27 January, 2013

കാവടിക്കാഴ്ച്ചകള്‍

തൈപ്പൂയ മഹോല്‍സവത്തില്‍ കാവടി തുള്ളുന്ന ഭക്തന്മാര്‍

നാവില്‍ തറച്ച ശൂലവുമായി കാവടി അഭിഷേകം നടത്തുന്ന ഭക്തന്‍

കാവടിയാടുന്ന കൊച്ചു മുരുകന്മാര്‍

നിലക്കാവടി

13 January, 2013

എന്റെ സ്ക്കൂള്‍ ഡയറി 14


സ്വരം മധുരം , ഗുരുദേവ കടാക്ഷിതം 
 
നാദം, ശ്രുതി, സ്വരം, രാഗം, എന്നിവയുടെ മേളനമാണ് സംഗീതം. മനുഷ്യന്റെ എല്ലാ വികാരങ്ങളെയും ഉള്‍ക്കൊള്ളാനും, ആവിഷ്ക്കരിക്കാനും സംഗീതത്തിന് കഴിയും.സംഗീതം ദൈവികമായി സിദ്ധിച്ച ഒരു വൈഭവമാണ്.ഹൃദയത്തില്‍ ഈശ്വരചൈതന്യം വിളയാടുമ്പോഴാണ് സംഗീതം സ്വര്‍ഗീയമാവുന്നത്.


സംഗീത സാഗരത്തിലാറാടുമ്പോള്‍ വിവിധ വികാരങ്ങളുടെ തിരമാലകള്‍ ആസ്വാദകരെ പൊതിയുന്നു.സംഗീതം ആഹ്ളാദിപ്പിക്കുന്നു. സംഗീതം ഉന്മേഷം പകരുന്നു.സംഗീതം സര്‍വ ദുഖങ്ങളും അകറ്റുന്നു.ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങള്‍ അവാച്യമായ അനുഭൂതി പകരുന്നു.


ശ്രീനാരായണ ഗുരുദേവന്റെ സ്തോത്രങ്ങളില്‍ ഏറ്റവും മഹനീയമാണ് ദൈവദശകം.ഈ കൃതിയുടെ സാരത്തിന്റെ വ്യാപ്തിയും , ഭാവത്തിന്റെ ആഴവും, ഭക്തിയുടെ ഉത്തുംഗതയും പകര്‍ന്നു തരുന്ന അനുഭൂതി അനിര്‍വചനീയമാണ്.


ശ്രീ എം എം ബിബിന്‍ മാസ് റ്റര്‍ (എസ് ഡി പി വൈ ബോയ്സ്  ഹൈസ്ക്കൂളിലെ സംഗീത അദ്ധ്യാപകനാണ് click here)ദൈവദശകം ആലപിക്കുമ്പോള്‍ അനുഭൂതികളുടെ തിരമാലകളിലേറി ആസ്വാദകര്‍ ആലോലമാടും.അദ്ദേഹം തന്നെയാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതി.കേരളത്തിലിന്നേവരെ ഒരു സംഗീത പ്രതിഭകളും ആവിഷ്ക്കരിച്ചിട്ടില്ലാത്ത ഒരു നവീന ഭാവമാണ് അദ്ദേഹം ദൈവദശകത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.


'ദൈവമേ ! കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളെ' ഒരു സവിശേഷ ഭാവത്തില്‍ പാടിതുടങ്ങുമ്പോള്‍ തന്നെ ഭക്തിയുടെ ശ്രീകോവില്‍ നട തുറന്ന പ്രതീതിയാണ്.പിന്നെ ഒന്നൊന്നായി ഭക്തിയുടെ പടവുകള്‍ കയറി ആ നാദധാര ഉയരുകയാണ്.മണിയൊച്ചയും, മന്ത്രധ്വനികളും മുഴങ്ങുന്നതു പോലെ തോന്നിപ്പിക്കുന്ന ആ പാട്ട് മനസ്സില്‍ മാത്രമല്ല ശരീരത്തിലും ഒരു 'വൈബ്രേഷന്‍' ഉണ്ടാക്കുന്നുണ്ട്.ഭക്തിയുടെ തരംഗങ്ങളെ വായുവിലൂടെ പ്രസരിപ്പിക്കുവാന്‍ സംഗീതത്തിന് കഴിയും എന്ന് പറയുന്നത് ഈ ഗാനം ശ്രവിക്കുമ്പോള്‍ ബോധ്യപ്പെടും.


നിരവധി വേദികളില്‍ ശ്രീ ബിബിന്‍ മാസ് റ്റര്‍ ദൈവദശകം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചു കഴിഞ്ഞു. പ്രശസ്ത വ്യക്തികള്‍ സാന്നിധ്യം വഹിക്കുന്ന വേദികളില്‍ ദൈവദശകം പ്രാര്‍ത്ഥനാ ഗീതമായി ആലപിച്ച് ബിബിന്‍ മാസ്റ്റര്‍ ആനന്ദിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ശ്രീ കെ വി തോമസ്, ശ്രീ വി എം സുധീരന്‍ , ശ്രീ സി കെ പന്മനാഭന്‍ ശ്രീ വെള്ളാപ്പിള്ളി നടേശന്‍ , സ്വാമി സന്ദീപ് ചൈതന്യ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ബിബിന്‍ മാസ്ററ റുടെ ആലാപനത്തില്‍ ആകൃഷ്ടരായി മുക്തകണ്ഠം പ്രശംസിക്കുന്നത് കേട്ടിട്ടുണ്ട്.


