ലക്ഷ്യബോധം
എറണാകുളം ബോട്ട് ജട്ടി ബസ് സ്റ്റാന്റിൽ ഒരു വലിയ ആൽമരമുണ്ട്.പറവൂർക്ക് ബസ് വരുന്നതും കാത്ത് ഈ ആൽ മരച്ചോട്ടിൽ ഞാൻ നിൽക്കാറുണ്ട്.. അങ്ങനെ ഒരു സായാഹ്നം. ഒരു ബൈക്ക് എന്റെ അരികിൽ വന്നു നിന്നു. ഹെൽമറ്റ് തലയിൽ നിന്നും എടുത്തുയർത്തി , ഒരു യുവാവ് ബൈക്കിൽ നിന്നുമിറങ്ങി എന്റെ അരികിലേക്ക് വന്നു .
“ സാറിന് പിടികിട്ടിയില്ല അല്ലേ എന്നെ ?“ അയാൾ ചിരിച്ചു കൊണ്ട് എന്റെ സമീപത്തേക്ക് വന്നു.ബുൾഗാൻ താടി. സുന്ദരമായ വേഷം.
സത്യത്തിൽ എനിക്ക് ആ പയ്യനെ ഒറ്റനൊട്ടത്തിൽ മനസ്സിലായില്ല.അവൻ എന്റെ ഒരു ശിഷ്യൻ ആണെന്നുള്ള കാര്യം തീർച്ചയാണ് .അല്ലാതെ സാർ എന്ന് അഭിസംബോധന ചെയ്യില്ലല്ലൊ ! വർഷങ്ങൾക്ക് മുൻപുള്ള കൌമാരക്കരനായ ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ മുഖം മനസ്സിൽ നിന്നും ചികഞ്ഞെടുക്കാൻ സമയം വേണമല്ലൊ. അതിനു വേണ്ടി ഞാ ൻ ഒരു ചൊദ്യം എടുത്തിട്ടു.ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാനാണ് ഇവിടെ എത്തിയതെന്ന് അവന്റെ മറുപടിയും കിട്ടി.എറണാകുളത്ത് മാർക്കാറ്റിങ്ങ് എക്സിക്യുട്ടിവ് ആയി ജൊലി ചെയ്യുന്നെന്നും, എം.ബി.എ.ബിരുദം കഴിഞ്ഞെന്നും അവൻ പറഞ്ഞു.
ആ ശബ്ദം, സംസാര രീതി, ശരീര ചലനങ്ങൾ……ആ നിമിഷത്തിൽ പണ്ടത്തെ ഒരു കുട്ടി എന്റെ മനസ്സിൽ നിന്നും ഇറങ്ങി വന്നു. “ശ്രീജിത് ദാസ് “ പണ്ടത്തെ നാടകക്കാരൻ. മിമിക്രി, മൊണോആക്റ്റ്, മത്സരങ്ങളിലെ സ്ഥിരം ജേതാവ്. …
കലാകാരനെന്നുള്ള ഖ്യാദി ഒരു വശത്ത് ! കുരുത്ത ക്കേടുകളുടെ അധിപനെന്ന അപഖ്യാദി മറുവശത്ത് ! ക്ലാസ്സിലെത്തുന്ന അധ്യാപകർക്ക് തലവേദന ഉണ്ടാക്കാൻ ശ്രീജിത്ത് മിടുക്കൻ. ഒന്നുകിൽ ബഞ്ചിന് മുകളിൽ, അല്ലെങ്കിൽ ക്ലാസ്സിന് പുറത്ത് ! ഇതായിരുന്നു ശ്രീജിത്തിന്റെ ചരിത്രം.
പണ്ടത്തെ ആ വില്ലൻ പയ്യനല്ല ഇപ്പോൾ എം.ബി.എ. ക്കാരനായി എന്റെ മുന്നിൽനിൽക്കുന്നത്.
