29 March, 2019

സൗരശയ്യ - കവിത

കവിത

സൗരശയ്യയില്‍

ഹേ, സൂര്യ പൊള്ളുന്നു
മനുഷ്യാ, നിനക്കൊരുങ്ങി ശരശയ്യ
സൗരശരങ്ങളില്‍ തീ പാറുന്നു
വസുന്ധുരേ കരയരുത്.
ഇത് നിന്റെ ജാതകം
നീ തന്നെ രചിച്ച പാതകം
സിനിമയുടെ റീല് തീരാറായ്
ഇനി ഒരു സീന്‍ മാത്രം
പ്രളയത്തിന്റെ കുളിരില്‍ പുണരുന്നത്
സുര്യാതപത്തില്‍ ശയിക്കുന്നത്
വസുന്ധരേ കരയരുത്.
കിണറിലെ വെള്ളം കോരിക്കുടിച്ച്
ഹോ, ചൂട് ! മക്കള്‍ ചൊല്ലുന്നു
ഗോക്കളുടെ വരണ്ട നിലവിളി
ചുരത്തുന്നത് ചൂട് വായു
സൂര്യാതപമേറ്റ് പാടവരമ്പത്ത്
കൊക്ക് ഒറ്റക്കാലില്‍ അതേ നില്‍പ്പ്
കാക്കയില്ല,അങ്ങാടിക്കുരുവിയില്ല
കൊന്നയെപ്പോഴെ പൂത്തു!
വസുന്ധരേ കരയരുത്.
ഇത് നീ രചിച്ച നാടകം
സീന്‍ തീരാറായ്
അവരെപ്പഴേ പറഞ്ഞു
കവികള്‍ , ക്രാന്തദര്‍ശികള്‍
കാട് വെട്ടരുത്,മല മറിക്കരുത്
പുഴ വില്‍ക്കരുത്, മണലൂറ്റരുത്
പാടം നികത്തരുത്
കരിമണല്‍ ഖനിക്കരുത്
കടല് കോരരുത്
പ്ളാസ്റ്റിക്ക് പുക പരത്തരുത്.
ഇപ്പോള്‍ ഇവര്‍ പറഞ്ഞു
പുറത്തിറങ്ങരുത്
പുഴയില്‍ കുളിക്കരുത്
തിന്നരുത്,കുടിക്കരുത്
വെയില് കൊള്ളരുത്
വസുന്ധരേ കരയരുത്.
ഇനി നിനക്കിതു മതി
നിനക്ക് ശീതികരിച്ച മുറി
അവനിറങ്ങും
അവന്‍ വെയിലുകൊള്ളും
പ്രളയോപരിതലത്തിലും ശയിക്കും
യന്തിരന്‍!
വസുന്ധരേ കരയരുത്.

എം.എന്‍.സന്തോഷ്
29-03-2019








കൃഷ്ണ, ഗുരുവായൂരപ്പാ - കവിത


കൃഷ്ണ, ഗുരുവായൂരപ്പാ

അകലെയാണെങ്കിലും
അമ്പാടി കണ്ണാ നീ
അരികിലുണ്ടെന്ന്
ഞാന്‍ നിനപ്പു
ഓടക്കുഴല്‍ വിളി
കേള്‍ക്കുന്നതായ് തോന്നും
കരപല്ലവം കണ്ണീര്‍
തുടക്കുന്നതായ് തോന്നും

ഗുരുവായൂരപ്പാ
മുകുന്ദാ ജനാര്‍ദ്ദനാ
മുരളീധരാ നമോ
നാരായണാ ഹരേ

കളിത്തോഴന്‍ അവിലുമായ് അരികത്തണഞ്ഞപ്പോള്‍
കായാമ്പു വര്‍ണ്ണന്‍
കണ്ണീരിലലിഞ്ഞു പോയ്
ഒരു പിടി അവില്‍ നുകര്‍ന്ന്
ഒരു കോടി പുണ്യം നല്‍കി
മറക്കുമോ കാര്‍വര്‍ണ്ണാ
നിന്‍ കറയറ്റ കരുണാ രസം

ശ്രീകൃഷ്ണ ഗോവിന്ദ
ഹരേ മുരാരേ
ജനാര്‍ദ്ദന നാരായണ
വാസു ദേവായ

മഞ്ജുള അരയാലില്‍
അര്‍പ്പിച്ച തുളസിമാല
ഗുരുവായൂരപ്പാ
നിനക്കുള്ളതായിരുന്നു
ആ മാല മാറിലിട്ട്
ആയിരം പുണ്യം നല്‍കി
മറക്കുമോ കാര്‍വര്‍ണ്ണാ
നിന്‍ നിരുപമ ദയാവിലാസം

കൃഷ്ണ ജയ ഹരേ,
കൃഷ്ണ ജയ ഹരേ
കൃഷ്ണ മുകുന്ദ
കരുണാമയാ ഹരേ.

