04 December, 2018

കഥ




പപ്പേട്ടന്റെ ആ ദിവസം

എം.എന്‍.സന്തോഷ്

9946132439

തുള്ളിക്കൊരുകുടം പെയ്യുന്ന ഒരു സന്ധ്യക്കാണ് പപ്പേട്ടന്‍ വീട്ടിലേക്ക് കയറി വന്നത്.ഇറക്കമുള്ള കുപ്പായത്തിന്റെ കീശയില്‍ നിന്നും തൂവാലയെടുത്ത്, ശിരസ്സില്‍ പതിച്ച വെള്ളം തുവര്‍ത്തി നനഞ്ഞ് നില്‍ക്കുന്ന പപ്പേട്ടനെക്കണ്ട് അരുന്ധതി ടീച്ചര്‍ അമ്പരുന്നു.
തുണി സഞ്ചി തോളില്‍ നിന്നെടുത്ത് മടിയില്‍ വെച്ച് , ദിവാന്‍ കോട്ടിന്റെ ഒരറ്റത്ത് അയാളിരുന്നു.പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള വരവ്. ഹാ ! ഈ അനുജത്തിയെ തേടി ഇപ്പോഴെങ്കിലുമെത്തിയല്ലോ പ്രശസ്തനായ പത്മരാജന്‍ എന്ന പപ്പേട്ടന്‍.
അച്ഛന്റെ അന്ത്യാഭിലാഷമായിരുന്നു മോനെയൊന്ന് കാണണമെന്ന്.അമ്മ പലവട്ടം കത്തയച്ചു. ആളെ വിട്ടു.വന്നില്ലല്ലോ അന്ന് .ഉറ്റവരെ ഉപേക്ഷിച്ചും നാടും വീടും ്യജിച്ചും പ്രശസ്തിയിലേക്കുള്ള പാച്ചിലായിരുന്നു.ഒടുവില്‍ ചിതാഗ്നി പകരാനെങ്കിലും എത്തണേയെന്ന് അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു.അന്ന് എന്തൊരഹന്തയായിരുന്നു.പ്രശസ്തിയുടെ, പണത്തിന്റെ,പകയുടെ.....

ഒരു പ്രദേശം മുഴുവനുമുള്ള ഭൂസ്വത്ത്.സ്വന്തം കെട്ടിടങ്ങള്‍. നാട്ടുകാരുടെ പ്രിയങ്കരനായ കേശവന്‍ മാഷിന് ഒരു പലചരക്ക് കടയുമുണ്ടായിരുന്നു നാല്‍ക്കവലയില്‍.കോളജില്‍ പഠിച്ചിരുന്ന ചേട്ടനപ്പോള്‍ ലൈബ്രറി പ്രവര്‍ത്തനവും പ്രസംഗവുമായി നാട് ചുറ്റി നടന്നപ്പോള്‍ അച്ഛന് വേവലാതിയായിരുന്നു. മോനെ ഡോക്ടറാക്കണം .അച്ഛന് അതായിരുന്നു ആശയെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

സ്ക്കൂള്‍ പഠിപ്പ് കാലത്ത് താന്‍ കവിതകളെഴുതിയിരുന്ന കാര്യം അരുന്ധതി ടീച്ചറോര്‍ത്തു. അച്ഛന്റെ പലചരക്ക് കടയിലെ അരികഥച്ചാക്കിന് മേലിരുന്ന് കുഞ്ഞ് അരുന്ധതി കവിതകളെഴുതി . കടയിലെ റാഫേലേട്ടന്‍ നല്‍കുന്ന തുണ്ട് കടലാസ്സുകളില്‍ കവിതകള്‍ നിറഞ്ഞു. പൂക്കളും, പൂമ്പാറ്റകളും മാത്രമല്ല മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കുഞ്ഞരുന്ധതിയുടെ ഭാവനയില്‍ നിന്നും കുഞ്ഞലകളുയര്‍ത്തി കാവ്യകല്ലോലങ്ങളായൊഴുകി. കപ്പലണ്ടികേക്കും , പൊരിച്ചുണ്ടയും നല്‍കി അരുന്ധതിയുടെ കവിതാ ചാതുരിയെ റാഫേലേട്ടന്‍ പോഷിപ്പിച്ചു.