ഒരു ചടങ്ങില്‍ ബിബിന്‍മാസ്റററുടെ ആലീപനം ശ്രവിക്കുവാനിടയായ ,എന്‍ സി സി യുടെ സുബേദാര്‍ മേജര്‍ ശ്രീ സുവര്‍ണ്ണകുമാര്‍ ഗായകനെ അനുമോദിച്ചത് ഇങ്ങനെയാണ്.”ബഹുത്ത് അച്ഛാ വോയ്സ്. ഇറ്റ്സ് എ ഗിഫ്റ്റ് ഓഫ് ഗോഡ് ". ആ ദൈവം ഗുരുദേവനായിരിക്കും എന്ന് ഞാന്‍ കരുതുന്നു. ശ്രീ നാരായണഗുരുദേവന്റെ ചൈതന്യം അദ്ദേഹത്തില്‍ കളിയാടുന്നതുകൊണ്ടാവാം ഇത്ര ഭക്തിരസം തുളുംമ്പുന്ന വിധം ഗാനമാലപിക്കുവാന്‍ കഴിയുന്നത്. സംഗീത നഭസ്സില്‍ ഒരു ശുക്രനക്ഷത്രമായി ശ്രീ ബിബിന്‍മാസ്റ്റര്‍ ഉദിച്ചുയരട്ടെ, അതിന് ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

14 October, 2012

എന്റെ സ്ക്കള്‍ ഡയറി 13


എന്റെ സ്ക്കള്‍ ഡയറി 

മഹാസംഭവം


  വാര്‍ഷികാഘോഷപരിപാടികളിലും,സമ്മേളനങ്ങളിലും പങ്കെടുപ്പിക്കുന്നതിന് വിശിഷ്ട വ്യക്തികളെ ക്ഷണിച്ച് , സ്വീകരിച്ച് കൊണ്ടുവരികയാണ് പതിവ്. ഇതങ്ങനെയല്ല, ഒരു അതിവിശിഷ്ട വ്യക്തി ഞാനിതാ എസ്.ഡി.പി.വൈ സ്കൂള്‍ സന്ദര്‍ശിക്കാന്‍ വരുന്നു എന്ന് മുന്നറിയിപ്പ് അയച്ചിരിക്കുന്നു! അത് മറ്റാരുമല്ല, കേരള ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട റിട്ട. ജസ്റ്റീസ് .

  വെളി മൈതാനത്ത് ഉച്ചവെയില്‍ കനത്തു വരികയാണ്.ചില ക്ളാസ്സുകളിലെ കുട്ടികള്‍ മൈതാനത്ത് കളികളിലേര്‍പ്പെട്ടിരിക്കുന്നു.ക്ളാസ്സു മുറികളില്‍ അദ്ധ്യായനം മുറക്ക് നടക്കുന്നു.
  ചീഫ് ജസ്റ്റീസിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്താണാവോ ? അദ്ധ്യാപകര്‍ കാര്യം വിശകലനം ചെയ്യാനാരംഭിച്ചതോടെ ആദ്യമുണ്ടായ ആഹ്ളാദവും, അതിശയവും തെല്ലുനേരം കൊണ്ട് അമ്പരപ്പായി മാറി.

   ഇന്നലെ (10/10/2012) മാതൃഭൂമി പത്രത്തില്‍ എസ്.ഡി.പി.വൈ സ്കൂളുകളെ പറ്റി "മഹാ വിദ്യാലയം" എന്ന തലക്കെട്ടില്‍ ഒരു ഉഗ്രന്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരേ സ്ഥലത്ത് എട്ട് വിദ്യാലയങ്ങളും, ഏഴായിരത്തോളം വിദ്യാര്‍ത്ഥികളും പഠിക്കുന്ന ഈ സ്ഥാപനത്തെ " മഹാ വിദ്യാലയം" എന്ന് വിശേഷിപ്പിച്ചത് അര്‍ത്ഥവത്തായിരുന്നു.പത്ര വാര്‍ത്ത വായിച്ചിട്ടാവും ജസ്റ്റീസ് വരുന്നത് എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
  ഇത്രയധികം കുട്ടികള്‍ പഠിക്കുന്നിടത്ത് ആവശ്യത്തിന് ടോയ് ലെറ്റുകളുണ്ടോ, കുടിവെള്ളമുണ്ടോ എന്നൊക്കെ പരിശോധിക്കനാവും ജസ്റ്റീസ് വരുന്നതെന്ന് ബഹുമാനപ്പെട്ട മലയാളം അദ്ധ്യാപിക പ്രിയംവദ ടീച്ചര്‍ അഭിപ്രായപ്പെട്ടുകൊണ്ട് ചര്‍ച്ചക്ക് തുടക്കം കുറിച്ചു.


  മൂത്രപ്പുരയീലെങ്ങാനും അദ്ദേഹം കയറിയാല്‍ നമ്മുടെ കഥ കഴിയുമെന്ന് കലാസാര്‍ തുറന്നു പറഞ്ഞു.

  വിവരമറിഞ്ഞ് സ്റ്റാഫ് റൂമില്‍ ഓടിക്കിതച്ചെത്തിയ ഡ്രില്ല് മാഷും പ്രതികരിച്ചു.പത്ര വാര്‍ത്ത വായിച്ച ഡി... ആണ് ജസ്റ്റീസിനെ പരിശോധനക്കായി ഇങ്ങോട്ട് വിട്ടിരിക്കുന്നതെന്നതത്രെ ! കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനുള്ള സാധനങ്ങളുടെ കണക്കെടുത്താല്‍ എന്റെ പണിപോകുമെന്ന് അദ്ദേഹം സങ്കടപ്പെട്ടു.


  ഒരു പത്ര വാര്‍ത്തയുണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പുകളെന്തൊക്കയാണാവോ ?അടിയന്തിര സാഹചര്യത്തെ

നേരിടാനുള്ള അപായ വിസില്‍ സ്ക്കൂളില്‍ മുഴങ്ങിയതു പോലെ ഒരു തോന്നല്‍ ! എല്ലാവരും അലര്‍ട്ട് ആയി.ഹെഡ് മാസ്റ്ററുടെ നിര്‍ദ്ദേശം നാലുപാടും പാഞ്ഞു.അധ്യാപകരും, അനധ്യാപകരും തിരക്കിട്ടോടി നടന്ന് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടു.ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികളെ കേബിസാര്‍ വിരട്ടി ക്ളാസ്സിലേക്കോടിച്ച് കയറ്റി.


