30 July, 2011

എന്റെ സ്കൂള്‍ ഡയറി 7


ലക്ഷ്യബോധം

എറണാകുളം ബോട്ട് ജട്ടി ബസ് സ്റ്റാന്റിൽ ഒരു വലിയ ആൽമരമുണ്ട്.പറവൂർക്ക് ബസ് വരുന്നതും കാത്ത് ഈ ആൽ മരച്ചോട്ടിൽ ഞാൻ നിൽക്കാറുണ്ട്.. അങ്ങനെ ഒരു സായാഹ്നം. ഒരു ബൈക്ക് എന്റെ അരികിൽ വന്നു നിന്നു. ഹെൽമറ്റ് തലയിൽ നിന്നും എടുത്തുയർത്തി , ഒരു യുവാവ് ബൈക്കിൽ നിന്നുമിറങ്ങി എന്റെ അരികിലേക്ക് വന്നു .

“ സാറിന് പിടികിട്ടിയില്ല അല്ലേ എന്നെ ?“ അയാൾ ചിരിച്ചു കൊണ്ട് എന്റെ സമീപത്തേക്ക് വന്നു.ബുൾഗാൻ താടി. സുന്ദരമായ വേഷം.

സത്യത്തിൽ എനിക്ക് ആ പയ്യനെ ഒറ്റനൊട്ടത്തിൽ മനസ്സിലായില്ല.അവൻ എന്റെ ഒരു ശിഷ്യൻ ആണെന്നുള്ള കാര്യം തീർച്ചയാണ് .അല്ലാതെ സാർ എന്ന് അഭിസംബോധന ചെയ്യില്ലല്ലൊ ! വർഷങ്ങൾക്ക് മുൻപുള്ള കൌമാരക്കരനായ ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ മുഖം മനസ്സിൽ നിന്നും ചികഞ്ഞെടുക്കാൻ സമയം വേണമല്ലൊ. അതിനു വേണ്ടി ഞാ ൻ ഒരു ചൊദ്യം എടുത്തിട്ടു.ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാനാണ് ഇവിടെ എത്തിയതെന്ന് അവന്റെ മറുപടിയും കിട്ടി.എറണാകുളത്ത് മാർക്കാറ്റിങ്ങ് എക്സിക്യുട്ടിവ് ആയി ജൊലി ചെയ്യുന്നെന്നും, എം.ബി.എ.ബിരുദം കഴിഞ്ഞെന്നും അവൻ പറഞ്ഞു.

ആ ശബ്ദം, സംസാര രീതി, ശരീര ചലനങ്ങൾ……നിമിഷത്തിൽ പണ്ടത്തെ ഒരു കുട്ടി എന്റെ മനസ്സിൽ നിന്നും ഇറങ്ങി വന്നു. “ശ്രീജിത് ദാസ് “ പണ്ടത്തെ നാടകക്കാരൻ. മിമിക്രി, മൊണോആക്റ്റ്, മത്സരങ്ങളിലെ സ്ഥിരം ജേതാവ്.

കലാകാരനെന്നുള്ള ഖ്യാദി ഒരു വശത്ത് ! കുരുത്ത ക്കേടുകളുടെ അധിപനെന്ന അപഖ്യാദി മറുവശത്ത് ! ക്ലാസ്സിലെത്തുന്ന അധ്യാപകർക്ക് തലവേദന ഉണ്ടാക്കാൻ ശ്രീജിത്ത് മിടുക്കൻ. ഒന്നുകിൽ ബഞ്ചിന് മുകളിൽ, അല്ലെങ്കിൽ ക്ലാസ്സിന് പുറത്ത് ! ഇതായിരുന്നു ശ്രീ‍ജിത്തിന്റെ ചരിത്രം.

പണ്ടത്തെ ആ വില്ലൻ പയ്യനല്ല ഇപ്പോൾ എം.ബി.എ. ക്കാരനായി എന്റെ മുന്നിൽനിൽക്കുന്നത്.