വീട്ട് വളപ്പിലെ മാവിന്റെ തൂശാന്‍ കൊമ്പത്ത് അച്ഛന്‍ കാണാതെ ഒളിവില്‍ പാര്‍ത്തിരുന്ന് പപ്പേട്ടന്‍ പരീക്ഷക്ക് പഠിച്ചു. മൊന്തയില്‍ അമ്മ തന്നയക്കുന്ന ചൂടന്‍ ചായയും, പലഹാരങ്ങളും കുഞ്ഞനുജത്തി മാവില്‍ വലിഞ്ഞ് കയറി മുകളിലെത്തിച്ച് ട്ടന്റെ പട്ടിണിയകറ്റാന്‍ പണിപ്പെട്ടു.
വീട്ട് വളപ്പിലെ വാകമരക്കൊമ്പില്‍ കുയില്‍ മെല്ലെ മെല്ലെ ശ്രുതി താഴ്ത്തുമ്പോള്‍ വയല്‍ വരമ്പിനപ്പുറത്ത് മേലേടത്ത് മനയിലെ രഞ്ജിനി ചേച്ചിയുടെ വയലിനില്‍ തന്ത്രികളുണരും.
പ്പോള്‍ പപ്പേട്ടന്‍ പാഠപുസ്തകം അടച്ച് വെക്കും.നോട്ടു പുസ്തകത്തില്‍ നിന്നും താളുകള്‍ ചീന്തിയെടുത്ത് പേന പിടിച്ചിരിക്കുന്നതും, വയലിനില്‍ നിന്നുതിരുന്ന രാഗത്തിനൊപ്പം മൂളുന്നതും എഴുതുന്നതും കാണാം. വയലിനില്‍ പാട്ട് തീരുമ്പോള്‍ പപ്പേട്ടന്റെ ഴുത്തും തീര്‍ന്നിട്ടുണ്ടാകും.
കടലാസ്സ് മടക്കി ജനത വായന ശാലയില്‍നിന്നും വായിക്കാനെടുത്ത പുസ്‍തകത്തില്‍ ഒളിപ്പിച്ച്
വെച്ച് തന്നെ പതുക്കെ വിളിച്ച് , ആരതിക്കുട്ടി, ഈ ലൈബ്രറി രഞ്ജിനിക്ക് കൊടുത്തിട്ട് വരു എന്ന് പറയും.
ഒരു ദിവസം സ്ക്കൂളില്‍ നിന്നും വരും വഴി പലചരക്ക് കടക്കാരന്‍ റാഫേല്‍ അരുന്ധതിക്ക് ഒരു പുസ്തകം സമ്മാനിച്ചു.ഒരു പുത്തന്‍ പുസ്തകം. നിറയെ കവിതകള്‍.പത്മരാജന്റെ കവിതകള്‍ എന്ന് പുസ്തക പേര്.അരുന്ധതി കവിതകള്‍ ഒന്നൊന്നായി വായിച്ചു. അരിമണി കൊറിച്ച് ചാക്കിന്‍ മുകളിലിരുന്ന് വെറുതേ സമയം കളയുമ്പോള്‍ എഴുതിപപ്പേട്ടന്റെ ആ ദിവസംയ വരികള്‍. അതേ പാട്ടുകള്‍.അരുന്ധതി പാദാദികേശം വിറകൊണ്ടു.പുസ്തകത്തിന്റെ പുറം ചട്ടയില്‍ പപ്പേട്ടന്റെ പടം. പുസ്തകം ചുരുട്ടി റാഫേലിന്റെ മുഖത്തേക്ക് ആഞ്ഞെറിയുമ്പോള്‍ അരുന്ധതി കരഞ്ഞു.
എടാ, റപ്പായി നിന്നെപ്പിന്നെ കണ്ടോളാമെടാ.”
ആരതിക്കുട്ടീ, , കവിതയുണ്ടായിട്ട് കാര്യമില്ല മോളെ . ഇതിന് പിടിപാട് വേണം. പപ്പനെക്കണ്ട്പഠിക്ക് .മോള് നോക്കിക്കോ , പത്മരാജന്‍ ഈ നാട്ടിലെ വലിയ കവിയാകും.റാഫേല്‍ പിന്നെയും ചിരിച്ചു..
    അരുന്ധതി പിന്നെ ആരും കാണാതെ എഴുതി. എഴുതി എഴുതി ഒരു നോട്ട് പുസ്തകം നിറഞ്ഞു.പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാ മതി എന്ന് പറയുന്ന അച്ഛന്‍ കവിത പുസ്തകം കണ്ടാല്‍ ശകാരിക്കും.ചെലപ്പോ കീറീം കളയും.കവിതകള്‍ എഴുതിയ പുസ്തകം സൂക്ഷിക്കാന്‍ സുരക്ഷിതമായ ഇടം രഞ്ജിനി ചേച്ചിയാണ്.
  • തന്റെ കവിതകളോട് പ്രിയമായിരുന്നു രഞ്ജിനി ചേച്ചിക്ക. ആ വരികള്‍ വയലിന്‍ വായിച്ച് രഞ്ജിനി ചേച്ചി പാടുമായിരുന്നു.
  • "പപ്പേട്ടനെ പോലെ നിനക്കും ഒരു കവിത പുസ്തകമിറക്കിക്കൂടെ ആരതി ?
  • വേണ്ട . അച്ഛനെ പിണക്കണ്ട.പുസ്തകമിറക്കല്‍ അത്രക്ക് വെല്യ കാര്യോന്ന്വല്ല.”
  • അച്ഛന്റെ ഹിതം നോക്കാതെ പപ്പേട്ടന്‍ പാട്ടുകള്‍ എഴുതി.. വാരികകളിലൂടെയും കാവ്യകൃതികളിൂടെയും പത്മരാജനെ നാടറിഞ്ഞു.

