05 February, 2024

ചെറായിലെ താര ദമ്പതികള്‍

 

അഭിമുഖം

ചെറായിലെ താര ദമ്പതികള്‍

 



 

 

 

ചെറായി സുരേഷ്

തിരമാലകളുടെ താളത്തോടൊപ്പം വിവിധ കലകളും ഹൃദയത്തിലേറ്റിയ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കടലോരഗ്രാമമാണ് വൈപ്പിന്‍ കര. അമച്വര്‍ നാടക കാലാകാരന്മാരും ആസ്വാദകരും ധാരാളമുണ്ടായിരുന്നു നാട്ടില്‍. പള്ളിപ്പുറം ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് ക്ളബ്ബ് വാര്‍ഷികങ്ങളില്‍ ഏകാങ്ക നാടകങ്ങള്‍ കളിച്ച് വളര്‍ന്ന സുരേഷ് എന്ന നടന്‍ , ഇടക്കാലത്ത് കെ.പി..സി. സുരേഷ് എന്ന് ,നാടക പ്രേമികള്‍ക്ക് സുപരിചിതനായത് ചരിത്രം. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ നാടക ജീവിതത്തില്‍ മുന്നൂറിലേറെ നാടകങ്ങളും ഏഴായിരത്തോളും നാടക രാവുകളും !നാടകത്തോടുള്ള പ്രണയം ചെറായി സുരേഷിന് ജീവിതോപാധി മാത്രമല്ല സാംസ്ക്കാരിക പ്രവര്‍ത്തനം കൂടിയാണ്.


അനിത


 

കായംകുളം വള്ളികുന്നം തോപ്പില്‍ ഭാസ്ക്കരപിള്ള എന്ന 'തോപ്പില്‍ ഭാസി'യുടെ ഇളയസഹോദരന്‍ ,കെ.പി..സി. നടന്‍ കൂടിയായിരുന്ന കുമാരപിള്ളയുടെയും ചലച്ചിത്ര - നാടക നടി ശാന്ത കെ പിള്ളയുടെയും മകള്‍ അനിത. വല്യച്ഛന്റ നാടക അരങ്ങുകള്‍ അനിതക്ക് ബാല്യത്തിലേ സുപരിതം. ന‍ൃത്തവും പാട്ടും ഇഷ്ടമായിരുന്നതിനാല്‍ വല്യച്ഛന്റെ നാടകങ്ങളില്‍ അനിതയുടെ ശബ്ദം ബാല്യത്തിലേ കോറസിനൊപ്പം മൈക്കിലൂടെ മുഴങ്ങി.പത്താം വയസ്സില്‍ അവിചാരിതമായി കായംകുളം നാടക ശാലയുടെ നാടകത്തില്‍ കുട്ടി വേഷം ചെയ്തു കൊണ്ട് അഭിനയത്തിന് തുടക്കം കുറിച്ചു.

കെ.പി..സി.യുടെ 'സൂക്ഷിക്കുക , ഇടതു വശം പോകുക' നാടകത്തില്‍ അനിതക്കൊപ്പം നായകനായി ചെറായി സുരേഷുമുണ്ടായിരുന്നു. അരങ്ങിലെ നായികയെ ,സുരേഷ് ജീവിതത്തിലേക്ക് വിളിച്ചിറക്കി കൊണ്ടു വന്നു. ജീവിത സഖിയാക്കി. അതോടെ ഇരുവരും കെ.പി..സി. വിട്ടു. പിന്നീടിതു വരെ ഒരേ നാടകങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് 'പുതിയ തീരങ്ങള്‍ ' തേടിയുള്ള നാടക ലോകത്തെ ജൈത്രയാത്ര ഇന്നും തുടരുമ്പോഴും ദമ്പതികള്‍ വിനയവും ലാളിത്യവും മുഖമുദ്രയായി കാത്ത് സൂക്ഷിക്കുന്നു.

