കഥ
പത്രവൃത്താന്തം
എം.എന്‍.സന്തോഷ്
വരാന്തയില്‍ ചാരുകസേരയുണ്ടെങ്കിലും , സദാനന്ദന്‍ മാഷ് നിലത്ത് പായയിലിരുന്നാണ് രാവിലെ പത്രം വായിക്കുന്നത്. പത്രം വായിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കണം. മാഷിന്റെ ശീലമങ്ങനെയാണ്.
ഒന്നാം പേജിലെ ചൂടന്‍ വാര്‍ത്തകള്‍ക്കൊപ്പം മൂന്നാര്‍ ടീ എസ്റ്റേറ്റുകളില്‍ പിറവിയെടുത്ത തേയിലയുടെ രുചി ചൂടോടെ ആസ്വദിച്ചു.
പെട്ടിമുടിയില്‍ മണ്ണിനടിയില്‍ അമര്‍ന്നുപോയ തേയിലത്തൊഴിലാളികളുടെ തേങ്ങല്‍.അതോര്‍ത്തപ്പോള്‍ചായക്ക് വല്ലാത്തൊരു പൊള്ളല്‍ .കരിപ്പൂരില്‍ വിമാനം ടേബിള്‍ ടോപ്പില്‍ നിന്നും നിലം പതിച്ചത്, സ്വര്‍ണ്ണക്കടത്ത് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് ,സ്വര്‍ണ്ണവിലയുടെ കുതിപ്പ് ! വാര്‍ത്തകളുടെ മലവെള്ളപ്പാച്ചില്‍.
പക്ഷെ ഒരു വാര്‍ത്ത മാഷിന്റെ മനസ്സിലുടക്കി.ലീഡ് ന്യൂസാണത്. വെണ്ടക്ക വലിപ്പത്തിലാണ് നിരത്തിയിരിക്കുന്നത്.വാര്‍ത്തയിലെ ആ പരാമര്‍ശം മാഷ് പലയാവര്‍ത്തി വായിച്ചു.
“സുനന്ദേ , ഇങ്ങോട്ടൊന്ന് വരൂ.” മാഷ് ഭാര്യയെ വിളിച്ചു.
“പത്രത്തിലൊരു വാര്‍ത്ത . ഒരു പിടീം കിട്ടണില്ല.”
പത്രപാരായണത്തിനിടെ ആശയം പിടികിട്ടാതെ വന്നാല്‍ ഭാര്യയുടെ സഹകരണം തേടും . കാര്യ പ്രസക്തമായ വാര്‍ത്തകളാണെങ്കിലും മക്കളേയും കൂട്ടി സംയുക്തമായി വായിക്കും . ചര്‍ച്ചചെയ്യും.
“സ്വര്‍ണ്ണക്കടത്ത് കാര്യമാണോ ? എന്തെങ്കിലുമായോ ? ഇവിടെ അരിയൂറ്റുകാ. നിങ്ങള് ഉറക്കെ വായിക്ക്.കേട്ടോളാംന്നേ” ഭാര്യയുടെ മറുമൊഴിയുണ്ടായി.
“എ സണ്‍ ഈസ് എ സണ്‍ അണ്‍ടില്‍ ഹി ഗറ്റ്സ് എ വൈഫ്. കേള്‍ക്കുന്നണ്ടല്ലോല്ലെ.”മാഷ് ആവുന്നത്ര ഉറക്കെ വായിച്ചു.
“ഇതെന്താ മാഷേ പ്രോവര്‍ബാണോ ? മലയാളത്തില് പറയ്.”
മലയാളം അധ്യാപികയുടെ ഒരു ഭാഷാ സ്നേഹം , എന്ന് പറഞ്ഞ് മാഷ് മലയാള പത്രം എടുത്ത് നിവര്‍ത്തി.അതിലും ഇത് തന്നെയാണ് പ്രധാന വാര്‍ത്ത.
“ വിവാഹം കഴിക്കുന്നത് വരെ മാത്രമേ മകന്‍ മകനാകുന്നുള്ളു. ”
"ഇതെന്തു വാര്‍ത്തയാണ് ?" ഭാര്യ ഇടപെട്ടു എന്ന് മാത്രമല്ല ഉടന്‍ വരാന്തയിലെത്തുകയും ചെയ്തു.
“ഇന്നത്തെ പ്രധാന വാര്‍ത്തയാ. അടുത്ത വാചകം കേട്ടോ. മകളാകട്ടെ ജീവിതത്തിലുടനീളം സ്നേഹസമ്പന്നയായ മകളായിരിക്കും. എങ്ങനുണ്ട് വാര്‍ത്ത ?”
ഇത് വാര്‍ത്തായാണോ , സീരീലിന്റെ പരസ്യമാണോയെന്നായി സഹധര്‍മ്മിണി.
“സത്യമാണെടി. സുപ്രീം കോടതി പറഞ്ഞ കാര്യമാണ്.”
അതാണെനിക്കും പിടികിട്ടാത്തതെന്ന് വിമ്മിഷ്ടപ്പെട്ടുകൊണ്ട് മാഷ് ചൂട് ചായക്കപ്പ് ചുണ്ടോടടുപ്പിച്ചു.
“കല്യാണം കഴിഞ്ഞാപ്പിന്നെ മകന്‍ മകനല്ലാതാവേ ?പുതിയ ഉത്തരവാ ?ഇനിയിപ്പ നമ്മളെന്താ ചെയ്യാന്നാ ആധി . മാഷിനൊന്നും തോന്നണില്ലേ ?”
