05 July, 2011

എന്റെ സ്കൂള്‍ ഡയറി 6

ചൂരലിന്റെ ചൂട്

പഠന കാലത്ത് അധ്യാപകരിൽ നിന്നും ഒരിക്കലെങ്കിലും ‘തല്ല്’ വാങ്ങാത്ത വിദ്യാർഥികൾ ഇല്ലാതിരിക്കില്ല.ക്ലാസ്സ് മുറിയിലെ മേശപ്പുറത്ത് ചൂരൽ ഒരു അവിഭാജ്യ ഘടകമായിരുന്നു.വൈകി വരുന്നതിന് ,ഹോം വർക്ക് ചെയ്യാത്തതിന് , ഗുണനപ്പട്ടിക പഠിക്കാത്തതിന് , വർത്തമാനം പറഞ്ഞതിന് , അടുത്തിരിക്കുന്നവനെ തൊണ്ടിയതിന് എന്നിങ്ങനെ പല പല കുറ്റങ്ങൾക്കാവും “ചൂരൽ’ ശിക്ഷ പ്രയോഗം കിട്ടിയിട്ടുണ്ടാവുക. പണ്ടത്തെ തല്ലു വീരന്മാരായ പല ഗുരുശ്രേഷ്ഠരും ശിക്ഷ്യന്മാരുടെ മനസ്സുകളിൽ ജീവിക്കുന്നത് ഭയ ഭക്തി ബഹുമാനങ്ങളൊടെ തന്നെയാണ്.

അധ്യാപകർ കുട്ടിയെ ശിക്ഷിച്ചാൽ രക്ഷിതാക്കൾക്ക് പരാതി ഉണ്ടായിരുന്നില്ല.വീടിന്റെ തൂണിലും,മരത്തിലും മറ്റും മക്കളെ കെട്ടിയിട്ട് തല്ലുന്ന പിതാക്കന്മാരാണ് പണ്ടുണ്ടായിരുന്നത്.

’ഒന്നുള്ളുവെങ്കിൽ ഒലക്കക്ക് കൊട്ടി വളർത്തണം എന്നായിരുന്നു പ്രമാണം”.

എന്റെ ബാല്യത്തിൽ ,സമപ്രായക്കാരായ അയൽ വാസികളായിരുന്ന ഉണ്ണി, അശോകൻ, സജീവ് എന്നിങ്ങനെ പല കൂട്ടുകാരെയും അവരുടെ അച്ഛൻ മരത്തിൽ കെട്ടിയിട്ട് പുളി വടി കൊണ്ട് അടിക്കുന്ന കാഴ്ച്ച നോക്കി ഭയത്തൊടെ നിന്നിട്ടുണ്ട്.അച്ഛൻ പിൻ വാങ്ങുന്ന തക്കം നോക്കി അവരുടെ അമ്മ വന്ന് അഴിച്ചു വിടും.ഇന്ന് ഉണ്ണി  പോലിസ് ഉദ്യോഗസ്ഥനാണ്. അശോകനും, സജീവനുമൊക്കെ ബിസിനസ്സ് നടത്തി നല്ല നിലയിൽ ജീവിക്കുന്നു.

വിദ്യാലയങ്ങളിൽ ‘ചൂരൽ പ്രയോഗം ‘ നിയമം മൂലം നിരോധിക്കപ്പെട്ടു.മക്കളെ തല്ലാൻ അച്ചനമ്മമാർക്കും ഭയമാണ്.

ഒരു പൂർവ വിദ്യാർഥിയെ ഈയിടെ യാത്രക്കിടെ കണ്ടുമുട്ടിയപ്പോൾ അവൻ പറഞ്ഞ ഒരു കാര്യം കേട്ടപ്പോഴാണ് ഞാൻ ഇങ്ങനെയൊക്കെ ചിന്തിച്ചുപോയത്. പത്ത് ബി ഡിവിഷനിലാണ് പഠിച്ചിരുന്നതെന്ന് അവൻ തന്നെ പറഞ്ഞു. പേര് സജിത്ത്.ഇപ്പോൾ ബാംഗ്ലൂരിൽ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്നു.ട്രെയിനിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് എന്നെ കണ്ടത്.ബംഗ്ലൂരിലേയും,നാട്ടിലേയും, കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ പറഞ്ഞു..എന്റെ ബസ്സ് വരാറായി.അതിനിടെ ഒരു കാര്യം കൂടി സജിത്ത് പറഞ്ഞു..

