02 October, 2022

ഗാന്ധിജിയും ഗുരുദേവനും

ഇന്ന് ഗാന്ധി ജയന്തി.


രണ്ട് പുണ്യാത്മാക്കളുടെ അപൂർവ സംഗമത്തിന്റെ സംക്ഷിപ്ത വിവരങ്ങൾ .........


     മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് 1925 മാർച്ച് മാസത്തിലായിരുന്നു. ശിവഗിരിയിലെ വർക്കല എ.കെ. ഗോവിന്ദ ദാസിന്റെ 'ഗാന്ധ്യാ ശ്രമം'  കെട്ടിടത്തിലായിരുന്നു സന്ദർശന വേദി സജ്ജമാക്കിയിരുന്നത്.  കോട്ടയം ജഡ്ജിയായിരുന്ന എൻ.കുമാരൻ ആയിരുന്നു ദ്വിഭാഷി .



    











സ്വാമിജിക്ക് ഇംഗ്ളീഷ് അറിയില്ലേയെന്ന് ചോദിച്ചു കൊണ്ടാണ്  ഗാന്ധിജി സംഭാഷണം ആരംഭിച്ചത്.
    ഇംഗ്ളീഷ് തനിക്കറിയില്ലെന്നും മഹാത്മജിക്ക് സംസ്കൃതം അറിയാമോയെന്നും ഗുരുദേവൻ മറുചോദ്യം ഉന്നയിച്ചപ്പോൾ സംസ്കൃതം തനിക്കറിയില്ലെന്ന് മഹാത്മജി വ്യക്തമാക്കി.
    വൈക്കത്ത്  ക്ഷേത്ര പ്രവേശനത്തിന് വേണ്ടി നടക്കുന്ന സത്യാഗ്രഹ സമരത്തെപ്പറ്റി ഗാന്ധിജി , ഗുരുദേവനുമായി വിശദമായി ചർച്ച ചെയ്തു.
    വൈക്കം സത്യാഗ്രഹം ശരിയായ രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും, ക്ഷേത്ര പ്രവേശനം മാത്രം പോരെന്നും , അയിത്ത ജാതിക്കാരുടെ അവശതകൾ നിർമാർജ്ജനം  ചെയ്യാൻ അവർക്ക് വിദ്യാഭ്യാസവും ധനവും സമ്പാദിക്കാൻ സാഹചര്യമുണ്ടാകണമെന്നും ഗുരുദേവൻ അഭിപ്രായം  പ്രകടിപ്പിച്ചു. നന്നാകാനുള്ള സൗകര്യം എല്ലാവരുടെയും പോലെ അവർക്കും ലഭ്യമാകണമെന്നാണ് തന്റെ പക്ഷമെന്ന് ഗുരുദേവൻ ഗാന്ധിജിയോട് പറഞ്ഞു.
     അവകാശ സ്ഥാപനത്തിന് സത്യാഗ്രഹം പോരെന്നും ബലപ്രയോഗം തന്നെ വേണമെന്നും ചിലരൊക്കെ  വാദിക്കുന്നുണ്ടല്ലോയെന്നതിനെ കുറിച്ച് സ്വാമിജിയുടെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
    " രാജാക്കന്മാർക്ക് അത്യാവശ്യമായിരിക്കാം. സാധാരണ ജനങ്ങൾക്ക് ബലപ്രയോഗം നടത്തേണ്ട കാര്യമില്ലെന്ന്  ഗുരുദേവൻ വ്യക്തമാക്കി.
    മതപരിവർത്തനത്തെപ്പറ്റിയും ഗുരുദേവന്റെ അഭിപ്രായമാരാഞ്ഞു ഗാന്ധിജി.
     " ആധ്യാത്മികമായ മോക്ഷത്തിന് മതപരിവർത്തനം വേണ്ടതില്ല. എല്ലാ മതങ്ങളുടെയും ലക്ഷ്യം ആത്യന്തികമായ മോക്ഷമാർഗ്ഗമാണ്. ലൗകികമായ സ്വാതന്ത്ര്യമാണ് ജനങ്ങൾ ഇച്ഛിക്കുന്നത്. അത് സഫലമാകുക തന്നെ ചെയ്യും. പക്ഷെ പൂർണ്ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുo."
    ഗുരുദേവന്റെ ആ പ്രവചനം കേട്ടപ്പോൾ ഗാന്ധിജി ചിരിച്ചു.
    തന്റെ ആയുഷ്ക്കാലത്ത് തന്നെ ആ ലക്ഷ്യം സഫലമാകുമെന്ന് ഗാന്ധിജി ശുഭാപ്തി വിശ്വാസം  പ്രകടിപ്പിച്ചു.
    ഹിന്ദു മതത്തിൽ തന്നെ വർണ്ണ വ്യത്യാസമുണ്ടല്ലോയെന്ന് സംഭാഷണത്തിനിടെ ഗാന്ധിജി , ഗുരുവിനോട് സൂചിപ്പിക്കുകയും അക്കാര്യം സമർത്ഥിക്കാൻ സമീപത്തെ ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് ഗാന്ധിജി പറഞ്ഞു.
" അതിലെ ഇലകളെല്ലാം ഒരേ പോലെയല്ലല്ലോ. വലിപ്പ ചെറുപ്പം പ്രകൃതി സഹജമല്ലേ?"
    പ്രത്യക്ഷത്തിൽ അങ്ങിനെ തോന്നുന്നുവെന്നത് ശരിയാണെന്ന്  ഗുരുദേവൻ മറുപടി പറഞ്ഞു. എന്നിട്ടിങ്ങിനെ തുടർന്നു .
    " എല്ലാ ഇലകളുടെയും ചാറിനും സത്തിനും ഒരേ ഗുണവും മണവുമാണല്ലോ. വ്യത്യസ്തമായി  കാണന്നുവെങ്കിലും  ഗുണപരമായി ഒന്നു തന്നെയല്ലേ?"
    ശിവഗിരി സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മഹാത്മജി ഇങ്ങനെ പ്രസംഗിച്ചു.
    " മനോഹരമായ തിരുവിതാംകൂർ രാജ്യം സന്ദർശിക്കാനിടയായതും , പുണ്യാത്മാവായ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ സന്ദർശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാൻ വിചാരിക്കുന്നു."
    കെ.ദാമോദരൻ രചിച്ച " ശ്രീ നാരായണ ഗുരു സ്വാമി" ജീവചരിത്ര ഗ്രന്ഥത്തിൽ 101 മുതൽ 104 വരെ താളുകളിലാണ് പ്രസ്തുത സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത്.

സംക്ഷിപ്തം തയ്യാറാക്കിയത് :
എം.എൻ. സന്തോഷ്
2022 ഒക്ടോബർ 2
   
   
   
   
   
   
     

16 September, 2022

'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ വിശേഷങ്ങള്‍

 


സിനിമ നിരൂപണം -  പത്തൊമ്പതാം നൂറ്റാണ്ട്

എം.എന്‍.സന്തോഷ്

 




 

 

കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ എഴുതപ്പെടാതെ പോയ ഒരു നവോത്ഥാന നായകൻ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി നടത്തിയ ത്യാഗോജ്ജ്വമായ പോരാട്ടത്തിന്റെ കഥയാണ് 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ മാറ്റത്തിന്റെ കാട്ടുതീ പടർത്തിയ ഒരു വീരേതിഹാസമാണ് ബിഗ് സ്ക്രീനിൽ സിനിമാസ്വാദകരെ വിസ്മയിക്കും വിധം ചിത്രീകരിച്ച് പ്രേക്ഷകർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. മലയാള മണ്ണിൽ പിറന്ന ഒരു 'ബ്രഹ്‌മാണ്ഡ' സിനിമ എന്ന്ചിത്രത്തെ വിശേഷിപ്പിക്കാം.




തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ധീര ദേശാഭിമാനിയുടെ ചരിത്രമാണ് പ്രശസ്ത ഫിലിം മേക്കർ വിനയൻ സിനിമക്ക് പ്രമേയമാക്കിയിരിക്കുന്നത്.

ഭൂവുടമയും, സമ്പന്നനും, അതേസമയം അനീതിക്കെതിരെ വാളെടുത്ത് പോരാടാൻ മടിക്കാത്ത ധീരനായ യോദ്ധാവ് കൂടിയായിരുന്നു വേലായുധ പണിക്കർ .

വേലായുധ ചേകവൻ, വേലായുധ കുറുപ്പ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ആ ഈഴവ പ്രമാണിക്ക് ആയില്യം തിരുനാൾ രാജാവ് കൽപ്പിച്ചു നൽകിയ ബഹുമതിയാണ് 'പണിക്കർ' സ്ഥാനം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തിരുവിതാംകൂറിലെ അധ:സ്ഥിത വിഭാഗം ജനങ്ങൾ അനുഭവിച്ചിരുന്ന പീഡനങ്ങളേക്കാളും അതികഠിനമായിരുന്നു അതിനു മുൻ കാലത്തെ അവസ്ഥ.