രചന - എം.എന്‍.സന്തോഷ്
28-03-2019

25 March, 2019

കവിത

ദക്ഷിണ മൂകാംബിക

സരസ്വതി മണ്ഡപം ഒരുങ്ങി
നാട്യകലാ മേളം മുഴങ്ങി
ദക്ഷിണ മൂകാംബിക ക്ഷേത്രം
സംഗീത പാല്‍ കടലായി

കാല്‍ ചിലമ്പുകള്‍ കിലുങ്ങി
സ്വര രാഗ ശ്രുതി മീട്ടി
അരങ്ങത്ത് ഹരിശ്രീ കുറിച്ചു
ആദ്യമായ് കലയുടെ ദീപം തെളിച്ചു

ആദ്യാക്ഷരം നാവില്‍ പതിഞ്ഞപ്പോള്‍
ഓമനകള്‍, കഥയറിയാതെ കരഞ്ഞു
ശ്രീദേവിയപ്പോള്‍ വീണയിലൊരു രാഗം മൂളി
ഉണ്ണികള്‍ ദേവിയെ കണ്ടു ചിരി തൂകി

ദുര്‍ഗയായ്,ലക്ഷ്മിയായ്,സരസ്വതിയായ് വാഴും
ദക്ഷിണ മൂകാംബികേ, ദേവി
ശക്തിയായ് സൗന്ദര്യമായ് വിദ്യയായ് എന്നും
സൗഭാഗ്യം നല്‍കീടണേ ,  ജഗദമ്മേ.

രചന - എം.എന്‍.സന്തോഷ്
25-03-2019

24 March, 2019

കവിത


കവിത

ആശ്രമമുറ്റത്ത്

ആലുവ പുഴയുടെ പുണ്യതീരം
അദ്വൈതാശ്രമ സവിധം പവിത്രം
ഏകാന്തം മൂകം ലയം വശ്യം
ഗുരുദേവനെ ധ്യാനിച്ചു നിന്ന നേരം

പത്മാസന ധ്യാന തിരുസ്വരൂപം
ശാന്തി വിളംമ്പിതം വദന കമലം
ദീപ്തം പവിത്രം  യോഗനയനം
സ്വര്‍ണ്ണ പ്രഭാമയം ദീര്‍ഘഗാത്രം

നാവികനില്ലാതെ തുണയറ്റ തോണി
കൈവിടാതങ്ങ് കാക്കണം ഭഗവാനേ
മമസങ്കടം കണ്ണീര്‍ കടലലയായി
മനമഞ്ചും ബന്ധിച്ചു ഞാന്‍ നിന്നു

അക കണ്ണ് തുറന്നു നീ നോക്കുക
അറിവിന്റെ അറ്റം അനുഭവിക്കുവാന്‍
ആ മധു മൊഴി കേട്ടു  തരിച്ചു ദിവ്യം
ഹാ,ഗുരുദേവനരികത്ത് നില്‍പ്പു സ്മിതം!

ഒരു നാരായമെന്‍ വലം കൈയില്‍ വെച്ചു
ഗുരുവരുളി മതി നിനക്കിതൊന്ന് മാത്രം
അറിവിന്റെ കടലല കരേറുവാന്‍
അംബരത്തക്ഷര നക്ഷത്രം ജ്വലിപ്പിക്കാന്‍!

മന്ദാനിലര്‍ മെല്ലെ മൂളി കടന്നു പോയി
മന്ദസ്മിതം പോയി , ഗുരുവില്ലരികത്ത്!
ഞാനില്ല ,നീയില്ല ,വേറല്ലെന്നറിവുമായി
ആശ്രമ മുറ്റത്ത് നിന്നു ഞാന്‍ നിശ്ചലം!

അക്കരെ മണപ്പുറത്ത് അമ്പലത്തില്‍
തേവരെഴുന്നുള്ളും നേരമായി
ഒാംങ്കാര മന്ത്ര ധ്വനി മുഴങ്ങി
പൂര്‍ണ്ണാ നദീ തടം പുളകിതമായി.

