ഒന്റാറിയോയിലെ വര്‍ണ്ണക്കാഴ്ച്ചകള്‍
(ദേവി നെടിയൂട്ടം രചിച്ച ”എന്റെ ഒന്റാറിയോ കാഴ്ചകള്‍” എന്ന പുസ്തകത്തെപ്പറ്റി.
മനുഷ്യരാശി ഭൂമിയില്‍ ആവാസമുറപ്പിച്ചതെന്നാണോ അക്കാലം മുതല്‍ തന്നെ മനുഷ്യന്‍ ഒറ്റക്കും , കൂട്ടായും സഞ്ചരിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ആവാസകേന്ദ്രത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള സഞ്ചാരം. ഒരു കരയില്‍ നിന്നും മറു കരയിലേക്കുള്ള സഞ്ചാരം.
കായ്കനികള്‍ തേടിയും, വാസസ്ഥലങ്ങള്‍ തേടിയും ആദിമ മനുഷ്യന്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരുന്നു.മനുഷ്യര്‍ മാത്രമല്ല സകല ജീവജാലങ്ങളും ജീവിത മാര്‍ഗങ്ങള്‍ തേടി മുന്നേറുന്നത് നാം കാണുന്ന കാഴ്ചകളാണ്.
കാണാത്ത കരകള്‍ തേടി സമുദ്ര സഞ്ചാരികളും , സൗരയൂഥത്തിലെ ജീവന്റെ കണികകള്‍ തേടി ഗഗന ചാരികളും പുറപ്പെട്ടതോടെ പുതിയൊരു ലോക ചരിത്രം രചിക്കപ്പെട്ടു.
ഹ്രസ്വ യാത്രയായാലും ദീര്‍ഘ യാത്രയായാലും സഞ്ചാരിക്ക് കൈവരുന്നത് നവാനുഭൂതികളും, അറിവും , ആനന്ദവുമാണ്.
ഭാരതത്തിലെ ജനങ്ങളുടെ സംസ്കാരവും ജീവിതവും അറിയുവാന്‍ ചൈനയില്‍ നിന്നും ഭാരതത്തിലേക്ക് സമുദ്രം താണ്ടിയെത്തിയ സഞ്ചാരിയാണ് ഫാഹിയാന്‍. ബുദ്ധമത ഗ്രന്ഥങ്ങളിലെ തത്വങ്ങള്‍ നേരിട്ടറിയാന്‍ ഭാരതത്തിലെത്തിയ മറ്റൊരു സഞ്ചാരിയാണ് ഹ്യൂന്‍സാങ്ങ്. മലയാളികളുടെ ജീവിതരീതികള്‍ കണ്ടു മനസ്സിലാക്കുവാന്‍ എ.ഡി. ആയിരത്തി അഞ്ഞൂറില്‍ നമ്മുടെ നാട്ടിലെത്തിയ പോര്‍ച്ചുഗീസ് നാവികനാണ് ഡ്വാര്‍ത്ത ബാര്‍ബേസ.
“A discription of the costs of East africa and Malabar” എന്ന കൃതി ബാര്‍ബേസ രചിച്ചതാണ്. ‘പുലപ്പേടി’, ‘മണ്ണാപ്പേടി’ തുടങ്ങിയ കേരളത്തിലുണ്ടായിരുന്ന ദുരാചാരങ്ങള്‍ ഈ പുസ്തകത്തിലൂടെ അദ്ദേഹം തുറന്നു കാണിച്ചു..
യാത്രാ സൗകര്യങ്ങളും , വാര്‍ത്താ വിനിമയ സൗകര്യങ്ങളും പരിമിതമായിരുന്ന കാലത്ത് പോലും ലോക രാജ്യങ്ങളില്‍ മിക്കവയും സന്ദര്‍ശിക്കുകയും , യാത്രാനുഭവങ്ങളെ പുസ്തകങ്ങളാക്കി അച്ചടിച്ചിറക്കുകയും ചെയ്ത് ലോക സഞ്ചാര സാഹിത്യത്തിലിടം പിടിക്കുകയും ചെയ്ത എസ്.കെ.പൊറ്റക്കാട്.
