11 January, 2014

യാത്രാവിവരണം.






    മൂന്നാറിലെ തണുപ്പ് ആസ്വദിക്കാന്‍ ഒരു യാത്ര


                                  ഗൗരിലക്ഷ്മി


മൂന്നാറിലേക്ക് പോകുന്ന ആഹ്ളാദത്തില്‍ വെള്ളിയാഴ്ച്ച ഒരുങ്ങുന്ന സമയത്ത് ടിവിയില്‍ ഒരു വാര്‍ത്ത കണ്ടു.ഇടുക്കി ജില്ലയില്‍ ശനിയാഴ്ച്ച ഹര്‍ത്താല്‍.അതു കേട്ടപ്പോഴേ ഞങ്ങള്‍ക്കേല്ലാം വിഷമം വന്നു. ശനിയാഴ്ച്ച നാലു മണിക്ക് എഴുന്നേറ്റു. യാത്ര ഒരു മണിക്കുര്‍ നേരത്തേയാക്കി. ഹര്‍ത്താല്‍ പിന്‍വലിച്ചില്ലെങ്കില്‍ അന്നു തന്നെ മടങ്ങും , പിന്‍വലിച്ചാല്‍ അവിടെ തങ്ങും. അങ്ങനെയാണ് പ്ലാന്‍.




വീട്ടില്‍ നിന്ന് സാധനങ്ങള്‍ കാറില്‍ കയറ്റി. മാമാജിയുടെ വീട്ടില്‍ 5.45 ന് എത്തി. പിന്നെ അവിടത്തെ സാധനങ്ങളഅ‍ കയറ്റി. എടവനക്കാട് നിന്നും വല്യമ്മയുടെ കാറും എത്തി.ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ എല്ലാവരുമായി കരുതിയിട്ടുണട്. സാധനങ്ങളെല്ലാം കാറില്‍ കയറ്റി ഞങ്ങള്‍ റെഡിയായി. 6.15 ഞങ്ങള്‍ രണ്ട് കാറുകളില്‍ പുറപ്പെട്ടു. മാമാജിയുടെ കാറില്‍ ഞാന്‍ , ചേട്ടന്‍, മാമി, അമ്മു, അച്ചാച്ചന്‍ എന്നിവര്‍. വല്യച്ചന്റെ കാറില്‍ വല്യമ്മ, അമ്മ, അച്ചന്‍, മണിച്ചേട്ടന്‍. ആലുവയും , പെരുംമ്പാവുറും, കോതമംഗലവും കടന്ന് ഞങ്ങള്‍ ഹൈറേഞ്ചിലേക്ക് പ്രവേശിച്ചു. 9.30 ആയപ്പോള്‍ ഞങ്ങള്‍ കാറ്‍ നിറുത്തി.റോഡിന് ഇരുവശവും റബ്ബര്‍ തോട്ടങ്ങള്‍. ചായ കുടിക്കാനാണ് കാര്‍ നിറുത്തിയത്.രാവിലെ ഒരു ചായ മാത്രം കുടിച്ച് ഇറങ്ങിയതീണ്.നല്ല വിശപ്പുണ്ട്. വല്യമ്മച്ചി കൊണ്ടുവന്ന പൂരിയും ,കോളിഫ്ളവര്‍ കറിയും വിളമ്പി. ചൂടന്‍ ചായയും കുടിച്ചപ്പോള്‍ നല്ല ഉന്മേഷം കിട്ടി.വീണ്ടും കാറില്‍ കയറി.





കാറിലിരുന്ന് നോക്കുമ്പോള്‍ ദൂരെ മലകള്‍ കാണാന്‍ നല്ല ഭംഗി.മലകളെ മൂടല്‍ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു.വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ കാര്‍ മല കയറി കൊണ്ടിരിക്കുകയാണ്.ഒരു വെള്ളച്ചാട്ടം കണ്ടു.അവിടെ കാര്‍ നിറുത്തി. കുറച്ചു നേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു നിന്നു.കുക്കുമ്പറും, പൈനാപ്പിളും, കപ്പ വറുത്തതും തിന്നു.വീണ്ടും കാറില്‍ കയറി. തേയില തോട്ടങ്ങള്‍ കണ്ടു തുടങ്ങി. എന്തൊരു ഭംഗി ! ആദ്യമായാണ് തേയിലത്തോട്ടങ്ങള്‍ കാണുന്നത്. കാര്‍ അവിടെ നിറുതതി ആ മനോഹര കാഴ്ച്ചകള്‍ കണ്ടു. പിന്നെ വീണ്ടും യാത്ര. 12 കി.മീറ്റര്‍ ഇനി മൂന്നാറിലേക്കുണ്ടെന്ന് മാമാജി പറഞ്ഞപ്പോള്‍ ഞങ്ങള്‍ വലിയ സന്തോഷത്തിലായി.




പക്ഷെ 12 കി.മീറ്റര്‍ ദൂരം കടക്കാന്‍ രണ്ടര മണിക്കൂര്‍ എടുത്തു. റോഡ് ബ്ളോക്ക് ആയി. വാഹനം അങ്ങോട്ടുമില്ല, ഇങ്ങോട്ടും വരുന്നില്ല. ഞങ്ങള്‍ക്ക് ബോറഡിയായി.ഞങ്ങള്‍ ഒരു ഓട്ടോറിക്ഷക്കാരനോട് ചോദിച്ചു എന്തു പറ്റിയെന്ന്. അയാള്‍ പറഞ്ഞു അവിടെ റോഡ് പണി നടക്കുകയാണെന്ന്.രണ്ടു മണിക്കൂറെങ്കിലും എടുക്കുമെന്നും പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. രണ്ടര മണിക്കൂര്‍ കഴിഞ്ഞിട്ടാണ് ആ ബ്ളോക്കില്‍ നിന്ന് രക്ഷപ്പെട്ടത്.ഞങ്ങള്‍ക്ക വലിയ ആശ്വാസമായി.




പന്ത്രണ്ടേ മുക്കാലിന് ഞങ്ങള്‍ മൂന്നാറിലെത്തി. നട്ടുച്ചക്കും ഇളം കുളിര്! ക്രിസ്തുമസ്സ് അവധിക്കാലം തീരാന്‍ രണ്ടു ദിവസം മാത്രമുള്ളതിനാലായിരിക്കാം മൂന്നാറില്‍ നല്ല തിരക്കായിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍ മുറി കിട്ടാന്‍ പ്രയാസമുണ്ടായില്ല. ഞങ്ങള്‍ മുറി കാണാന്‍പോയി. ഒരു കുന്നിന്റെ മുകളിലാണ്. സിമന്റ് പടികള്‍ കയറി മുകളിലെത്തി. നിര വീടാണ്. ഒരു ഹാള്‍ . നാല് ബെഡ്, ടിവി, രണ്ട് ബാത്ത് റൂം,ചൂട് വെള്ളം . റൂം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. ഞാനും, അമ്മുവും, അച്ചാച്ചനും മുറിയിലിരുന്നു . മറ്റെല്ലാവരും ചേര്‍ന്ന് സാധനങ്ങള്‍ റൂമിലേക്ക് കയറ്റി.പിന്നെ ലഞ്ച് കഴിക്കാനുള്ള ഒരുക്കമായി. ഊണിനുള്ള വിഭവങ്ങള്‍ എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ചിക്കന്‍, അച്ചിങ്ങ, മോര് കാച്ചിയത്, സവാള ചൊറുക്കയില്‍ ഇട്ടത്, മാങ്ങ അച്ഛാര്‍, തുടങ്ങിയ രസകരമായ വിഭവങ്ങള്‍. ഭക്ഷണ​ കഴിച്ചതോടെ ക്ഷീണം പമ്പ കടന്നു. എല്ലാവരും വിശ്രമിച്ചു.


