13 October, 2019

വേലുത്തമ്പി ദളവ
എം.എന്‍.സന്തോഷ്
ധീരനും,രാജ്യസ്നേഹിയുമായ ഒരു ഭരണാധികാരിയായിരുന്നു വേലുത്തമ്പി ദളവ.സ്വാതന്ത്ര്യത്തിനു വേണ്ടി
ജീവിക്കുകയും , പടപൊരുതുകയും ചെയ്തു കൊണ്ട് അദ്ദേഹം ജീവത്യാഗം ചെയ്തു.
തിരുവിതാംകൂറിലെ ദളവയായിരുന്നു അദ്ദേഹം. അങ്ങനെ ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോഴുള്ള ഒരു സംഭവം
അദ്ദേഹത്തിന്റെ പ്രജാക്ഷേമവും നീതി ബോധവും വെളിവാക്കുന്നതാണ് .
കൊട്ടാരത്തിലെ കാര്യക്കാരനായിരുന്ന പിള്ളയെ വേലുത്തമ്പി ദളവ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ചിരുത
എന്ന സ്ത്രീയുടെ വീട്ടുവളപ്പിലെ പ്ളാവ് മുറിച്ചതായിരുന്നു പിള്ള ചെയ്ത കുറ്റം.
പിള്ളയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതറിഞ്ഞപ്പോള്‍ വേലുത്തമ്പിയുടെ അമ്മ വിഷമിച്ചു.
“വേലു, ചട്ടം പോലെയല്ലേ അയാള്‍ ചെയ്തത് ? പണ്ടാരം വക സ്ഥലത്തുള്ള പ്ളാവാണ് മുറിച്ചത് . സര്‍
ക്കരാവശ്യത്തിനാണ് താനും. പിന്നെന്തിനാണ് ഈ കടും കൈ ചെയ്തത് ? ”
വേലുത്തമ്പി പറഞ്ഞു
“പിള്ളയെന്തിനാണ് ചിരുതയുടെ പ്ളാവ് തന്നെ മുറിച്ചത് ? ചിരുതയും നാലഞ്ച് മക്കളും ആ പ്ളാവിലെ ചക്കയിട്ട്
വിറ്റാണ് കഴിഞ്ഞു കൂടുന്നത് . ചിരുതയുടെ കുടുംബം പട്ടിണിയായില്ലേ . അതിനടുത്ത് പണക്കാരുടെ വീട്ടു വളപ്പില്‍
ധാരാളം പ്ലാവുകള്‍ ഉണ്ടായിരുന്നല്ലോ. പിള്ളക്ക് അതില്‍ നിന്നും മുറിക്കാമായിരുന്നില്ലേ ? അതും പണ്ടാരം വക
തന്നെയാണ്. പൊറുക്കാനാകാത്ത ദ്രോഹമാണയാള്‍ ചെയ്തത് . ”
എന്നാലും ജോലി കളയാണ്ടായിരുന്നു മോനേയെന്ന് അമ്മ പരിതപിച്ചു.
വേലുത്തമ്പി തന്റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ജന നന്മക്കാണ് , അല്ലാതെ
ജനങ്ങളെ ദ്രോഹിക്കാനല്ല എന്ന് വേലുത്തമ്പി പറഞ്ഞു.പാവങ്ങളെ ദ്രോഹിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍
കണം എന്നായിരുന്നു വേലുത്തമ്പിയുടെ ന്യായം.
നാഗര്‍കോവിലിനടുത്ത് കല്‍ക്കുളം ഗ്രാമത്തില്‍ 1765 മെയ് 6 നാണ് അദ്ദേഹം ജനിച്ചത് . അച്ഛന്‍ മണക്കര
കുഞ്ഞുമായിറ്റി പിള്ള. അമ്മ വള്ളിയമ്മ പിള്ള തങ്കച്ചി.
ചെമ്പക രാമന്‍ വേലായുധന്‍ എന്നാണ് യഥാര്‍ത്ഥ പേര് . വേലുത്തമ്പി എന്ന് ചെറുപ്പത്തിലേ അറിയപ്പെട്ടു.
ധര്‍മ്മ രാജാവ് എന്ന് ഖ്യാതി നേടിയ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഭരണ കാലത്ത് 1784 ല്‍
വേലുത്തമ്പി കൊട്ടാരം കാര്യക്കാരനായി ജോലിയില്‍ നിയമിതനായി. അന്ന് ഇരുപത് വയസ്സായിരുന്നു
വേലുത്തമ്പിയുടെ പ്രായം. പിന്നീട് ദളവ പദം വരെ ഉയര്‍ച്ച നേടുകയും ചെയ്തു. 1802 മാര്‍ച്ച് 15 മുതല്‍
തിരുവിതാംകൂറില്‍ അദ്ദേഹം നിര്‍ണ്ണായക സ്ഥാനം വഹിച്ച ഏഴു വര്‍ഷക്കാലം രാജ്യം നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍
ക്ക് സാക്ഷ്യം വഹിച്ചു.
ബ്രിട്ടീഷ് സൈന്യവുമായുള്ള പോരാട്ടത്തിനിടെ അദ്ദേഹം മണ്ണടി ഭഗവതി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചു. 1809
മാര്‍ച്ച് ഇരുപത്തിയൊമ്പതാം തിയതി സൈന്യം ക്ഷേത്രം വളഞ്ഞു. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതായി
അദ്ദേഹം മനസ്സിലാക്കി. പിടികൊടുത്താലുണ്ടാകുന്ന മാനഹാനിയോര്‍ത്ത് അദ്ദേഹം വീരമൃത്യു വരിക്കുകയാണ്
ചെയ്തത് .
വേലുത്തമ്പിയെ ജീവനോടെ കിട്ടാത്തതിനാല്‍ കോപാകുലനായ മെക്കാളെ എന്ന ബ്രിട്ടീഷ് റസിഡന്റ് എന്തു
ചെയ്തെന്നോ ?
വീരമൃത്യു വരിച്ച വേലുത്തമ്പിയുടെ ജീവനറ്റ ശരീരം തിരുവനന്തപുരം വീഥികളിലൂടെ കൊണ്ടു നടന്നു. കണ്ണമ്മല
കുന്നിന്മേല്‍ കുന്തത്തില്‍ തറച്ച് പൊതുദര്‍ശനത്തിന് വെച്ചു. കൊടും ക്രൂരതയല്ലേ മെക്കാളെ ആ രാജ്യസ്നേഹിയോട്
ചെയ്തത് ? പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം പോരാടി. അതാണോ വേലുത്തമ്പി ചെയ്ത കുറ്റം ?
നേതാജി സുഭാഷ് ചന്ദ്രബോസ് വേലുത്തമ്പിയെ ഇന്‍ഡ്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി എന്നാണ്
വിശേഷിപ്പിച്ചത് .

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...