“ കേൾക്കട്ടെ ശ്രീജിത്ത് വിശേഷങ്ങൾ !“

മാർക്ക്റ്റിംങ്ങ് ജൊലി കൊള്ളാമെന്ന് അവൻ പറഞ്ഞു.ഇനിയും പഠിക്കണമെന്ന് ആഗ്രഹം. ഡോക്ടറേറ്റ് എടുക്കണം. റിസർച്ച് ചെയ്യാൻ അടുത്ത മാസം രാജസ്ഥാനിലേക്ക് പൊകുകയാണ്. വീട്ടിൽ വേറെ പ്രൊബ്ലംസ് ഒന്നും ഇല്ല. ഇപ്പൊഴാണെങ്കിലേ നടക്കൂ സാർ. ഫാമിലി സെറ്റപ്പൊക്കെ ആയാൽ പിന്നെ പഠിപ്പ് നടക്കില്ല.

ശ്രീജിത്ത് ദാസിന്റെ ജീവിതാവബോധം എത്ര മഹനീയമാണെന്ന് ഞാൻ അൽഭുതപ്പെട്ടു.ഇങ്ങനെയായിരിക്കണം കുട്ടികൾ ! ഹിന്ദു പത്രത്തിൽ വായിച്ച ഒരു വാർത്ത ഞാൻ ശ്രീജിത്തിനോട് പറഞ്ഞൂ‍. ലിംകാ ബുക്ക് ഒഫ് വേൾഡ് റെക്കൊർഡ്സിൽ സ്ഥാനം നേടിയ ഏഴ് പ്രൊഫഷണൽ ബിരുദമുള്ള ആദ്യ ഇൻഡ്യക്കാരനായ എറണാകുളം സ്വദേശി ജോൺ സാറിന്റെ കഥ.ഒരു കൂലിപ്പണിക്കാരന്റെ മക്കളിൽ ഏഴാമനായി ജനിച്ച് , പട്ടിണിയുടെ നടുവിൽ വളർന്ന്, ഉച്ച ഭക്ഷണം പോലും കഴിക്കാനാകാതെ പഠിച്ച് ഡോക്ടറേറ്റ് ഉൾപ്പെടെ ഏഴ് പ്രൊഫഷണൽ ബിരുദങ്ങൾ കരസ്തമാക്കിയ ജോൺ സാറിന്റെ ജീവിതം നൽകുന്ന സന്ദേശമെന്താണ് ? പ്രതികൂലമായ ജീവിത സാഹചര്യങ്ങളിൽ വളർന്ന എത്രയൊ പേർ ഉന്നതങ്ങളിൽ എത്തിയിരിക്കുന്നു.പരിശ്രമിച്ചാൽ എത്തിച്ചേരാൻ പറ്റാത്ത ഇടങ്ങളില്ല എന്നതല്ലേ?

ശരിയാണ് സാർ. ശ്രീജിത്ത് ദാസ് പറഞ്ഞു. “എന്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് സാർ. നമ്മൾ പറയില്ലേ, പഠിക്കാൻ കഴിവു വേണമെന്ന്. കഴിവല്ല വേണ്ടത്. AIM വേണം! ”

“ലക്ഷ്യ ബോധം അല്ലേ? “ ഞാനത് ശരിവെച്ചു.

“അതെ സാർ”

അത്തരമൊരു എയിം ഇല്ലായിരുന്നു എങ്കിൽ ഇന്ന് ശ്രീജിത്ത് ഈ നിലയിൽ ആകുമായിരുന്നില്ല.ശ്രീജിത്തിന് കഴിവുകൾ ഉണ്ടായിരുന്നു.ആ കഴിവുകൾ ആണ് അന്ന് കലാരംഗത്തും തിളങ്ങി നിന്നത്. പിന്നീട് പാകമായ ഒരു മനസ്സിൽ ലക്ഷ്യബോധം ഉണർന്നപ്പൊൾ കഴിവുകളെ നേർവഴിക്ക് തിരിച്ചു. ശ്രീജിത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കട്ടെ എന്നു ഞാൻ ആശംസിച്ചു.