അയിത്തം, തീണ്ടൽ, ഇവ കൂടാതെ മീശക്കരം, മുലക്കരം, എന്നിങ്ങനെയുള്ള ഹീനമായ വ്യവസ്ഥകൾ കീഴ് ജാതിക്കാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കാനും, കൈയും, കാലും, ശിരസ്സും ഛേദിക്കാനും അന്നത്തെ കേരളത്തിലെ നാടുവാഴികൾക്ക് മടിയില്ലായിരുന്നു. തിരുവായ്ക്ക് എതിരു പറഞ്ഞാൽ തൂക്കിക്കൊല്ലുന്നതും, ജനമധ്യത്തിൽ സ്ത്രീകളുടെ ഉടുതുണി ഉരിയുന്നതും മാറ് മുറിച്ച് രസിക്കുന്നതും തമ്പുരാക്കന്മാരുടെ വിനോദമായിരുന്നു. തീണ്ടൽ ജാതിക്കാർ കൊടും ക്രൂരതകളാണ് അനുഭവിച്ചിരുന്നത്.

അധ:സ്ഥിതന്റെ കണ്ണീരൊപ്പിയും, അവർക്ക് കരുത്ത് പകർന്നും, അന്നവും വസ്ത്രവും നൽകിയും വേലായുധപണിക്കർ രക്ഷകനായി മുന്നിൽ നിൽക്കുന്നു.

കുഞ്ഞാലി മരക്കാരെ പോലെ പഴശ്ശിരാജയെ പോലെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ' ഈ ധീര ദേശാഭിമാനിയും ജീവന്‍ ബലിയര്‍പ്പിക്കുന്നത് വരെ കഥ തുടരുകയാണ്.

ഇത്തരം ഒരു സാമൂഹ്യ വ്യവസ്ഥിതി നില നിന്നിരുന്ന കാലഘട്ടത്തിലേക്കാണ് പ്രതിഭാധനനായ വിനയൻ എന്ന ചലച്ചിത്രകാരൻ ക്യാമറ ചലിപ്പിക്കുന്നത്.

 


 

 

 

 

 

ഇത്തരമൊരു പീരിയോഡിക്ക് സിനിമ ചിത്രീകരിക്കാൻ നിർമ്മാതാവും സംവിധായകനും, കലാസംവിധായകരും , ക്യാമറാ സംഘവും ആർട്ടിസ്റ്റുകളും ഏറെ പാട് പെട്ടിട്ടുണ്ടാകും എന്ന് തീർച്ചയാണ്.

സംഘട്ടന ഭരിതമാണ് സിനിമ . അധ:കൃതന് പിടിച്ചു നിൽക്കാൻ പൊരുതലാണ് ഹിതം എന്നതിന്റെ സൂചനയാകാം.

നൂറ് കണക്കിന് നർത്തകി മാർ ആടുന്ന ഈ സിനിമയിലുള്ളത് പോലെ ഒരു നൃത്തരംഗം സമീപകാല മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല.

ആറാട്ടുപുഴ വേലായുധ പണിക്കരാണ് സിനിമയിൽ നായക സ്ഥാനത്തുള്ളതെങ്കിലും ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്നും പറയാം. തിരുവിതാംകൂറിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരവസ്ഥകൾക്ക് നേരെയാണ് സിനിമ മുഖ്യമായും വെളിച്ചം വീശുന്നത്. സ്ത്രീ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച് നങ്ങേലിയുണ്ട് മുന്നിൽ.പോരാടാൻ വേലായുധപണിക്കരുണ്ടെന്നതാണ് അവർക്ക് ഊർജം.

ആറാട്ടുപുഴ വേലായുധ പണിക്കരും കായംകുളം കൊച്ചുണ്ണിയും സമകാലികരായിരുന്നു എന്ന് സിനിമ കണ്ടപ്പോഴാണ് എനിക്ക് മനസിലായത്. തിരുവാഭരണ പെട്ടി കവർന്ന കൊച്ചുണ്ണിയെ പിടികൂടാൻ കൊട്ടാരം സൈന്യം പരാജയപ്പെട്ടപ്പോൾ ആ ദൗത്യം ഏറ്റെടുത്ത് കൊച്ചുണ്ണിയെ കീഴടക്കുന്നത് പണിക്കരാണ്.

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലാണ് പ്രേക്ഷകൻ ജീവിക്കുന്നതു് എന്ന ഒരു ഫീൽ അനുഭവപ്പെടുന്നുണ്ട്.

സിജു വിൽസൺ ( വേലായുധ പണിക്കർ ) , അനൂപ് മേനോൻ ( ആയിലും തിരുനാൾ രാജാവ് ), വിഷ്ണു വിനയ് (സൈന്യാധിപൻ), ചെമ്പൻ വിനോദ് (കൊച്ചുണ്ണി),ഗോകുലം ഗോപാലന്‍ (പണിക്കരച്ഛന്‍), രാഘവൻ, ഇന്ദ്രൻസ്, ടിനിടോം, മണികണ്ഠൻ ആചാരി  തുടങ്ങി വൻ താരനിരയുണ്ട്നായിക നങ്ങേലിയായി കയാദു ലോഹർ 

 

 

 

 

 

 

 

മലയാളത്തിലെ ഇതിഹാസ സിനിമകളിൽ വീരപുരുഷന്മാരെ അവതരിപ്പിച്ച പ്രേം നസീർ, മമ്മുട്ടി , മോഹൻലാൽ, പൃഥിരാജ്, നിവിൻ പോളി തുടങ്ങിയവരുടെ സിംഹാസനങ്ങളിലേക്ക് വേലായുധ പണിക്കരെ അനശ്വരനാക്കിയ സിജു വിൽസണും സ്ഥാനമുറപ്പിച്ചിരിക്കുന്നു.

ഷാജികുമാറിന്റെ ഫോട്ടോഗ്രാഫിയും, സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും വസ്ത്രാലങ്കാരവുമെല്ലാം സിനിമയുടെ പ്ലസ് പോയിന്റുകളാണ്. റഫീക്ക് അഹമ്മദും, എം.ജയചന്ദ്രനുമാണ് ഗാന ശില്‍പ്പികള്‍. 

ഗാനങ്ങളും , ഗാന രംഗങ്ങളും അതി മനോഹരമാണ്. 


 



 





23 August, 2022

മേഘ ലോകത്തെ വെള്ളിനക്ഷത്രം

 

ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞ അന്ന മാണിയുടെ ജന്മദിനത്തിൽ ഒരു അനുസ്മരണ ക്കുറിപ്പ്


വെതര്‍ വുമണ്‍ ഓഫ് ഇന്‍ഡ്യ


എം.എന്‍.സന്തോഷ്


ആകാശവാണിയില്‍ നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ കേട്ടാല്‍ ചിരിയുടെ പെരുമഴ പെയ്യുന്ന ഒരു കാലമുണ്ടായിരുന്നു.

'ആകാശം പൊതുവെ കാര്‍മേഘാവൃതമായിരിക്കും. കാറ്റ് വീശാനും വീശാതിരിക്കാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴ പെയ്യും.’

നാളും, തിഥിയും അടിസ്ഥാനമാക്കി നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ ഒത്താല്‍ ഒത്തു. കാരണം , അക്കാലത്ത് ഇന്‍ഡ്യന്‍ കാലാവസ്ഥ പഠന രംഗം ശൈശവാവസ്ഥയിലാണ്. കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

ഇന്‍ഡ്യന്‍ കാലാവസ്ഥ ഗവേഷണം പുഷ്ക്കലമാവുന്നത് മലയാളിയായ ഒരു ശാസ്ത്രജ്ഞ നടത്തിയ കണ്ടെത്തലുകളെ തുടര്‍ന്നാണ്. ഇന്‍ഡ്യന്‍ കാലാവസ്ഥ രംഗത്ത് വിപ്ളവകരമായ കണ്ടെത്തലുകള്‍ നടത്തിയ അന്ന മാണിയെ പറ്റിയാണ് പറയുന്നത്. അന്ന മാണിയുടെ ജന്മദിനമാണിന്ന്.

1918 ആഗസ്റ്റ് 23 നാണ് അന്ന മാണി , അക്കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പീരുമേട്ടില്‍ ജനിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എഞ്ചിനിയറായിരുന്നു പിതാവ് എം.പി മാണി. അമ്മ അധ്യാപികയായിരുന്ന അന്നമ്മ.ഇവരുടെ എട്ടുമക്കളില്‍ ഏഴാമത്തെ സന്താനമായിരുന്നു അന്ന.

