കവിത
ആശ്രമമുറ്റത്ത്
ആലുവ പുഴയുടെ പുണ്യതീരം
അദ്വൈതാശ്രമ സവിധം പവിത്രം
ഏകാന്തം മൂകം ലയം വശ്യം
ഗുരുദേവനെ ധ്യാനിച്ചു നിന്ന നേരം
പത്മാസന ധ്യാന തിരുസ്വരൂപം
ശാന്തി വിളംമ്പിതം വദന കമലം
ദീപ്തം പവിത്രം യോഗനയനം
സ്വര്‍ണ്ണ പ്രഭാമയം ദീര്‍ഘഗാത്രം
നാവികനില്ലാതെ തുണയറ്റ തോണി
കൈവിടാതങ്ങ് കാക്കണം ഭഗവാനേ
മമസങ്കടം കണ്ണീര്‍ കടലലയായി
മനമഞ്ചും ബന്ധിച്ചു ഞാന്‍ നിന്നു
അക കണ്ണ് തുറന്നു നീ നോക്കുക
അറിവിന്റെ അറ്റം അനുഭവിക്കുവാന്‍
ആ മധു മൊഴി കേട്ടു തരിച്ചു ദിവ്യം
ഹാ,ഗുരുദേവനരികത്ത് നില്‍പ്പു സ്മിതം!
ഒരു നാരായമെന്‍ വലം കൈയില്‍ വെച്ചു
ഗുരുവരുളി മതി നിനക്കിതൊന്ന് മാത്രം
അറിവിന്റെ കടലല കരേറുവാന്‍
അംബരത്തക്ഷര നക്ഷത്രം ജ്വലിപ്പിക്കാന്‍!
മന്ദാനിലര്‍ മെല്ലെ മൂളി കടന്നു പോയി
മന്ദസ്മിതം പോയി , ഗുരുവില്ലരികത്ത്!
ഞാനില്ല ,നീയില്ല ,വേറല്ലെന്നറിവുമായി
ആശ്രമ മുറ്റത്ത് നിന്നു ഞാന്‍ നിശ്ചലം!
അക്കരെ മണപ്പുറത്ത് അമ്പലത്തില്‍
തേവരെഴുന്നുള്ളും നേരമായി
ഒാംങ്കാര മന്ത്ര ധ്വനി മുഴങ്ങി
പൂര്‍ണ്ണാ നദീ തടം പുളകിതമായി.
രചന - എം.എന്‍.സന്തോഷ്
24-03-2019
No comments:
Post a Comment