23 July, 2011

കഥ



എന്റെ കൂട്ടുകാരി

ചില്ലു ജാലകത്തിനപ്പുറത്ത് എന്റെ കൂട്ടുകാരി പിന്നെയും വന്നു നിന്നു.വെള്ളി ക്കൊലുസ്സ് കിലുക്കി, അവൾ ശബ്ദമുണ്ടാക്കി.. മാനത്ത് നിന്നും തുടങ്ങി, മരങ്ങളിൽ നിന്നും ഇറങ്ങി , ഇപ്പൊൾ അവൾ മുറ്റത്ത് നഗ്നപാദയായി നടനം തുടരുകയാണ് ! മുറ്റത്ത് തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ പാദങ്ങൾ പതിക്കുംബോൾ അവൾ ന്രുത്തം ചെയ്യുന്നത് അസ്വദിക്കാം. മഴ .. മഴ പെയ്യുകയാണ്!
ഞാൻ അവളോട് പിണക്കം നടിച്ചു.നിന്നെ എനിക്കിപ്പൊൾ കാണേണ്ട. ഈ ജനാലക്കപ്പുറത്തു നിന്നും നീ ഇപ്പൊൾ പൊയ്ക്കൊളു.ഞാൻ ഇപ്പൊൾ തിരക്കിലാണ്.
അപ്പൊൾ ആ സുന്ദരി, അവളുടെ തോഴിയെ എന്നരികിലേക്ക് വിട്ടു. തെന്നൽ ഇളം കുളിരുമാ‍യി, ജനലിലൂടെ കടന്നു വന്നു. .അപ്പൊൾ ഞാൻ ജനൽ കൊളുത്തിട്ട് അടച്ചു. തെന്നൽ പൊയി . മഴയും എവിടെയൊ പോയി ഒളിച്ചു . പുഴക്കക്കരെ, അല്ലെങ്കിൽ മരക്കൂട്ടങ്ങളിൽ അവൾ മറഞ്ഞിരിപ്പുണ്ട് .എനിക്കറിയാം, ഇത് എന്റെ കൂട്ടുകാരിയുടെ സൂത്രമാണ്. അവൾ ഇനിയും വരും !
മഴയൊട് പരിഭവിക്കാൻ എന്താണ് കാരണം ? പ്രത്യേകിച്ച് ഒന്നുമില്ല. .എങ്കിലും ചിലപ്പൊൾ തോന്നും, ആ കൂട്ടുകാരിയൊട് വഴക്കിടണം, മിണ്ടാതെ നടക്കണം, എന്നൊക്കെ.ആ മൌനത്തിന് , ആ അകൽച്ചക്ക് ഒരു രസമുണ്ട്.
എന്തെല്ലാം ഓർമ്മകൾ!
ശീലക്കുട ചൂടി, പുസ്തകം ഷർട്ടിനുള്ളിൽ നെഞ്ചൊട് ചേർത്ത് പെരും മഴയത്ത് സ്ക്കൂളീൽ പൊയത്.നാലുമണിക്ക് ബെല്ലടിക്കുന്നതും നൊക്കി നീ കാത്തു നിൽക്കുന്നുണ്ടാകും അരയാ സ്കൂളിന്റെ മുറ്റത്ത്. കുട കൂട്ടുകാരനെ ഏൽ‌പ്പിച്ച് ,നിന്നൊടൊപ്പം നനഞ്ഞ് തുള്ളിച്ചാടി നടന്ന ഇടവഴികൾ. നിന്റെ കൈപിടിച്ച് കടൽ തിരകളിലൂടെ ഓടി നടന്ന സന്ധ്യകൾ !
മുറ്റത്തെ നീർച്ചാലുകളിൽ ഞാനുണ്ടാക്കി ഒഴുക്കി വിട്ട കടലാസു തോണികൾ നീ മുക്കി കളഞ്ഞു.മുറ്റത്ത് ഞാൻ നട്ടു വളർത്തിയ റോസാ ചെടിയിൽ ആദ്യമായി വിരിഞ്ഞ പൂവിന്റെ ഇതളുകൾ നീ കൊഴിച്ചു.. പനിപിടിച്ച് കംബിളി പുതപ്പിൽ ചുരുണ്ടിരുന്ന് അമ്മ തരുന്ന കഞ്ഞിയും, ചുട്ട പപ്പടവും കഴിക്കുംബൊൾ നീ ജനാലക്കരികിൽ വന്ന് പിന്നെയും, പിന്നെയും കളിയാക്കി ചിരിച്ചു………!
എത്രയൊ നാളുകൾ ഞാൻ നിന്നെയും കാത്തിരുന്നിട്ടുണ്ട് . അപ്പൊൾ നീ മാനത്ത് കരിമുകിൽ തേരിലേറി ഉല്ലസിച്ചു നടന്നു. എത്ര വിളിച്ചിട്ടും വന്നില്ല.
ഞാനിപ്പൊൾ എഴുതുകയാണ്. എന്നെ ശല്യപ്പെടുത്തരുത്. നിന്നൊടൊപ്പം ആടീയും, പാടിയും നടക്കാൻഇന്നു ഞാൻ വരില്ല. പൊയ്ക്കൊളു.മുറ്റത്ത് വീണ്ടുമൊരു ഹർഷോന്മാദ താളം! . മാനത്തു നിന്നും ആ സുന്ദരി വീണ്ടും എന്റെ വീട്ടു മുറ്റത്ത് ഇറങ്ങി വന്നിട്ടുണ്ടാകും. . അടച്ചിട്ട ചില്ലു ജാലകത്തിലൂടെ ഞാൻ അവൾ നടനമാടുന്നത് കണ്ടു.
ഒരു മൈനക്കുഞ്ഞ് ജനാലച്ചില്ലിലേക്ക് പറന്ന് വീണ് ദീനമായി കരഞ്ഞു. ചില്ലു പാളിയിൽ പറ്റിപ്പിടിച്ച് ആ കിളിക്കുഞ്ഞ് , രക്ഷക്കായി കേഴുകയാണ്. അതിപ്പൊൾ വഴുതി താഴെ വീഴും, മുറ്റത്തെ വെള്ളത്തിൽ മുങ്ങും.
ഞാൻ ജനാല തുറന്നു.പുറത്തേക്ക് കൈ നീട്ടി. അപ്പൊൾ ഒരു മഴത്തുള്ളി എന്റെ കൈകളിൽ സ്പർശിച്ചു.! ചില്ലു പാളിയിൽ നിന്നും മൈനക്കുഞ്ഞിനെ കൈയിലെടുത്തു.ഞാൻ അതിനെ നെഞ്ചോട് ചേർത്തു പിടിച്ച് ചുട് കൊടുത്തു. പാവം വല്ലാതെ നനഞ്ഞ് വിറക്കുന്നു.
അപ്പൊൾ മഴ ,എന്റെ കൂട്ടുകാരി അത്യാഹ്ലാദത്തൊടെ ന്രുത്തം ചെയ്തു കൊണ്ടിരുന്നു.