  മള്‍ട്ടിപര്‍പ്പസ് റൂം ആയി ഉപയോഗിക്കുന്ന മള്‍ട്ടിമീഡിയ റൂം അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു.ടൈപ്പ്റൈറ്റിങ്ങ് പരീക്ഷ നടത്താന്‍ കൊണ്ടു വന്നിട്ടിരുന്ന വിവിധ ക്ളാസ്സുകളിലെ ബെഞ്ചും , ഡെസ്ക്കും അടിയന്തിരമായി തിരിച്ചെത്തിച്ചത് കുട്ടികള്‍ക്ക ഇഷ്ടമായി.ഓഫീസിന്റെ തൊട്ടടുത്ത റൂമായതിനാല്‍ അദ്ദേഹം ആദ്യം ഓടിക്കയറുന്നത് എന്റെ ക്ളാസ്സിലേക്കായിരിക്കുമെന്ന് ആകുലപ്പെട്ട് അവിടുത്തെ മിസ്സ്, മുറി വൃത്തിയാക്കാന്‍ ചൂലുമെടുത്ത് ഓടിപ്പോയി.

  പ്രധാനമന്ത്രി വരുന്നെന്നു പറഞ്ഞാലും കുലുങ്ങാത്ത  അജയകുമാര്‍, ജസ്റ്റീസെന്നു കേട്ടപ്പോള്‍ കിടുങ്ങി. വളരെ നാളായി വൃത്തിഹീനമായിക്കിടന്നിരുന്ന ടോയ് ലറ്റ് ശുചീകരിക്കപ്പെട്ടു.ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ പ്രതീതിയായിരുന്നു ഏതാനം മണിക്കൂറുകള്‍ ! എല്ലാ അദ്ധ്യാപകരും ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്.മണിക്കൂറുകള്‍ കടന്നു പോയി. അദ്ദേഹം എത്തിയില്ല.

അതാ ലഞ്ച് ബ്രേക്ക് മണി മുഴങ്ങി !


   സ്റ്റാഫ് കണ്‍വീനര്‍ അന്ന് ഊണ് കഴിക്കാന്‍ വീട്ടില്‍ പോകേണ്ടെന്ന് തീരുമാനിച്ചു. കുട്ടികളുടെ കഞ്ഞിപ്പുരയില്‍ നിന്ന് ചോറും , കറിയും കഴിച്ച് വിശപ്പടക്കി ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരുന്നു.


   ലഞ്ച് ബ്രെക്ക് കഴിഞ്ഞ് ബെല്ലടിച്ചു. കുട്ടികള്‍ ക്ളാസ്സില്‍ കയറി. അദ്ധ്യാപകര്‍ വീണ്ടും ക്ളാസ്സുകളിലേക്ക്.


   ഉദ്വേകജനകമായ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ജസ്റ്റീസിന്റെ കാര്‍ സ്കൂള്‍ അങ്കണത്തില്‍ വന്നു നിന്നു. ബഹുമാനപ്പെട്ട ജസ്റ്റീസിനെ ഹെഡ് മാസ്റ്റര്‍ അത്യാദരപൂര്‍വം സ്വീകരിച്ച് ഓഫീസ് മുറിയിലേക്കാനയിച്ചു.


   അദ്ദേഹം ആഗമനോദ്ദേശം ഹെഡ് മാസ്റ്ററെ അറിയിച്ചു. ലാപ്പ് ടോപ്പില്‍ നെറ്റ് കണക്റ്റ് ചെയ്ത് അദ്ദേഹം തന്റെ വെബ്സൈറ്റ് കാണിച്ചു കൊടുത്തു.ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും , യുവാക്കളെയും അഭിമുഖീകരിച്ചുകൊണ്ട് , മദ്യത്തിനും , മയക്കുമരുന്നിനും ,പുകവലിക്കുമതിരെ അദ്ദെഹം നാട്ടിലും, വിദേശത്തും നടത്തിയിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വിഡിയോയും, ചിത്രങ്ങളും ,വാര്‍ത്തകളും. . യുവാക്കളെ വഴിതെറ്റിക്കുന്ന മദ്യവിപത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് ആ ബഹുമാന്യ ന്യായാധിപന്‍.

അത്തരത്തിലൊരു പ്രചാരണം ഈ വിദ്യാലയത്തിലും നടത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

  ഏഴായിരത്തോളം വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കാണാന്‍ കഴിയുക, അങ്ങനെ തന്റെ ദൗത്യം നിര്‍വഹിക്കുക,

അതൊരു മഹല്‍കൃത്യമാവുമെന്ന് അദ്ദേഹം കരുതുന്നു.ഞങ്ങളെല്ലാം കരുതിയപോലെ "മാതൃഭൂമി" യിലെ വാര്‍ത്തതന്നെയീയിരുന്നു അദ്ദേഹത്തെ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചത്.


   മാനേജ്മെന്‍റും , ഹെഡ്മാസ്റ്ററും സസന്തോഷം പൂര്‍ണ്ണസമ്മതം നല്‍കിയതോടെ ആ ദൗത്യത്തിന് തിയതി കുറിക്കപ്പെട്ടു. മഹാവിദ്യാലയം എന്ന് പേര് കേട്ട ഏസ്.ഡി.പി.വൈ.യില്‍ ഇതാ മറ്റൊരു മഹാസംഭവത്തിന് അരങ്ങൊരുങ്ങുന്നു.

   ഞങ്ങളുടെ പ്രവചനങ്ങളെയും, ഊഹോപോഹങ്ങളെയും തകിടം മറിച്ചുകൊണ്ട് , ഞാന്‍ പറഞ്ഞു വന്ന കഥക്ക് ഇതാ ശുഭകരമായ ക്ളൈമാക്സ് !


  ആ മഹത് വ്യക്തിയുടെ വിനയവും, ലാളിത്യുവും, അദ്ധ്യാപകരോട് പ്രദര്‍ശിപ്പിച്ച ആദരവും എനിക്ക് അത്യല്‍ഭുതകരമായി അനുഭവപ്പെട്ടു.