നല്ല വായന ശീലമുള്ള കുട്ടിയായിരുന്നു അന്ന. വീട്ടിലെ പുസ്തകങ്ങളും, നാട്ടിലേയും വിദ്യാലയത്തിലേയും പുസ്തകശാലകളിലെ മിക്കവാറും ഗ്രന്ഥങ്ങളും അന്ന അതി വേഗം ഹൃദിസ്ഥമാക്കി. എട്ടാം ജന്മദിനത്തില്‍ അന്ന അച്ഛനോട് പിറന്നാള്‍ സമ്മാനമായി ആവശ്യപ്പെട്ടത് 'എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക' എന്ന പുസ്തകമാണ്. പിതാവ് ആ സമ്മാനം നല്‍കിയപ്പോള്‍ അന്ന അതീവ സന്തുഷ്ടയായി.

1939 ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ അന്ന മാണി ഓണേഴ് സ് ബിരുദം കരസ്ഥമാക്കി. 1940 ല്‍ ബാംഗ്ളൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി പഠനമാരംഭിച്ചു. നോബല്‍ ജോതാവ് സി.വി രാമനായിരുന്നു റിസര്‍ച്ച് ഗൈഡ്. വജ്രം പോലുള്ള അമൂല്യ രത്നങ്ങളിലെ പ്രകാശ വികിരണ രീതികളെക്കുറിച്ചായിരുന്നു പഠനം.

1945 ല്‍ ഗവേഷണ പ്രബന്ധം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ചു കൊണ്ട് ബ്രിട്ടനിലെ ഇംപീരിയല്‍ കോളജില്‍ ബിരുദ പഠനത്തിനായി യാത്ര തിരിച്ചു.

ഗവേഷണത്തിനിള്ള അടിസ്ഥാന യോഗ്യതയായ ബിരുദാനന്തര ബിരുദം ഇല്ലെന്ന കാരണത്താല്‍ മദ്രാസ് യൂണിവേഴ്സിറ്റി അന്ന മാണിയുടെ ഗവേഷണ പ്രബന്ധം പരിഗണിച്ചില്ല.

പക്ഷെ , ഈ തിരസ്കാരം അന്നയെ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. അന്നയുടെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗവേഷണ പ്രബന്ധം ഇപ്പോഴും ബംഗ്ളൂരിലെ രാമന്‍ ആര്‍ക്കൈവ്സില്‍ ഒരു അമൂല്യ നിധിയായി സംരക്ഷിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ കാലാവസ്ഥ ശാസ്ത്ര സ്ഥാപനങ്ങളില്‍ പഠനം നടത്തിയശേഷം ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ അന്ന മാണി പൂനയിലെ ഇന്‍ഡ്യന്‍ കാലാവസ്ഥ വിഭാഗത്തില്‍ മെറ്റീരിയോളജിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഇ‍ന്‍ഡ്യയുടെ ‍ കാലാവസ്ഥ രംഗത്ത് അന്ന മാണി നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളുമാണ് ഇന്‍ഡ്യന്‍ കാലാവസ്ഥ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് . നൂറിലധികം കാലാവസ്ഥ ഉപകരണങ്ങള്‍ അന്ന മാണി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഇന്‍ഡ്യ ഉപഭൂഖണ്ഡത്തിനു മീതെയുള്ള സൗരോര്‍ജ വികിരണത്തെപ്പറ്റി വസ്തുനിഷ്ഠമായ പഠനം നടത്തിയത് അന്ന മാണിയാണ്.

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ മെറ്റീരിയോളജിക്കല്‍ ഒബ്സര്‍വേറററി സ്ഥാപിച്ചതും ഇന്‍സ്ട്രമെന്റല്‍ ടവര്‍ സ്ഥാപിച്ചതും അന്ന മാണിയെന്ന ദീര്‍ഘ ദര്‍ശിയായ കാലാവസ്ഥാ ശാസ്ത്രജ്ഞയുടെ പ്രതിഭാ വിലാസമാണ്.

'ഹാന്‍ഡ് ബുക്ക് ഓഫ് വിന്‍ഡ് എനര്‍ജി ഡേറ്റ ഇന്‍ ഇന്‍ഡ്യ’ , 'ഹാന്‍ഡ്ബുക്ക് ഓഫ് സോളാര്‍ റേഡിയേഷന്‍ ഡേറ്റ ഫോര്‍ ഇന്‍ഡ്യ,’സോളാര്‍ റേഡിയേഷന്‍ ഓവര്‍ ഇന്‍ഡ്യ ' . അന്ന മാണി രചിച്ച ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിനു മീതെയുള്ള സൗരോര്‍ജ വികിരണങ്ങളെ കുറിച്ചുള്ള ഈ പ്രബന്ധങ്ങള്‍ ഇന്‍ഡ്യന്‍ കാലാവസ്ഥ മേഖലയിലെ മാനിഫെസ്റ്റോകളായി പരിഗണിക്കുന്നു.

ഇന്‍ഡ്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, അമേരിക്കന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റി, ഇന്‍റര്‍ നാഷണല്‍ സോളാര്‍ എനര്‍ജി സൊസൈറ്റി, വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ മെറ്റീരിയോളജി ആന്റ് അറ്റ്മോസ്ഫെറിക്ക് ഫിസിക്സ് എന്നിങ്ങനെയുള്ള അഖില ലോക സംഘടനകളില്‍ പ്രവര്‍ത്തിച്ചു എന്നത് ആ ശാസ്ത്ര പ്രതിഭയുടെ ലോക സ്വീകാര്യതക്ക് ഉത്തമോദഹരണമാണ്.

' ഇന്‍ഡ്യയുടെ വെതര്‍ വുമണ്‍ ' എന്നാണ് ആ ശാസ്ത്ര പ്രതിഭ ലോകമൊട്ടുക്കും അറിയപ്പെടുന്നത്.

2001 ആഗസ്റ്റ് 16 ന് , എണ്‍പത്തിനാലാം ജന്മദിനത്തിന് തൊട്ടരികെ ആ ആകാശ നിരീക്ഷക മേഘ പാളികളില്‍ വിലയം പ്രാപിച്ചു.

അന്ന മാണിയുടെ സഹപ്രവര്‍ത്തകനായിരുന്നു പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍. 'പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും' എന്ന നോവലില്‍ അദ്ദേഹം കര്‍ക്കശക്കാരിയായ ആ ടീം ലീഡറെ അവതരിപ്പിപ്പിച്ചിട്ടുണ്ട്.


എം.എന്‍.സന്തോഷ്

07 August, 2022

ഒന്റാറിയോയിലെ വര്‍ണ്ണക്കാഴ്ച്ചകള്‍

 














ഒന്റാറിയോയിലെ വര്‍ണ്ണക്കാഴ്ച്ചകള്‍

(ദേവി നെടിയൂട്ടം രചിച്ച ”എന്റെ ഒന്റാറിയോ കാഴ്ചകള്‍” എന്ന പുസ്തകത്തെപ്പറ്റി.

 മനുഷ്യരാശി ഭൂമിയില്‍ ആവാസമുറപ്പിച്ചതെന്നാണോ അക്കാലം മുതല്‍ തന്നെ മനുഷ്യന്‍ ഒറ്റക്കും , കൂട്ടായും സഞ്ചരിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ആവാസകേന്ദ്രത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള സഞ്ചാരം. ഒരു കരയില്‍ നിന്നും മറു കരയിലേക്കുള്ള സഞ്ചാരം.

കായ്കനികള്‍ തേടിയും, വാസസ്ഥലങ്ങള്‍ തേടിയും ആദിമ മനുഷ്യന്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരുന്നു.മനുഷ്യര്‍ മാത്രമല്ല സകല ജീവജാലങ്ങളും ജീവിത മാര്‍ഗങ്ങള്‍ ‍ തേടി മുന്നേറുന്നത് നാം കാണുന്ന കാഴ്ചകളാണ്.
കാണാത്ത കരകള്‍ തേടി സമുദ്ര സഞ്ചാരികളും , സൗരയൂഥത്തിലെ ജീവന്റെ കണികകള്‍ തേടി ഗഗന ചാരികളും പുറപ്പെട്ടതോടെ പുതിയൊരു ലോക ചരിത്രം രചിക്കപ്പെട്ടു.
ഹ്രസ്വ യാത്രയായാലും ദീര്‍ഘ യാത്രയായാലും സഞ്ചാരിക്ക് കൈവരുന്നത് നവാനുഭൂതികളും, അറിവും , ആനന്ദവുമാണ്.