മഴ തോര്‍ന്നിട്ടില്ല.മഴയോടൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ മുറ്റത്തെ മാവിന്റെ ശിഖരങ്ങള്‍ പിളര്‍ന്ന് വീഴുന്നു.
പപ്പേട്ടാ നോ സെന്റിമെന്റെസ് . അച്ഛനുമമ്മക്കും സ്നേഹമായിരുന്നു പപ്പേട്ടനോട്. മരിക്കും വരെ. അവര്‍ സന്തോഷിക്കുകയാവും ഈ വളര്‍ച്ചയില്‍ . .”
നിന്റെ കവിതയില്‍ നിന്നാണല്ലോ എന്റെ തുടക്കം.പിന്നെ കുറെ എഴുതി.പുസ്തകങ്ങളായി. പ്രശസ്തിയായി.പക്ഷെ അത് പറയാനല്ല ഞാന്‍ വന്നത്. “

ഒരു മഹാപ്രളയവും കഴിഞ്ഞു. പുണ്യപാപങ്ങളെല്ലാം കഴുകി തുടച്ച് പൊയ്ക്കഴിഞ്ഞു.ഇനിയെങ്കിലും ജനിച്ച മണ്ണിലൂടെ പകല്‍വെട്ടത്തില്‍ ഒന്ന് നടന്നു കൂടെ പപ്പേട്ടാ?”​​
രഞ്ജിനിയുടെ കൈ പിടിച്ച് നാട് വിട്ട ആ ദിവസം അരുന്ധതിയെ കണ്ടിട്ടാണ് പോയത്.. ഓര്‍ക്കുന്നുണ്ടോ?അന്ന് രണ്ട് വളകളും മാലയും ഊരി എന്റെ കീശയിലിട്ട് കൊണ്ട് നീ പറഞ്ഞു.ഇത് എന്റെ സ്വന്തം ഏടത്തിയാണ് .നോക്കിക്കോണം എന്ന്.”


നിങ്ങള്‍ പോയി.അച്ഛന്‍ എന്നെ മുറിയില്‍ അടച്ചിട്ടു.തല്ലി. ചത്തില്ലെന്ന് മാത്രം.പിന്നെയൊന്നും പപ്പേട്ടനറിഞ്ഞിട്ടില്ല. ”
വീടിന് ഞാനുണ്ടാക്കിയ നാണക്കേടുകള്‍. തറവാട് കുളം തോണ്ടിയത്. കഥകള്‍ ഇനിയുമുണ്ടാകും അരുന്ധതിക്ക് പറയാന്‍ അല്ലേ? ”
അയാള്‍ തിടുക്കത്തില്‍ എഴുന്നേറ്റു.
എവിടെ നിന്റെ മോള്? മാമന്‍ വന്നിരുന്നെന്ന് അവളോട് പറയണം.”
സഞ്ചിയില്‍ നിന്നും ഒരു കൂട് ബിസ്ക്കറ്റും ഒരു പുസ്തകമെടുത്ത് ടീപ്പോയില്‍ വെച്ചിട്ട് മുറിയില്‍ നിന്നിറങ്ങി കുടയെടുത്ത് നിവര്‍ത്തി ഇരുട്ടില്‍ പെയ്യുന്ന മഴയിലൂടെ പത്മരാജന്‍ നടന്നകന്നു.
അച്ചടി മഷിയുടെ മണം മാറാത്ത ആ പുസ്തകം അരുന്ധതി കൈയിലെടുത്തു.
അരുന്ധതിയുടെ കവിതകള്‍.”
പൂമുഖപ്പടിയിലിരുന്ന് മഴക്കാഴ്ച കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പുസ്തക ചട്ടയില്‍.

അരുന്ധതി താളുകള്‍ ഓരോന്നായി മറിച്ചു.താളുകളില്‍ മഴ ചൊരിയുന്നു.മഴയോടൊപ്പം വയലിനിന്റെ സംഗീതവും പെയ്യുന്നു.കൊയ്ത്ത് കഴിഞ്ഞ പാടത്തിനപ്പുറത്ത് നിന്നും ഒരു ഗായിക പാടുന്നു.....


13 August, 2018

പുസ്തക പരിചയം


പതിവ് തെറ്റാതെ പെയ്യുന്ന തുലാ മഴകള്‍ - ആസ്വാദനം 
 
എം. എന്‍. സന്തോഷ്


കാഥിക സാമ്രാട്ട് ശ്രീ കെടാമംഗലം സദാനന്ദന്റെ നാട്ടില്‍ നിന്നും ഒരു കാഥിക – കഥാകാരി- കഥ പറഞ്ഞ് പറഞ്ഞ് മലയാള സാഹിത്യത്തറവാട്ടിന്റെ മുറ്റത്ത് എത്തിയിരിക്കുകയാണ്. "പതിവ് തെറ്റാതെ പെയ്യുന്ന തുലാ മഴകള്‍" എന്ന കഥാസമാഹാരം രചിച്ച ശ്രീമതി ജിബി ദീപക്കിന് ആശംസകളും അനുമോദനങ്ങളും സമര്‍പ്പിക്കുന്നു.