മാഷ് നിശ്ശബ്ദനായി പത്രത്തില്‍ മിഴിയൂന്നിയിരുന്നു.
ഇങ്ങനെ മൗനിയായിരുന്നിട്ട് കാര്യമില്ലെന്നായി ഭാര്യ.
“നിങ്ങളും കല്യാണം കഴിച്ചതല്ലെ . അതീപ്പിന്നെ നിങ്ങള്‍ നിങ്ങള്‍ടച്ഛന്റെ മോനല്ലാതോയോ. സ്നേഹോല്യാണ്ടായോ ?ഒന്നോര്‍ത്ത് നോക്ക്യേ.”
“അതല്ലെടി കാര്യം. നിനക്കങ്ങട്ട് തലേക്കേറീട്ടില്ല.”
“പിന്നെന്ത്? നിങ്ങളൊട്ട് വെളിവാക്കണില്ല. എന്നാലൊര് കാര്യം ചെയ്യാ.മക്കളെ വിളിക്ക് . അവര് വെളിപ്പെടുത്തട്ടെ.”
മകനുമെത്തി, മകളുമെത്തി.
അവര്‍ രണ്ട് പത്രങ്ങളും അരിച്ചു പെറുക്കി.
സുപ്രീം കോടതിയുടെ വിധിയാണച്ഛായെന്ന് മകന്റെ പ്രഥമ പ്രതികരണം.
“പക്ഷെ മകന്‍ മകനല്ലാതാവുന്നുവെന്ന് .അതെനിക്ക് പിടികിട്ടണില്ല.”
അച്ഛനും , മകനും, അമ്മയും തമ്മില്‍ ചൂടേറിയ വാദപ്രതിവാദം അരങ്ങേറി.
മകള്‍ പത്രം അടച്ചുവെച്ച് ചായ സാവധാനം കുടിക്കാന്‍ തുടങ്ങി. ക്ഷമയോടെ കേട്ടിരുന്നു.അവളുടെ ചായകുടി കഴിഞ്ഞു. എല്ലാവരുടെയും ചായക്കപ്പുകള്‍ പെറുക്കിയെടുത്ത് അടുക്കളയിലേക്ക് നടന്നു.കപ്പുകളെല്ലാം കഴുകിവെച്ച് അവള്‍ വരാന്തയിലേക്ക് തിരികെയെത്തി.
നീയെന്താണൊന്നും പറയാത്തതെന്ന് അമ്മ ചോദിച്ചു.
“സ്നേഹ സമ്പന്നയായ മകളല്ലേ. ഒന്നുരിയാടെടി.” ചേട്ടന്റെ കമന്റ് .
“ഞാന്‍ പറയാം ” അവള്‍ തുടങ്ങി.
“കല്യാണം കഴിഞ്ഞാല്‍ മകന് കൂടുതല്‍ ഉത്തരവാദിത്വങ്ങളല്ലേ . പുതിയ ചുമതലകള്‍ വരും. അപ്പോള്‍ മകന്‍ മകന്‍ മാത്രമല്ലല്ലോ. മറ്റു പലതുമാകുന്നുണ്ടല്ലോ. അതാണ് കോടതി പറഞ്ഞത്.”
അമ്മയുടെ കൈയടി.
ഇപ്പോ ക്ളിയറായെന്ന് അച്ഛന്‍.
ചേട്ടന്‍ രോഷാകുലനായി.
“നീയിതങ്ങ് കോളജ് യൂണിയനില്‍ പ്രസംഗിച്ചാ മതി. ഇവിടെ വേണ്ട .മഹള്‍ മാത്രം സ്നേഹസമ്പന്ന. ”
വരാന്തയൊരു കോടതിയുടെ അന്തരീക്ഷത്തിലായി. മകനും മകളും വീറോടെ വാദിച്ചു. അമ്മ സാക്ഷിക്കൂട്ടിലെന്ന പോലെ നിസ്സഹായയായി നിലയുറപ്പിച്ചു.
വാദ പ്രതി വാദം നിയന്ത്രാതീതമായപ്പോള്‍അച്ഛന്‍ പത്രം ചുരുട്ടി തറയില്‍ രണ്ട് അടിയടിച്ചു.
“സൈലന്‍സ്. സൈലന്‍സ്.”
വാദം നിലച്ചു.
“കോടതി ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നു.”
എല്ലാവരും പിരിഞ്ഞു.
അച്ഛന്‍ പത്രം വീണ്ടും നിവര്‍ത്തി.
“സുനന്ദേ , വേറൊരു വാര്‍ത്ത. റഷ്യ വാക്സിന്‍ പുറത്തിറക്കിയിരിക്കുന്നുന്ന് . റഷ്യന്‍ പ്രസിന്‍റ് പുതിന്റെ മകളും വാക്സിന്‍ സ്വീകരിച്ചിരിക്കുന്നു."
“പെണ്‍മക്കള്‍ക്ക് സ്നേഹോണ്ട്ന്ന് പ്പോ മനസ്സിലായില്യേ ."
അടുക്കളയില്‍ നിന്നുള്ള മറുമൊഴി അതായിരുന്നു .
“തെളിയിക്കാന്‍ റഷ്യ ഇടപെട്ടു. അത്ര തന്നെ! ”
------------------------------
No comments:
Post a Comment