ഭാരതത്തിലെ ജനങ്ങളുടെ സംസ്കാരവും ജീവിതവും അറിയുവാന്‍ ചൈനയില്‍ നിന്നും ഭാരതത്തിലേക്ക് സമുദ്രം താണ്ടിയെത്തിയ സഞ്ചാരിയാണ് ഫാഹിയാന്‍. ബുദ്ധമത ഗ്രന്ഥങ്ങളിലെ തത്വങ്ങള്‍ നേരിട്ടറിയാന്‍ ഭാരതത്തിലെത്തിയ മറ്റൊരു സഞ്ചാരിയാണ് ഹ്യൂന്‍സാങ്ങ്. മലയാളികളുടെ ജീവിതരീതികള്‍ കണ്ടു മനസ്സിലാക്കുവാന്‍ എ.ഡി. ആയിരത്തി അഞ്ഞൂറില്‍ നമ്മുടെ നാട്ടിലെത്തിയ പോര്‍ച്ചുഗീസ് നാവികനാണ് ഡ്വാര്‍ത്ത ബാര്‍ബേസ.

“A discription of the costs of East africa and Malabar” എന്ന കൃതി ബാര്‍ബേസ രചിച്ചതാണ്. ‘പുലപ്പേടി’, ‘മണ്ണാപ്പേടി’ തുടങ്ങിയ കേരളത്തിലുണ്ടായിരുന്ന ദുരാചാരങ്ങള്‍ ഈ പുസ്തകത്തിലൂടെ ‍ അദ്ദേഹം തുറന്നു കാണിച്ചു..
യാത്രാ സൗകര്യങ്ങളും , വാര്‍ത്താ വിനിമയ സൗകര്യങ്ങളും പരിമിതമായിരുന്ന കാലത്ത് പോലും ലോക രാജ്യങ്ങളില്‍ മിക്കവയും സന്ദര്‍ശിക്കുകയും , യാത്രാനുഭവങ്ങളെ പുസ്തകങ്ങളാക്കി അച്ചടിച്ചിറക്കുകയും ചെയ്ത് ലോക സഞ്ചാര സാഹിത്യത്തിലിടം പിടിക്കുകയും ചെയ്ത എസ്.കെ.പൊറ്റക്കാട്.

ലളിതമായ ഭാഷയില്‍ ആകര്‍ഷണീയമായ ശൈലിയില്‍ യാത്രകള്‍ വിവരിച്ച് അദ്ദേഹം വായനക്കകാരെ ആനന്ദിപ്പിച്ചു. യാത്ര ചെയ്യാതെ തന്നെ വായനക്കാര്‍ക്ക് , വായനയിലൂടെ യാത്രയുടെ ആനന്ദം പകര്‍ന്നു നല്‍കാനുള്ള വൈഭവം അദ്ദേഹത്തിന്റെ മാന്ത്രികമായ രചനാശൈലിക്കുണ്ടായിരുന്നു.

ദേവി നെടിയൂട്ടം രചിച്ച “എന്റെ ഒന്റാറിയോ കാഴ്ചകള്‍” എന്ന യാത്രാ വിവരണം വായിച്ചപ്പോള്‍ എനിക്ക് അത്തരം ബോധ്യം തന്നെയാണുണ്ടായത്. യാത്രയിലൂടെ അനുഭവിച്ച ആനന്ദം വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ പറ്റുന്ന വിധം എഴുതാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ഗ്രന്ഥകാരി അഭിനന്ദനം അര്‍ഹിക്കുന്നു.
കാനഡയില്‍ ,മിസ്സിസാഗ നഗരത്തില്‍ മകനോടൊപ്പം കഴിച്ചുകൂട്ടിയ ആറുമാസത്തിനിടെ നടത്തിയ യാത്രകളുടെ ദൃശ്യാത്മകമായ വിവരണമാണ് ‘എന്റെ ഒന്റാറിയോ കാഴ്ചകള്‍’ എന്നകൃതിയുടെ ഉള്ളടക്കം.

വലുപ്പത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള , ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യം, എന്നിങ്ങനെ സവിശേഷതകളുള്ള വടക്കേ അമേരിക്കയിലെ കാനഡയിലെ സുപ്രധാന നഗരമായ ടൊറാണ്ടോയിലെ ഒരു പ്രാന്ത പ്രദേശമായ ‘മിസ്സിസാഗ’യിലാണ് ഗ്രന്ഥകാരി ആറുമാസക്കാലം മകന്റെ കുടുംബത്തോടൊപ്പം താമസിച്ചത്.
ടൊറോണ്ടോയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കാലാവസ്ഥ, ഭരണസംവിധാനം, ജനജീവിതം, തുടങ്ങിയ കാര്യങ്ങള്‍ വളരെ വസ്തുനിഷ്ഠമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വസ്തുതകള്‍ ശേഖരിക്കുന്നതിന് വേണ്ടി സമഗ്രമായ ഒരു ഗവേഷണം ഗ്രന്ഥകാരി നിര്‍വഹിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്.
തുമ്പപ്പൂ പോലുള്ള തൂവെള്ള നിറത്തില്‍ പഞ്ചസാര ചൊരിയുന്നതു പോലെ വീട്ടുമുറ്റത്ത് ഹിമ മഴ ചൊരിയുന്ന കാഴ്ച വളരെ കാവ്യാത്മകമായി വിവരിക്കുന്നുണ്ട്. വനത്തിലെ മേഘങ്ങള്‍ ഒന്നായിച്ചേര്‍ന്ന് പൂക്കളെ പോലെ ഭൂമിയിലേക്ക് പതിക്കുകയാണത്രെ ! കുളിരുന്ന ആ കാഴ്ചകള്‍ വിസ്തരിക്കുമ്പോള്‍ ദേവി നെടിയൂട്ടത്തിന്റെ കാവ്യ ഭാവന ചിറകു വിടര്‍ത്തുന്നതു കാണാം.

സുരക്ഷിത വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികള്‍ മഞ്ഞിലൂടെ സ്കൂളിലേക്ക് അനായാസം നടന്നു പോകുന്ന കാഴ്ച കാണുമ്പോള്‍ , പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിക്കുവാന്‍ അതവരെ പ്രാപ്തരാക്കുകയാണെന്ന് സാധൂകരിക്കുകയാണ് ഗ്രന്ഥകാരി.
വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന അമേരിക്കന്‍ ജനതയുടെ ശുചിത്വ ബോധത്തെ ഗ്രന്ഥകാരി മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്.

നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഭരണാധികാരികള്‍ക്കുള്ള ശ്രദ്ധയും, ധൈര്യവും അതോടൊപ്പം, അത് പാലിക്കണമെന്നുള്ള ജനതയുടെ പൗരബോധവും സൂക്ഷ്മ ദൃഷ്ടിയോടെ വിലയിരുത്തുന്നതും കാണാം.
കാനഡയുടെ സാംസ്ക്കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്റാറിയോ സയന്‍സ് സെന്ററിലൂടെ നടന്നു പോകുമ്പോള്‍ , ഒരു നായയെ ഇടുപ്പിലും താങ്ങി, മറ്റൊന്നിനെ തുടലില്‍ ബന്ധിച്ച് കൈയില്‍ കോര്‍ത്തു പിടിച്ചും, അതേ സമയം സ്വന്തം കുട്ടിയെ സ്ട്രോളറിലിരുത്തി ഉന്തിയും നടക്കുന്നവരുള്ള , അമേരിക്കയിലെ ഇഷ്ടമില്ലാത്ത കാഴ്ചകളും എഴുത്തുകാരി ഫോക്കസ് ചെയ്യുന്നുണ്ട്.

കാനഡയില്‍ കണ്ട കാഴ്ചകള്‍ ഓരോന്നും വിവരിക്കുമ്പോഴും, കുടുംബവിശേഷങ്ങള്‍ പങ്കു വെക്കുമ്പോഴും പൊങ്ങച്ചമൊന്നുമില്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരിയെ പുസ്തകത്തിലുടനീളം കാണാം.

വായനക്കാരന്റെ ഉള്ളു തൊട്ടുണര്‍ത്തും വിധമാണ് ആഖ്യാനം എന്ന് പ്രത്യേകം എടുത്തു പറയണം.
വിദേശവാസികളായ മക്കളുടെ സാമീപ്യം കൊതിക്കുന്ന അമ്മ മനസ്സിന്റെ വിങ്ങലുകളും, അപ്രതീക്ഷിതമായി അവരുടെയടുത്തേക്ക് പറക്കാന്‍ അവസരം യാഥാര്‍ത്ഥ്യമാവുമ്പോഴുള്ള വിസ്മയവും പങ്കുവെച്ചുകൊണ്ടാണ് യാത്രാവിവരണം ആരംഭിക്കുന്നത്.