ഡോ.ഗീതസുരാജ് എഴുതിയ അവതാരിക ഈ പുസ്തകത്തിന് ഒരു മുതല്‍ക്കൂട്ടാണ്.(കഥയില്ലായ് മയേയും കഥകളാക്കി മാറ്റാനുള്ള കഴിവ് ജിബിക്കുണ്ട്.തീരെ ചെറിയ കഥകളാണ് അധികവും.പുറം ലോകത്തേക്കോ പ്രകൃതിയിലേക്കോ ഈ കഥാജാലകങ്ങള്‍ അധികം തുറക്കുന്നില്ല. എങ്കിലും കഥ പറച്ചിലിന് ഒരു കൈയടക്കവും ലാളിത്യവുമുണ്ട് - ഡോ. ഗീതാസുരാജ് ). കഥകളെക്കുറിച്ച് സത്യസന്ധമായ ഒരു വിലയിരുത്തല്‍ ഡോ.ഗീതസുരാജ് നിര്‍വഹിച്ചിട്ടുണ്ട്.പറവൂര്‍ സാഹിത്യവേദി കണ്‍വീനര്‍ ശ്രീ പറവൂര്‍ ബാബു ‌വിന്റെ ആശംസകുറിപ്പ് പുസ്തകത്തിന് ആമുഖമായുണ്ട്.

ജീവിതത്തിന്റെ തിരക്കിട്ട വഴികളിലൂടെ നമ്മള്‍ പോകുമ്പോള്‍ നിരവധി കാഴ്ച്ചകള്‍ കാണാറുണ്ട്.അനുഭവങ്ങളുണ്ടാകാറുണ്ട്. ചിലതെല്ലാം മറക്കും , അവഗണിക്കും. പക്ഷെ ഭാവനയുടെ ജാലകത്തിലൂടെ ഈ കാഴ്ച്ചകളെല്ലാം കണ്ട് കൊണ്ട് ചില ആളുകള്‍ ഇരിക്കുന്നുണ്ട്.കവികളും കലാകാരന്മാരും. ഈ ചലനങ്ങളും , സുഗന്ധങ്ങളും , നിലവിളികളും എല്ലാം പിടിച്ചെടുക്കുകയും അക്ഷരങ്ങളിലൂടെ പുന:സൃഷ്ടിക്കുകയും ചെയ്യുന്നവര്‍.സമൂഹത്തെ നിരീക്ഷിക്കുവാനും അമ്പരപ്പിക്കുന്ന് അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന ആ കാഴ്ച്ചകളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാനുമുള്ള കഴിവുള്ള എഴുത്തുകാര്‍. ആ ഒരു പ്രതിഭാ വിലാസം അനുഗ്രഹീതമായ ആ കഴിവ് ശ്രീമതി ജിബി ദീപക്ക്ന് ഉണ്ട് എന്നാണ് ഈ കഥകള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. സമൂഹത്തെ വ്യത്യസ്തമായ കോണിലൂടെ വീക്ഷിക്കുവാനും യഥാതഥമായി സാഹിത്യ ആവിഷ്ക്കാരം നടത്താനും ശ്രീമതി ജിബി ദീപക്കിന് കഴിഞ്ഞിരിക്കുന്നു.

വാര്‍ദ്ധക്യത്തിന്റ ദൈന്യത, കുടുംബിനികളുടെ ഗൃഹാതുരതകള്‍, സ്നേഹത്തിനായുള്ള ആശ. സ്ത്രീത്വത്തിന്റെ വിവിധ മുഖങ്ങള്‍ കഥകളിലൂടെ ആവിഷ്ക്കരിക്കാന്‍ കഥാകൃത്ത് ശ്രമം നടത്തിയിരിക്കുന്നു.

പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍ - കൃതിയുടെ ശീര്‍ഷകം അതാണ്.ഈ ശീര്‍ഷകത്തിലുള്ള എട്ടാമത്തെ കഥ, പേജ് 35 . ഈ കഥയില്‍ കഥാന്ത്യത്തില്‍ ഒരു തുലാവര്‍ഷ മഴയുടെ ശീല്‍ക്കാരം കേള്‍ക്കുന്നുണ്ട്.അമ്മായിഅമ്മയുടെ നിര്‍ദ്ദാഷിണ്യമുള്ള പരിഹാസത്തില്‍ നൊമ്പരപ്പെടുന്ന നവവധുവായ മഞ്ജുളയുടെ കണ്ണുകള്‍ ഈറനണിയുമ്പോഴാണ് കഥാകാരി ഒരു തുലാവര്‍ഷ കോളിന്റെ മര്‍മ്മരം കേള്‍പ്പിക്കുന്നത്.