2.30 ന് മാട്ടുപെട്ടി, എക്കോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെട്ടു.മാട്ടുപെട്ടിയിലേക്ക് 12കി.മീറ്റര്‍ ദൂരം. മാട്ടുപെട്ടിയില്‍ എത്തിയപ്പോഴാണ് അറിയുന്നത് സന്ദര്‍ശകരെ കയറ്റുന്നില്ലയെന്ന്. നാട്ടിലെല്ലാം കന്നുകാലികള്‍ക്ക് കുളമ്പു രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നതിനാല്‍ മുന്‍കരുതലായാണ് സന്ദര്‍ശകരെ നിരോധിച്ചിരിക്കുന്നതെന്നറിഞ്ഞു.അതിനാല്‍ കാര്‍ എക്കോപോയിന്റിലേക്ക് വിട്ടു. അവിടന്ന് നാലു് കി.മീറ്റര്‍ ദൂരമുണ്ട് എക്കോപോയിന്റിലേക്ക്.യാത്രക്കിടയില്‍ മാമി കാരറ്റ് വാങ്ങി തന്നു. നല്ല ഫ്രഷ് കാരറ്റ് . തിന്നാന്‍ നല്ല രസം. കറുമുറെ കടിച്ചു തിന്നു.എക്കോ പോയിന്റില്‍ നല്ല തിരക്കായിരുന്നു. ആളുകള്‍ ബോട്ടിങ്ങ് നടത്തുന്നുണ്ട്. അവിടെ ഒരു കടയില്‍ നിന്നും മസാല ചായ കഴിച്ചു.



തിരിച്ചു വരുന്ന വഴിക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇറങ്ങി.ഗാര്‍ഡന്‍ അടക്കാറായിട്ടുണ്ടായിരുന്നു. ലാസ്സ് ടിക്കറ്റ് ഞങ്ങള്‍ക്കായിരുന്നു. ടിക്കറ്റ് ചാര്‍ജ്ജ് പതിനഞ്ച് രൂപ.അപ്പോഴെക്കും തണുപ്പ് കൂടി വന്നു.പക്ഷെ പൂക്കളുടെ വര്‍ണ്ണഭംഗിയില്‍ മനം മയങ്ങി തണുപ്പ് ഫീല്‍ ചെയ്തില്ല.ഗാര്‍ഡനില്‍ നിന്ന് വേഗം ഇറങ്ങി. നേരം ഇരുട്ടി തുടങ്ങി. മൂന്നാര്‍ ടൗണില്‍ എത്തുമ്പോള്‍ സമയം എട്ടര. ഞങ്ങള്‍ ലോഡ്ജില്‍ എത്തി.ഭക്ഷണം കഴിക്കാനുള്ള ഒരുക്കമായി. ടാപ്പിലെ വെള്ളം ഐസ് പോലെയായിരന്നു. കൊണ്ടു വന്ന ഭക്ഷണം എല്ലാവരും കഴിച്ചു തീര്‍ത്തു. ഒമ്പതരയോടെ കിടന്നു. പക്ഷെ ഉറക്കം വന്നില്ല. നാളത്തെ കാഴ്ച്ചകള്‍ എന്തൊക്കെയായിരിക്കും? അച്ഛനോട് ചോദിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്ക് കാണാന്‍ നാളെ പോകാമെന്ന് അച്ഛന്‍ പറഞ്ഞു. സ്വെറ്ററും, മങ്കി ക്യാപ്പും ധരിച്ച് കിടന്നു. തണുപ്പിന് അല്‍പ്പം ആശ്വാസം. ഉറങ്ങിയതറിഞ്ഞില്ല.


രാജമലയുടെ മടിത്തട്ടില്‍

ഹരിശങ്കര്‍




2013 ഡിസംമ്പര്‍ 28 ശനി . മൂന്നാറിലെ ‍ഞങ്ങളുടെ ആദ്യ പുലരി. അത് വളരെ മനോഹരമായിരുന്നു. പതിവുപോലെ അച്ഛന്റെ ഫോണിന്റെ അലാറം അടിച്ചു. ആദ്യം നിദ്ര വിട്ടുണര്‍ന്നതും അച്ഛന്‍ തന്നെ. രാവിലത്തെ കൂളി അവഗണിക്കാനാകാത്തതിനാല്‍ മൂന്നാറിലെ കൊടുംതണുപ്പ് വെള്ളത്തില്‍ കുളിക്കുകയും ചെയ്തു.പിന്നീട് പത്രം വാങ്ങാനായി പുറത്തേക്ക് പോയി. പതിയെ പതിയെ എല്ലാവരും ഉറക്കമുണര്‍ന്നു. മൂന്നാറിലെ വെള്ളത്തിന്റെ തണുപ്പ് ആസ്വദിച്ചറിയാതിരിക്കാന്‍ ആര്‍ക്കും മനസ്സ് വന്നില്ല.
പത്രം കിട്ടിയില്ലെന്ന് പറഞ്ഞ് അച്ഛന്‍ തിരിച്ചു വന്നു. പത്രം കിട്ടാത്തതിന്റെ നിരാശയേക്കാള്‍ കൂടുതല്‍ തണുപ്പ് ആസ്വദിച്ചതിന്റെ സന്തോഷം അച്ഛന്റെ മുഖത്തുണ്ടായിരുന്നു. ഇന്നെവിടെയാണ് പോകുന്നതെന്ന് ഗൗരി ചോദിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ പോകാം എന്ന് മാമാജി പറഞ്ഞു. സമയം ഏതാണ്ട് അഞ്ചരയായിക്കാണും. പത്രം കിട്ടുമോ എന്നറിയാന്‍ ഒരു ശ്രമം കൂടി നടത്താന്‍ അച്ഛന്‍ തീരുമാനിച്ചു. ഇത്തവണ ഞാനും കൂടെ കൂടി.

ചൂടുചായ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് അമ്മ പറഞ്ഞു. ചായ വാങ്ങാന്‍ അച്ഛന്‍ ഫ്ളാസ്ക്കെടുത്തു. ഞാനും അച്ഛനും പുറത്തിറങ്ങി. കൊടുംതണുപ്പായിരുന്ന അപ്പോള്‍ . കോടമഞ്ഞ് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നാറിന്റെ തണുപ്പറിയാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നി.