‘അമ്മ മനസ്സ് ‘ എന്ന ആദ്യ അധ്യായം ഒരു ചെറുകഥയായും വായിക്കാം.
‘അമ്മ മനസ്സ്’ മുതല്‍ ‘എന്റെ രണ്ടായിരത്തി പത്തൊമ്പത് ‘ വരെയുള്ള ഇരുപത്തിയഞ്ച് അധ്യായങ്ങളിലായാണ് ഒന്റാറിയോയിലെ വര്‍ണ്ണക്കാഴ്ച്ചകള്‍ രചിക്കപ്പെട്ടിരിക്കുനത്.
മുഖചിത്രം ഉള്‍പ്പെടെയുള്ള ബാഹ്യരൂപം തന്നെ ഈ പുസ്തകത്തെ മൂല്യവത്താക്കുന്നു എന്ന് പ്രത്യേകം പറയാതെ വയ്യ.


നൂറ്റിയെട്ട് പേജുകളിലായി സംവിധാനം ചെയ്തിരിക്കുന്ന ഈ യാത്രാവിവരണ ഗ്രന്ഥം എറണാകുളം വായനപുര പബ്ലിക്കേഷന്‍സാണ് പ്രസാധനം ചെയ്തിരിക്കുന്നത്. സി.ജി.ജയപാല്‍ മാസ്റ്ററാണ് അവതാരിക എഴുതിയിരിക്കുന്നത്.

വില നൂറ്റിപ്പത്ത് rs.

31 July, 2022

കേശവദേവ് - വിപ്ളവകാരിയായ സാഹിത്യകാരന്‍

 


ലേഖനം

കേശവദേവ് -  

വിപ്ളവകാരിയായ സാഹിത്യകാരന്‍


എം
.എന്‍.സന്തോഷ്





 

 

 

 

 

 

 

 

 

വിശാലമായ പുരയിടത്തിലെ സര്‍പ്പക്കാവുകളുടെ നടുവിലായിരുന്നു പുരാതനമായ നല്ലേടത്ത് തറവാട്.ഫലവൃക്ഷാദികളും, വലിയ കുളങ്ങളുമുള്ള വിശാലമായ പുരയിടം.

ആലുവ മംഗലപ്പുഴ കൊച്ചുവീട്ടില്‍ അപ്പുപിള്ളയുടെയും, വടക്കന്‍ പറവൂര്‍ , കെടാമംഗലം നല്ലേടത്ത് തറവാട്ടില്‍ കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് കേശു‍ എന്നു വിളിച്ചിരുന്ന കേശവപിള്ള ജനിച്ചത്.

കര്‍ക്കിടക മാസത്തിലെ ചോതിയാണന്ന്. അര്‍ദ്ധരാത്രി കഴിഞ്ഞു. കാറ്റും മഴയും ശമിച്ചു. നല്ലേടത്ത് തറവാടിന്റെ പിറകു വശത്ത് ഇടുങ്ങിയ പ്രസവ മുറിയിലെ നിലവിളക്കിന്റെ പ്രകാശത്തില്‍ ശിശുവിന്റെ ശിരസ്സു കണ്ടു. സാമാന്യത്തിലധികം വീതിയുള്ള നെറ്റിയും ജ്വലിക്കുന്ന രണ്ടു കൊച്ചു കണ്ണുകളും.

കുതിച്ചൊരു ചാട്ടവും, ഉച്ചത്തിലുള്ള കരച്ചിലും.

അമ്പോ , കൊച്ചു പുഴുവിന്റെ ഒച്ച. ” മാധവിയമ്മ അഭിനന്ദന സൂചകമായി പറഞ്ഞു.കാര്‍ത്ത്യായനി അമ്മയുടെ അനുജത്തിയാണത്.

1905 ആഗസ്റ്റിലാണ് കേശവദേവ് ജനിച്ചതെന്ന് ആത്മകഥയിലെ ഗ്രന്ഥകാരനെക്കുറിച്ചുള്ള ആമുഖ കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്. കര്‍ക്കിടക മാസവും ചോതി നക്ഷത്രവും താരതമ്യം ചെയ്യുമ്പോള്‍ കേശവദേവിന്റെ ജനന തിയതി 1905 ആഗസ്റ്റ് ഏഴ് എന്നും കൊല്ലവര്‍ഷം 1080 കര്‍ക്കിടകം 23 എന്ന നിഗമനത്തിലെത്താം.

മരുമക്കത്തായ വ്യവസ്ഥ പ്രകാരം തറവാട്ടു കാരണവരായി അമ്മാവന്‍മാര്‍ വിലസുന്ന കാലം. അമ്മാവന്‍ പത്മനാഭപിള്ളയായിരുന്നു നല്ലേടത്ത് തറവാട്ടിലെ കാരണവര്‍ . കടുംപിടുത്തക്കാരന്‍ എന്ന് പേരു കേട്ടയാള്‍.തെല്ലും വിട്ടുവീഴ്ച്ചയില്ലാത്ത പ്രകൃതം. കേശവന്റെ അമ്മയും, സഹോദരിമാരും,അവരുടെ മക്കളും ഉള്‍പ്പട്ട കൂട്ടുകുടുംബമായിരുന്നു നല്ലേടത്ത് തറവാട്. ഏകദേശം മുപ്പതോളം അംഗങ്ങളുണ്ടായിരുന്ന കുടുംബം. കേശവന്റെ അമ്മക്ക് ,കുടുംബം ഭരിക്കുന്ന സ്വസഹോദരനോട് ഭയവും , ഭക്തിയും, ആദരവുമൊക്കെയായിരുന്നു. പക്ഷെ , കേശുവിന് അമ്മാവന്റെ നടപടികള്‍ അത്രക്കങ്ങ് പിടിക്കാറില്ല. 'കൂസലില്ലായ്മ ' കേശുവിന് ബാല്യത്തിലേ പ്രകടമായിരുന്നു.

ജാതിവ്യവസ്ഥ കൊടുംമ്പിരി കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. അയിത്തവും , തീണ്ടലും അനാചാരങ്ങളും, അസമത്വങ്ങളും, നാട്ടിലെമ്പാടും തൊഴിലിടങ്ങളിലും, പള്ളിക്കൂടങ്ങളിലും എല്ലാം വിളയാടുകയായിരുന്നു.

കേശുവിന് മൂക്കിന്‍ തുമ്പത്തായിരുന്നു ദ്വേഷ്യം. അമ്മാവന്റെ കാര്‍ക്കശ്യം മരുമകനിലേക്ക് പകര്‍ന്നതാകാം. കണ്ടും , കേട്ടും വളര്‍ന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നും അത്തരമൊരു വികാരം സ്വാഭാവികമായും രൂപപ്പെട്ടതുമാകാം.

സഹപാഠികളെ ശിക്ഷിക്കുന്നതില്‍ പക്ഷപാതം കാണിച്ചുവെന്ന വാദമുന്നയിച്ച് അധ്യാപകനോട് പിണങ്ങി കേശവന്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങി പോന്ന ഒരു സംഭവമുണ്ടായി. തേഡ് ഫോറത്തില്‍ പടിക്കുമ്പോഴാണത്.

പാഠപുസ്തകങ്ങളോട് ‍ വിരക്തി തോന്നിത്തുടങ്ങിയതും അക്കാലത്താണ്. അതേസമയം കവിതാ പുസ്തകങ്ങളോട് ഇഷ്ടം കൂടി തുടങ്ങിയതും ഇക്കാലത്തു തന്നെ.. ശ്ലോകങ്ങള്‍ ഉരുവിട്ട് പഠിക്കുക ഒരു ശീലമായി മാറി. ശീവൊള്ളി കൃതികള്‍, വെണ്‍മണി കൃതികള്‍, വള്ളത്തോള്‍ കൃതികള്‍ തുടങ്ങിയവ ഹൃദിസ്ഥമാക്കി. അമ്പലപ്പറമ്പുകളിലെ അക്ഷരശ്ലോക സദസ്സുകളില്‍ പങ്കെടുക്കുവാന്‍ തുടങ്ങി.

അക്കാലത്ത് ഒരു സംഭവമുണ്ടായി.

തേഡ് ഫോറത്തില്‍ പഠിക്കുന്ന കേശവന്റെ പ്രോഗ്രസ് ബുക്കില്‍ വേലു നായര്‍ സാര്‍ മോശമായ ഒരഭിപ്രായം എഴുതിവെച്ചു. പ്രോഗ്രസ് ബുക്ക് പരിശോധിച്ച ഹെഡ് മാസ്റ്റര്‍ ഗാര്‍ഡിയനെ വിളിച്ചു വരാന്‍ കേശവനോട് ആവശ്യപ്പെട്ടു. അക്കാര്യം വിസമ്മതിച്ച കേശവന്‍, 'എനിക്കിവിടെ പഠിക്കേണ്ട, ഞാന്‍ പോണു' എന്ന് പറഞ്ഞ് സ്ക്കൂള്‍ വിട്ടിറങ്ങി.