കണ്ണീരൊടുങ്ങാത്ത കാലം എന്ന കഥയില്‍ പ്രതിബന്ധങ്ങളില്‍ തളരാതെ ജീവിതം കരുപ്പിടിപ്പിക്കുന്ന , ഭര്‍ത്താവിനാല്‍ തിരസ്ക്കരിക്കപ്പെട്ട – നിരാലംബയായ ഒരമ്മ. മകളെ വളര്‍ത്തുന്ന ആധി. അവിവാഹിതയായി മാതൃത്വം വഹിക്കുകയും മകനെ തന്റേടത്തോടെ വളര്‍ത്തി വെല്ലു വിളികളെ അതിജീവിക്കുകയും ചെയ്യുന്ന മറ്റൊരമ്മ.ഈ അമ്മമാരാണ് ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ എന്നെനിക്ക് തോന്നുന്നു.ഈ രണ്ട് അമ്മമാരെയും കൂട്ടിമുട്ടിക്കുന്ന ഒരു സന്ദര്‍ഭമുണ്ട് കഥയില്‍.രണ്ട് അമ്മമാരെയും കണ്ണീര്‍ മഴയില്‍ നനയിച്ചാണ് കഥാകാരി നമുക്ക് കാണിച്ച് തരുന്നത്.കഥയിലെ ഒരു വാചകം ഇങ്ങനെ :

മറ്റുള്ളവരുടെ യാതനകള്‍ അറിയാത്തിടത്തോളം കാലം നമ്മുടെ ദു:ഖങ്ങളാണ് വലുതെന്ന വിചാരമുണ്ടാവും എന്ന് അപ്പോഴാണ് മനസ്സിലായത്ഈ വാചകം വായിക്കുമ്പോള്‍ തുലാവര്‍ഷത്തിലെ ഒരു ഇടിമുഴക്കം എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും ഇത് തന്നെ.

പുരസ്ക്കാരം നേടിയ ഒരു കഥയും ഇതിലുണ്ട്. "ഗാന്ധിജി ഇപ്പോഴും ചിരിക്കുകയാണ്."കാഞ്ഞിരമറ്റം സുകുമാരന്റെ സ്മരണക്കായി എസ്.എസ്.പി.യു. ആമ്പല്ലൂര്‍ യൂണിറ്റ് നടത്തിയ കഥാമത്സരത്തില്‍ യുവപ്രതിഭ പുരസ്ക്കാരം നേടിയ ക ഥ.ഗൃഹാന്തരീക്ഷത്തില്‍ നിന്നും കഥ വികാസം പ്രാപിച്ച് ദേശീയമായ ഒരു വികാരത്തിലേക്ക് വ്യവഹരിച്ചപ്പോഴാണ് ഈ കഥ മൂല്യവത്തായത് എന്ന് തോന്നുന്നു.

പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍ എന്ന ശീര്‍ഷകം ഈ കഥാസമാഹാരത്തിന് ഉചിതമാണ് എന്നാണ് എനിക്ക് തോന്നുന്നത്.കഥകളില്‍ മഴ പശ്ചാത്തലമായി വരുന്നില്ല. പക്ഷെ മഴയുടെ വശ്യത മിക്കവാറും കഥകളുടെ ഭാവവുമായി ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്നുണ്ട് .ഒരു കാര്യം , മഴയുടെ ഭാവങ്ങളെ സ്ത്രീ ജീവിതത്തിന്റെ അവസ്ഥകളുമായി ചേര്‍ത്ത് വെക്കാറുണ്ട്. അവരുടെ ദു:ഖവും , ദുരിതവും ,അവഗണനയും, വിധേയത്വവും, തന്റേടിത്ത്വവും ഒരു മഴയായി കഥകളില്‍ സമന്വയിപ്പിച്ചിരിക്കുന്നു.

മഴ നനഞ്ഞ് നനഞ്ഞ്, പിന്നെയും ചില കാലാവസ്ഥാ മാറ്റങ്ങള്‍ ആദ്യത്തെ കൃതികള്‍.ഇപ്പോള്‍ പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍.ജിബി ദീപക്കിന്റെ കൃതികളുടെ ശീര്‍ഷകങ്ങള്‍ പോലും മഴയുമായി സംവേദിച്ച് നില്‍ക്കുന്നു.
15 കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
കണ്ണീരൊടുങ്ങാത്ത കാലം, കാര്‍ബണ്‍ കോപ്പി, താക്കോല്‍ , ഇട്ടുമ്മേല്‍ ഫാമിലി ഗ്രൂപ്പ്, റോങ്ങ് നമ്പര്‍, യന്ത്രപ്പാവകള്‍ , ശാരദാമ്മ, പതിവ് തെറ്റാതെ പെയ്യുന്ന തുലാമഴകള്‍, എല്ലാം അറിയുന്നൊരാള്‍ , ഗാന്ധിജി ഇപ്പോഴും ചിരിക്കുകയാണ്, റസിയ, രാജേഷ് മേനോന്‍ ബി ടെക്ക്, അതിരുകള്‍, ചില ശീലങ്ങള്‍ ശീലക്കേടുകള്‍, വശ്യം .
എല്ലാ കഥകളിലൂടെയും കടന്ന് പോകുന്നില്ല. ശ്രീമതി ജിബി ദീപക്കിന്റെ കഥാ ചാതുരിയെ അഭിനന്ദിക്കുന്നു.കഥയുടെ വഴികളിലൂടെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പുസ്തകത്തിന്റെ കെട്ടും മട്ടും.
64 പേജുകളിലായി 15 കഥകള്‍. മുഖചിത്രവും കഥക്ക് അനുയോജ്യമായിരിക്കുന്നു.മഴ നനഞ്ഞ് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം . മുഖചിത്രകാരന്‍ കഥയുടെ ഭാവം ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ ചിത്രീകരണം നടത്തിയിരിക്കുന്നു.വളരെ ആകര്‍ഷണീയമായിട്ടുണ്ട്. വില എഴുപത് രൂപ.അന്യായമല്ല എന്ന് തോന്നുന്നു.കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ എ.കെ.സുകുമാരന്‍, അച്ചടിച്ച ലോട്ടസ് പ്രസ്സ് , പ്രസാധനം ചെയ്ത ഗീതം ബുക്ക്സ് , പറവൂര്‍ സാഹിത്യവേദി തുടങ്ങിയ അണിയറയില്‍ പ്രവര്‍ത്തിച്ചവരും അഭിനന്ദനം അര്‍ഹിക്കുന്നു.