29 August, 2012

ഓര്‍മ്മയിലെ ഓണം






കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നാണ് പഴമൊഴി.തോരാ മഴ പെയ്യുന്ന രാപകലുകള്‍.കഷ്ടപ്പാടുകളുടെ കറുത്ത തിരശ്ശീല മാറി ചിങ്ങ വെയില്‍ തെളിയുമ്പോഴുള്ള ആളുകളുടെ ആഹ്ളാദം ഒന്നു വേറെ തന്നെയായിരുന്നു.പറമ്പില്‍ തുമ്പയും , മുക്കുറ്റിയും , കാക്കപ്പൂവും തിരി നീട്ടും. അവ സൂക്ഷമതയോടെ പറിച്ച് ഇലക്കുമ്പിളില്‍ നിറക്കാന്‍ കുട്ടികള്‍ ഇറങ്ങും. ചാണകം മെഴുകിയ മുറ്റത്ത് ഓരോ ദിവസവും ഓരോ തരം പൂക്കളങ്ങള്‍. ചെത്തിയും, ചെമ്പരത്തിയും , നന്ത്യാര്‍വട്ടവും പൂക്കളങ്ങളില്‍ ഇടംപിടിക്കും.


ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്നിറങ്ങുന്നത് ആഹ്ളാദതിമിര്‍പ്പോടെയാണ്. കിട്ടാന്‍ പോകുന്ന ഓണക്കോടി, ഓണസ്സദ്യ, പൂക്കളം പലതരം കളികള്‍ എന്നിവയെ ക്കുറിച്ചുള്ള ആവേശമായിരിക്കും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുന്‍പേ ഓണക്കോടി എടുത്ത് തയ്ക്കാന്‍ കൊടുക്കും. പിന്നെ അത് തയ്ച്ച് കിട്ടാന്‍ തയ്യല്‍ക്കാരന്റെ അടുത്ത് കാത്തിരിപ്പാണ്. പുതിയ ഷര്‍ട്ടും, നിക്കറും ധരിച്ച് കൊണ്ടാണ് ഓണസദ്യ കഴിക്കാനിരിക്കുന്നത്. വീട്ടില്‍ വറുത്ത ഉപ്പേരിയുടെയും , ശര്‍ക്കരപുരട്ടിയുടെയും സ്വാദ് ഇന്നും നാവിലൂറുന്നു.ഓണസദ്യ ഒരുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങുന്ന , സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പിത്തരുന്ന മുത്തശ്ശിയും, വലിയമ്മയും. ഓണക്കോടി വാങ്ങിത്തരുന്ന അച്ചന്‍. കഴിഞ്ഞുപോയ ഓണത്തെപ്പറ്റിയുള്ള സ്മരണകളില്‍ അവരുടെ പ്രിയ മുഖങ്ങളും തെളിഞ്ഞു വരുന്നു.


ഓണസ്സദ്യ കഴിഞ്ഞ് വീട്ട് മുറ്റത്ത് ഓരോ കളികള്‍ തുടങ്ങിയിട്ടുണ്ടാവും. അപ്പോഴാണ് എവിടെ നിന്നോ ഓണക്കളിയുടെ ഒച്ച കേള്‍ക്കുന്നത്. പിന്നെ തോടും, പാലവും ചാടി അവിടെക്ക് ഒരു ഓട്ടമാണ്.ഓണക്കളിക്കാര്‍ ഒരു വീട്ടുമുറ്റത്ത് ഒത്ത് ചേര്‍ന്ന് കളി തുടങ്ങിയിട്ടുണ്ടാവും.കളി പാതിരാ വരെ നീളും.കളിക്കാര്‍ ഇടക്ക് കട്ടന്‍ ചായ കഴിക്കും. ചായ ഒരു പാത്രത്തില്‍ കളിവട്ടത്തിന് നടുവില്‍ വെച്ചിരിക്കും.പല പല പാട്ടുകള്‍ പാടി വ്യത്യസ്ത ചുവടുകള്‍ വെച്ച് കളിക്കുന്നത് കാണാന്‍ ആളുകള്‍ ചുററും കൂടി നില്‍ക്കും. രാത്രിയില്‍ പെട്രോമാക്സിന്റെ വെട്ടത്തിലാണ് കളി നടക്കുന്നത്. അന്ന് വൈദ്യുതി ഇല്ല.


ഓണക്കളിക്ക് പേര് കേട്ട ചില ആളുകള്‍ അന്ന് നാട്ടിലുണ്ടായിരുന്നു. അവര്‍ പാടി കളിക്കാറുള്ള പാട്ടുകള്‍ ഇന്നും മനസ്സില്‍ തെളിയുന്നു.പുരാണവും, വടക്കന്‍ പാട്ടുകളും , കാണികളെ ചിരിപ്പിക്കുന്ന രസികന്‍ പാട്ടുകളും അവര്‍ പാടും.ഓര്‍മ്മയില്‍ തെളിയുന്ന ചില പാട്ടുകള്‍ ഇതാ.


ഒന്നാം മല കേറി പോയെന്റെ അടെല്ലാം

ആടിനെത്തെടി ഞാന്‍ ദൂരെ നടക്കുമ്പോള്‍

കാട്ടിലെ കാട്ടാളന്‍ ചോദ്യം ചെയ്ത് എന്നോട്

നിന്നുടെ ആടിന് എന്തെല്ലാം അടയാളം


പ്രധാന കളിക്കാരന്‍ ഓരോ വരിയും പാടും. മറ്റു കളിക്കാര്‍ തിത്തിതാരാ തിത്തിത്തൈ എന്നു വായ്ത്താരി പാടും.


മോതിരത്തിന് കല്ലു വെച്ച നുണ പറയാം കൂട്ടരെ

ഇട വഴി തിങ്ങി രണ്ട് ഈച്ച ചത്തു

ഈച്ചടെ ചിറകു മുട്ടി കപ്പലു മുങ്ങി

കൊച്ചീലൊരച്ചിക്കു മീശ വന്നു

എന്നിങ്ങനെ ആളുകളെ ചിരിപ്പിക്കുന്ന പാട്ട്.