കേശവന്‍ നേരെ പോയത് വീട്ടിലേക്കാണ്.

കാര്‍ത്ത്യായനി അമ്മ വടക്കേ പറമ്പില്‍ കരിയില തൂത്തു കൊണ്ട് നില്‍ക്കുകയാണ്. അവന്‍ അടുത്തു ചെന്നു.

ആ അഭിമുഖം കേശവദേവിന്റെ ആത്മകഥയില്‍ നിന്ന് വായിക്കാം.

അമ്മ മകനോട് ചോദിച്ചു.

"മോനെന്താ, ഇത്ര നേരത്തേ പള്ളിക്കൂടത്തീന്ന് പോന്നത്?”

"ഞാനിനി പള്ളീക്കൂടത്തീപ്പോണില്ലാമ്മേ ."അവന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.

കാര്‍ത്ത്യായനി അമ്മയുടെ മുഖത്ത് വിഷാദം നിഴലിച്ചു. സ്വഗതമെന്ന പോലെ അവര്‍ ചോദിച്ചു.

"പഠിക്കാണ്ടിരുന്നാ മോനെന്തു ചെയ്യും?”

"പള്ളിക്കൂടത്തിലെ പഠിത്തം എനിക്കു വേണ്ട.”

"പള്ളിക്കൂടത്തിലല്ലാണ്ടു പിന്നെവിടാ പഠിക്കണെ ?”

"അല്ലാണ്ടു പഠിക്കാം. ....ഞാന്‍ പഠിച്ചോളാം.”

"ഉം, മോന്റെ ഇഷ്ടം പോലെ ചെയ്തോ.”

അവര്‍ ഊര്‍ദ്ധഭിമുഖയായി കണ്ണുകളടച്ചു. മകന്റെ ശ്രേയസ്സിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ അമ്മ.

എതിര്‍പ്പ് (ആത്മകഥ )- പേജ് 104 ല്‍ കേശവദേവ് പള്ളിക്കൂടത്തോട് വിടപറഞ്ഞ ഈ ഭാഗം അത്യന്തം ഹൃദയാവര്‍ജ്ജകമാണ്.

സ്വന്തം കാലില്‍ നില്‍ക്കണമെന്ന വാശിയില്‍ ഒരു തൊഴില്‍തേടിയുള്ള അലച്ചിലായിരുന്നു പിന്നീട് .ആലുവ, വൈക്കം, മട്ടാഞ്ചേരി, ആലപ്പുഴ ഇവിടങ്ങളിലെല്ലാം കുറെ നാളുകള്‍ അലഞ്ഞു.

സ്വന്തം നാട്ടില്‍ ഒരു ചിട്ടിപ്പിരിവുകാരന്റെ വേഷത്തില്‍ തൊഴിലെന്ന മോഹം സാക്ഷാത്ക്കരിച്ചു. അതോടൊപ്പം സ്ക്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുപ്പും തുടങ്ങി . ഇക്കാലത്താണ് വായനാശീലം ഉടലെടുക്കുന്നത്. സ്വാമി വിവേകാന്ദനെ പറ്റിയുള്ള ഒരു പുസ്തകം വായിക്കാനിടയായത് കേശവന്റെ സ്വഭാവത്തേയും, ചിന്തയേയും മാറ്റി മറിച്ചു. .

സഹോദരന്‍ അയ്യപ്പന്റെ പ്രസംഗം കേള്‍ക്കാനിടയായതോടെ കേശവന്റെ ഉള്ളിലെ ചിന്തയുടെ തീപ്പൊരി മെല്ലെ ജ്വലിക്കാന്‍ തുടങ്ങി.

സഹോദരന്‍ അയ്യപ്പന്‍ തിരികൊളുത്തിയ 'മിശ്രഭോജനം ചെറായിലും, പറവൂരും പരിസരങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു കാലം കൂടിയായിയരുന്നു അത്. നാട്ടില്‍ അലയടിക്കുന്ന ആ വിപ്ളവത്തില്‍ പങ്കാളിയാകാന്‍ കേശവന്‍ അങ്ങോട്ട് വെച്ചുപിടിച്ചു.

അതില്‍ ഭാഗഭാക്കായി തിരിച്ചത്തിയ കേശവന് വീട്ടുകാരുടെ ശകാരം കണക്കിനു കിട്ടി. ഇവന്‍ നന്നാവില്ലെന്ന ശാപവും !

പുതിയൊരു തൊഴിലില്‍ ഏര്‍പ്പെട്ടു. ഖദര്‍ വില്‍പ്പന.

ഖദര്‍ വില്‍പ്പനയുമായി നാടു ചുറ്റുന്നതിനിടയില്‍ ആലുവ മണപ്പുറത്ത് ' ആര്യസമാജം ’ സമ്മേളന വേദിയിലെ പ്രഭാഷണങ്ങള്‍ കേശവപിള്ള ഉള്‍പ്പുളകത്തോടെ കേട്ടു. പ്രത്യേകിച്ചും പണ്ഡിറ്റ് ഋഷിറാമിന്റെ പ്രഭാഷണങ്ങള്‍. അതോടെ ആര്യസമാജത്തില്‍ ചേരണമെന്നായി ആഗ്രഹം.

ആര്യസമാജത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ഉള്ളിലിരിപ്പ് അമ്മയോട് പറഞ്ഞു. വഴി ചെലവിനായി അമ്മ നല്‍കിയ നാലു രൂപയുമായി കേശവപിള്ള പറവൂര്‍ നിന്നും പാലക്കാടുള്ള ആര്യസമാജത്തിന്റെ കേന്ദ്രത്തിലേക്ക് യാത്രയായി.

പണ്ഡിറ്റ് ഋഷിറാമിന്റെ സാന്നിധ്യത്തില്‍ , ‍ ആര്യസമാജത്തിന്റെ ആചാരകര്‍മ്മങ്ങളില്‍ പങ്കെടുത്തു.ഋഷിറാം ഉരുവിട്ട മന്ത്രം ജപിച്ചു കൊണ്ട് കേശവപിള്ള പൂണൂല്‍ ധരിച്ചു.'കേശവപിള്ള' എന്ന പേരില്‍ ജാതിയുടെ ധ്വനിയുണ്ടെന്നും , പിള്ളയെ മാറ്റി 'ദാസ് ' എന്നോ 'ദേവ്' എന്നോ സ്വീകരിക്കാമെന്നും ഋഷിറാം നിര്‍ദ്ദേശിച്ചു.

കേശവപിള്ള ആ നിര്‍ദ്ദേശം അംഗീകരിച്ചു.

കേശവപിള്ളക്ക് ദാസനാവാന്‍ താല്‍പ്പര്യമില്ലായിരുന്നു. ദേവനായാല്‍ മതി. .

'കേശവപിള്ള' യിലെ പിള്ളയെ നീക്കി 'ദേവ് ' പകരം വെച്ചു. അന്നു മുതലാണ് ‍ 'കേശവദേവ് ' എന്നറിയപ്പെടാന്‍ തുടങ്ങിയത്

'കേശവദേവ്' എന്ന മഹത്തായ ആ നാമധേയം അന്ന് സ്ഥിരീകരിക്കപ്പെട്ടു.

ആര്യസമാജം പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്താണ് 'സമദര്‍ശി ബാലകൃഷ്ണപിള്ള'യെ അടുത്തറിയുന്നത്. അക്കാലത്ത് 'സമദര്‍ശി' ത്രൈമാസികയുടെ പത്രാധിപരാണ് ബാലകൃഷ്ണപിള്ള. അതായത് സാക്ഷാല്‍ 'കേസരി എ.ബാലകൃഷ്ണ പിള്ള '.

കുറച്ച് കാലം പ്രവര്‍ത്തിച്ചതിനു ശേഷം ആര്യസമാജത്തില്‍ നിന്നും വിട പറഞ്ഞ് നാട്ടില്‍ തിരിച്ചെത്തി.

ബുദ്ധമതത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് സഹോദരന്‍ അയ്യപ്പന്‍ , ' സഹോദരന്‍’ പത്രത്തിലെഴുതിയ ഒരു ലേഖനം വായിച്ചതിനെ തുടര്‍ന്ന് കേശവദേവ് അതിന്റ ഒരു വിയോജിപ്പ് പത്രത്തിന് അയച്ചു കൊടുത്തു. ആ കത്ത് പത്രാധിപരുടെ വിശദീകരണ കുറിപ്പ് സഹിതം പത്രത്തില്‍ അച്ചടിച്ചു വന്നു. ആദ്യം അച്ചടി മഷി പുരണ്ട കേശവദേവിന്റെ രചന ഇതായിരുന്നു.

