12 March, 2024

അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി


 

 അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി

    സാമൂഹ്യ പരിഷ്ക്കർത്താവായിരുന്ന അയ്യാ വൈകുണ്ഠ സ്വാമികളുടെ 215-)മത്
ജന്മദിനമാണിന്ന് .
1809 മാർച്ച് 12 ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ ശൂചീ
ന്ദ്രത്ത് ശാസ്താംകോവിൽ വിളയിൽ പിന്നോക്ക വിഭാഗമായ ചാന്നാൻ സമുദായത്തിലാണ്
അദ്ദേഹം ജനിച്ചത്.
മാതാപിതാക്കൾ ' മുടി ചൂടും പെരുമാൾ ' എന്ന് പേരു വിളിച്ചു. സവർണ്ണ മേധാവികൾ ആ
പേര് കേട്ടപ്പോൾ കലിതുള്ളി.അങ്ങനെ 'മുത്തുക്കുട്ടി ' എന്ന് പേര് മാറ്റി.


സമത്വ സമാജം
തിരുവിതാംകൂറിലെ ആദ്യത്തെ പൗരാവകാശ സംഘടന എന്ന് വിളിക്കാവുന്ന 'സമത്വ
സമാജം ' സ്ഥാപിച്ചതു് അയ്യാ വൈകുണ്ഠ സ്വാമിയാണ് . മനുഷ്യരെല്ലാം സമന്മാർ
എന്നതായിരുന്നു സമത്വസമാജത്തിന്റെ ആപ്തവാക്യം.ചട്ടമ്പിസ്വാമികളുടെ ഗുരുവായ ഷൺമുഖ വടിവേലു, ശ്രീനാരായണഗുരു , അയ്യങ്കാളി
എന്നീ മഹാത്മാക്കളുടെ ഗുരുവായിരുന്ന തൈക്കാട്ട് അയ്യാവ് എന്നിവർ സമത്വ സമാജത്തിന്റെ
പ്രചാരകരായിരുന്നു. സവർണ്ണർക്കെതിരെയുള്ള പിന്നോക്ക ജാതിയിൽ പെട്ടവരുടെ
കലാപമായിരുന്നു അത് .


1881 മുതൽ എല്ലാ വർഷവും മകര പൊങ്കാല ദിനത്തിൽ
അദ്ദേഹത്തിന്റെ ആസ്ഥാനമായ സ്വാമിത്തോപ്പിൽ നടത്തിവന്ന സമ
പന്തി ഭോജനത്തിൽ ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു,
അയ്യങ്കാളി എന്നിവർ പങ്കെടുത്തിട്ടുണ്ട്.

 


 

സഹപന്തിഭോജനം
1837 ലാണ് 'സമത്വ സമാജം ' എന്ന സംഘടന രൂപീകരിച്ചത് . സമത്വ സമാജത്തിന്റെ
നേതൃത്വത്തിൽ നാനാജാതി മനുഷ്യർ ചേർന്ന് ചരിത്രത്തിലെ ആദ്യത്തെ 'സഹപന്തി
ഭോജനം ' നടത്തി സാമൂഹ്യ തിന്മകൾക്കെതിരെ വിപ്ളവകരമായ പോരാട്ടം നടത്തി.


 

അയ്യാവഴി
ഏക ദൈവാധിഷ്ഠിതമായ 'അയ്യാവഴി ' എന്ന മത വിഭാഗം, കണ്ണാടി പ്രതിഷ്ഠ ,
സഹപന്തിഭോജനം തുടങ്ങി നിരവധി സാമൂഹ്യ വിപ്ളവങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
' അയ്യാവഴി ' എന്ന മത വിഭാഗം സ്ഥാപിച്ചതോടെയാണ് 'അയ്യാ വൈകുണ്ഠൻ '
എന്നറിയപ്പെട്ടത് . അയ്യാവഴി മതവിഭാഗം അനൗദ്യോഗിക മതമായി ഇപ്പോഴും കന്യാകുമാരി,
തൂത്തുക്കുടി, തിരുനൽവേലി എന്നീ ജില്ലകളിലുണ്ട്.
വസ്ത്രധാരണത്തിന് പോലും കീഴ്ജാതിക്കാർക്ക് വിലക്കുണ്ടായിരുന്ന കാലത്ത് , ഇഷ്ടമുള്ള
വസ്ത്രം ധരിക്കാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്ത് നടപ്പിലാക്കി.കൂലിയില്ലാതെ നിർബന്ധമായി ചെയ്യേണ്ട 'ഊഴിയവേല 'ചെയ്ത് വന്ന പുലയർ, പറയർ,
കുറവർ, ചാന്നാൻ തുടങ്ങിയ കർഷക വിഭാഗം ജനങ്ങളെ അത് ലംഘിക്കാൻ ആഹ്വാനം
ചെയ്തു. കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത് എന്നദ്ദേഹം അവരെ പറഞ്ഞ് മനസിലാക്കി.
മേൽജാതിക്കാർക്ക് മാത്രമേ അക്കാലത്ത് തലപ്പാവ് ധരിക്കാൻ അവകാശമുണ്ടായിരുന്നുള്ളു.
താഴ്ന്ന ജാതിക്കാരേയും അദ്ദേഹം തലപ്പാവ് ധരിപ്പിച്ചു.


 

കണ്ണാടി പ്രതിഷ്ഠ
ശ്രദ്ധേയമായ ഒരു ആരാധനാ സമ്പ്രദായത്തിനും അദ്ദേഹം തുടക്കം
കുറിച്ചു. 'സ്വാമിത്തോപ്പ് ' എന്ന അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിൽ
വിഗ്രഹത്തിന് പകരംകണ്ണാടി പ്രതിഷിച്ചു. തലപ്പാവ് വെച്ച്
കണ്ണാടിക്ക് മുന്നിൽ നിന്ന് അതിൽ കാണുന്ന പ്രതിബിംബത്തെ
വണങ്ങി ആരാധിക്കാൻ പറഞ്ഞു.
ജാതി മത ഭേദമന്യേ എല്ലാവർക്കും താമസിക്കാനും പ്രാർത്ഥന
നടത്താനും 'നിഴൽ തൻ കർ ' എന്ന വഴിയോര കോവിലുകൾ സ്ഥാപിച്ചു.
പിന്നോക്കക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്ന പൊതു കിണറുകൾക്ക് പകരം എല്ലാവർക്കും
ഉപയോഗിക്കാൻ വേണ്ടി 'മുന്തിരി കിണറു'കൾ പണിതു.
തിരുവിതാംകൂറിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് കൊണ്ട് മാറു മറക്കൽ
പ്രക്ഷോഭത്തിന് നേതൃത്വം നൽകി.


ഒരു ജാതി , ഒരു മതം , ഒരു ദൈവം , ഒരു ഭാഷ , ഒരു കുലം , ഒരു ലോകം
'ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ഭാഷ, ഒരു കുലം, ഒരു ലോകം ' എന്നത് അദ്ദേഹം
പ്രചരിപ്പിച്ച ഒരു സന്ദേശമായിരുന്നു.
നിരവധി ആചാര ലംഘന കുറ്റങ്ങളും രാജ്യദ്രോഹ കുറ്റങ്ങളും ചുമത്തി അന്നത്തെ
തിരുവിതാംകൂർ മഹാരാജാവ് അദ്ദേഹത്തെ നൂറ്റിപ്പത്ത് ദിവസം കാരാഗൃഹത്തിലടച്ചു.
1851 ൽ 42 വയസിലാണ് അദ്ദേഹം അകാല ചരമമടഞ്ഞത് .
ആ കർമ്മയോഗി തുടക്കമിട്ട സാമൂഹ്യ പരിഷ്ക്കരണ ആശയങ്ങളും പ്രവർത്തനങ്ങളുമാണ്
അദ്ദേഹത്തെ പിന്തുടർന്ന സാമൂഹ്യ വിപ്ളവകാരികൾക്ക് ഊർജ്ജം പകർന്നത്.
കേരളത്തിലെ നവോത്ഥാന വിപ്ളവത്തിന്റെ പതാക വാഹകരില്‍‍ ‍ അയ്യാ വൈകുണ്ഠ
സ്വാമികള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട് .
- എം . എന്‍ . സന്തോഷ്

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...