നെല്ലു കുത്തണതെങ്ങനെയെടി

മോതിരക്കുറത്തി

നെല്ലു കുത്തണതിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

കയറു പിരിക്കണതെങ്ങനെയെടി

മോതിരക്കുറത്തി

കയറു പിരിക്കണതിങ്ങങനെ പിന്നിങ്ങനെ പിന്നിങ്ങനെ

ഇതൊരു ചോദ്യോത്തര രീതിയിലുള്ള പാട്ടാണ്.ആംഗ്യവും , അഭിനയവുമൊക്കെയുണ്ട്.

തമ്പിച്ചേട്ടന്‍ ശ്രുതിമധുരമായി പാടിക്കളിക്കുന്ന ഒരു പാട്ട് ഇന്നും കാതില്‍ മുഴങ്ങുന്നു.

സംഗീതം പെയ്യാത്തതെന്തേ പെയ്യാത്തതെന്തേ

കാടിന്റെ പൊന്‍ മകളേ , പൊന്നോല പൈങ്കിളിയേ

ഓണക്കളിക്ക് പേര് കേട്ട തമ്പിച്ചേട്ടനും , നാരായണന്‍ ചേട്ടനും കാലയവനികക്കുള്ളില്‍ മറഞ്ഞു.


പണ്ട് സിനിമ കാണുന്നത് ഓണത്തിനും, ഉല്‍സവത്തിനും മാത്രമാണ്.ചെറായി വിക്ടറി ടാക്കീസില്‍ ഓണം പ്രമാണിച്ച് നല്ല സിനിമ വന്നിട്ടുണ്ടാവും.റിലീസായിട്ട് ഒരു കൊല്ലമെങ്കിലുമായ സിനിമകളാണ് അന്ന് കൗതുകത്തോടെ കണ്ടിരുന്നത് എന്നോര്‍ക്കുമ്പോള്‍ ഇന്ന് ചമ്മല്‍.

ഇന്ന് ഓണത്തിന് ടിവി യില്‍ സിനിമകളുടെ പൂരമാണ്.ഇന്ന് ടിവി യാണ് ഓണാഘോഷമൊരുക്കുന്നത്.

. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും എവിടെപ്പോയൊളിച്ചു ? ആറുമാസപ്പൂവ് ഉണ്ടായിരുന്നു.

ആറുമാസം കൊണ്ടാണ് പൂവ് വളര്‍ച്ച പൂര്‍ത്തിയാവുന്നത്. ഓണക്കാലത്ത് ചെടിക്ക് മുകളില്‍ ഈ പൂവ് കിരീടം വെച്ച് നില്‍പ്പുണ്ടാവും. ഇന്നതിനെ കാണാനേയില്ല.

ഓണക്കളി ഇന്നില്ല. പൂക്കളം മല്‍സരക്കളമായി. പൂക്കള്‍ തമിഴ് നാട്ടുകാര്‍ കിറ്റുകളിലാക്കിത്തരും.ഓണസ്സദ്യ കാറ്ററിങ്ങ്കാര്‍ ഒരുക്കിത്തരും. ഓണക്കളിയുടെ കഥ കഴിഞ്ഞു.കമ്പ്യൂട്ടര്‍ ലോകത്തിലെ ഇന്നത്തെ കുട്ടികളുടെ അടുത്ത തലമുറ എങ്ങനെയാവും ഓണം ആഘോഷിക്കുക?



മാവേലി നാടു വാണിരുന്ന കാലത്തെക്കുറിച്ചുള്ള മധുര സ്മരണകളയവിറക്കുകയാണ് മലയാളി ഓണനാളുകളില്‍, അല്ലേ ? ശരിയായിരിക്കാം . പക്ഷെ , എന്റെ മനസ്സില്‍ മാവേലി വാണിരുന്ന ഒരു കാലമുണ്ട്. മധുരിക്കുന്ന ഒരു ബാല്യകാലം. ആ കാലത്തിലേക്ക് എന്റെ മനസ്സ് ഒരു സഞ്ചാരം നടത്തുകയാണ് ഓണനാളുകളില്‍.ഓരോ മനുഷ്യനും കൊതിക്കുന്ന തിരിച്ചു വരാത്ത ഒരു നല്ല കാലത്തിലേക്കുള്ള യാത്ര. ഇത്തരം ആഘോഷങ്ങളാണ് , മനുഷ്യജീവിതത്തിലെ പ്രയാണത്തിനിടയിലെ ഇന്ധനങ്ങളാവുന്നത്.

18 August, 2012

പള്ളുരുത്തി വെളി മൈതാനം ഒരു മഴക്കാലക്കാഴ്ച്ച

15 August, 2012

പള്ളിപ്പുറം കോട്ട ( PALLIPPURAM FORT)