രചന - എം.എന്‍.സന്തോഷ്
24-03-2019

22 March, 2019

മൂകാംബികാമൃതം

മൂകാംബികാമൃതം

അമ്മേ മഹാമായേ മൂകാംബികേ
വിദ്യാമൃതം പകരും വീണാധരീ
മൂകാസുരനും മോക്ഷപദം നല്‍കി
ദേവനായ് മാറ്റിയ ജഗദീശ്വരീ

ആശ്രയമില്ലാതെ നാരിമാര്‍ കേഴുമ്പോള്‍
ശക്തിദുര്‍ഗ്ഗയായ് അവതരിക്കൂ ദേവി
അറിവില്ലാതിരുളില്‍ അലയും മനുഷ്യര്‍ക്ക്
ആത്മപ്രകാശം പകര്‍ന്നു നല്‍കൂ ദേവി

അകംപൊരുള്‍ തേടി അലയുന്ന നേരത്ത്
ചിലമ്പൊലി നാദമായ് പിന്നിലുണ്ടാകണേ
നിത്യപ്രകാശമായ്,നിത്യാനുഗ്രഹമായി
 നിത്യസൗന്ദര്യമായ് നിറയൂ ജ്ഞാനാംബികേ

ദുര്‍ഗ്ഗയായ് ലക്ഷ്മിയായ് വാണീദേവിയായ്
അഖിലാണ്ഡ ബ്രഹ്മമായാദിശങ്കരന്‍ ദര്‍ശിച്ച
അമ്മേ മഹാമായേ മൂകാംബികേ
കൃപാവരം ചൊരിയൂ ജഗദംബികേ



രചന -എം.എന്‍.സന്തോഷ്
22-03-2019





19 March, 2019

കവിത


 ആ ദിവ്യരൂപം
അമ്പലമുറ്റത്തരയാലിന്നരികത്ത്
അഞ്ജലീബദ്ധനായ് നിന്നൂ ഞാന്‍
സോപാന സംഗീതമുയരുന്ന നേരത്ത്
ഇടക്കയായ് തുടിക്കുന്നെന്‍ ഹൃദയം
ഓംങ്കാര മന്ത്രം ജപിക്കുന്ന നേരമെന്‍
മനം വൈകുണ്ഠമായി തെളിയുന്നു
തൊഴുത് വലംവെച്ച് നമിക്കുന്ന നേരത്ത്
കണ്ണില്‍ തെളിയുന്നാ  ദിവ്യരൂപം
തിരുനട തുറന്നു ദീപങ്ങളായിരമുദിച്ചു
ശിവ പഞ്ചാക്ഷരമന്ത്രം തിരയായിരമ്പി
നൊമ്പരമൊക്കെയും കണ്ണീരായര്‍പ്പിച്ചു
അമ്പലമൊരുമാത്ര കൈലാസമായി മാറി
ഗണനാഥനരുകില്‍ വേലുമായ് മുരുകനും
ഉമയോടൊത്ത് മഹേശ്വരന്‍ നടനമായ്
ഭഗവാനേ മഹേശ്വരാ ശ്രീഭൂത നായകാ
ദുരിതം നീക്കിയുലകിലാനന്ദമേകിടണേ.




രചന  എം.എന്‍.സന്തോഷ്

കവിത

മേവട ദേവി നമസ്തുതേ

കാവുംപടിയിലരയാല്‍ വലംവെച്ച്
നില്‍ക്കവേ കേള്‍ക്കാം നാമജപങ്ങള്‍
മേവടക്കാവിലമ്മയെ തൊഴുതിറങ്ങുന്ന
കാറ്റിന്റെ  മംഗള മംഗല്യ ശരണ ഗീതങ്ങള്‍

മീനമായ് പുറക്കാട്ടുകാവില്‍ പൂരമായി
മേളമുയരുന്നു , മേവടയുണരുന്നാമോദത്താല്‍
അഭീഷ്ട വരദായിനി , ദേവീ തൊഴുന്നു
അഭയമരുളുക , അകമലരില്‍ തെളിയുക കാവിലമ്മേ.

സര്‍വ്വാര്‍ത്ഥ സാധികേ , സകലസൗഖൃദായികേ
ജ്ഞാനാംബികേ , ശരണമരുളണേ നിത്യവും
അജ്ഞാന തിമിരമതു നീക്കണേ , അപരാ   ധമരുതാതെ കാക്കണേ
സൗഭാഗ്യദായികേ
മേവട വാഴുമമ്മേ നമസ്തുതേ.


രചന - എം.എന്‍.സന്തോഷ്

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...