വഴി വിജനമായിരുന്നു. ഇന്നലെ മാല മാല പോലെ വണ്ടികള്‍ കിടന്നിരുന്ന റോഡില്‍ അനക്കമില്ല. ഏതാനം കടകള്‍ തുറന്നിട്ടുണ്ട്. ‍ഞങ്ങള്‍ ഒരു ചായക്കടയില്‍ കയറി. ആളുകള്‍ ചൂടു ചായകുടിക്കുകയാണ്. ഫ്ളാസ്ഖ്ക്കില്‍ ചായ വാങ്ങിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴാണ് ഞാന്‍ ഒരു അത്ഭുത കാഴ്ച കാണുന്നത്. ഞാന്‍ സംസാരിച്ചപ്പോള്‍ എന്റെ വായില്‍ നിന്നും വെളുത്ത പുക വരുന്നു. വായില്‍ നിന്നും പുറത്തു വരുന്ന വായു അന്തരീക്ഷത്തിലെ തണുപ്പില്‍ ഘനീഭവിച്ചതാണ് പുകയായി കാണുന്നതെന്ന് അച്ഛന്‍ പറഞ്ഞു. പത്രത്തിന്റെ കാര്യത്തില്‍ ഇത്തവണയും നിരാശയായിരുന്നു. ഫലം. ഇടുക്കിയില്‍ പ്രസ്സില്ലെന്നും കോട്ടയത്തുനിന്നും പത്രമെത്താന്‍ വൈകുമെന്നും ഞങ്ങള്‍ മനസ്സിലാക്കി. ചായയുമായി ഞങ്ങള്‍ വീട്ടിലെത്തി.

എല്ലാവരും ചൂടു ചായ കുടിച്ചു. സമയം ആറു മണി കഴിഞ്ഞു. പത്രം വന്നിരിക്കും എന്നുറപ്പിച്ച് കൊണ്ട് ഞാനും അച്ഛനും വീണ്ടുമൊരന്വേഷണത്തിന് പുറപ്പെട്ടു. ഇത്തവണ മണിച്ചേട്ടനും ‍ഞങ്ങളുടെ കൂടെ കൂടി. പത്രക്കെട്ടുകള്‍ അഴിച്ച് തരം തിരിക്കുന്നേയുള്ളു. ഞങ്ങള്‍ ഒരെണ്ണെം വാങ്ങിച്ചു. പത്രം വായിച്ച് നടക്കുമ്പോള്‍
വല്യച്ഛന്‍ വരുന്നു. ബ്രേക്ക് ഫാസ്ററിന് എന്തെങ്കിലും കിട്ടുമോയെന്നറിയാന്‍ ഇറങ്ങിയതാണ്. വലിയ ഹോട്ടലുകള്‍ ഒന്നും തുറന്നിട്ടില്ല. ഒരു ചായക്കടയില്‍ ഇഡ്ഡലി തട്ടിലേക്ക മാവ് ഒഴിക്കുന്നേയുള്ളു. അരമണിക്കൂറിനകം ശരിയാകുമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ തിരിച്ചു നടന്നു.

വീട്ടില്‍ വീണ്ടും തിരിച്ചെത്തിയപ്പോഴെക്കും എല്ലാവരും അടുത്ത യാത്രക്ക് തയ്യാറായ് കഴിഞ്ഞിരുന്നു.
ഭക്ഷണത്തിനായ് ഞങ്ങള്‍ അടുത്തുള്ള ഒരു വെജിറ്റെറുയന്‍ ഹോട്ടലില്‍ കയറി.ഭാഗ്യവശാല്‍ അവിടെ ഭക്ഷണം തയ്യാറായ് കഴിഞ്ഞിട്ടുണ്ടായിരുന്നു.സമയം ആറര കഴിഞ്ഞിരിക്കണം. മസാല ദോശയും ഇഡ്ഡലിയുമാണ് അവിടെ നിന്നും കഴിച്ചത്. ഭക്ഷണം നല്ലതായിരുന്നു.

ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കാര്‍ കിടന്നിടത്തേക്ക് പോയി. കാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച സെക്യൂരിറ്റിക്കാരന്‍ അപ്പോഴും അവിടെ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തോടട് യാത്ര പറഞ്ഞ് ഞങ്ങള്‍ കാറുമായി വീടിന് മുന്നിലെ ചരിവിലെത്തി. കുത്തനെയുള്ള കയറ്റമായതിനാല്‍ കാര്‍ വീടിനടുത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. വീട് പൂട്ടി ഉടമസ്ഥന് താക്കോല്‍ കൊടുത്തു. കാറുകളില്‍ സാധനങ്ങള്‍ കയറ്റി ഞങ്ങള്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് പുറപ്പെട്ടു. ഇത്തവണ ഞാന്‍ മാമാജി ഓടിച്ച കാറിലാണ് കയറിയത്. ഗൗരി, അമ്മു, അച്ചാച്ഛന്‍, മാമി എന്നിവരായിരുന്നു മറ്റു യാത്രക്കാര്‍. റോഡില്‍ തിരക്ക് കുറവായിരുന്നു. വണ്ടി വേഗത്തില്‍ വിട്ടു, ഒരു വശത്ത് ഗംഭീരമായി തല ഉയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. മറുവശത്ത് വന്‍ ഗര്‍ത്തങ്ങള്‍. തണുപ്പ് കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.പതിനൊന്ന് കിലോമീറ്ററോളം ഉണ്ടായിരുന്നു ഇരവികുളത്തേക്ക്. ഒമ്പതരയോടെ ഞങ്ങള്‍ ഇരവികുളത്തെത്തി.
ഉള്ളവരില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു.വനം വകുപ്പിന്റെ ‍വണ്ടിയില്‍ ഞങ്ങളെ മല മുകളില്‍ എത്തിക്കും എന്ന്
ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു.ക്യൂവില്‍ സ്ഥാനം ഉറപ്പിച്ചതിനുശെഷം അവിടെ തന്നെ ഇരുപ്പായി.
സാവധാനമാണ് ക്യു നീങ്ങിയതെങ്കിലും ശമ്പരിമലയെക്കാളും ഗുരുവായുരിനെക്കാളും വേഗത്തിലായിരുന്നു.