05 July, 2011

എന്റെ സ്കൂള്‍ ഡയറി 6

ചൂരലിന്റെ ചൂട്

പഠന കാലത്ത് അധ്യാപകരിൽ നിന്നും ഒരിക്കലെങ്കിലും ‘തല്ല്’ വാങ്ങാത്ത വിദ്യാർഥികൾ ഇല്ലാതിരിക്കില്ല.ക്ലാസ്സ് മുറിയിലെ മേശപ്പുറത്ത് ചൂരൽ ഒരു അവിഭാജ്യ ഘടകമായിരുന്നു.വൈകി വരുന്നതിന് ,ഹോം വർക്ക് ചെയ്യാത്തതിന് , ഗുണനപ്പട്ടിക പഠിക്കാത്തതിന് , വർത്തമാനം പറഞ്ഞതിന് , അടുത്തിരിക്കുന്നവനെ തൊണ്ടിയതിന് എന്നിങ്ങനെ പല പല കുറ്റങ്ങൾക്കാവും “ചൂരൽ’ ശിക്ഷ പ്രയോഗം കിട്ടിയിട്ടുണ്ടാവുക. പണ്ടത്തെ തല്ലു വീരന്മാരായ പല ഗുരുശ്രേഷ്ഠരും ശിക്ഷ്യന്മാരുടെ മനസ്സുകളിൽ ജീവിക്കുന്നത് ഭയ ഭക്തി ബഹുമാനങ്ങളൊടെ തന്നെയാണ്.