കഥ



സ്വാതന്ത്ര്യ ദിനം



പാരതന്ത്ര്യത്തിന്റെയും , തിന്മയുടെയും കമ്പിയഴികള്‍ ഭേദിച്ച് സത്യത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും അനന്തവിഹായസ്സില്‍ പാറിപ്പറക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് നേതാവ് പ്രസംഗം അവസാനിപ്പിച്ചത്.സമ്മാന വിതരണവും , പായസംവിളമ്പലും നടത്തി പ്രാതല്‍ കഴിക്കാന്‍ കാര്‍ വീട്ടിലേക്ക് വിട്ടു.കാറിന്റെ ഡോര്‍ തുറന്ന് വീടിന്റെ മുറ്റത്ത് കാല്‍ കുത്തിയ ഉടന്‍ ഒരു വിളി.
ശുംഭന്‍,........ ശുംഭന്‍"
നേതാവ് ഞെട്ടി.
പഞ്ചലോഹ കൂട്ടിലെ , വര്‍ത്തമാനം പറയുന്ന പച്ചതത്തയെ നോക്കി നേതാവ് കണ്ണുരുട്ടി.
"ഞാന്‍ പറയാറുള്ള വാക്കുകള്‍ തന്നെ എന്നെ നോക്കി അലക്കിക്കോ. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വര്‍ഗ്ഗം!"
ടിവിയിലെ ലൈവ് ചര്‍ച്ചകള്‍ കണ്ടും, കേട്ടും തത്തയുടെ ശബ്ദതാരാവലി സമ്പന്നമായിട്ടുണ്ട്.ഒരു വാര്‍ത്താ ചാനലിലെ ന്യൂസ് റീഡറെപ്പോലെയാണ് ഇപ്പോള്‍ തത്തയുടെ ഇരിപ്പും , തല ചരിച്ചുള്ള നോട്ടവും!
"തീറ്റ കിട്ടിയില്ല....വിശക്കുന്നു"
 "അഹങ്കാരി.”
നേതാവിന് ദ്വേഷ്യം ഇരച്ചു കയറി.ഇനി മിണ്ടിപ്പോകരുതെന്ന് തത്തയെ വിരട്ടി.
ഉടനെ തത്തയുടെ ചോദ്യം.
മാധ്യമക്കാര് വരുമ്പോ ഞാന്‍ മറ്റേക്കാര്യം പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?”
ഏതു കാര്യം?” നേതാവ് സംഭ്രമത്തോടെ കണ്ണു മിഴിച്ചു.
കുട്ടപ്പനെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത കാര്യം"
അതു ശരി , അപ്പോ നീ അതും കേട്ടു ! വാര്‍ത്താ വായനക്കാരുടെ ഏതു കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്കും അതിസമര്‍ത്ഥമായി ഉത്തരം പറയാറുള്ള നേതാവ് തത്തയുടെ ഈ ചോദ്യത്തിനും ചിരിച്ചു കൊണ്ട് തന്നെ ഉത്തരം കൊടുത്തു.
ക്വട്ടേഷന്‍ ഇല്ലാതെ തന്നെ നേതാവ് കാര്യം നടപ്പാക്കി.
തത്തമ്മ ആകാശനീലിമയിലേക്ക് പറന്നുയര്‍ന്നു!



09 August, 2012

എന്റെ സ്കൂള്‍ ഡയറി 12


എന്റെ സ്കൂള്‍ ഡയറി 
പൊന്നന് സ്നേഹപൂര്‍വം











നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്. നിത്യ ജീവിതത്തില്‍ നാം നിരവധി വ്യക്തികളുമായി ഇടപെടാറുണ്ട്.സഞ്ചാരത്തിനിടയില്‍ ചിലരെ പരിചയപ്പെടാറുണ്ട്.അവരെയോക്കെ പിന്നീടൊരിക്കലും കാണാനിടയായി എന്നു വരില്ല. അതുകൊണ്ട് തന്നെ അവരെ ഉടനെ മറന്നു പോകും.തൊഴിലിടങ്ങളില്‍ നമുക്ക് ധാരാളം സുഹൃത്തുക്കളുണ്ടാവും.നമ്മള്‍ സ്നേഹിക്കുന്ന , നമ്മളെ സ്നേഹിക്കുന്ന ഏതാനം ചിലര്‍. അവരില്‍ ചിലര്‍, നമ്മുടെ ജീവിതത്തെ , നമ്മുടെ തൊഴിലിനെ , സ്വഭാവത്തെ , ശീലങ്ങളെ ഒക്കെ ചൈതന്യവത്താക്കുന്ന പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നുവെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടില്ലേ ?

26 വര്‍ഷം സേവനം നടത്തി സീനിയര്‍ ക്ളര്‍ക്ക് ആയി 2012 ജൂലായ് 31 ന് ശ്രീ വി. .പൊന്നപ്പന്‍ പിരിഞ്ഞപ്പോഴാണ് ഇങ്ങനെ ചിന്തിച്ചുപോയത്.ശ്രീ പൊന്നപ്പന്‍ എന്നോട് ഇടപെടുന്ന രീതികളും , അദ്ദേഹത്തിന്റെ ശീലങ്ങളും പരിശോധിക്കുമ്പോള്‍ , ഒരു കാര്യം ഞാന്‍ അലോചിച്ചിട്ടുണ്ട്. ശ്രീ പൊന്നപ്പന്‍ എന്റെ ആരാണ് ? എന്റെ സഹോദരനാണോ സ്വന്തമോ, ബന്ധുവോ ആണോ ? അയല്‍ക്കാരനാണോ ? സഹപാഠിയാണോ ? അതോ വെറും സഹപ്രവര്‍ത്തകന്‍ മാത്രമാണോ ?
ചിലപ്പോള്‍ തോന്നും ഇതെല്ലാമാണെന്ന് ! അതാണ് പൊന്നപ്പന്റെ സ്വഭാവ വൈശിഷ്ട്യം ! പെരുമാററത്തില്‍ ഇങ്ങനെയൊരു മായാജാലം സൃഷ്ടിക്കാന്‍ കഴിയുന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ പൊന്നപ്പന്‍.
ഞാന്‍ അദ്ദേഹത്തെ പരിചയപ്പട്ടിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞിരീക്കുന്നു.1986 ല്‍ ഞാന്‍ HSA
ആയി ഒരു ലീവ് വേക്കന്‍സിയില്‍ ബോയ്സ് ഹൈസ്ക്കൂളില്‍ എത്തുമ്പോള്‍ പൊന്നപ്പന്‍ GHS ല്‍ പ്യൂണ്‍ ആയി ചേര്‍ന്നിട്ടുണ്ട്. സുമുഖനായിരുന്നു അയാള്‍. സദാ പ്രസന്നമായ മുഖഭാവം . കാര്യപ്രാപ്ത്തിയും , പ്രസരിപ്പും അന്നത്തേതു പോലെ ഇന്നുമുണ്ട് .
എന്റെ സമപ്രായം , അല്ലെങ്കില്‍ എന്നെക്കാളും ഇളയത് എന്നാണ് എനിക്ക് തോന്നിച്ചിരുന്നത്.കാഴ്ച്ചയില്‍ യുവത്വം ഇന്നും സൂക്ഷിക്കുന്നു.
ലീവ് വേക്കന്‍സിയില്‍ ശമ്പളമില്ലാതെ ഒമ്പതു മാസം ഞാന്‍ തുടര്‍ന്നു.നിയമനം അംഗീകരിക്കപ്പെട്ടിരുന്നില്ല. 1987 ഡ്സംബര്‍ 14 ന് ഞാന്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. സ്ക്കൂള്‍ മാനേജര്‍ തന്നതാണെന്ന് പറഞ്ഞ് പൊന്നപ്പന്‍ എനിക്ക് ഒരു കത്ത് കൊണ്ട് വന്ന് തന്നു. ഞാന്‍ കവര്‍ തുറന്ന് മാനേജറുടെ കത്ത് വായിച്ചു. അവിടെ ജോലിചെയ്യുന്ന ചില അദ്ധ്യാപകരുടെ നിയമനങ്ങള്‍ പുനര്‍വിന്യച്ചിരിക്കുന്ന കാര്യങ്ങളാണ് ആദ്യം പറഞ്ഞിരിക്കുന്നത്. എന്റെ പേര് സൂചിപ്പിച്ചിരിക്കുന്ന വരികളില്‍ എന്റെ കണ്ണ് പതിഞ്ഞു. “ You are releived from your duties …...” എന്ന് തുടങ്ങുന്ന ഒരു വാചകം. അതില്‍ 43 claimant എന്നും 51(A) claimant എന്നുമൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. ഈ നിയമങ്ങളെക്കുറിച്ചൊന്നും എനിക്ക് പിടിപാടുണ്ടായിരുന്നില്ല. പക്ഷെ ഒരു കാര്യം മനസ്സിലായി. പിറ്റേ ദിവസം മുതല്‍ സ്ക്കൂളില്‍ എനിക്ക് ജോലിയില്ല ! എന്റെ കണ്ണില്‍ ഇരുട്ട് കയറി.........
ഞാന്‍ പൊന്നപ്പനെ നോക്കി. കാണാനില്ല !