അനിതയുടെ നാടക അനുഭവങ്ങള്‍

സുരേഷ് ചേട്ടനോപ്പം കുടുംബ ജീവിതമാരംഭിച്ചതോടെ നാടകത്തിന് നീണ്ട ഇടവേള. ഭാര്യ, അമ്മ, കുടുംബിനി എന്നിങ്ങനെ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന വേഷങ്ങളണിഞ്ഞ് , പത്ത് വര്‍ഷത്തിന് ശേഷമാണ് ചേര്‍ത്തല ജൂബിലിയിലേക്ക് പോകുന്നത്. ജൂബിലിക്ക് വേണ്ടി ഫ്രാന്‍സിസ് ടി മാവേലിക്കര എഴുതിയ പന്ത്രണ്ട് നാടകത്തിലും ഒരുമിച്ചഭിനയിച്ചത് ഞങ്ങള്‍ മാത്രമാണ്


എം.എന്‍.സന്തോഷ്


 

കെ.പി..സി. പുനരവതരിപ്പിച്ച എല്ലാ നാടകങ്ങളിലും അഭിനയിച്ചു. 'നിങ്ങളെന്നെ കമ്യൂണിസ്ററാക്കി'യിലെ സുമാവലി, 'അശ്വമേധ'ത്തിലെ സരള, 'മുടിയനായ പുത്രനി'ലെ രാധ, 'ഒളിവിലെ ഓര്‍മ്മകളി'ല്‍ ഗോപാലന്‍ നായരുടെ ഭാര്യ, എന്‍.എന്‍.പിള്ള രചിച്ച 'മനുഷ്യന്റെ മാനിഫെസ്റ്റോ'യില്‍ ഊമയായി നടിക്കുന്ന സീത . എല്ലാം മുഴുനീള കഥാപാത്രങ്ങളായിരുന്നു.

' ശുദ്ധികലശം ' നാടകം കണ്ട സത്യന്‍ അന്തിക്കാട് 'പുതിയ തീരങ്ങള്‍ ' സിനിമയിലേക്ക് ക്ഷണിച്ചു. ചിത്രത്തില്‍ നമിത പ്രമോദിനൊപ്പം 'സാലമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 'എന്നും എപ്പോഴും ' എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചു.പിന്നീട് പല ഓഫറുകള്‍ വന്നെങ്കിലും നാടകവുമായുള്ള സമയക്രമം പാലിക്കേണ്ടി വന്നതിനാല്‍ സ്വീകരിച്ചില്ല.

വിവാഹ ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് വല്യച്ഛനു( തോപ്പില്‍ ഭാസി)മായി കണ്ടുമുട്ടുന്നത്. 'അവളെന്റെ മുഖത്ത് കരി വാരി തേച്ചു. അവളെ കാണേണ്ട' എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. പക്ഷെ , മഞ്ഞുരുകി. പുതിയ നാടകത്തിലേക്ക് ( ഒളിവിലെ ഓര്‍മ്മകള്‍) അദ്ദേഹം ക്ഷണിച്ചു. അതോടെ ജീവിത നാടകത്തിലെ രണ്ടാം രംഗം ആരംഭിച്ചു.

കെ.പി..സി. സുരേഷ് ആകുന്നത് ?

നാടകത്തില്‍ വന്ന് പെട്ടത് അവിചാരിതമായിട്ടാണ്. സ്ക്കൂള്‍ നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ല. ചേട്ടന്‍ മുരളി നാടകത്തില്‍ അഭിയിക്കുമായിരുന്നു. ചേട്ടന്റെ നാടകങ്ങളില്‍ പ്രോമിട്ടറായി കര്‍ട്ടന് പിറകില്‍ നിന്ന പരിചയം മാത്രം.

ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, കെ.കെ.ധര്‍മ്മന്‍, ഗോപന്‍ കടുവങ്കശ്ശേരി എന്നിവര്‍ സ്റ്റേജില്‍ അഭിനയിക്കുന്നത് കണ്ടപ്പോഴാണ് അഭിനയ മോഹമുദിച്ചത്. പള്ളിപ്പുറത്ത് മാസ്റ്റര്‍ റോയി സംവിധാനം ചെയ്ത ഏകാങ്ക നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാര്‍ത്തികേയന്‍ പടിയത്തിന്റെ 'ശവം തീനി എറുമ്പുകള്‍ ' എന്ന നാടകത്തിലും, പിന്നീട് അദ്ദേഹത്തിന്റെ എല്ലാ നാടകത്തിലും അഭിനയിച്ചു. അതോടെ നടനെന്ന് ,നാട്ടില്‍ ഖ്യാതി പരന്നു.

കുയിലന്റെ ,'കൊച്ചിന്‍ നാടകവേദി'യുടെ ബൈബിള്‍ നാടകത്തിലൂടെയാണ് പ്രൊഫഷണല്‍ നാടക രംഗത്തേക്ക് ചുവട് വെച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും ,സി.പി..സംസ്ഥാന കമ്മിറ്റി അംഗം എസ്.രണദിവേയുമായുള്ള സൗഹൃദത്തിന്റെയും പിന്‍ബലത്തിലാണ് കെ.പി..സി. യിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടത്. കെ.പി..സി.രണ്ടാമത്തെ ടീമിന് വേണ്ടി അഭിനേതാക്കളെ തേടുന്ന സമയമായിരുന്നു. നടന വൈഭവമുണ്ടെങ്കില്‍ മാത്രം നിലനില്‍ക്കാവുന്ന ഇടമായിരുന്നു കെ.പി..സി. 1984 ആണ് കാലഘട്ടം. തോപ്പില്‍ ഭാസി, .എന്‍.വി. , ജി.ദേവരാജന്‍, സുജാതന്‍ തുടങ്ങിയ പ്രതിഭാശാലികള്‍ അണിയറയില്‍. എസ്.എല്‍.പുരം എഴുതിയ 'സിംഹം ഉറങ്ങുന്ന കാട് 'ആയിരുന്നു പ്രഥമ നാടകം. അതിലെ കേന്ദ്ര കഥാപാത്രം ലഭിച്ചത് വഴിത്തിരിവായി. എന്റെ മേഖല നാടകമമെന്ന് തിരിച്ചറിഞ്ഞത് അതോടെയാണ്. പിന്നീട് 'സൂക്ഷിക്കുക ഇടതു വശം പോകുക ' യിലെ കുട്ടന്‍ മേശരിയായി അരങ്ങ് കീഴടക്കി. ‍

ചേര്‍ത്തല തപസ്യയുടെ , ലോഹിതദാസ് രചനയും ടി.കെ.ജോണ്‍ സംവിധാനവും നിര്‍വഹിച്ച 'സിന്ധു ശാന്തമായ് ഒഴുകുന്നു' , സ്വപ്നം വിതക്കുന്നവര്‍, അവസാനം വന്ന അതിഥി എന്നീ നാടകങ്ങളിലും വേഷമിട്ടു.മുപ്പത്തിയഞ്ചോളം നാടകസമിതികളിലായി ഏഴായിരത്തോളം

നാടക രാവുകളാണ് ഓര്‍മ്മയില്‍.

ഹുമതികള്‍

1985 ലാണ് 'സിന്ധു ശാന്തമായ് ഒഴുകുന്നു' എന്ന നാടകത്തിലെ 'ബാപ്പുട്ടി' എന്ന കഥാപാത്രത്തിന് തിരുവനന്തപുരം വികാസില്‍ നിന്നും ആദ്യമായി അവാര്‍ഡ് ലഭിക്കുന്നത്. വേഷത്തിന് പതിനൊന്ന് അവാര്‍ഡുകള്‍ ലഭിച്ചു. 2020 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍‍ഡ്, ഗുരുപൂജ അവാര്‍ഡ് തുടങ്ങി വേറെയും ബഹുമതികള്‍.

'സിന്ധു ശാന്തമായ് ഒഴുകുന്നു' , ലോഹിതദാസിന്റെ തിരക്കഥയില്‍ , ജോര്‍ജ് കിത്തു സംവിധാനം ചെയ്ത 'ആധാരം' എന്ന സിനിമയായപ്പോള്‍ മുരളിയാണ് ബാപ്പുട്ടിയായി അഭിനയിച്ചത്. സിനിമയില്‍ ബാപ്പുട്ടിയെ അവതരിപ്പിച്ച മുരളിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'അവസാനം വന്ന അതിഥി ' നാടകമാണ് , ‘ വിചാരണ' എന്ന സിനിമ. സിനിമയില്‍ മുകേഷാണ് നാടകത്തില്‍ സുരേഷ് ചെറായി ചെയ്ത വേഷം അഭിയിച്ചത്.

നാടക ലോകത്തെ അനുഭവങ്ങള്‍

നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ദേശങ്ങളിലെത്തുമ്പോള്‍ അവിടത്തെ ജനങ്ങളുമായി സംവേദിക്കാറുണ്ട്. അവരുടെ ജീവിത രീതികളും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ചോദിച്ചറിയാറുണ്ട്

 

 

'സിംഹം ഉറങ്ങുന്ന കാട്' , 'ഭഗവാന്‍ കാല് മാറുന്നു ' നാടകങ്ങള്‍ കെ.പി..സി. ഒരേ സമയത്താണ് അവതരിപ്പിച്ച് കൊണ്ടിരുന്നത്. വര്‍ഗീയ വാദികള്‍ വളഞ്ഞിട്ടാക്രമിച്ച നാടകമായിരുന്നു 'ഭഗവാന്‍ കാല് മാറുന്നു ' . ഇടത് സഹയാത്രികര്‍ കൈകോര്‍ത്താണ് നാടകത്തിന് സംരക്ഷണം വലയം തീര്‍ത്തത്. കൈനകരി തങ്കരാജിനൊപ്പം സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ കല്ലുകള്‍ ചീറി വന്ന് സ്റ്റേജില്‍ വീണ അനുഭവങ്ങളുണ്ട്. കെ.പി..സി.യുടെ ബോര്‍ഡ് വെച്ച 'സിംഹം ഉറങ്ങുന്ന കാട്' നാടകത്തിന് വണ്ടിയില്‍ പോകുമ്പോഴും കല്ലേറ് ഭയന്ന് തല താഴ് ത്തിയാണ് ഇരിക്കാറുള്ളത്.

കൊറോണക്കാലത്തെ 'അലാറം'

കോവിഡ് ഭീതിയില്‍ രാജ്യം നിശ്ചലമായപ്പോള്‍ നാടക ലോകവും ഇരുട്ടിലാണ്ടു പോയി. അന്ന് ചേര്‍ത്തല ജൂബിലിയുടെ 'അലാറം' നാടകമാണ് കളിച്ചുകൊണ്ടിരുന്നത്. മുപ്പത് നാടകം കളിച്ചപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

ഇന്നത്തെ നാടക രീതികള്‍

നാടകങ്ങളുടെ ദൃശ്യ-ശ്രാവ്യ ബോധ്യം മാറി. പുതിയ സാങ്കേതിക വിദ്യകള്‍ നാടകവും ഉള്‍ക്കൊണ്ടു. അതിഭാവുകത്വത്തില്‍ നിന്ന് നാടകം മോചിക്കപ്പെട്ടു. നാടകത്തിലെ നാലാം തലമുറയോടൊപ്പമാണ് ഇന്ന് സ്റ്റേജില്‍ നില്‍ക്കുന്നത്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സഞ്ചരിക്കുന്നു.

ഏത് കാലത്തായാലും സത്യം വിളിച്ച് പറയുന്ന കലയാണ് നാടകം. നിരവധി കലാരൂപങ്ങളുണ്ടെങ്കിലും ജീവിതവുമായി മുഖാമുഖം നില്‍ക്കുന്ന കല ഒന്നേയുള്ളു. അത് നാടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇപ്പോഴത്തെ നാടകം

കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ 'ചന്ദ്രികാ വസന്തം' . ഭാര്യ അനിതയും ഒപ്പം അഭിനയിക്കുന്നു. ഏക മകള്‍, നീലിമ സുരേഷ് ,കോട്ടയത്ത് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥ. മരുമകന്‍ ജി.സോഹന്‍ , കായംകുളം ,വള്ളികുന്നത്ത് പൊതു പ്രവര്‍ത്തകന്‍.

കുടുംബ ബാധ്യതകള്‍ പൂര്‍ത്തീകരിച്ചെങ്കിലും , നാടകത്തിന്റ ഫസ്റ്റ് ബെല്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. നാടകം വിളിക്കുകയാണ്. സിനിമക്ക് ഞങ്ങള്‍ അത്യന്താപേക്ഷിതമല്ല. പക്ഷെ നാടകത്തിന് ഞങ്ങളെ വേണം. അതുകൊണ്ടാണ് നാടകത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നത് .ചെറായിലെ താര ദമ്പതികളുടെ നാടക യാത്രകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

എം.എന്‍.സന്തോഷ്




No comments:

Post a Comment