പറവൂരിന്റെ മണ്ണില്‍ നിന്നും സാഹിത്യ തറവട്ടിലേക്ക് ( ഡോ.ഗീത സുരാജിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണ്)മലയാള സാഹിത്യ തറവാട്ടിലേക്ക് വലത് കാലെടുത്ത വെച്ച – ഈ കഥാകാരിക്ക് എല്ലാ ആശംസകളും നേരുന്നു. ഈ പുസ്തകം വായനക്കാരിലെത്തട്ടെ, വായിക്കപ്പെടട്ടെ, ഒപ്പം കഥാകാരിയും വളരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എം എന്‍ സന്തോഷ്

31 July, 2018

പാലായനം

ഒരു വെള്ളപ്പൊക്കത്തിന്റെ അനുഭവം

 


 

ഹരിശങ്കര്‍.എം.എസ്




2018 ജൂലൈ 15 ഞായറാഴ്ച. അന്ന് ഞാന്‍ പാല ബ്രില്ല്യന്‍റ് കോളജ് ഹോസ്റ്റല്ലില്‍ ആയിരുന്നു.നടക്കല്‍ റെസിഡന്‍സിയില്‍ താഴത്തെ നിലയിലെ മുറി നമ്പര്‍ 113 ലായിരുന്നു വാസം. പ്രവേശന പരീക്ഷക്ക് പഠിക്കുന്നു. അന്ന് വെള്ളപ്പൊക്കത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്.

തോരാതെ മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. വാതില്‍ തുറന്നിട്ട് കുറച്ച് നേരം മഴ കണ്ടു.വീട്ടില്‍ പോയിരുന്ന കൂട്ടുകാരന്‍ പ്രകാശ് രാജ് അപ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയത്.നമ്മുടെ കാമ്പസ് നിറയെ വെള്ളമാണല്ലെയെന്ന് വരും വഴിക്ക് കണ്ട കാര്യം പ്രകാശ് പറഞ്ഞു. പിറ്റേന്നത്തെ പരീക്ഷക്കുള്ള ഒരുക്കം ഒന്നുകൂടി നടത്തി ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റു. പഠിക്കാന്‍ തുടങ്ങി. ആറ് മണിയായപ്പോള്‍ വാതിലില്‍ മുട്ട് കേട്ട് തുറന്നു.
ഇന്ന് ക്ളാസ്സീല്ലെന്ന് സാര്‍ പറ‍ഞ്ഞു. കാമ്പസ്സില്‍ വെള്ളം കയറിയിരിക്കുന്നു.” ഹോസ്റ്റലിലെ ഒരു കുട്ടിയാണ് അറിയിപ്പുമായി വന്നിരിക്കുന്നത്.

ഹായ് രക്ഷപ്പെട്ടല്ലോയെന്ന് പ്രകാശ് രാജ് പറഞ്ഞു.
അപ്പോള്‍ ഇന്ന് പരീക്ഷയില്ല. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ മെസ്സ് ഹാളിലേക്ക് പോയി.ഇടിയപ്പവും ഗ്രീന്‍പീസും. മെസ്സ് ഹാളില്‍ പതിവില്ലാത്ത തിരക്ക്. കുട്ടികള്‍ തലേന്ന് രാത്രി നടന്ന് വേള്‍ഡ് കപ്പ് ഫൈനലിനെ ക്കുറിച്ചുള്ള വിശകലനങ്ങള്‍ നടത്തുന്നു.ക്രൊയേഷ്യയുമായുള്ള ഫൈനലില്‍ ഫ്രാന്‍സ് 4-2 ന് ജയിച്ച കാര്യം അപ്പോഴാണ് അറിഞ്ഞത്.മഴ പെയ്ത് കൊണ്ടിരിക്കുന്നുണ്ട്. മെസ്സ് ഹാളില്‍ നിന്ന് റൂമിലേക്ക് പോന്നു.