ഞാന്‍ കത്ത് വായിച്ച് സ്തംഭിച്ചിരിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നു ശ്രീ എം. പി. മോഹനന്‍ മാസ്റ്ററും , ശ്രീ പി.കെ.ബാബുരാജേന്ദ്രന്‍ മാസ്റ്ററും . മോഹനന്‍ മാസ്റ്ററ്‍ എന്റെ കൈയില്‍ നിന്നും കത്ത് വാങ്ങി വായിച്ചു.

ഇതൊക്കെ പതിവാണ് . ഞങ്ങള്‍ക്കും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് . ഈ സ്ഥാപനമായതുകൊണ്ട് പേടിക്കാനില്ല , ഇനിയും ഒഴിവ് വരും . ജോലി കിട്ടും" എന്നൊക്കെപ്പറഞ്ഞ് ആശ്വസിപ്പിച്ചു.

നാലിന് ബെല്ലടിച്ചപ്പോള്‍ തോള്‍ സഞ്ചിയും തൂക്കി ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി.ഓഫിസിന് മുന്നിലെത്തിയപ്പോള്‍ വാതില്‍ക്കല്‍ പൊന്നപ്പന്‍ നില്‍ക്കുന്നു , ഭവ്യതയോടെ എന്നെ കാത്തെന്ന പോലെ .അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. വളരെ വിനീതമായി എന്നോട് സംസാരിച്ചു.

മാഷ് വരുന്നതും നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. എന്നോടൊന്നും തോന്നരുത്.ഞാന്‍ കത്ത് തന്ന് പോന്ന് കളഞ്ഞത് വേറെയൊന്നും കൊണ്ടല്ല. മാഷിന്റെ പ്രയാസം കാണാന്‍ പറ്റില്ല. അതാണ് കാര്യം.”

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.
സഹജീവികളോട് സ്നേഹവും, കാരുണ്യവും ഇതുപോലെ പ്രകടിപ്പിക്കുന്ന ദൈവികമായ ചില ഗുണങ്ങള്‍ പൊന്നപ്പനുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് പൊന്നപ്പന്‍ വില കല്‍പ്പിക്കുന്നു. അദ്ദേഹം ആദരണീയനാകുന്നത് അങ്ങനെയാണ്.

നമുക്ക് ഗ്രേഡും, പി.എഫുമൊക്കെ ശരിയാക്കിത്തരുക എന്നത് ഒരു ക്ളര്‍ക്കിന്റെ കര്‍ത്തവ്യമാണെന്നായിരിക്കും നാം വ്യാഖ്യാനിക്കുക. പക്ഷെ അതിനുമപ്പുറം , ഒരു മന്ദഹാസത്തോടെ , മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു മുഖഭാവത്തോടെ ആ സേവനം നടത്തിക്കിട്ടുമ്പോഴാണ് നമുക്ക് ആനന്ദമുണ്ടാകുന്നത്, നമുക്ക് അനുഭവയോഗ്യമാവുന്നത്. അത്തരം ഒരു ഹൃദയാലുവായിരുന്നു പൊന്നപ്പന്‍.
അദ്ദേഹത്തിന് ഹൃദയം നിറ‍ഞ്ഞ ആശംസകള്‍ !