ആദ്യ കഥ പ്രസിദ്ധീകരിച്ചത് 'മഹിളാമന്ദിരം’ എന്ന വാരികയിലാണ് . നളിനി, ലീല എന്നീ രണ്ട് പെണ്‍കുട്ടികളുടെ ജീവിതം പ്രതിപാദിക്കുന്ന ആ കഥ വെളിച്ചം കണ്ടതോടെ കേശവദേവ് എഴുത്ത് തുടരാന്‍ നിശ്ചയിച്ചു. 'സ്ത്രീ','സഹോദരന്‍' എന്നീ പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി കഥകള്‍ എഴുതി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും കഥകള്‍ വരാന്‍ തുടങ്ങിയതോടെ കേശവദേവ് എന്ന എഴുത്തുകാരന്‍ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കാന്‍‍ തുടങ്ങി.

സമൂഹത്തിലെ അനീതികള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളായിരുന്നു അദ്ദേഹത്തിന്റ രചനകള്‍.'സഹോദരന്‍ ' പത്രം ഓഫീസില്‍ കിടന്നുറങ്ങിയും, എഴുത്തില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഭക്ഷണം കഴിച്ചും അദ്ദേഹം ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടി.

സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് കേശവദേവ് പൊതുരംഗത്തിറങ്ങിയത്. തൊഴിലാളികളെ സംഘടിപ്പിച്ചും, പ്രസംഗിച്ചും അദ്ദേഹം പൊതുരംഗത്തും സജീവമായിരുന്നു. ആവേശോജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

"ഭാഷയോടും , സാഹിത്യത്തോടും തനിക്കെന്തെങ്കിലും കടമയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. സാഹിത്യകാരനാകണമെന്ന് തനിക്കൊരാഗ്രഹവുമില്ല. തന്റെ കടമ സഹോദര ജീവികളോടാണ്. ആ കടമകളുടെ ബോധത്തില്‍ നിന്നുണ്ടാകുന്ന ചിന്തയും ഭാവനയുമാണ് താന്‍ കടലാസ്സിലേക്ക് പകര്‍ത്തുന്നത്. “

ദേവിന്റെ വാക്കുകളാണിത്.

ഓടയില്‍ നിന്ന്, അയല്‍ക്കാര്‍( കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1964), ഭ്രാന്താലയം, കണ്ണാടി(സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് 1970), തുടങ്ങി ഇരുപതില്‍പ്പരം നോവലുകള്‍‍, മുപ്പതിലേറെ ചെറുകഥകള്‍, നാടകം, ഏകാങ്ക നാടകങ്ങള്‍, കവിത, ആത്മകഥ, തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ കേശവദേവ് പതിപ്പിച്ച സുവര്‍ണ്ണ മുദ്രകള്‍ കാലാതിവര്‍ത്തിയാണ്.

ആദ്യ നോവല്‍ ഓടയില്‍ നിന്ന് , പിന്നീട് ചലച്ചിത്രമാക്കിയപ്പോഴും കാണികളുടെ ഹൃദയത്തിലിടം പിടിച്ചു. റൗഡി, ഒരു സുന്ദരിയുടെ കഥ, ആദ്യത്തെ കഥ, സ്വപ്നം, പ്രതിജ്ഞ എന്നീ നോവലുകളും, വെള്ളിത്തിരയിലെത്തി.

കേശവദേവിന്റെ ആത്മകഥയുടെ പേര് തന്നെ 'എതിര്‍പ്പ് ' എന്നാണ്. ആത്മകഥയിലുടനീളം എതിര്‍പ്പിന്റെ കാഹളം മുഴങ്ങുന്നതു കേള്‍ക്കാം.

പക്ഷെ , വിപ്ളവകാരിയായ ആ സാഹിത്യകാരന്റെ കെടാമംഗലത്തെ ജന്മഗൃഹം , നല്ലേടത്ത് തറവാട് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഇപ്പോഴത്തെ കാഴ്ച , അതൊരു നൊമ്പരപ്പിക്കുന്ന അനുഭവമാണ്.

14 May, 2022

ഡ്വാര്‍ത്ത ബാര്‍ബേസ കണ്ട കേരളം

 

പുലപ്പേടി 

 

1498 മെയ് 17ന് കാപ്പാട് തീരത്ത് കാല്‍ കുത്തിയ വാസ്ക്കോ ഡ ഗാമക്കുശേഷം പോര്‍ച്ചുഗീസ് 

സംഘത്തെ നയിച്ച് കേരളതീരത്ത് കപ്പലടുപ്പിച്ച നാവികനാണ് കാബ്രാള്‍ .  

അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഞ്ചാരികളിലൊരാളായിരുന്നു ഡ്വാര്‍ത്ത ബാര്‍ബേസ .

 

A.D. 1500 മുതല്‍ 1516 വരെ കേരളത്തില്‍ ജീവിച്ച് ഇവിടുത്തെ ആളുകളുടെ ജീവിത 

രീതികള്‍ പഠിക്കുകയും എഴുതുകയും ചെയ്തു ബാര്‍ബേസ്. അദ്ദേഹം രചിച്ച പുസ്തകമാണ് " A 

description of the costs of east Africa and Malabar”.

രാജാക്കന്മാര്‍, ഭരണ സമ്പ്രദായങ്ങള്‍, നീതിന്യായം, കുറ്റം തെളിയിക്കുന്ന രീതികള്‍,  

പടയാളികള്‍, അങ്കക്കളരികള്‍, മരുമക്കത്തായം, താലികെട്ട് കല്യാണം എന്നിങ്ങനെ 

കേരളത്തില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഒക്കെ ബാര്‍ബേസ് ഈ പുസ്തകത്തില്‍ 

എഴുതിയിട്ടുണ്ട്.

 

അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന 'പുലപ്പേടി’, 'മണ്ണാപ്പേടി ' തുടങ്ങിയ 

പൈശാചികമായ ആചാരങ്ങളെ പറ്റിയും ആദ്ദേഹം വിവരിക്കുന്നുണ്ട്.

കാട്ടാളത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ദുരാചാരത്തെ പറ്റി ആദ്യമായി രേഖപ്പെടുത്തിയ 

വിദേശ സഞ്ചാരിയാണ് ബാര്‍ബേസ് .

 

പുലപ്പേടിയും , മണ്ണാപ്പേടിയും ഭയന്ന് നായര്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമായിരുന്നത്രെ!  

തങ്ങളുടെ സ്ത്രീകളെ സ്വന്തമാക്കാന്‍ പുലയര്‍, മണ്ണാന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്ക് 

സവര്‍ണ്ണ മേധാവികള്‍ തന്നെ നല്‍കിയിരുന്ന അവകാശമാണ് പുലപ്പേടി എന്നത് വിചിത്രം!

 

പുലപ്പേടിയും, മണ്ണാപ്പേടിയും നടക്കുന്ന മാസങ്ങളില്‍ സന്ധ്യക്കുശേഷം നായര്‍ സ്ത്രീകള്‍ 

സ്വഭവനങ്ങളില്‍ നിന്നും പുറത്തിറങ്ങാറില്ല. പ്രസ്തുത സമയത്ത് ഒരുവള്‍ പുലയന്റെയോ,  

മണ്ണാന്റേയോ ദൃഷ്ടിയില്‍ പെട്ടാല്‍ 'കണ്ടേ’,’കണ്ടേ ’ എന്ന് വിളിച്ചു പറ‍ഞ്ഞാല്‍ മതി ആ സ്ത്രീ 

ഭ്രഷ്ടായി.

കമ്പോ, കല്ലോ, അടക്കയോ ഒരു സ്ത്രീയുടെ ദേഹത്ത് എറിഞ്ഞ് കൊള്ളിച്ചാലും മതി , ഭ്രഷ്ടായി.  

അങ്ങിനെ ഭ്രഷ്ടായ സ്ത്രീ സ്വഭവനത്തിലേക്ക് തിരിച്ചു പോകാന്‍ പാടില്ല. ഭ്രഷ്ടാക്കിയ പുരുഷന്റെ 

കൂടെയാണ് പിന്നെ ജീവിക്കേണ്ടത്. അതായത് ഭാര്യയായി തന്നെ!

ഒരു സ്ത്രീ ഭ്രഷ്ടാവുകയും, ഭ്രഷ്ട് നടത്തിയവന്റെ പങ്കാളിയാകാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ 

എന്താണ് സംഭവിക്കുക ?

ഒന്നുകില്‍ സ്വന്തക്കാര്‍ അവളെ കൊല്ലും. അല്ലെങ്കില്‍ അന്യമതസ്ഥന് വില്‍ക്കും. രണ്ടിലൊന്ന് ഉറപ്പ്.


പുലപ്പേടിയും, മണ്ണാപ്പേടിയും അനുവദിക്കപ്പെട്ടിരിക്കുന്നത് ചില മാസങ്ങളില്‍ മാത്രമാണെന്നാണ് 

കേള്‍വി. കര്‍ക്കടക മാസത്തിലായിരുന്നുവെന്ന് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എഴുതിയിട്ടുണ്ട്.  