ലളിതമായ ഭാഷയില്‍ ആകര്‍ഷണീയമായ ശൈലിയില്‍ യാത്രകള്‍ വിവരിച്ച് അദ്ദേഹം വായനക്കകാരെ ആനന്ദിപ്പിച്ചു. യാത്ര ചെയ്യാതെ തന്നെ വായനക്കാര്‍ക്ക് , വായനയിലൂടെ യാത്രയുടെ ആനന്ദം പകര്‍ന്നു നല്‍കാനുള്ള വൈഭവം അദ്ദേഹത്തിന്റെ മാന്ത്രികമായ രചനാശൈലിക്കുണ്ടായിരുന്നു.
ദേവി നെടിയൂട്ടം രചിച്ച “എന്റെ ഒന്റാറിയോ കാഴ്ചകള്‍” എന്ന യാത്രാ വിവരണം വായിച്ചപ്പോള്‍ എനിക്ക് അത്തരം ബോധ്യം തന്നെയാണുണ്ടായത്. യാത്രയിലൂടെ അനുഭവിച്ച ആനന്ദം വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ പറ്റുന്ന വിധം എഴുതാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ഗ്രന്ഥകാരി അഭിനന്ദനം അര്‍ഹിക്കുന്നു.
കാനഡയില്‍ ,മിസ്സിസാഗ നഗരത്തില്‍ മകനോടൊപ്പം കഴിച്ചുകൂട്ടിയ ആറുമാസത്തിനിടെ നടത്തിയ യാത്രകളുടെ ദൃശ്യാത്മകമായ വിവരണമാണ് ‘എന്റെ ഒന്റാറിയോ കാഴ്ചകള്‍’ എന്നകൃതിയുടെ ഉള്ളടക്കം.
വലുപ്പത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള , ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യം, എന്നിങ്ങനെ സവിശേഷതകളുള്ള വടക്കേ അമേരിക്കയിലെ കാനഡയിലെ സുപ്രധാന നഗരമായ ടൊറാണ്ടോയിലെ ഒരു പ്രാന്ത പ്രദേശമായ ‘മിസ്സിസാഗ’യിലാണ് ഗ്രന്ഥകാരി ആറുമാസക്കാലം മകന്റെ കുടുംബത്തോടൊപ്പം താമസിച്ചത്.
ടൊറോണ്ടോയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കാലാവസ്ഥ, ഭരണസംവിധാനം, ജനജീവിതം, തുടങ്ങിയ കാര്യങ്ങള്‍ വളരെ വസ്തുനിഷ്ഠമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വസ്തുതകള്‍ ശേഖരിക്കുന്നതിന് വേണ്ടി സമഗ്രമായ ഒരു ഗവേഷണം ഗ്രന്ഥകാരി നിര്‍വഹിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്.
തുമ്പപ്പൂ പോലുള്ള തൂവെള്ള നിറത്തില്‍ പഞ്ചസാര ചൊരിയുന്നതു പോലെ വീട്ടുമുറ്റത്ത് ഹിമ മഴ ചൊരിയുന്ന കാഴ്ച വളരെ കാവ്യാത്മകമായി വിവരിക്കുന്നുണ്ട്. വനത്തിലെ മേഘങ്ങള്‍ ഒന്നായിച്ചേര്‍ന്ന് പൂക്കളെ പോലെ ഭൂമിയിലേക്ക് പതിക്കുകയാണത്രെ ! കുളിരുന്ന ആ കാഴ്ചകള്‍ വിസ്തരിക്കുമ്പോള്‍ ദേവി നെടിയൂട്ടത്തിന്റെ കാവ്യ ഭാവന ചിറകു വിടര്‍ത്തുന്നതു കാണാം.
സുരക്ഷിത വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികള്‍ മഞ്ഞിലൂടെ സ്കൂളിലേക്ക് അനായാസം നടന്നു പോകുന്ന കാഴ്ച കാണുമ്പോള്‍ , പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിക്കുവാന്‍ അതവരെ പ്രാപ്തരാക്കുകയാണെന്ന് സാധൂകരിക്കുകയാണ് ഗ്രന്ഥകാരി.
വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന അമേരിക്കന്‍ ജനതയുടെ ശുചിത്വ ബോധത്തെ ഗ്രന്ഥകാരി മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്.
നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഭരണാധികാരികള്‍ക്കുള്ള ശ്രദ്ധയും, ധൈര്യവും അതോടൊപ്പം, അത് പാലിക്കണമെന്നുള്ള ജനതയുടെ പൗരബോധവും സൂക്ഷ്മ ദൃഷ്ടിയോടെ വിലയിരുത്തുന്നതും കാണാം.
കാനഡയുടെ സാംസ്ക്കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്റാറിയോ സയന്‍സ് സെന്ററിലൂടെ നടന്നു പോകുമ്പോള്‍ , ഒരു നായയെ ഇടുപ്പിലും താങ്ങി, മറ്റൊന്നിനെ തുടലില്‍ ബന്ധിച്ച് കൈയില്‍ കോര്‍ത്തു പിടിച്ചും, അതേ സമയം സ്വന്തം കുട്ടിയെ സ്ട്രോളറിലിരുത്തി ഉന്തിയും നടക്കുന്നവരുള്ള , അമേരിക്കയിലെ ഇഷ്ടമില്ലാത്ത കാഴ്ചകളും എഴുത്തുകാരി ഫോക്കസ് ചെയ്യുന്നുണ്ട്.
കാനഡയില്‍ കണ്ട കാഴ്ചകള്‍ ഓരോന്നും വിവരിക്കുമ്പോഴും, കുടുംബവിശേഷങ്ങള്‍ പങ്കു വെക്കുമ്പോഴും പൊങ്ങച്ചമൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരിയെ പുസ്തകത്തിലുടനീളം കാണാം.
വായനക്കാരന്റെ ഉള്ളു തൊട്ടുണര്‍ത്തും വിധമാണ് ആഖ്യാനം എന്ന് പ്രത്യേകം എടുത്തു പറയണം.
വിദേശവാസികളായ മക്കളുടെ സാമീപ്യം കൊതിക്കുന്ന അമ്മ മനസ്സിന്റെ വിങ്ങലുകളും, അപ്രതീക്ഷിതമായി അവരുടെയടുത്തേക്ക് പറക്കാന്‍ അവസരം യാഥാര്‍ത്ഥ്യമാവുമ്പോഴുള്ള വിസ്മയവും പങ്കുവെച്ചുകൊണ്ടാണ് യാത്രാവിവരണം ആരംഭിക്കുന്നത്.
‘അമ്മ മനസ്സ് ‘ എന്ന ആദ്യ അധ്യായം ഒരു ചെറുകഥയായും വായിക്കാം.
‘അമ്മ മനസ്സ്’ മുതല്‍ ‘എന്റെ രണ്ടായിരത്തി പത്തൊമ്പത് ‘ വരെയുള്ള ഇരുപത്തിയഞ്ച് അധ്യായങ്ങളിലായാണ് ഒന്റാറിയോയിലെ വര്‍ണ്ണക്കാഴ്ച്ചകള്‍ രചിക്കപ്പെട്ടിരിക്കുനത്.
മുഖചിത്രം ഉള്‍പ്പെടെയുള്ള ബാഹ്യരൂപം തന്നെ ഈ പുസ്തകത്തെ മൂല്യവത്താക്കുന്നു എന്ന് പ്രത്യേകം പറയാതെ വയ്യ.
നൂറ്റിയെട്ട് പേജുകളിലായി സംവിധാനം ചെയ്തിരിക്കുന്ന ഈ യാത്രാവിവരണ ഗ്രന്ഥം എറണാകുളം വായനപുര പബ്ലിക്കേഷന്‍സാണ് പ്രസാധനം ചെയ്തിരിക്കുന്നത്. സി.ജി.ജയപാല്‍ മാസ്റ്ററാണ് അവതാരിക എഴുതിയിരിക്കുന്നത്.
വില നൂറ്റിപ്പത്ത് rs.
No comments:
Post a Comment