23 July, 2011

കഥ



എന്റെ കൂട്ടുകാരി

ചില്ലു ജാലകത്തിനപ്പുറത്ത് എന്റെ കൂട്ടുകാരി പിന്നെയും വന്നു നിന്നു.വെള്ളി ക്കൊലുസ്സ് കിലുക്കി, അവൾ ശബ്ദമുണ്ടാക്കി.. മാനത്ത് നിന്നും തുടങ്ങി, മരങ്ങളിൽ നിന്നും ഇറങ്ങി , ഇപ്പൊൾ അവൾ മുറ്റത്ത് നഗ്നപാദയായി നടനം തുടരുകയാണ് ! മുറ്റത്ത് തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ പാദങ്ങൾ പതിക്കുംബോൾ അവൾ ന്രുത്തം ചെയ്യുന്നത് അസ്വദിക്കാം. മഴ .. മഴ പെയ്യുകയാണ്!
ഞാൻ അവളോട് പിണക്കം നടിച്ചു.നിന്നെ എനിക്കിപ്പൊൾ കാണേണ്ട. ഈ ജനാലക്കപ്പുറത്തു നിന്നും നീ ഇപ്പൊൾ പൊയ്ക്കൊളു.ഞാൻ ഇപ്പൊൾ തിരക്കിലാണ്.
അപ്പൊൾ ആ സുന്ദരി, അവളുടെ തോഴിയെ എന്നരികിലേക്ക് വിട്ടു. തെന്നൽ ഇളം കുളിരുമാ‍യി, ജനലിലൂടെ കടന്നു വന്നു. .അപ്പൊൾ ഞാൻ ജനൽ കൊളുത്തിട്ട് അടച്ചു. തെന്നൽ പൊയി . മഴയും എവിടെയൊ പോയി ഒളിച്ചു . പുഴക്കക്കരെ, അല്ലെങ്കിൽ മരക്കൂട്ടങ്ങളിൽ അവൾ മറഞ്ഞിരിപ്പുണ്ട് .എനിക്കറിയാം, ഇത് എന്റെ കൂട്ടുകാരിയുടെ സൂത്രമാണ്. അവൾ ഇനിയും വരും !
മഴയൊട് പരിഭവിക്കാൻ എന്താണ് കാരണം ? പ്രത്യേകിച്ച് ഒന്നുമില്ല. .എങ്കിലും ചിലപ്പൊൾ തോന്നും, ആ കൂട്ടുകാരിയൊട് വഴക്കിടണം, മിണ്ടാതെ നടക്കണം, എന്നൊക്കെ.ആ മൌനത്തിന് , ആ അകൽച്ചക്ക് ഒരു രസമുണ്ട്.
എന്തെല്ലാം ഓർമ്മകൾ!
ശീലക്കുട ചൂടി, പുസ്തകം ഷർട്ടിനുള്ളിൽ നെഞ്ചൊട് ചേർത്ത് പെരും മഴയത്ത് സ്ക്കൂളീൽ പൊയത്.നാലുമണിക്ക് ബെല്ലടിക്കുന്നതും നൊക്കി നീ കാത്തു നിൽക്കുന്നുണ്ടാകും അരയാ സ്കൂളിന്റെ മുറ്റത്ത്. കുട കൂട്ടുകാരനെ ഏൽ‌പ്പിച്ച് ,നിന്നൊടൊപ്പം നനഞ്ഞ് തുള്ളിച്ചാടി നടന്ന ഇടവഴികൾ. നിന്റെ കൈപിടിച്ച് കടൽ തിരകളിലൂടെ ഓടി നടന്ന സന്ധ്യകൾ !
മുറ്റത്തെ നീർച്ചാലുകളിൽ ഞാനുണ്ടാക്കി ഒഴുക്കി വിട്ട കടലാസു തോണികൾ നീ മുക്കി കളഞ്ഞു.മുറ്റത്ത് ഞാൻ നട്ടു വളർത്തിയ റോസാ ചെടിയിൽ ആദ്യമായി വിരിഞ്ഞ പൂവിന്റെ ഇതളുകൾ നീ കൊഴിച്ചു.. പനിപിടിച്ച് കംബിളി പുതപ്പിൽ ചുരുണ്ടിരുന്ന് അമ്മ തരുന്ന കഞ്ഞിയും, ചുട്ട പപ്പടവും കഴിക്കുംബൊൾ നീ ജനാലക്കരികിൽ വന്ന് പിന്നെയും, പിന്നെയും കളിയാക്കി ചിരിച്ചു………!
എത്രയൊ നാളുകൾ ഞാൻ നിന്നെയും കാത്തിരുന്നിട്ടുണ്ട് . അപ്പൊൾ നീ മാനത്ത് കരിമുകിൽ തേരിലേറി ഉല്ലസിച്ചു നടന്നു. എത്ര വിളിച്ചിട്ടും വന്നില്ല.
ഞാനിപ്പൊൾ എഴുതുകയാണ്. എന്നെ ശല്യപ്പെടുത്തരുത്. നിന്നൊടൊപ്പം ആടീയും, പാടിയും നടക്കാൻഇന്നു ഞാൻ വരില്ല. പൊയ്ക്കൊളു.മുറ്റത്ത് വീണ്ടുമൊരു ഹർഷോന്മാദ താളം! . മാനത്തു നിന്നും ആ സുന്ദരി വീണ്ടും എന്റെ വീട്ടു മുറ്റത്ത് ഇറങ്ങി വന്നിട്ടുണ്ടാകും. . അടച്ചിട്ട ചില്ലു ജാലകത്തിലൂടെ ഞാൻ അവൾ നടനമാടുന്നത് കണ്ടു.
ഒരു മൈനക്കുഞ്ഞ് ജനാലച്ചില്ലിലേക്ക് പറന്ന് വീണ് ദീനമായി കരഞ്ഞു. ചില്ലു പാളിയിൽ പറ്റിപ്പിടിച്ച് ആ കിളിക്കുഞ്ഞ് , രക്ഷക്കായി കേഴുകയാണ്. അതിപ്പൊൾ വഴുതി താഴെ വീഴും, മുറ്റത്തെ വെള്ളത്തിൽ മുങ്ങും.
ഞാൻ ജനാല തുറന്നു.പുറത്തേക്ക് കൈ നീട്ടി. അപ്പൊൾ ഒരു മഴത്തുള്ളി എന്റെ കൈകളിൽ സ്പർശിച്ചു.! ചില്ലു പാളിയിൽ നിന്നും മൈനക്കുഞ്ഞിനെ കൈയിലെടുത്തു.ഞാൻ അതിനെ നെഞ്ചോട് ചേർത്തു പിടിച്ച് ചുട് കൊടുത്തു. പാവം വല്ലാതെ നനഞ്ഞ് വിറക്കുന്നു.
അപ്പൊൾ മഴ ,എന്റെ കൂട്ടുകാരി അത്യാഹ്ലാദത്തൊടെ ന്രുത്തം ചെയ്തു കൊണ്ടിരുന്നു.

No comments:

Post a Comment