“ കേൾക്കട്ടെ ശ്രീജിത്ത് വിശേഷങ്ങൾ !“
മാർക്ക്റ്റിംങ്ങ് ജൊലി കൊള്ളാമെന്ന് അവൻ പറഞ്ഞു.ഇനിയും പഠിക്കണമെന്ന് ആഗ്രഹം. ഡോക്ടറേറ്റ് എടുക്കണം. റിസർച്ച് ചെയ്യാൻ അടുത്ത മാസം രാജസ്ഥാനിലേക്ക് പൊകുകയാണ്. വീട്ടിൽ വേറെ പ്രൊബ്ലംസ് ഒന്നും ഇല്ല. ഇപ്പൊഴാണെങ്കിലേ നടക്കൂ സാർ. ഫാമിലി സെറ്റപ്പൊക്കെ ആയാൽ പിന്നെ പഠിപ്പ് നടക്കില്ല.
ശ്രീജിത്ത് ദാസിന്റെ ജീവിതാവബോധം എത്ര മഹനീയമാണെന്ന് ഞാൻ അൽഭുതപ്പെട്ടു.ഇങ്ങനെയായിരിക്കണം കുട്ടികൾ ! ഹിന്ദു പത്രത്തിൽ വായിച്ച ഒരു വാർത്ത ഞാൻ ശ്രീജിത്തിനോട് പറഞ്ഞൂ. ലിംകാ ബുക്ക് ഒഫ് വേൾഡ് റെക്കൊർഡ്സിൽ സ്ഥാനം നേടിയ ഏഴ് പ്രൊഫഷണൽ ബിരുദമുള്ള ആദ്യ ഇൻഡ്യക്കാരനായ എറണാകുളം സ്വദേശി ജോൺ സാറിന്റെ കഥ.ഒരു കൂലിപ്പണിക്കാരന്റെ മക്കളിൽ ഏഴാമനായി ജനിച്ച് , പട്ടിണിയുടെ നടുവിൽ വളർന്ന്, ഉച്ച ഭക്ഷണം പോലും കഴിക്കാനാകാതെ പഠിച്ച് ഡോക്ടറേറ്റ് ഉൾപ്പെടെ ഏഴ് പ്രൊഫഷണൽ ബിരുദങ്ങൾ കരസ്തമാക്കിയ ജോൺ സാറിന്റെ ജീവിതം നൽകുന്ന സന്ദേശമെന്താണ് ? പ്രതികൂലമായ ജീവിത സാഹചര്യങ്ങളിൽ വളർന്ന എത്രയൊ പേർ ഉന്നതങ്ങളിൽ എത്തിയിരിക്കുന്നു.പരിശ്രമിച്ചാൽ എത്തിച്ചേരാൻ പറ്റാത്ത ഇടങ്ങളില്ല എന്നതല്ലേ?
ശരിയാണ് സാർ. ശ്രീജിത്ത് ദാസ് പറഞ്ഞു. “എന്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് സാർ. നമ്മൾ പറയില്ലേ, പഠിക്കാൻ കഴിവു വേണമെന്ന്. കഴിവല്ല വേണ്ടത്. AIM വേണം! ”
“ലക്ഷ്യ ബോധം അല്ലേ? “ ഞാനത് ശരിവെച്ചു.
“അതെ സാർ”
അത്തരമൊരു എയിം ഇല്ലായിരുന്നു എങ്കിൽ ഇന്ന് ശ്രീജിത്ത് ഈ നിലയിൽ ആകുമായിരുന്നില്ല.ശ്രീജിത്തിന് കഴിവുകൾ ഉണ്ടായിരുന്നു.ആ കഴിവുകൾ ആണ് അന്ന് കലാരംഗത്തും തിളങ്ങി നിന്നത്. പിന്നീട് പാകമായ ഒരു മനസ്സിൽ ലക്ഷ്യബോധം ഉണർന്നപ്പൊൾ കഴിവുകളെ നേർവഴിക്ക് തിരിച്ചു. ശ്രീജിത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കട്ടെ എന്നു ഞാൻ ആശംസിച്ചു.
No comments:
Post a Comment