അധ്യാപകർ കുട്ടിയെ ശിക്ഷിച്ചാൽ രക്ഷിതാക്കൾക്ക് പരാതി ഉണ്ടായിരുന്നില്ല.വീടിന്റെ തൂണിലും,മരത്തിലും മറ്റും മക്കളെ കെട്ടിയിട്ട് തല്ലുന്ന പിതാക്കന്മാരാണ് പണ്ടുണ്ടായിരുന്നത്.

’ഒന്നുള്ളുവെങ്കിൽ ഒലക്കക്ക് കൊട്ടി വളർത്തണം എന്നായിരുന്നു പ്രമാണം”.

എന്റെ ബാല്യത്തിൽ ,സമപ്രായക്കാരായ അയൽ വാസികളായിരുന്ന ഉണ്ണി, അശോകൻ, സജീവ് എന്നിങ്ങനെ പല കൂട്ടുകാരെയും അവരുടെ അച്ഛൻ മരത്തിൽ കെട്ടിയിട്ട് പുളി വടി കൊണ്ട് അടിക്കുന്ന കാഴ്ച്ച നോക്കി ഭയത്തൊടെ നിന്നിട്ടുണ്ട്.അച്ഛൻ പിൻ വാങ്ങുന്ന തക്കം നോക്കി അവരുടെ അമ്മ വന്ന് അഴിച്ചു വിടും.ഇന്ന് ഉണ്ണി  പോലിസ് ഉദ്യോഗസ്ഥനാണ്. അശോകനും, സജീവനുമൊക്കെ ബിസിനസ്സ് നടത്തി നല്ല നിലയിൽ ജീവിക്കുന്നു.

വിദ്യാലയങ്ങളിൽ ‘ചൂരൽ പ്രയോഗം ‘ നിയമം മൂലം നിരോധിക്കപ്പെട്ടു.മക്കളെ തല്ലാൻ അച്ചനമ്മമാർക്കും ഭയമാണ്.

ഒരു പൂർവ വിദ്യാർഥിയെ ഈയിടെ യാത്രക്കിടെ കണ്ടുമുട്ടിയപ്പോൾ അവൻ പറഞ്ഞ ഒരു കാര്യം കേട്ടപ്പോഴാണ് ഞാൻ ഇങ്ങനെയൊക്കെ ചിന്തിച്ചുപോയത്. പത്ത് ബി ഡിവിഷനിലാണ് പഠിച്ചിരുന്നതെന്ന് അവൻ തന്നെ പറഞ്ഞു. പേര് സജിത്ത്.ഇപ്പോൾ ബാംഗ്ലൂരിൽ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്നു.ട്രെയിനിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് എന്നെ കണ്ടത്.ബംഗ്ലൂരിലേയും,നാട്ടിലേയും, കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ പറഞ്ഞു..എന്റെ ബസ്സ് വരാറായി.അതിനിടെ ഒരു കാര്യം കൂടി സജിത്ത് പറഞ്ഞു..

‘പത്തിൽ വെച്ച് സാർ എന്നെ തല്ലിയത് ഓർക്കുന്നുണ്ടോ ? മൂട്ടിലിട്ട് രണ്ട് അടി അടിച്ചത് ! സാറിനെ കണ്ടപ്പോൾ ഞാൻ അന്നത്തെ ആ അടിയുടെ ചൂട് വീണ്ടും അനുഭവിച്ചു.

’ഒരു ചെറു ചിരിയോടെയാണ് സജിത്ത് ഇത്രയും പറഞ്ഞത്.എന്റെ ബസ്സ് വന്നു. സജിത്തിനൊട് യാത്ര പറഞ്ഞ് ഞാൻ ബസ്സിൽ കയറി.ബസ്സ് നീങ്ങുകയാണ്. എന്റെ കാഴ്ച്ചയിൽ നിന്നും സജിത്ത് മറഞ്ഞു.

എന്റെ ചിന്തകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു.മറ്റു വല്ലതും പറയാതെ അടിയുടെ കാര്യം ഇത്ര പ്രാധാന്യത്തോടെ പറഞ്ഞതെന്തു കൊണ്ടാണ് ?ആ അടിയുടെ ചൂട് അവൻ ഇപ്പോഴും ഓർക്കുന്നതെന്തു കൊണ്ടാണ്? കുറ്റം ചെയ്തിട്ട് തന്നെ യാകുമൊ അവൻ അടി വാങ്ങിയത്? എങ്കിൽ ആ ശിക്ഷ അർഹമെന്ന് കരുതി ആശ്വസിക്കുകയും , അക്കാര്യം വിസ്മരിക്കുകയൂം ചെയ്യുമായിരുന്നില്ലേ? ഒരു കുറ്റവും ചെയ്യാതിരുന്നവനെ പിടിച്ച് വെറുതെ അടിച്ചതാവുമൊ?

അങ്ങനെയുമാവാമെന്ന് ഞാൻ ഊഹിച്ചു.

അധ്യാപകർ അങ്ങനെയൊക്കെ ചെയ്യാറില്ലെ? ക്ലാസ്സിൽ ഒരു തല്ല് പിടുത്തം. ഉടനെ ഒരു ചൂരൽ പ്രയോഗം നടത്തും.ഇടിച്ചവനും, ഇടി കൊണ്ടവനും, പിടിച്ചുമാറ്റാൻ ചെന്നവനും, ചിലപ്പോൾ കാഴ്ച്ചക്കാർക്കും ഒക്കെ അടി കിട്ടും! 

( പോലിസ് മുറ അല്ലേ ? പിന്നെ എങ്ങിനെ ചൂരൽ പ്രയോഗം നിരോധിക്കാതിരിക്കും ?) 

ഇത്തരത്തിൽ ,സജിത്തിന് അകാരണമായി അടി കിട്ടിയിട്ടുണ്ടാകാമെന്നായി എന്റെ നിഗമനം.അങ്ങിനെയുള്ള ഒരു ശിക്ഷയുടെ വേദന ഒരിക്കലും മറക്കുകയില്ല, അല്ലേ സജിത് ?

എന്തായാലും, സജിത്തുമായുള്ള എന്റെ കൂടിക്കാഴ്ച്ച എന്റെ മനസ്സിൽ അശാന്തിയുടെ ഒരു അഗ്നിപർവതത്തിന് തീ കൊളുത്തി.

03 July, 2011

കവിത

ഗൌരിലക്ഷ്മിയുടെ കവിതകൾ

1 മഴവില്ല്

ഏഴുനിറമുള്ള കൊട്ടാരം

ഏഴു നിലയുള്ള കൊട്ടാരം

ഏഴു നിലയിലും ഏഴു നിറം

കാണാനഴകുള്ള കൊട്ടാരം

ആരു നൽകിയീ നിറങ്ങൾ ?

ആരു നൽകിയീ അഴക് ?

മഴ ചൊരിയുന്ന വില്ലാണ്

കാണാനെന്തൊരു ചേലാണ് !

2 കുരുവികളെ..

കുരുവികളേ ചെറുകുരുവികളേ

മാനം നോക്കി പോകുന്നോ ?

കൂടുണ്ടാക്കാൻ പോകുന്നോ,

കൂട്ടരെത്തേടി പോകുന്നോ ?

കൂടു വെച്ചു , മുട്ടകളിട്ടു ,

കുഞ്ഞിക്കുരുവികൾ പിറന്നതറിഞ്ഞില്ലേ ?

കുരുവി,കുരുവി , കുഞ്ഞി കുരുവികൾ കരയുന്നു,

കുഞ്ഞി ചിറകുകൾ വീശി പാറുന്നു !

കുഞ്ഞി കുരുവികൾ പറന്നല്ലൊ

മാനം നൊക്കി പൊയല്ലോ !

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...