അച്ഛന്‍ ടിക്കറ്റെടുത്തു.എല്ലാവര്‍ക്കും ഒരെ വണ്ടിയില്‍ കയറാനുള്ള ഭാഗ്യം ഉണ്ടായില്ല.ഒരു വശത്ത് മലയും
മറുവശത്ത് അങ്ങ് ദൂരെക്ക് തോയിലക്കാടുകള്‍.ഇങ്ങനെ ആയിരുന്നു ഞങ്ങള്‍ സഞ്ചരിച്ച റോഡ്.കിലോമീറ്ററോളം സഞ്ചരിച്ചതിനു ശേഷം ഞങ്ങള്‍ മലയുടെ മുകളിലെത്തി.ഇവിടന്നിനി കാല്‍
നടയായിട്ടാണ് പോകെണ്ടത്.പ്രായാധിക്ക്യം മൂലം അച്ചാച്ഛന്‍ മല കയറുന്നതില്‍ നിന്ന് പിന്‍മാറി.കൊടും
തണുപ്പില്‍ അച്ചന് അച്ചാച്ഛന് അസുഖങ്ങളോന്നും ഉണ്ടായില്ല എന്നത് എല്ലാവര്‍ക്കും അത്ഭുതകരമായ
കാര്യമായിരുന്നു.
അച്ചച്ഛനെ വരമ്പിലിരുത്തി ഞങ്ങള്‍ മല കയരാന്‍ ആരംഭിച്ചു.എല്ലാവരും ഒരുമിച്ച് മല കയറി.അച്ചന്‍
എടുക്കിടെ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു.വളരെ മനോഹരമായ മല. രാജമലയുടെ മടിത്തട്ടിലാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. "രാജമല" . പേര് പോലെ തന്നെ ഗംഭീരം.പശ്ചിമഘട്ടത്തിലെ പര്‍വ്വത രാജാവ് എന്ന് തന്നെ പറയാം. എന്തൊരു പ്രൗഢി! നമ്മുടെ വീടിന് ചുറ്റുമുള്ളത് മാത്ര
അല്ല പ്രകൃതി.അത് ഒരു വലിയ സമുദ്രം പോലെയാണ് എന്നെനിക്ക് മനസ്സിലായി.ഭൂമിയോളം
പഴക്കമുള്ളവയാണ് ഈ മലയിലെ പാറകളും മരങ്ങളും.എത്ര തലമുറകള്‍ ഈ മല ചവിട്ടിക്കയറിയിരിക്കുന്നു.
മലയുടെ ചില ഇടങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തകര്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു.പല ചെടികളിലും പെരെഴുതി
ഒട്ടിച്ചിട്ടുണ്ടായിരുന്നു.
പതിയെ ഒട്ടും കിതയ്ക്കൈതെ ഞാന്‍ മല കീഴടക്കി.ഇനി അങ്ങോട്ടു പ്രവേശനം ഇല്ല എന്ന ബോര്‍ഡ്
കണ്ട് അവിടെ വിശ്രമിക്കാന്‍ നിന്നു. മല കീഴടക്കിയതു കൊണ്ട് പ്രകൃതിയെ കീഴടക്കി എന്ന അഹങ്കാരം പാടില്ല് എന്ന് ഞാന്‍ ഓര്‍ത്തു. കാരണം പ്രകൃതി എപ്പോഴാണ് കോപിക്കുക എന്ന് നമുക്ക് അറി‍ഞ്ഞു കൂടാ. പ്രകൃതി കോപിക്കുമ്പോഴുള്ള ദുരിതങ്ങള്‍ നാം പലപ്പോഴും കണ്ടിട്ടുണ്ട്.

വരയാട് എന്ന മലയാടിന്റെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ് ഇരവികുളം. ദൂരെ മലമുകളിലേക്ക് കണ്ണ് നട്ട് കൊണ്ട് ഒരു വരയാടിനെയെങ്കിലും കാണണേയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് നിര്‍ന്നിമേഷരായി ഞങ്ങള്‍ നിന്നു. “ അതാ ഒരു വരയാട് " മാമാജി ദൂരേക്ക് വിരല്‍ ചൂണ്ടി. എല്ലാവരും അങ്ങോട്ടായി നോട്ടം .” ഞാനും കണ്ടു " എന്ന് ഗൗരിയും പറഞ്ഞു. പക്ഷെ എനിക്ക് ഒന്നും കാണാന്‍ പറ്റിയില്ല. ഞങ്ങള്‍ കുറച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം മല ഇറങ്ങാന്‍ തീരുമാനിച്ചു. മല ഇറങ്ങുന്നതിനിടയില്‍ മല ദൈവങ്ങളുടെ കൃപകൊണ്ടാവാം ഞാനും ഒരു വരയാടിനെ കണ്ടു. ഒന്ന്, രണ്ട്, മൂന്ന്,നാല്..... ഞാന്‍ എണ്ണാന്‍ തുടങ്ങി. കുറെ ഉണ്ട് . ഒരെണ്ണത്തിനെ തൊട്ടടുത്ത് കണ്ടു ! സാവധാനം ഞങ്ങള്‍ മലയിറങ്ങി താഴെ എത്തി.

താഴെക്ക് തിരിച്ചിറങ്ങുന്നതിന് വനം വകുപ്പിന്റെ വണ്ടി കാത്ത് ഞങ്ങള്‍ ഏറെ നേരം നിന്നു. വണ്ടി എത്തി. മലഞ്ചരിവിലെ വളഞ്ഞു പുളഞ്ഞ റോഡിലൂടെ മടക്കയാത്ര. ഞങ്ങള്‍ താഴവാരത്തെത്തി. മലമുകളിലേക്ക് കയറാന്‍ നില്‍ക്കുന്നവരുടെ ക്യുവിന് അപ്പോള്‍ നല്ല നീളം വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നാര്‍ ടൗണിലേക്ക് മടക്കയാത്ര ആരംഭിച്ചു.മൂന്നാറിലെത്തുമ്പോള്‍ 12 മണി. മൂന്നാറില്‍ നിന്ന് കുറച്ച് സ്പൈസസ് വാങ്ങിച്ച് ഞങ്ങള്‍ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മനോഹര ഭൂമിയോട് യാത്ര പറഞ്ഞു.വൈകീട്ട് അഞ്ച് മണിക്ക് ഞങ്ങള്‍ പറവൂരെത്തി.

വളരെ മനോഹരമായ യാത്രയായിരുന്നു അത്. മൂന്നാറിന്റെ വന്യമായ ഭംഗി ആസ്വദിച്ചതോടൊപ്പം , പ്രകൃതി എത്ര സുന്ദരമാണെന്നും , ആ സൗന്ദര്യം നില നിറുത്തേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണെന്നും ഞാന്‍ മനസ്സിലാക്കി. ഇനിയും ഇതുപോലത്തെ ആനന്ദവും , വിജ്ഞാനവും തരുന്ന യാത്രകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും


























































13 December, 2013

കലാപ്രതിഭ


പ്രകൃതിയുടെ സ്നേഹചിത്രകാരന്‍



പ്രകൃതിയെ കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് വിപിന്‍ കെ നായര്‍ എന്ന യുവ ചിത്രകാരന്‍. മണ്ണില്‍ നിന്നും മനസ്സില്‍ നിന്ന് പോലും മരങ്ങള്‍ മറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വിപിന്റെ കാന്‍വാസില്‍ മരങ്ങള്‍ പടര്‍ന്ന് പന്തലിക്കുകയാണ്.വിപിന്റെ മനസ്സ് നിറയെ പച്ചപ്പരപ്പാണെന്ന് തോന്നുന്നു.പ്രകൃതിയെ , പ്രത്യേകിച്ച് മരക്കൂട്ടങ്ങളുടെ നിബിഢതയെ അത്രക്കിഷ്ടപ്പെടുന്നുണ്ട് ഈ ചിത്രകാരന്‍.മരച്ചിത്രങ്ങള്‍ക്ക് മുന്നിലിരുന്ന് മനസ്സിനെ ധ്യാനാത്മകമാക്കുയെന്നാണ് വിപിന്‍ പറയുന്നത്.കണ്ണും മനസ്സും ആ പച്ചപടര്‍പ്പുകളിലേക്ക് ആവാഹിക്കുമ്പോള്‍ ഒരു പാട് കാഴ്ച്ചകള്‍ അനുഭവിക്കാം എന്ന് ചിത്രകാരന്‍.അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് വിവരണമില്ലയെന്ന് ഭവ്യതയോടെ ഈ ചിത്രകാരന്‍ മൊഴിയുന്നു.