ചിങ്ങമാസത്തിലായിരുന്നുവെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ " ഓണത്തിന്റെ ചരിത്രം” എന്ന 

പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

 

പുലപ്പേടിയെ കുറിച്ച് ഇളംകുളം കുഞ്ഞന്‍പിള്ള ‘അന്നത്തെ കേരളം’ എന്ന തന്റെ ചരിത്ര 

 

പുസ്തകത്തില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു.

 

" പതിനൊന്നാം ശതകം മുഴുവന്‍ നീണ്ടുനിന്ന ചേര ചോള യുദ്ധത്തോടു കൂടി രാജ്യത്തെ 

സ്ഥിതിഗതികള്‍ ആകെ മാറി. കളരി സമ്പ്രദായവും ചാവേറ്റു പടയും ഉടലെടുത്തു. ഭൂമിയില്‍ 

പ്രവര്‍ത്തിക്കാന്‍ നായന്മാര്‍ക്ക് സമയമില്ലാതായി. നമ്പൂതിരിമാര്‍ക്കും രാജാക്കന്മാര്‍ക്കും വേണ്ടി 

യുദ്ധത്തില്‍ മരിക്കുകയാണ് അവരുടെ കടമയെന്ന് വന്നുകൂടി. ആ പരിസ്ഥിതിയില്‍ അടിമകളുടെ 

സംഖ്യവര്‍ദ്ധിപ്പിക്കേണ്ടത് രാഷ്ട്രത്തിന്റെ ആവശ്യമായി തീര്‍ന്നു. അതിന് പരിഹാരമായി പള്ളം,  

ഓച്ചിറ, മുതലായ പടനിലങ്ങളില്‍ നിന്നും പടയണി കാണാന്‍ വരുന്ന നായര്‍ സ്ത്രീകളെ പിടിച്ചു 

കൊണ്ടുപോകാനുള്ള അവകാശം പുലയര്‍ക്ക് ലഭിച്ചു. (History of Kerala Col – II, Page 

274)”


നാടുവാഴിക്കു വേണ്ടി പടനിലങ്ങളില്‍ വെട്ടി ചാകാന്‍ നായര്‍മാരായ പടനായകന്മാര്‍. മണ്ണിനോട് 

പടവെട്ടി വിയര്‍പ്പഴുക്കി അടിമകളെപോലെ പണിയെടുക്കുവാന്‍ ഈഴവര്‍, പുലയര്‍, ചെറുമര്‍,  

മണ്ണാന്‍ തുടങ്ങിയ അധ:കൃത വര്‍ഗ്ഗവും.

ഒരു വിഭാഗം ചത്തൊടുങ്ങുന്നു. തങ്ങളുടെ വംശം കുറ്റിയറ്റുപോകുാതിരിക്കുവാനും, വീര്യവാന്മാരായ 

തലമുറയെ സൃഷ്ടിക്കാനും സവര്‍ണ്ണ മേധാവികള്‍ തന്നെ കീഴളന്മാര്‍ക്ക് അറിഞ്ഞരുളിയ  

മനുഷ്യത്വരഹിതമായ അനുമതിയായിരുന്നു പുലപ്പേടി എന്ന് അനുമാനിക്കാം.

 

പുലപ്പേടി നിയമവും ചട്ടങ്ങളും

1. തനിച്ച് സഞ്ചരിക്കുന്നതോ, വീട്ടിനു പുറത്ത് ഇറങ്ങുന്നവരോ ആയ സ്ത്രീകളെ മാത്രമേ ഇത്തരത്തിൽ ഭ്രഷ്ടരാക്കി സ്വന്തമാക്കാൻ അവകാശം ഉണ്ടായിരുന്നുള്ളൂ.

2 .മൂന്നുവയസ്സെങ്കിലും പ്രായമുള്ള ആൺകുട്ടി ഒപ്പം ഉണ്ടെങ്കിൽ അവരെ ഭ്രഷ്ടരാക്കാൻ പാടില്ല.

3.ഗർഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കിൽ പ്രസവം കഴിഞ്ഞേ അവളെ സ്വന്തമാക്കാൻ പാടുള്ളൂ.

4 .ഈ ഗർഭിണിയെ പ്രത്യേകം പുരകെട്ടി അവിടെ സൂക്ഷിയ്ക്കണം.

5. ഗർഭിണി പ്രസവിക്കുന്നത് ആൺകുട്ടി ആണെങ്കിൽ അമ്മക്ക് ഭ്രഷ്ട് ഉണ്ടാകില്ല.

 

1696 ല്‍ വേണാട്ടരചന്‍ ഈ കാടത്തം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.1680 മുതല്‍ 1718  

വരെ വേണാട് വാണിരുന്നതും , അശ്വതി തിരുനാള്‍ ഉമയമ്മ റാണിയുടെ പുത്രനുമായ ഇരവി വര്‍മ്മ  

തന്റെ മുഖ്യ ഉപദേഷ്ടാവും, രാജ്യ തന്ത്രജ്ഞനുമായ കേരള വര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ്  

ഐതിഹാസികമായ ഈ വിധി നടപ്പിലാക്കിയത്.

അതേ വര്‍ഷം തന്നെ  കേരള വര്‍മ്മ നായര്‍ പടയാളികളാല്‍ വധിക്കപ്പെട്ടു എന്നത് മറ്റൊരു 

ചരിത്രം.

സൈനികോപദേഷ്ടാവ് ന്നതിനു പുറമേ , കവി, സംഗീതജ്ഞന്‍, ഗ്രന്ഥകാരന്‍ എന്ന നിലകളിലും 

കേരള വര്‍മ്മ കീര്‍ത്തിമാനായിരുന്നു..

 

പത്മനാഭപുരം കൊട്ടാരത്തിലുള്ള മ്യൂസിയത്തില്‍ ഒരു ശിലാ ഫലകത്തില്‍ പുലപ്പേടി നിരോധിച്ചു 

കൊണ്ടുള്ള രാജാവിന്റെ ഉത്തരവ് തമിഴില്‍ ആലേഖനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

 

"കുന്നിവായാഴം നിന്‍ട്ര കൊല്ലം 871 മാണ്ട് തൈമാസം ഇരുപത്തിയഞ്ചാം തീയതി വീരകേരള 

വര്‍മ്മ ചറവാ മൂത്ത തമ്പിരാന്‍ കല്‍ക്കുളത്ത് എഴുന്നുള്ള ഇരുന്നരുളി കല്പിത്ത പടിക്ക് രണ്ട് വക 

 മഹാജനവും കൂടി കല്പിത്ത മൊഴിയാവത്. തോവാളയ്ക്കു മേയ്ക്കും കണ്ണേറ്റിക്കു കിഴക്കും കടലിനും 

 മലൈയ്ക്കും അകത്ത് അകപ്പെട്ട നാട്ടില്‍ പുലപ്പേടിയും മണ്ണാപേടിയും ഇല്ല എന്ന് തമ്പുരാന്‍ "

 

അഭിജാത കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കാതിരിക്കാനുള്ള സുരക്ഷാ 

 മുന്‍ കരുതലായിട്ടോ, അനഭിമതയായ സ്ത്രീയെ സ്വകുടുംബത്തില്‍ നിന്ന് ഒഴിവാക്കാനുള്ള 

 തന്ത്രമായിട്ടോ ഇങ്ങനെയൊരു നാട്ടു നടപ്പ് അനുവദിച്ചിരുന്നത് എന്ന് ഈ നീച പ്രവൃത്തിയെ

സൗകര്യപൂര്‍വം വ്യാഖ്യാനിക്കാം .

 

'പുലപ്പേടി ' പേടിക്കാതെ സ്ത്രീകള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
 

നിയമം നടപ്പാക്കിയ രാജാവിനെ നായര്‍ പ്രഭുക്കന്മാര്‍ തന്നെ വധിച്ചു .

സ്വാതന്ത്ര്യം നല്‍കുന്നവര്‍ക്ക് കിട്ടുന്ന ശിക്ഷ !

കാലം മാറി .

രാജഭരണം പോയി. ജനകീയ സര്‍ക്കാരുകള്‍ ഭരണം നടത്തുന്നു. നിയമവും നിയമ പാലകരുമുണ്ട്.

ജനങ്ങള്‍ വിദ്യാസമ്പന്നരുമായി .

എന്നിട്ടും 'പുലപ്പേടി ' യുടെ പ്രേതം പുതിയ രൂപങ്ങളില്‍ ഇപ്പോഴും വിഹരിക്കുന്നില്ലേ ?


എം.എന്‍.സന്തോഷ്

9946132439


കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...