ക്ളോക്ക് റൂമില്‍ ചെന്ന് എല്ലാവരും ഫോണ്‍ വാങ്ങണമെന്ന് ഒരു അറിയിപ്പ് വന്നു.വീടുകളില്‍ പോകേണ്ടവര്‍ക്ക് പോകാമെന്നും പറയുന്നു.ഫോണ്‍ വാങ്ങി വരും വഴി ഗേറ്റ് വരെ പോയി നോക്കി. റോഡിനപ്പുറത്ത് റബ്ബര്‍ തോട്ടം വെള്ളം നിറഞ്ഞ് നില്‍ക്കുന്നു.ചിലരൊക്കെ പോകാനുള്ള തയ്യാറെടുപ്പുകള്‍. ഹോം രജിസ്റ്ററില്‍ എഴുതുന്നു. ബാഗെടുത്ത് ധൃതിയില്‍ ഇറങ്ങുന്നു. നോക്കി നില്‍ക്കെ റോഡിലും വെള്ളം നിറഞ്ഞു. സര്‍പ്പങ്ങളെ പോലെ വെള്ളം ഹോസ്റ്റല്‍ ഗേറ്റ് വരെ തിടുക്കത്തില്‍ ഇഴഞ്ഞെത്തി. മുട്ടോളം വെള്ളത്തില്‍ ആളുകള്‍ റോഡിലൂടെ സഞ്ചരിക്കുന്നു.
ഇനിയാരും തനിച്ച് പോകേണ്ടെന്ന് വാര്‍ഡന്‍ പറഞ്ഞു.

നോക്കി നില്‍ക്കേ ജലനിരപ്പ് ഉയര്‍ന്ന് വരുന്നു. ഗേറ്റ് കടന്ന് പോര്‍ച്ചിലേക്ക് . സ്റ്റെയര്‍കേസിനടുത്തേക്ക്, പിന്നെ ഗ്രൗണ്ട് മെല്ലെ മുങ്ങുന്നു. ഹോസ്റ്റലിന്റെ പുറകില്‍ നിന്നും വെള്ളം കയറുന്നുണ്ട്. വന്‍ ശബ്ദത്തോടെ തൊട്ടടുത്ത ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞ് വീണു.ആ ഹോസ്റ്റലിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ച് കയറുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്.താഴെയാണ് അവിടത്തെ മെസ്സ് ഹാള്‍ നിമിഷങ്ങള്‍ക്കകം മെസ്സ് ഹാളില്‍ വെള്ളം നിറഞ്ഞു.

ഞങ്ങള്‍ സാധനങ്ങള്‍ മുകളില്‍ മെസ്സ് ഹാളില്‍ കൊണ്ട് വെക്കാന്‍ തുടങ്ങി..പുസ്തകവും ബാഗുകളും,പുതപ്പും റാക്കില്‍ വെച്ചു. മറ്റ് അത്യാവശ്യ സാധനങ്ങള്‍ ബക്കറ്റിലെടുത്ത് കട്ടിലില്‍ വെച്ചു.കിടക്ക ചുമലിലേറ്റി മൂന്നാം നിലയിലെ മെസ്സ് ഹാളില്‍ എത്തിച്ചു.ഹോസ്റ്റല്‍ മുറ്റത്ത് വെള്ളത്തിലൂടെ എലി, നീര്‍ക്കോലി, അരണ എന്നിവ പരക്കം പായുന്നു.

നാട്ടുകാര്‍ വെള്ളപ്പൊക്കം ആഘോഷിക്കുകയാണ്. അവര്‍ റോഡിലെ വെള്ളത്തില്‍ നീന്തി രസിക്കുന്നു. ചിലര്‍ വഞ്ചി തുഴയുന്നു.

മെസ്സ് ഹാളില്‍ അധ്യാപകര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നു. അവര്‍ക്ക് നിരന്തരം ഫോണുകള്‍ വരുന്നു.ഹോസ്റ്റലില്‍ ഉള്ളവരെല്ലാം തന്നെ മെസ്സ് ഹാളില്‍ അഭയം പ്രാപിച്ചിരിക്കുക യാണ്.ജലനിരപ്പ് ഉയര്‍ന്ന് വരുന്നത് മുകളില്‍ നിന്ന് ഭയത്തോടെ നോക്കിനിന്നു.മെസ്സിലെ അടുക്കളയില്‍ പാചകം നടക്കുന്നുണ്ട്. ഭക്ഷണം കിട്ടുമെന്ന് ആശ്വസിച്ചു.താഴത്തെ നിലകളിലെ മുറികളില്‍ വെള്ളം കയറിക്കഴിഞ്ഞിരിക്കുന്നു.എന്റെ മുറി 113. ഏതാണ്ട് കട്ടില്‍ പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ടാകും.രണ്ട് ബെഡ്കളുണ്ടായിരുന്നു. ഒരെണ്ണമേ മുകളിലേക്ക് കൊണ്ടുപോയിട്ടുള്ളു. ഒരെണ്ണം കട്ടിലില്‍ തന്നെ കിടക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി.
പാല മുങ്ങിയെന്നും വാഹന ഗതാഗതം നിറുത്തയെന്നുമുള്ള കാര്യവും അറിഞ്ഞു. ഭക്ഷണം പാചകം ചെയ്യാന്‍ വെള്ളമില്ല. കിണര്‍ വെള്ളം മലിനമായിക്കഴിഞ്ഞു.വൈദ്യുതി നിലച്ചു.ഹോസ്റ്റല്‍ വാസം ബുദ്ധിമുട്ടാകാന്‍ പോകുന്നു.ബ്രില്ല്യന്റ് കോളജിന് ഒരാഴ്ച്ച അവധി നല്‍കിയിരിക്കുന്നതായും അറിയിപ്പ് വന്നു.വിവരങ്ങളൊക്കെ വീടുകളിലേക്ക് അറിയിക്കുന്നുണ്ട്.