വിപിന്‍ കെ നായരുടെ അക്രിലിക്ക് ചിത്രങ്ങള്‍ എറണാകുളം ഡര്‍ബാര്‍ ഹാളിലെ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.പള്ളുരുത്തി സ്വദേശിയായ വിപിന്‍ എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.

ചിത്ര രചനക്ക് കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ യുവ ചിത്രകാരന്‍.

മനസ്സിന് ശാന്തിയും സമാധാനവും പകര്‍ന്ന് നല്‍കുന്ന മരങ്ങളെ സ്നേഹിക്കണമെന്ന ആശയം പകര്‍ന്ന് ചിത്രം വരച്ച് കൊണ്ടിരിക്കുകയെന്ന ദൗത്യം നിര്‍വഹിച്ചുകൊണ്ടിക്കുകയാണ് വിപിന്‍.പ്രകൃതിയുടെ ഈ സ്നേഹഗായകന് ഇനിയും വര്‍ണ്ണമനോഹര ദൃശ്യങ്ങള്‍ രചിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. എന്റെ ഈ പ്രിയ ശിഷ്യന് സര്‍വ്വഭാവുകങ്ങളും നേരുന്നു












01 November, 2013

കേരളപ്പിറവി



മലയാളി ആകണമെങ്കില്‍ മനുഷ്യനാകണം.


ഭാഷയെ സ്നേഹിക്കുന്ന , നാടിനെ സ്നേഹിക്കുന്ന ഒരു തലമുറ വളര്‍ന്നു വരണം. മലയാളം മാദ്ധ്യമം വിദ്യാലയത്തില്‍ പഠിച്ചതുകൊണ്ടോ മലയാളം സംസാരിച്ചതുകൊണ്ടോ മലയാളി ആകില്ല.ഇന്ദുലേഖയും , രമണനും വായിച്ചതുകൊണ്ടും മലയാളി ആകില്ല. ലോകമെങ്ങം വാഴ്ത്തുന്ന മലയാളിയുടെ ഒരു മഹിമയുണ്ട് .ഒരു സംസ്ക്കാരമുണ്ട് . ആതാണ് മനുഷ്യത്വം . മനുഷ്യത്വമുളളവനാകണം മലയാളി. അതില്ലാതായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.


നമ്മുടെ നേതാക്കന്മാരും മാദ്ധ്യമങ്ങളും നമ്മെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത് അതാണ്.ജനങ്ങള്‍ക്ക് മുന്നില്‍ നിന്ന് യാതൊരു അറപ്പുമില്ലാതെ അവര്‍ നുണ പറഞ്ഞു ഫലിപ്പിക്കുകയാണ്.ആടിനെ പട്ടിയാക്കുന്നു. ജനത്തെ പ്രബുദ്ധരാക്കുകയല്ല പ്രകോപിക്കുന്നു.തമ്മിലടിപ്പിക്കുന്നു. കല്ലെറിയിപ്പിക്കുന്നു.




അസത്യവും അനീതിയും അധര്‍മ്മവും കണ്ടുകൊണ്ടാണ് പുതുതലമുറ വളര്‍ന്ന് വരുന്നത് എന്നോര്‍ക്കണം.


മലയാളി ആകണമെങ്കില്‍ മനുഷ്യനാകണം. പുതുതലമുറയെയെങ്കിലും മനുഷ്യരാക്കി വളര്‍ത്തിയാല്‍ മലയാളത്തിന്റെ മഹിമ ഉയരും.

13 October, 2013

കഥ




ന്യൂ ജനറേഷന്‍



ഉള്ളം കൈയിലിരിക്കുന്ന നാണയത്തിലേക്കും , പിന്നെ അത് ദാനം ചെയ്ത എന്റെ ഭാര്യയുടെ നേര്‍ക്കും അവര്‍ നോട്ടമിട്ടു. തമിഴ് നാട്ടുകാരിയാണെന്ന് തോന്നിക്കുന്ന വൃദ്ധയായ ആ യാചകി പരവശയായിരുന്നു. വടി ഊന്നി നടന്നു വന്ന ആ വൃദ്ധയുടെ തോളില്‍ ഒരു സഞ്ചി തൂങ്ങുന്നുണ്ട്. പഴകിയ സാരി ചുറ്റിയിരിക്കുന്നു.



ഒരു ഉറുപ്പിയാ ? ഇത് തെകയില്ല അമ്മാ.”


ഒരു രൂപ നാണയം പിച്ചക്കാര്‍ക്ക് പോലും വേണ്ടാതായല്ലോ എന്ന ആത്മഗതത്തോടെ സിന്ധു പറഞ്ഞു.



18 September, 2013


 വീണ്ടും ഒരു ഓണക്കാലം


അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന പഴമൊഴിയും പഴങ്കഥയായി.അത്തത്തിന് മഴയായിരുന്നു.തിരുവോണത്തിനും മഴ തകൃതി.ഓണപൂക്കളവും തൃക്കാക്കരയപ്പനും പെരുംമഴയില്‍ കുളിച്ചു നിന്നു.
മുറ്റത്തെ പൂക്കളങ്ങള്‍ക്ക് ഏഴഴകിന്റെ വര്‍ണ്ണചാതുരി ഉണ്ടായിരുന്നില്ല.വാടാമല്ലിയുടെയും , ബന്തിയുടെയും , ജമന്തിയയുടെയും ത്രിവര്‍ണ്ണ ചാരുത ! ഉള്ളതു കൊണ്ട് ഓണം ആഘോഷിക്കുന്ന മലയാളി മൂന്നു നിറമുള്ള പൂക്കളാല്‍ മുറ്റത്ത് പൂക്കളമിട്ടു, മാവേലിയെ വരവേല്‍ക്കാന്‍ കാത്തിരുന്നു.
തുടര്‍ന്ന് വായിക്കുക

08 September, 2013

എന്റെ സ്ക്കൂള്‍ ഡയറി 16



എന്റെ സ്ക്കൂള്‍ ഡയറി 16

വ്യത്യസ്തനാം ഒരു ബാലന്‍


ഓണപരീക്ഷ തുടങ്ങി. ആദ്യ ദിവസം തന്നെ വൈകി വന്നു ചിലര്‍. യൂണിഫോം ഇടാതെ വന്നവര്‍, ടൈം ടേബിള്‍ തെറ്റിച്ചെഴുതി സമയം മാറിപ്പോയവര്‍, പരീക്ഷാറൂം അറിയാതെ പാഞ്ഞു നടക്കുന്നവര്‍... ഇങ്ങനെ പലവിധ പ്രശ്നങ്ങള്‍.


കൂള്‍ ഓഫ് ടൈം" കഴിഞ്ഞപ്പോഴാണ് ഒമ്പതാം ക്ളാസ്സുകാരന്‍ സ‍ഞ്ജയ് വളരെ കൂളായി കടന്നു വന്നത്.

വൈകിയതിന് കാരണം തിര ക്കിയപ്പോള്‍ സ‍ഞ്ജയ് കൂളായി , അവന് പരീക്ഷക്കെത്താന്‍ തരണം ചെയ്യേണ്ടി വന്ന കടമ്പകള്‍ പറഞ്ഞു.
തുടര്‍ന്നു വായിക്കുക


10 August, 2013

എന്റെ കഥ


 കഥ


അവിട്ടപഞ്ചകം

വടക്കേവളപ്പില്‍ വേലിക്കരികില്‍ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ അവശേഷിക്കുന്ന ശിഖരം കൂടി നിലം പതിച്ചു. മാവില്‍ കെട്ടിയിരുന്ന കയര്‍ വലിച്ചുകൊണ്ടു നിന്നവര്‍ ഒരു വശത്തേക്ക് ഓടി അകന്നു. കുട്ടന്‍ മാമനുമുണ്ടായിരുന്നു.കൂട്ടത്തില്‍.എട്ടു മാസം മുന്‍പ് മാവ് വെട്ടിയിറക്കിയത് അച്ചന് ചിതയൊരുക്കാനായിരുന്നു.അവ‍ശേഷിക്കുന്ന കൊമ്പ് ഇപ്പോഴിതാ കൃഷ്ണേട്ടന് വേണ്ടിയും.!

പടര്‍ന്ന് പന്തലിച്ചു നിന്നിരുന്ന മാവിന്‍ ചുവട്ടില്‍ കളിവീട് കെട്ടികളിച്ചിരുന്ന ബാല്യകാലത്തേക്ക് ഓര്‍മ്മകള്‍ ചിറകടിച്ചു പറന്നു. കൃഷ്ണേട്ടന്റെ നിഴലായിരുന്നു ഞങ്ങളന്ന്. ഊണും കളിയും പള്ളിക്കൂടത്തിലേക്കുള്ള പോക്കും . എല്ലാത്തിനും കൃഷ്ണേട്ടനായിരുന്നു സാരഥി.ഡിപ്ളോമ എഴുതുമ്പോള്‍ കൃഷ്ണേട്ടന്‍ പഠിക്കാനിരുന്നത് ഈ മാവിന്‍ കൊമ്പിലായിരുന്നു.സന്ധ്യ വരെ അവിടെയിരിക്കും.ഇടക്ക് ഓടക്കുഴലൂതുന്നത് കേള്‍ക്കാം.ചായയും പലഹാരങ്ങളും പാളത്തൊട്ടിയില്‍ വെച്ച് കയര്‍ കെട്ടി മുകളിലേക്ക് വലിച്ചു കയറ്റാന്‍ ഈ പൊന്നപ്പനുണ്ടാകും താഴെ.
വിറക് അടുക്കി തോളിലേറ്റി തെക്കേ കോണിലേക്ക് പോകുന്നതിനിടെ കുട്ടന്‍ മാമന്‍ കണ്ടു.ഒരു നിമിഷം കുട്ടന്‍ മാമന്‍ എന്നെ നോക്കി നിന്നു.വിറക് താഴെയിട്ട് തോളില്‍ നിന്നും തോര്‍ത്തെടുത്ത് വലിച്ചടിച്ച് തന്റെ നേര്‍ക്ക് നടന്നു വന്നു.

നീ എത്തിയോ ? എപ്പോഴാ?”
വെളുപ്പിന്"
പോക്കും നിശ്ചയിച്ചോ"
കുട്ടന്‍ മാമന്‍ എന്താണങ്ങനെയൊരു ചോദ്യം ചോദിച്ചത്?എന്റെ നിസ്സംഗഭാവം കണ്ടിട്ടാവാം കുട്ടന്‍ മാമന്‍
അടുത്തേക്ക് വന്നു.
മനസ്സിലായില്ല അല്ലേ? അച്ചനെ ദഹിപ്പിക്കാന്‍ വെട്ടിയതിന്റെ മുറിമാവ് ബാക്കി നിറുത്തരുതെന്ന് ഞനന്നേ പറഞ്ഞതല്ലേ? അപ്പോ നീ എന്താ പറഞ്ഞേ , ധാരാളം മാങ്ങ കായ്ക്കുന്ന മാവാണന്നല്ലേ? അച്ചന്റെ ആണ്ടു തികഞ്ഞില്ല . ഇപ്പോഴിതാ നിന്റെ ഏട്ടനും ! മാവിന്റെ കട കൂടി നില്‍ക്കുന്നുണ്ട് . നിര്‍ത്തിക്കോ . അതാര്‍ക്കു വേണ്ടിയാ? പറയെടാ.”

കൃഷ്ണേട്ടന്‍ ഒരു പാവമായിരുന്നു. വീടിനും നാടിനും വേണ്ടി ജീവിതം ത്യജിച്ച നിര്‍‍ഭാഗ്യവാന്‍.തീച്ചുമടേന്തി സുഗന്ധ ധൂപം പരത്തി എരിഞ്ഞടങ്ങിയ ഒരു സാമ്പ്രാണിത്തിരി!

തിരക്കൊഴിഞ്ഞശേഷമാണ് അമ്മയെക്കാണാന്‍ മനസ്സു വന്നത്.അരികിലിരുത്തി അവര്‍ ഏറെ നേരം കരഞ്ഞു.കൃഷ്ണേട്ടന്റെ അന്ത്യനിമിഷങ്ങള്‍ , പറഞ്ഞുകേട്ട കാര്യങ്ങള്‍ അമ്മ അരികിലെത്തുന്നവരോടൊക്കെ വിവരിക്കുന്നുണ്ടായിരുന്നു.
രണ്ടു മണിയോടെ , പാലുമായി ഡയറിയിലേക്കുള്ള പോക്കാണ് അവസാന കാഴ്ച്ച. ഡയറിയില്‍ പാലു് കൊടുത്ത് തിരിച്ചുള്ള വരവ്. മൂഞ്ഞേലി മാത്യുവിനോട് വര്‍ത്തമാനോം പറഞ്ഞ് സര്‍വീസ് ബാങ്കിനു മുന്നിലെത്തിപ്പോ പറഞ്ഞുത്റേ " മാത്യു പൊയ്ക്കോ, ഞാനീ വരാന്തയിലൊന്നിരുന്നോട്ടെ., തല ചുറ്റണ പോലെന്ന്" . ഒരു വശത്തേക്ക് ചാഞ്ഞപ്പോ മാത്യു താങ്ങീത്റേ. അപ്പോ പോയിട്ടുണ്ടാവും.ഡോണ്‍ ബോസ്ക്കോയില് ചെന്നെങ്കിലും കാര്യണ്ടായില്ല. മടക്കി.”