‘പത്തിൽ വെച്ച് സാർ എന്നെ തല്ലിയത് ഓർക്കുന്നുണ്ടോ ? മൂട്ടിലിട്ട് രണ്ട് അടി അടിച്ചത് ! സാറിനെ കണ്ടപ്പോൾ ഞാൻ അന്നത്തെ ആ അടിയുടെ ചൂട് വീണ്ടും അനുഭവിച്ചു.

’ഒരു ചെറു ചിരിയോടെയാണ് സജിത്ത് ഇത്രയും പറഞ്ഞത്.എന്റെ ബസ്സ് വന്നു. സജിത്തിനൊട് യാത്ര പറഞ്ഞ് ഞാൻ ബസ്സിൽ കയറി.ബസ്സ് നീങ്ങുകയാണ്. എന്റെ കാഴ്ച്ചയിൽ നിന്നും സജിത്ത് മറഞ്ഞു.

എന്റെ ചിന്തകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു.മറ്റു വല്ലതും പറയാതെ അടിയുടെ കാര്യം ഇത്ര പ്രാധാന്യത്തോടെ പറഞ്ഞതെന്തു കൊണ്ടാണ് ?ആ അടിയുടെ ചൂട് അവൻ ഇപ്പോഴും ഓർക്കുന്നതെന്തു കൊണ്ടാണ്? കുറ്റം ചെയ്തിട്ട് തന്നെ യാകുമൊ അവൻ അടി വാങ്ങിയത്? എങ്കിൽ ആ ശിക്ഷ അർഹമെന്ന് കരുതി ആശ്വസിക്കുകയും , അക്കാര്യം വിസ്മരിക്കുകയൂം ചെയ്യുമായിരുന്നില്ലേ? ഒരു കുറ്റവും ചെയ്യാതിരുന്നവനെ പിടിച്ച് വെറുതെ അടിച്ചതാവുമൊ?

അങ്ങനെയുമാവാമെന്ന് ഞാൻ ഊഹിച്ചു.

അധ്യാപകർ അങ്ങനെയൊക്കെ ചെയ്യാറില്ലെ? ക്ലാസ്സിൽ ഒരു തല്ല് പിടുത്തം. ഉടനെ ഒരു ചൂരൽ പ്രയോഗം നടത്തും.ഇടിച്ചവനും, ഇടി കൊണ്ടവനും, പിടിച്ചുമാറ്റാൻ ചെന്നവനും, ചിലപ്പോൾ കാഴ്ച്ചക്കാർക്കും ഒക്കെ അടി കിട്ടും! 

( പോലിസ് മുറ അല്ലേ ? പിന്നെ എങ്ങിനെ ചൂരൽ പ്രയോഗം നിരോധിക്കാതിരിക്കും ?) 

ഇത്തരത്തിൽ ,സജിത്തിന് അകാരണമായി അടി കിട്ടിയിട്ടുണ്ടാകാമെന്നായി എന്റെ നിഗമനം.അങ്ങിനെയുള്ള ഒരു ശിക്ഷയുടെ വേദന ഒരിക്കലും മറക്കുകയില്ല, അല്ലേ സജിത് ?

എന്തായാലും, സജിത്തുമായുള്ള എന്റെ കൂടിക്കാഴ്ച്ച എന്റെ മനസ്സിൽ അശാന്തിയുടെ ഒരു അഗ്നിപർവതത്തിന് തീ കൊളുത്തി.

No comments:

Post a Comment