08 July, 2012

എന്റെ സ്കൂള്‍ ഡയറി 11



മേജര്‍ രവി പറഞ്ഞത്

ഒബതാം ക്ലാസ്സില്‍ തോറ്റു. അടുത്ത വര്‍ഷം പത്താം ക്ലാസില്‍ അതിനക്കാള്‍ ഭംഗിയായി തോറ്റു.മാനക്കേടും, അച്ചന്റെ ശിക്ഷയും ഭയന്ന് ഒരു പയ്യന്‍ പട്ടാംബി സ്റ്റേഷനില്‍ നിന്ന് തീവണ്ടിയില്‍ കയറി.ബോംബെയില്‍ ചെന്നെത്തി.കുറെക്കാലം അലഞ്ഞു നടന്നു.വര്‍ഷങ്ങള്‍ക്കുശേഷം പട്ടാളക്കാരനായി നാട്ടില്‍ തിരിച്ചെത്തുന്നു.
        പട്ടാള ജീവിതത്തിനിടെ ആ പയ്യന് പഠിക്കണമെന്ന ഒരു വിചാരം വന്നു. പട്ടാളബാരക്കില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ച് പത്താം ക്ലാസ്സ് പാസ്സായി. പട്ടാളക്കാരനാണല്ലോ, ഒരു വിജയം കരസ്ഥമാക്കിയപ്പോള്‍ വീണ്ടും ജയിക്കണമെന്ന മോഹം! ഒരു യുദ്ധക്കൊതി. വീണ്ടും പഠിച്ചു. പ്രീഡിഗ്രിയും, ഡിഗ്രിയും ജയിച്ചു.അങ്ങനെയിരിക്കെ സ്പോര്‍സില്‍ കംബം കയറി. ട്രാക്കില്‍ ഓടി, ചാടി! നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. പോള്‍വാള്‍ട്ടില്‍ ദേശീയ ചാംബ്യനായി. അതോടെ പട്ടാളക്കാരന് പ്രൊമോഷനായി. പടിപടിയായി ഉയര്‍ന്ന് പട്ടാളഓഫീസറാ‍യി.മേജര്‍ രവിയായി !
     പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ശേഷം സിനിമയിലേക്കായി നോട്ടം . അവിടെയും നേട്ടങ്ങള്‍ കൊയ്തു. പേരിനോടൊപ്പം പുതിയൊരു പദവി കൂടി എഴുതി ചേര്‍ത്തു. “ സംവിധായകന്‍ മേജര്‍ രവി“ !
    ഞാന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഇപ്രാവശ്യം ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയമായിരുന്നു. മികച്ച വിജയം നേടിയ  വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ നടത്തിയ ചടങ്ങ് ഉദ്ഘാനം ചെയ്ത്കൊണ്ട് പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ മേജര്‍ രവി പങ്ക് വെച്ച അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് മേല്‍ വിവരിച്ചത്. പത്താം ക്ലാസില്‍ ഇംഗ്ലീഷിനും, ഹിന്ദിക്കും തോറ്റ കുട്ടി പട്ടാളക്കാരനായി ജീവിതമാരംഭിച്ച്, മേജര്‍ രവിയായും, സംവിധായകന്‍ മേജര്‍ രവിയായായും മാറിയ ചരിത്രം അദ്ദേഹം കുട്ടികളോട് വിവരിച്ചു. ആഗ്രഹങ്ങള്‍ സഫലമാവണമെന്ന് മോഹവും, കഠിനമായ പരിശ്രമവും നടത്തിയാല്‍ എത്ര ഉന്നതമായ സ്ഥാനങ്ങളിലും എത്തിച്ചേരാന്‍ കഴിയും എന്ന് അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
     ഇതു പോലെ നിരവധി രവിമാര്‍ നമുക്ക് ചുറ്റുമുണ്ട്.വീട്ടില്‍ നിന്ന് ഒളിച്ച് ഓടി, മദ്രാസിലേക്ക് തീവണ്ടി കയറി , പ്രശസ്തരായി മാറിയ സിനിമാക്കാര്‍ നിരവധിയുണ്ട്. ബോംബെക്കാരനായും, പേര്‍ഷ്യക്കാരനായും, വ്യവസായിയായും വളര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയവരുമുണ്ട്. പട്ടിണീയും, ദുരിതവും, കഷ്ടപ്പാടും ഏറെ സഹിച്ച് കഠിനമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അവരോക്കെ ജീവിതം വെട്ടിപ്പിടിച്ചത്. ഇവരുടെയൊക്കെ ജീവിതാനുഭവങ്ങള്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സാധാരണ കുട്ടിക്ക് പോലും പരിശ്രമിച്ച് ഉന്നത നിലയില്‍ എത്തിച്ചേരാന്‍ കഴിയും എന്ന ഉത്ക്രിഷ്ടമായ ഒരു സന്ദേശം ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
      എന്നാല്‍ ഇവരെപ്പോലെ ഒളിച്ചോടി ഒരു പരീക്ഷണത്തിന് തുനിയരുത്. മഹാനായിത്തീരാം എന്ന കരുതലോടെ ഒളിച്ചോടുന്നതിന് മുന്‍പ് ഒരു വട്ടം ആലോചിക്കണം.ഒളിച്ചോട്ടക്കാരിലെ മഹാന്മാരായി മാറിയവരെ ചരിത്രം വാഴ്ത്തുന്നുണ്ടാവാം. നരക യാതന അനുഭവിക്കുന്നവരും, കുപ്രസിദ്ധരായി മാറിയവരും ഏറെ ഉണ്ടെന്നതും അറിയണം.
    പണ്ടത്തെയും, ഇന്നത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് . ഇന്ന് ഒരു പക്ഷെ ഒളിച്ചോട്ടക്കാര്‍ ചെന്നെത്തുന്നത് മാഫിയകളുടെയോ, ക്രിമിനലുകളുടെയോ കേന്ദ്രങ്ങളിലായിരിക്കാം! എന്തിന് വെറുതെ ബാല്യം കരിയിച്ചു കളയണം ? മാതാപിതാക്കളുടെ തണലില്‍ നിന്നുകൊണ്ട് ജീവിക്കാനും, പഠിക്കുവാനും, വളരുവാനുമുള്ള സാഹചര്യങ്ങളുണ്ട്. തോറ്റാല്‍ ജയിക്കാന്‍ പരീക്ഷയുണ്ട്. തെറ്റ് ചെയ്താല്‍ തിരുത്താന്‍ അവസരമുണ്ട്. ആഗ്രഹങ്ങള്‍ സഫലമാവാന്‍ സ്വപ്നങ്ങള്‍ ബാക്കിയുണ്ട് ! പിന്നെയെന്തിന് ഒളിച്ചോടണം !

സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം