപിള്ളയായിരുന്നു കേസരിയുടെ ആ വിനീത ശിഷ്യന്‍ .
............................................

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...