ലേഖനം
കേശവദേവ് -
വിപ്ളവകാരിയായ സാഹിത്യകാരന്‍
എം.എന്‍.സന്തോഷ്
വിശാലമായ പുരയിടത്തിലെ സര്‍പ്പക്കാവുകളുടെ നടുവിലായിരുന്നു പുരാതനമായ നല്ലേടത്ത് തറവാട്.ഫലവൃക്ഷാദികളും, വലിയ കുളങ്ങളുമുള്ള വിശാലമായ പുരയിടം.
ആലുവ മംഗലപ്പുഴ കൊച്ചുവീട്ടില്‍ അപ്പുപിള്ളയുടെയും, വടക്കന്‍ പറവൂര്‍ , കെടാമംഗലം നല്ലേടത്ത് തറവാട്ടില്‍ കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് കേശു എന്നു വിളിച്ചിരുന്ന കേശവപിള്ള ജനിച്ചത്.
കര്‍ക്കിടക മാസത്തിലെ ചോതിയാണന്ന്. അര്‍ദ്ധരാത്രി കഴിഞ്ഞു. കാറ്റും മഴയും ശമിച്ചു. നല്ലേടത്ത് തറവാടിന്റെ പിറകു വശത്ത് ഇടുങ്ങിയ പ്രസവ മുറിയിലെ നിലവിളക്കിന്റെ പ്രകാശത്തില്‍ ശിശുവിന്റെ ശിരസ്സു കണ്ടു. സാമാന്യത്തിലധികം വീതിയുള്ള നെറ്റിയും ജ്വലിക്കുന്ന രണ്ടു കൊച്ചു കണ്ണുകളും.
കുതിച്ചൊരു ചാട്ടവും, ഉച്ചത്തിലുള്ള കരച്ചിലും.
“ അമ്പോ , കൊച്ചു പുഴുവിന്റെ ഒച്ച. ” മാധവിയമ്മ അഭിനന്ദന സൂചകമായി പറഞ്ഞു.കാര്‍ത്ത്യായനി അമ്മയുടെ അനുജത്തിയാണത്.
1905 ആഗസ്റ്റിലാണ് കേശവദേവ് ജനിച്ചതെന്ന് ആത്മകഥയിലെ ഗ്രന്ഥകാരനെക്കുറിച്ചുള്ള ആമുഖ കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്. കര്‍ക്കിടക മാസവും ചോതി നക്ഷത്രവും താരതമ്യം ചെയ്യുമ്പോള്‍ കേശവദേവിന്റെ ജനന തിയതി 1905 ആഗസ്റ്റ് ഏഴ് എന്നും കൊല്ലവര്‍ഷം 1080 കര്‍ക്കിടകം 23 എന്ന നിഗമനത്തിലെത്താം.
മരുമക്കത്തായ വ്യവസ്ഥ പ്രകാരം തറവാട്ടു കാരണവരായി അമ്മാവന്‍മാര്‍ വിലസുന്ന കാലം. അമ്മാവന്‍ പത്മനാഭപിള്ളയായിരുന്നു നല്ലേടത്ത് തറവാട്ടിലെ കാരണവര്‍ . കടുംപിടുത്തക്കാരന്‍ എന്ന് പേരു കേട്ടയാള്‍.തെല്ലും വിട്ടുവീഴ്ച്ചയില്ലാത്ത പ്രകൃതം. കേശവന്റെ അമ്മയും, സഹോദരിമാരും,അവരുടെ മക്കളും ഉള്‍പ്പട്ട കൂട്ടുകുടുംബമായിരുന്നു നല്ലേടത്ത് തറവാട്. ഏകദേശം മുപ്പതോളം അംഗങ്ങളുണ്ടായിരുന്ന കുടുംബം. കേശവന്റെ അമ്മക്ക് ,കുടുംബം ഭരിക്കുന്ന സ്വസഹോദരനോട് ഭയവും , ഭക്തിയും, ആദരവുമൊക്കെയായിരുന്നു. പക്ഷെ , കേശുവിന് അമ്മാവന്റെ നടപടികള്‍ അത്രക്കങ്ങ് പിടിക്കാറില്ല. 'കൂസലില്ലായ്മ ' കേശുവിന് ബാല്യത്തിലേ പ്രകടമായിരുന്നു.
ജാതിവ്യവസ്ഥ കൊടുംമ്പിരി കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. അയിത്തവും , തീണ്ടലും അനാചാരങ്ങളും, അസമത്വങ്ങളും, നാട്ടിലെമ്പാടും തൊഴിലിടങ്ങളിലും, പള്ളിക്കൂടങ്ങളിലും എല്ലാം വിളയാടുകയായിരുന്നു.
കേശുവിന് മൂക്കിന്‍ തുമ്പത്തായിരുന്നു ദ്വേഷ്യം. അമ്മാവന്റെ കാര്‍ക്കശ്യം മരുമകനിലേക്ക് പകര്‍ന്നതാകാം. കണ്ടും , കേട്ടും വളര്‍ന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നും അത്തരമൊരു വികാരം സ്വാഭാവികമായും രൂപപ്പെട്ടതുമാകാം.
സഹപാഠികളെ ശിക്ഷിക്കുന്നതില്‍ പക്ഷപാതം കാണിച്ചുവെന്ന വാദമുന്നയിച്ച് അധ്യാപകനോട് പിണങ്ങി കേശവന്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങി പോന്ന ഒരു സംഭവമുണ്ടായി. തേഡ് ഫോറത്തില്‍ പടിക്കുമ്പോഴാണത്.
പാഠപുസ്തകങ്ങളോട് വിരക്തി തോന്നിത്തുടങ്ങിയതും അക്കാലത്താണ്. അതേസമയം കവിതാ പുസ്തകങ്ങളോട് ഇഷ്ടം കൂടി തുടങ്ങിയതും ഇക്കാലത്തു തന്നെ.. ശ്ലോകങ്ങള്‍ ഉരുവിട്ട് പഠിക്കുക ഒരു ശീലമായി മാറി. ശീവൊള്ളി കൃതികള്‍, വെണ്‍മണി കൃതികള്‍, വള്ളത്തോള്‍ കൃതികള്‍ തുടങ്ങിയവ ഹൃദിസ്ഥമാക്കി. അമ്പലപ്പറമ്പുകളിലെ അക്ഷരശ്ലോക സദസ്സുകളില്‍ പങ്കെടുക്കുവാന്‍ തുടങ്ങി.
അക്കാലത്ത് ഒരു സംഭവമുണ്ടായി.
തേഡ് ഫോറത്തില്‍ പഠിക്കുന്ന കേശവന്റെ പ്രോഗ്രസ് ബുക്കില്‍ വേലു നായര്‍ സാര്‍ മോശമായ ഒരഭിപ്രായം എഴുതിവെച്ചു. പ്രോഗ്രസ് ബുക്ക് പരിശോധിച്ച ഹെഡ് മാസ്റ്റര്‍ ഗാര്‍ഡിയനെ വിളിച്ചു വരാന്‍ കേശവനോട് ആവശ്യപ്പെട്ടു. അക്കാര്യം വിസമ്മതിച്ച കേശവന്‍, 'എനിക്കിവിടെ പഠിക്കേണ്ട, ഞാന്‍ പോണു' എന്ന് പറഞ്ഞ് സ്ക്കൂള്‍ വിട്ടിറങ്ങി.
കേശവന്‍ നേരെ പോയത് വീട്ടിലേക്കാണ്.
കാര്‍ത്ത്യായനി അമ്മ വടക്കേ പറമ്പില്‍ കരിയില തൂത്തു കൊണ്ട് നില്‍ക്കുകയാണ്. അവന്‍ അടുത്തു ചെന്നു.
ആ അഭിമുഖം കേശവദേവിന്റെ ആത്മകഥയില്‍ നിന്ന് വായിക്കാം.
അമ്മ മകനോട് ചോദിച്ചു.
"മോനെന്താ, ഇത്ര നേരത്തേ പള്ളിക്കൂടത്തീന്ന് പോന്നത്?”
"ഞാനിനി പള്ളീക്കൂടത്തീപ്പോണില്ലാമ്മേ ."അവന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
കാര്‍ത്ത്യായനി അമ്മയുടെ മുഖത്ത് വിഷാദം നിഴലിച്ചു. സ്വഗതമെന്ന പോലെ അവര്‍ ചോദിച്ചു.
"പഠിക്കാണ്ടിരുന്നാ മോനെന്തു ചെയ്യും?”
"പള്ളിക്കൂടത്തിലെ പഠിത്തം എനിക്കു വേണ്ട.”
"പള്ളിക്കൂടത്തിലല്ലാണ്ടു പിന്നെവിടാ പഠിക്കണെ ?”
"അല്ലാണ്ടു പഠിക്കാം. ....ഞാന്‍ പഠിച്ചോളാം.”
"ഉം, മോന്റെ ഇഷ്ടം പോലെ ചെയ്തോ.”
അവര്‍ ഊര്‍ദ്ധഭിമുഖയായി കണ്ണുകളടച്ചു. മകന്റെ ശ്രേയസ്സിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ അമ്മ.
എതിര്‍പ്പ് (ആത്മകഥ )- പേജ് 104 ല്‍ കേശവദേവ് പള്ളിക്കൂടത്തോട് വിടപറഞ്ഞ ഈ ഭാഗം അത്യന്തം ഹൃദയാവര്‍ജ്ജകമാണ്.
സ്വന്തം കാലില്‍ നില്‍ക്കണമെന്ന വാശിയില്‍ ഒരു തൊഴില്‍തേടിയുള്ള അലച്ചിലായിരുന്നു പിന്നീട് .ആലുവ, വൈക്കം, മട്ടാഞ്ചേരി, ആലപ്പുഴ ഇവിടങ്ങളിലെല്ലാം കുറെ നാളുകള്‍ അലഞ്ഞു.
സ്വന്തം നാട്ടില്‍ ഒരു ചിട്ടിപ്പിരിവുകാരന്റെ വേഷത്തില്‍ തൊഴിലെന്ന മോഹം സാക്ഷാത്ക്കരിച്ചു. അതോടൊപ്പം സ്ക്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുപ്പും തുടങ്ങി . ഇക്കാലത്താണ് വായനാശീലം ഉടലെടുക്കുന്നത്. സ്വാമി വിവേകാന്ദനെ പറ്റിയുള്ള ഒരു പുസ്തകം വായിക്കാനിടയായത് കേശവന്റെ സ്വഭാവത്തേയും, ചിന്തയേയും മാറ്റി മറിച്ചു. .
സഹോദരന്‍ അയ്യപ്പന്റെ പ്രസംഗം കേള്‍ക്കാനിടയായതോടെ കേശവന്റെ ഉള്ളിലെ ചിന്തയുടെ തീപ്പൊരി മെല്ലെ ജ്വലിക്കാന്‍ തുടങ്ങി.
സഹോദരന്‍ അയ്യപ്പന്‍ തിരികൊളുത്തിയ 'മിശ്രഭോജനം ചെറായിലും, പറവൂരും പരിസരങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു കാലം കൂടിയായിയരുന്നു അത്. നാട്ടില്‍ അലയടിക്കുന്ന ആ വിപ്ളവത്തില്‍ പങ്കാളിയാകാന്‍ കേശവന്‍ അങ്ങോട്ട് വെച്ചുപിടിച്ചു.
അതില്‍ ഭാഗഭാക്കായി തിരിച്ചത്തിയ കേശവന് വീട്ടുകാരുടെ ശകാരം കണക്കിനു കിട്ടി. ഇവന്‍ നന്നാവില്ലെന്ന ശാപവും !
പുതിയൊരു തൊഴിലില്‍ ഏര്‍പ്പെട്ടു. ഖദര്‍ വില്‍പ്പന.
ഖദര്‍ വില്‍പ്പനയുമായി നാടു ചുറ്റുന്നതിനിടയില്‍ ആലുവ മണപ്പുറത്ത് ' ആര്യസമാജം ’ സമ്മേളന വേദിയിലെ പ്രഭാഷണങ്ങള്‍ കേശവപിള്ള ഉള്‍പ്പുളകത്തോടെ കേട്ടു. പ്രത്യേകിച്ചും പണ്ഡിറ്റ് ഋഷിറാമിന്റെ പ്രഭാഷണങ്ങള്‍. അതോടെ ആര്യസമാജത്തില്‍ ചേരണമെന്നായി ആഗ്രഹം.
ആര്യസമാജത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ഉള്ളിലിരിപ്പ് അമ്മയോട് പറഞ്ഞു. വഴി ചെലവിനായി അമ്മ നല്‍കിയ നാലു രൂപയുമായി കേശവപിള്ള പറവൂര്‍ നിന്നും പാലക്കാടുള്ള ആര്യസമാജത്തിന്റെ കേന്ദ്രത്തിലേക്ക് യാത്രയായി.
പണ്ഡിറ്റ് ഋഷിറാമിന്റെ സാന്നിധ്യത്തില്‍ , ആര്യസമാജത്തിന്റെ ആചാരകര്‍മ്മങ്ങളില്‍ പങ്കെടുത്തു.ഋഷിറാം ഉരുവിട്ട മന്ത്രം ജപിച്ചു കൊണ്ട് കേശവപിള്ള പൂണൂല്‍ ധരിച്ചു.'കേശവപിള്ള' എന്ന പേരില്‍ ജാതിയുടെ ധ്വനിയുണ്ടെന്നും , പിള്ളയെ മാറ്റി 'ദാസ് ' എന്നോ 'ദേവ്' എന്നോ സ്വീകരിക്കാമെന്നും ഋഷിറാം നിര്‍ദ്ദേശിച്ചു.
കേശവപിള്ള ആ നിര്‍ദ്ദേശം അംഗീകരിച്ചു.
കേശവപിള്ളക്ക് ദാസനാവാന്‍ താല്‍പ്പര്യമില്ലായിരുന്നു. ദേവനായാല്‍ മതി. .
'കേശവപിള്ള' യിലെ പിള്ളയെ നീക്കി 'ദേവ് ' പകരം വെച്ചു. അന്നു മുതലാണ് 'കേശവദേവ് ' എന്നറിയപ്പെടാന്‍ തുടങ്ങിയത്
'കേശവദേവ്' എന്ന മഹത്തായ ആ നാമധേയം അന്ന് സ്ഥിരീകരിക്കപ്പെട്ടു.
ആര്യസമാജം പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്താണ് 'സമദര്‍ശി ബാലകൃഷ്ണപിള്ള'യെ അടുത്തറിയുന്നത്. അക്കാലത്ത് 'സമദര്‍ശി' ത്രൈമാസികയുടെ പത്രാധിപരാണ് ബാലകൃഷ്ണപിള്ള. അതായത് സാക്ഷാല്‍ 'കേസരി എ.ബാലകൃഷ്ണ പിള്ള '.
കുറച്ച് കാലം പ്രവര്‍ത്തിച്ചതിനു ശേഷം ആര്യസമാജത്തില്‍ നിന്നും വിട പറഞ്ഞ് നാട്ടില്‍ തിരിച്ചെത്തി.
ബുദ്ധമതത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് സഹോദരന്‍ അയ്യപ്പന്‍ , ' സഹോദരന്‍’ പത്രത്തിലെഴുതിയ ഒരു ലേഖനം വായിച്ചതിനെ തുടര്‍ന്ന് കേശവദേവ് അതിന്റ ഒരു വിയോജിപ്പ് പത്രത്തിന് അയച്ചു കൊടുത്തു. ആ കത്ത് പത്രാധിപരുടെ വിശദീകരണ കുറിപ്പ് സഹിതം പത്രത്തില്‍ അച്ചടിച്ചു വന്നു. ആദ്യം അച്ചടി മഷി പുരണ്ട കേശവദേവിന്റെ രചന ഇതായിരുന്നു.
ആദ്യ കഥ പ്രസിദ്ധീകരിച്ചത് 'മഹിളാമന്ദിരം’ എന്ന വാരികയിലാണ് . നളിനി, ലീല എന്നീ രണ്ട് പെണ്‍കുട്ടികളുടെ ജീവിതം പ്രതിപാദിക്കുന്ന ആ കഥ വെളിച്ചം കണ്ടതോടെ കേശവദേവ് എഴുത്ത് തുടരാന്‍ നിശ്ചയിച്ചു. 'സ്ത്രീ','സഹോദരന്‍' എന്നീ പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി കഥകള്‍ എഴുതി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും കഥകള്‍ വരാന്‍ തുടങ്ങിയതോടെ കേശവദേവ് എന്ന എഴുത്തുകാരന്‍ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ തുടങ്ങി.
സമൂഹത്തിലെ അനീതികള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളായിരുന്നു അദ്ദേഹത്തിന്റ രചനകള്‍.'സഹോദരന്‍ ' പത്രം ഓഫീസില്‍ കിടന്നുറങ്ങിയും, എഴുത്തില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഭക്ഷണം കഴിച്ചും അദ്ദേഹം ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടി.
സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് കേശവദേവ് പൊതുരംഗത്തിറങ്ങിയത്. തൊഴിലാളികളെ സംഘടിപ്പിച്ചും, പ്രസംഗിച്ചും അദ്ദേഹം പൊതുരംഗത്തും സജീവമായിരുന്നു. ആവേശോജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.
"ഭാഷയോടും , സാഹിത്യത്തോടും തനിക്കെന്തെങ്കിലും കടമയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. സാഹിത്യകാരനാകണമെന്ന് തനിക്കൊരാഗ്രഹവുമില്ല. തന്റെ കടമ സഹോദര ജീവികളോടാണ്. ആ കടമകളുടെ ബോധത്തില്‍ നിന്നുണ്ടാകുന്ന ചിന്തയും ഭാവനയുമാണ് താന്‍ കടലാസ്സിലേക്ക് പകര്‍ത്തുന്നത്. “
ദേവിന്റെ വാക്കുകളാണിത്.
ഓടയില്‍ നിന്ന്, അയല്‍ക്കാര്‍( കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1964), ഭ്രാന്താലയം, കണ്ണാടി(സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് 1970), തുടങ്ങി ഇരുപതില്‍പ്പരം നോവലുകള്‍, മുപ്പതിലേറെ ചെറുകഥകള്‍, നാടകം, ഏകാങ്ക നാടകങ്ങള്‍, കവിത, ആത്മകഥ, തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ കേശവദേവ് പതിപ്പിച്ച സുവര്‍ണ്ണ മുദ്രകള്‍ കാലാതിവര്‍ത്തിയാണ്.
ആദ്യ നോവല്‍ ഓടയില്‍ നിന്ന് , പിന്നീട് ചലച്ചിത്രമാക്കിയപ്പോഴും കാണികളുടെ ഹൃദയത്തിലിടം പിടിച്ചു. റൗഡി, ഒരു സുന്ദരിയുടെ കഥ, ആദ്യത്തെ കഥ, സ്വപ്നം, പ്രതിജ്ഞ എന്നീ നോവലുകളും, വെള്ളിത്തിരയിലെത്തി.
കേശവദേവിന്റെ ആത്മകഥയുടെ പേര് തന്നെ 'എതിര്‍പ്പ് ' എന്നാണ്. ആത്മകഥയിലുടനീളം എതിര്‍പ്പിന്റെ കാഹളം മുഴങ്ങുന്നതു കേള്‍ക്കാം.
പക്ഷെ , വിപ്ളവകാരിയായ ആ സാഹിത്യകാരന്റെ കെടാമംഗലത്തെ ജന്മഗൃഹം , നല്ലേടത്ത് തറവാട് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഇപ്പോഴത്തെ കാഴ്ച , അതൊരു നൊമ്പരപ്പിക്കുന്ന അനുഭവമാണ്.
No comments:
Post a Comment