അമ്മ പിന്നെയും കരഞ്ഞു. സീമന്തപുത്രന്റെ കുഞ്ഞു നാള്‍ മുതലുള്ള ഓരോരോ കഥകള്‍ പറഞ്ഞു.അമ്മയുടെ മുഖത്ത് ദൃഷ്ടിയൂന്നിയിരിക്കുകയായിരുന്നങ്കിലും , അമ്മ കണ്ണീരില്‍ ചാലിച്ച് വരച്ച് കൊണ്ടിരുന്ന കൃഷ്ണേട്ടന്റെ ജീവിത കഥക്കൊപ്പം മനസ്സ് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു.

അമ്മയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. ” അച്ചന്‍ മരിച്ചപ്പോള്‍ ചില ദുശ്ശീലങ്ങളുണ്ടായിരുന്നില്ലേ? കര്‍മ്മങ്ങളും ഹോമങ്ങളും നടത്തണമെന്ന് പറഞ്ഞപ്പോ വകവെക്കാതിരുന്നതാരാ? നീ.. ഇപ്പോ എന്തായി? അവിട്ട പഞ്ചകമായിരുന്നു..അഞ്ചു ജീവനും കൊണ്ടേ പോകൂ.ആണ്ടു തികയും മുന്‍പേ വരേണ്ടി വന്നില്ലേ വീണ്ടും പിണ്ഡം വെക്കാന്‍! ഇനിയും ബലിയര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ഏതൊക്കെ ജീവിതങ്ങളാണാവോ?”
കൃഷ്ണേട്ടന്റെ പെടുമരണത്തിന് കാരണക്കാരന്‍ താനാണെന്ന കളങ്കം അമ്മ കണ്ണീരില്‍ ചാലിച്ച് ചാര്‍ത്തിക്കഴിഞ്ഞു. അമ്മ മാത്രമല്ല, നാട്ടുകാര്‍ പോലും. ഹോമം നടത്താതിരുന്നത് , മാവ് ബാക്കി നിറുത്തിത്. എല്ലാം പ്രതി സ്ഥാനത്ത് ഞാന്‍ തന്നെ.

മനുഷ്യത്വത്തിനും രക്തബന്ധത്തിനുമൊന്നും ഞാന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് ഇവര്‍ക്കൊക്കെ തോന്നിത്തുടങ്ങിയിരിക്കുന്നു.പത്തുമുപ്പതു വര്‍ഷത്തെ അന്യദേശവാസം തന്നെയാകെ മാറ്റിയിട്ടുണ്ടാകാം.കമ്പനി വക കുടുസ്സു മുറിയിലെ ജീവിതത്തിനിടയില്‍ തന്റെ മനസ്സും കുടുസ്സായിപ്പോയിട്ടുണ്ടാവാം.കരുണേം സ്നേഹോം ഇല്ലാത്ത മൃഗസമാനനായ മനുഷ്യജീവി എന്നാക്ഷേപിക്കട്ടെ.!

സഞ്ചയനവും അടിയന്തിരവുമൊക്കെ വേണ്ടവിധം നടന്നു.കുട്ടന്‍ മാമനും പ്രതാപനളിയനുമൊക്കെ ഓടി നടന്ന് എല്ലാം ഭംഗിയാക്കി.അയല്‍വാസികളുടെയും സുഹൃത്തുകളുടെയും തിരക്കൊഴിഞ്ഞപ്പോള്‍ അമ്മയോട് പറഞ്ഞു. “അമ്മേ , ദോഷ പരിഹാക്രിയകള്‍ നടത്തേണ്ടേ? പുരുഷോത്തമശാന്തിയെ കണ്ടു . സംസാരിച്ചു. അദ്ദഹം വരും. എല്ലാ ദോഷോം മാറും. ഇനി ഒരു ആപത്തും ഉണ്ടാവില്ലമ്മേ.”
അമ്മ എന്റെ വാക്കുകള്‍ വിശ്വസിച്ചെന്നു തോന്നുന്നില്ല.

ഒരു പകല്‍ മുഴുവന്‍ മുഴുവന്‍ നീണ്ട ഹോമക്രികള്‍ . സര്‍വദോഷങ്ങളും ആവാഹിച്ച് എള്ളുഴിഞ്ഞ് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുമ്പോള്‍ അമ്മയുടെ സായൂജ്യം അമ്മയുടെ സായൂജ്യം അശ്രുകണങ്ങളായി ഒഴുകുകയായിരുന്നു.

പൊന്നപ്പന്റെ ആ ദൗത്യവും പൂര്‍ത്തിയായി. അവധി കഴിയാറായി .ഇനി കര്‍മമ ഭൂമിയിലേക്ക് യാത്ര തുടങ്ങണം .

ഒരു ദിവസം രാവിലെ ശംഭു വന്നു. കയറും കോടാലിയുമൊക്കയായി മരം വെട്ടുകാരന്‍ ശംഭു.രണ്ടു് സഹായികളും കൂടെയുണ്ട്.

മാവ് ഇപ്പോള്‍ വെട്ടണ്ടാന്ന് തീരുമാനിച്ചു.ശംഭു പൊയ്ക്കോ.”

അമ്മ വരാന്തയിലെത്തിയിരുന്നു.ശംഭുവിനോട് പറഞ്ഞത് കേള്‍ക്കുകയും ചെയ്തു.
നീ പറഞ്ഞിട്ട് തന്നെയല്ലേ ശംഭു വന്നത്. ഇപ്പോളെന്താ മാവ് വെട്ടണ്ടാന്ന് വെച്ചത്?”

അതെ , വെട്ടണ്ടാന്ന് വെച്ചു. അതിന്റെ വേരുകള്‍ പിഴുതു കളയാന്‍ തോന്നണില്ല.”

ചായക്കുള്ള 'വക' കൊടുത്തു. ശംഭു പരിഭവം പറഞ്ഞില്ല.. “എപ്പഴാ വെട്ടണ്ടേന്ന് വെച്ചാ പറഞ്ഞാ മതി. വരാം.”ശംഭു പോയി.
- കമ്പനിയിലെ ജോലി ഇനി അധിക നാള്‍ തുടരാനാവില്ല. പുതിയ നിയമങ്ങള്‍ നടപ്പിലാവും മുന്‍പ് പിരിഞ്ഞു പോരണം.കുട്ടികള്‍ക്ക് ഊഞ്ഞാല്‍ കെട്ടാന്‍ പോലും മരമില്ലാത്ത നഗരത്തിലെ കോണ്‍ക്രീറ്റ് മരക്കൊമ്പിലെ കൂടൊഴിയണം.നാട്ടിലെ മാഞ്ചുവട്ടിലേക്ക് തിരിച്ചു വരണം.

വന്‍ നഗരത്തെ ലക്ഷ്യമാക്കി ട്രെയിന്‍ കുതിക്കുമ്പോള്‍ പൊന്നപ്പന്റെ ചിന്തകള്‍ അതൊക്കെയായിരുന്നു.

**********

28 July, 2013

എന്റെ സ്കൂള്‍ ഡയറി 15





ഇരട്ട കുട്ടികളുടെ വീട്



ഇരട്ടക്കുട്ടികളാണ് 9G യിലെ ലിബിനും , നിബിനും. ഉയരവും രൂപവുമൊക്കെ ഒരു പോലെ.സൗമ്യരാണ്,ശാന്തശീലരാണ്.വിനയവും , അച്ചടക്കവുമൊക്കെയുണ്ട്. രണ്ട് ബെഞ്ചിലാണ് ഇരിക്കുന്നത്.ഗണിതശാസ്ത്രം ഒന്നാം ആദ്ധ്യായത്തിന്റെ ടെസ്റ്റ് പേപ്പര്‍ നടത്തിയപ്പോള്‍ ലിബിന് ഫുള്‍ മാര്‍ക്ക്. ലിബിന് 15 ല്‍ 9.

ലിബിന്‍ ഹോം വര്‍ക്ക് കൃത്യമായി ചെയ്യും. കളിക്കാനും, കൂട്ടുകൂടാനും പോകാറില്ല. പക്ഷെ നിബിന്‍ അങ്ങനെയല്ല. കളി കഴി‍‍ഞ്ഞ് നിബിന്‍ തലേന്ന് വീട്ടിലെത്തിയത് രാത്രി ഏഴിന്. അതുകൊണ്ടാണ് ഹോം വര്‍ക്ക് ചെയ്യീതിരുന്നതെന്ന് നിബിന്‍.അപ്പോള്‍ അച്ചനും അമ്മയും വഴക്കു പറഞ്ഞില്ലേ എന്ന എന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആ സഹോദരന്മാരുടെ മറുപടി.

അടുത്ത ദിവസം ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ലിബിന്റെ കാത് ശ്രദ്ധയില്‍പ്പെട്ടത്.കാതില്‍ ഒരു തിളക്കം. ഇരട്ടകളില്‍ മിടുക്കനെന്ന് ഞാന്‍ കരുതുന്ന ലിബിന്‍ കാതു തുളച്ച് കമ്മലിട്ടിരിക്കുന്നു.ഷിബിനും കാതു തുളച്ചിട്ടുണ്ട്. കാര മുള്ളുകൊണ്ടാണ് കാതു തുളച്ചതെന്ന് അവര്‍ സമ്മതിച്ചു.

"കാതു തുളക്കാന്‍ അച്ചനും അമ്മയും അനുവാദം തന്നിരുന്നോ ?”
"തന്നു!”
നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് എനിക്ക് അറിയണം.”
ഞാന്‍ അവരുടെ ഫോണ്‍ നമ്പര്‍ തിരക്കി. "അച്ചനോടെനിക്ക് ചോദിക്കണം.”
"അച്ചന്‍ സംസാരിക്കില്ല.” ലിബിന്റെ മറുപടി.
മറ്റു കുട്ടികളും അത് ശരിവെച്ചു.

അല്‍പ്പനിമിഷം എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു.
പിന്നെ ഞാന്‍ , അമ്മയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. അമ്മയോട് വിളിച്ച് ചോദിച്ചോളാമന്ന് പറഞ്ഞു.
"നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് അമ്മ പറയുമല്ലോ . അങ്ങനെയെങ്കിലും സത്യം അറിയണം.”
അപ്പോള്‍ ലിബിന്‍ പറഞ്ഞു.
"അമ്മയും മിണ്ടില്ല.”
ക്ലാസ്സ് ഒന്നടങ്കം നിശ്ശബ്ദമായി.
മുഴുവന്‍ കുട്ടികളുടെയും കണ്ണുകള്‍ എന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ലിബിന്‍ എന്നെതന്നെ നോക്കി നില്‍ക്കുന്നു.ഞാന്‍ നിബിനെ നോക്കി.അവനും എന്നെ നോക്കുന്നുണ്ട് , കൂട്ടുകാരെയും നോക്കുന്നുണ്ട്.ശോകാര്‍ദ്രമായ ഒരു ചിരി രണ്ടു പേരും ചുണ്ടുകളില്‍ എനിക്കായി കാത്തുവെക്കുന്നുണ്ട്.

ഞാന്‍ വിവശനായി.കണ്ണുകളില്‍ ഇരുട്ട് കയറുന്നുവോ? പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ പരിഭ്രമിച്ചു. സംയമനത്തോടെ ഞാന്‍ ഷിബിന്റെ തോളി‍ല്‍ പിടിച്ച് നിന്നു.
ഒരു അങ്കിളിന്റെ കാര്യം പറഞ്ഞല്ലോ. ആ അങ്കിളിന്റെ നമ്പറായാലും മതി. തരുമോ ഞാന്‍ വിളിച്ചോളാം.”
ഫോണ്‍ നമ്പര്‍ വാങ്ങിയില്ല. വെറുതേ ചോദിച്ചെന്നു മാത്രം.
വീണ്ടും ഞാന്‍ ഗണിതത്തിലേക്ക് കടന്നു.ചോക്കെടുത്ത് ബോര്‍ഡിനരുകിലേക്ക് നീങ്ങിയെങ്കിലും മനസ്സ് കലങ്ങിയിരുന്നു. പഠിപ്പിക്കാനായില്ല.
ലിബിന്റേയും, ഷിബിന്റെയും വീട്ടിലെ കാണാകാഴ്ച്ചകള്‍ കാണാന്‍ പറക്കുകയായിരുന്നു മനസ്സ്.
പെയ്ന്ററാണ് അവരുടെ അച്ചന്‍. ശാരീരിക വൈകല്യങ്ങള്‍ മറികടന്ന് ജോലി ചെയ്യുന്നുണ്ടാകും അദ്ദേഹം എന്ന് ഞാന്‍ കരുതി. അങ്ങനെ ആ നാലംഗ കുടുംമ്പം മുന്നോട്ട് പോകുന്നുണ്ടാകും.

ആ അച്ചന് ഇക്കാലമത്രയും തന്റെ പൊന്നു മക്കളെ "ലിബിന്‍", “ഷിബിന്‍" എന്ന് വിളിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലല്ലോ എന്ന് ഞാനോര്‍ത്തു. . സ്നേഹവാല്‍സല്യത്തോടെ "മക്കളേ" എന്ന് ഉരുവിടാന്‍ ആ അമ്മ കൊതിക്കുന്നുണ്ടാവുമല്ലോ .മക്കളും ആ വിളി കേള്‍ക്കാന്‍ കൊതിയോടെ കാത്തിരുന്ന ഒരു ബാല്യമുണ്ടാവും.

അവരുടെ വീട്ടിലെ മൗന നൊമ്പരങ്ങളുടെ കാഴ്ച്ചകള്‍ . ഇങ്ങനെയൊക്കെയാവും ഓരോ കുട്ടികളുടെയും
ജീവിത സാഹചര്യങ്ങള്‍. നമ്മള്‍ അതൊക്കെ അറിയുന്നണ്ടോ? നമ്മുടെ മുന്നില്‍ ഇരിക്കുന്ന പത്തു നാല്‍പ്പതു കുട്ടികള്‍. അതൊരു വിശാലമായ ലോകം തന്നയാണ്. മനസ്സു തുറപ്പിക്കുന്ന കാഴ്ത്തകളുമുണ്ട്, കണ്ണു നിറയ്കുന്ന കാഴ്ച്ചകളുമുണ്ട് . പഠിപ്പിക്കുന്ന നമുക്ക് അവിടെ നിന്ന് ഒരുപാട് പഠിക്കാം.

സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം