'ശ്രീനാരായണ സ് മൃതി' - ഒരു പ്രവര്‍ത്തന
സംഹിത
മനുഷ്യകുലത്തിന്റെ നന്മക്കായി ഒരു പ്രവര്‍ത്തനസംഹിത തന്നെയെഴുതിയിട്ടുണ്ട് ഗുരുദേവന്‍. 'ശ്രീനാരായണ ധര്‍മ്മം' അഥവാ 'ശ്രീനാരായണ സ് മൃതി' എന്നാണിതറിയപ്പെടുന്നത്. ഗുരു അരുളിയ ഉപദേശങ്ങള്‍ 1924 ല്‍ ആത്മാനന്ദ സ്വാമിയാണ് പദ്യരൂപത്തിലാക്കിയതെന്ന് പറയപ്പെടുന്നു.
പത്ത് സര്‍ഗ്ഗങ്ങള്‍
സംസ്കൃതത്തിലാണ് ഈ പദ്യം രചിക്കപ്പെട്ടിട്ടുള്ളത്. പത്ത സര്‍ഗ്ഗങ്ങളിലായി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് ശ്ലോകങ്ങലാണിതിലുള്ളത്.
1 പ്രാരംഭം
2 ധര്‍മ്മാധര്‍മ്മ വിവേചനം
3 ഒരു ദൈവം
4 സൂതകം
5 ആശ്രമധര്‍മ്മം
6 ബ്രഹ്മചര്യം
7 ഗാര്‍ഹസ്ഥ്യ ധര്‍മ്മം
8 പഞ്ചമഹാ യജ്ഞം
9 അപരക്രിയ
10സംന്യാസം
എന്നിങ്ങനെയാണ് സര്‍ഗ്ഗങ്ങള്‍.
ധര്‍മ്മാധര്‍മ്മ വിവേചനം എന്ന രണ്ടാം സര്‍ഗ്ഗത്തിലാണ് നിര്‍ണ്ണായകമായ ജാതി, മതം എന്നിവ വിശകലനം ചെയ്യുന്നത്. മനുഷ്യര്‍ക്ക് ജാതി ഒന്നേയുള്ളുവെന്നും അത് മനുഷ്യജാതിയാണെന്നും ഗുരു വിളംബരം ചെയ്യുന്നു.
'മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
നൈവ സാ ബ്രാഹ്മണത്വാദിര്‍
യൗഗികത്വാദ്വിമൃശ്യതാം .’
എന്ന വിഖ്യാതമായ വെളിപ്പെടുത്തല്‍ ഈ സര്‍ഗ്ഗത്തില്‍ മുപ്പത്തിയഞ്ചാമത്തെ വരിയാണ്. ഗോക്കള്‍ക്ക് ഗോത്വമെന്നപോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമെന്നാണ് ഗുരുദേവന്‍ അരുളിച്ചെയ്യുന്നത്. ബ്രാഹ്മണത്വം മുതലായവ മനുഷ്യന്റെ ജാതിയല്ല എന്ന വിപ്ളവകരമായ ഒരു ചിന്തയാണ് ഗുരുദേവന്‍ ഇവിടെ കൊളുത്തിവെക്കുന്നത്.
' ഒരു ദൈവം ' എന്ന മൂന്നാം സര്‍ഗത്തിലാണ് 'അഹിംസയും’, 'മദ്യവര്‍ജന'വും, 'ശുദ്ധി പഞ്ചകം' തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തിലെ വളരെ പ്രസക്തമായ അഞ്ച് കാര്യങ്ങളാണ് ഗുരുദേവന്‍
'ശുദ്ധിപഞ്ചകത്തിലൂടെ ' ഉദ്ബോധിപ്പിക്കുന്നത്. 'ദേഹശുദ്ധി’, 'വാക്ക്ശുദ്ധി’, 'മന:ശുദ്ധി’, 'ഇന്ദ്രിയ ശുദ്ധി’, 'ഗൃഹശുദ്ധി' എന്നിവ .
‘യശ് ശുദ്ധി പഞ്ചക മിദം ചരദി പ്രശസ്ത’
തൊണ്ണൂറ്റി ഒമ്പതാമത്തെ ശ്ലോകം തുടങ്ങുന്നതിങ്ങനെയാണ്.
പഞ്ചശുദ്ധികള്‍ പരിപാലിക്കുന്നതിലൂടെ ആരോഗ്യവും, ഊര്‍ജ്ജവും,ദീര്‍ഘായുസ്സും കൈവരിക്കാന്‍ കഴിയും എന്ന് ഗുരുദേവന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു.
മനുഷ്യര്‍ നിശ്ചയമായും അനുവര്‍ത്തിക്കേണ്ട അഞ്ചുമഹായജ്ഞങ്ങളാണ് എട്ടാം സര്‍ഗ്ഗത്തിലുള്ളത്.
'ബ്രഹ്മയജ്ഞം’, 'പിതൃയജ്ഞം’, 'ദൈവയജ്ഞം’, 'ഭൂതയജ്ഞം’, 'മാനുഷയജ്ഞം' എന്നിവയാണ് പഞ്ചമഹായജ്ഞത്തിലടങ്ങിയിരിക്കുന്നത്.
ജപം, പഠനം, പാഠനം എന്നിവയാണ് ബ്രഹ്മയജ്ഞം. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്നതാണ് പിതൃയജ്ഞം. ദൈവത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളാണ് ദൈവയജ്ഞം. പ്രാണികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഭൂതയജ്ഞം. അതിഥികള്‍, ബ്രഹ്മചാരികള്‍, ആര്‍ത്തന്മാര്‍, അനാഥര്‍, ആലംബഹീനര്‍ എന്നിവരെ പൂജിക്കുകയും അന്നദാനാദി കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പുണ്യപ്രവര്‍ത്തനമാണ് മാനുഷയജ്ഞം.
‘പഞ്ജയജ്ഞാന കുര്‍വാണോ
നൂനം ദുര്‍ഗതി മാപ്നുയാത്
യഞ്ജാവശിഷ്ട ഭോക്താര:
സ്പ്രശ്യന്തേ ന ഹി പാപ് മഭി ’
മനുഷ്യകുലത്തില്‍ പിറന്ന ഓരോരുത്തരം പഞ്ചമഹായജ്ഞം അനുഷ്ഠിച്ചിരിക്കണമെന്നാണ് ഗുരുദേവന്‍ ഉദാബോധിപ്പിക്കുന്നത്. പഞ്ചമഹായജ്ഞം ചെയ്യാത്തവര്‍ക്ക് സദ്ഗതിയുണ്ടാവില്ലെന്നും ഗുരു ഉദ്ബോധിപ്പിക്കുന്നു.
എട്ടാം സര്‍ഗ്ഗത്തില്‍ നൂറ്റി എണ്‍പത്തിയൊമ്പാതാമത്തെ ശ്ലോകമാണ് മുകളില്‍ സൂചിപ്പിച്ചത്.
പഞ്ചമഹായജ്ഞത്തെ തുടര്‍ന്ന് ഒമ്പതാമത്തെ സര്‍ഗ്ഗം അപരക്രിയയും , പത്താമത്തെ സര്‍ഗ്ഗം സന്യാസവുമാണ്.
ഇങ്ങനെ പത്ത് സര്‍ഗ്ഗങ്ങളിലൂടെ മനുഷ്യര്‍ക്കായി ഒരു പ്രവര്‍ത്തന സംഹിത സമര്‍പ്പിച്ചിരിക്കുകയാണ് ഗുരുദേവന്‍ ചെയ്തിരിക്കുന്നത്.
ബൃഹത്തായ ഈ കര്‍മ്മ പദ്ധതികള്‍ യഥാവിധി അനുഷ്ഠിക്കുന്നതിലൂടെ മനുഷ്യകുലത്തിനും, തദ്വാര ലോകത്തിനും ക്ഷേമവും അഭിവൃദ്ധിയും സംഭവിക്കുമെന്ന് ഗുരുദേവന്‍ പ്രവചിക്കുന്നു.
ലോകനന്മ ലക്ഷ്യമാക്കി,മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് നല്കി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തന സംഹിത സമര്‍പ്പിച്ച ശ്രീനാരായണ ഗുരുദേവനെ ലോകഗുരു എന്ന് തന്നെ വിശേഷിപ്പിക്കാം.
എം.എന്‍.സന്തോഷ്
23/08/2021