ഗതാഗതം നിറുത്തിയിരിക്കുന്നു.റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. എങ്ങനെ പുറത്ത് കടക്കും? വീട്ടിലെത്താന്‍ കഴിയുമോ?ഇവിടെ ഈ മൂന്നാം നിലയില്‍ കുടുങ്ങി പോകുമോ?
പക്ഷെ ഞങ്ങളെ പുറത്ത് കടത്താനുള്ള തയ്യാറെടുപ്പുകള്‍ അധ്യാപകര്‍ നടത്തിക്കഴിഞ്ഞിരുന്നു.
ബസ്സ് വന്നിട്ടുണ്ട് . പുറപ്പെടാന്‍ ഒരുങ്ങിക്കോളാന്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍ സന്തോഷമായി.ഉടുത്തിരുന്ന വസ്ത്രവും ബാഗും മാത്രം . അത്യാവശ്യം പുസ്തകങ്ങളും കുറച്ച് വസ്ത്ത്രവും മാത്രം ബാഗില്‍.

ഇറങ്ങാന്‍ നിര്‍ദ്ദേശം കിട്ടി.ഞങ്ങള്‍ മൂന്നാം നിലയില്‍ നിന്നും ഇറങ്ങിത്തുടങ്ങി ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ മുട്ടോളം വെള്ളം. ബാഗ് തലയില്‍വെച്ചു.കൈകള്‍ കോര്‍ത്ത് പിടിച്ച് ഒറ്റ വരിയായി നടന്നു. ഗേറ്റ് കടന്ന് താഴെ റോഡിലെത്തിയപ്പോള്‍ നെഞ്ചൊപ്പം വള്ളം.അടിയൊഴുക്ക് ശക്തം. കാലുകള്‍ വീശി റോഡിന്റെ നടുവിലൂടെ നടന്നു.ഫയര്‍ഫോഴ് സും പോലിസും നാട്ടുകാരും ഞങ്ങളെ നിരീക്ഷിച്ച് കാവല്‍ നിന്നു.ഇരുന്നൂറ് മറ്ററോളം അങ്ങനെ നടന്നു. വെള്ളത്തില്‍ നിന്ന് മെല്ലെ കരകയറി തുടങ്ങി. പൊക്കത്തിലേക്ക് കയറുകയാണ്.ഉയര്‍ന്ന സ്ഥലത്ത ബസ്സ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.ആശ്വാസമായി.മൂന്ന് ബസ്സുകളിലായി ഞങ്ങളുടെ ഹോസ്റ്റലിലെ നൂറ്റി മുപ്പതോളം കുട്ടികള്‍ കയറി. .അതോടെ ആഹ്ളാദം ആര്‍പ്പ് വിളികളായി ഉയര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ ആ പ്രളയത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു. ബസ്സ് പുറപ്പെട്ടു. ബ്രില്ല്യന്റ് കോളജിന്റെതാണ് ബസ്സുകള്‍. അപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് 3.30


മരങ്ങള്‍ തിങ്ങിയ ഇരുള്‍ മൂടിയ വഴികളിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു.മഴ തോര്‍ന്നിട്ടില്ല.ഒരു പാലത്തിലൂടെ പോയപ്പോള്‍ മീനച്ചിലാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നത് കണ്ടു.വെള്ളത്തിന് ചായയില്‍ ബൂസ്റ്റ് കലക്കിയ നിറം. തീരത്തുള്ള വീടുകള്‍ മൂങ്ങിയത് കാണാം. ചില വീടുകളുടെ മേല്‍ക്കൂരക്ക് മുകളില്‍ ആളുകള്‍ കയറി ഇരിക്കുന്നുണ്ട്. നിരാലംബരായ ആളുകള്‍. പാവങ്ങള്‍.നാല് മണിക്ക് ബസ്സ് കോട്ടയത്തെത്തി.കോട്ടയം കെ.എസ് ആര്‍.ടി.സി .ബസ്സ് സ്റ്റേഷന്‍.അവിടെ വെച്ച് കുട്ടികള്‍ പല വഴിക്ക് പിരിഞ്ഞു. ഞാനും കുറച്ച് പേരും എറണാകുളത്തേക്കുള്ള ബസ്സില്‍ കയറി.ഒറ്റക്ക് ആദ്യമായി സഞ്ചരിക്കുകയാണ്. അതും അപരിചിതമായ സ്ഥലങ്ങളിലൂടെ.അഞ്ചരക്ക് ഏറ്റുമാന്നൂരെത്തിയപ്പോഴാണ് മഴ മാറി യത്. അപ്പോഴാണ് സൂര്യനെ കാണുന്നത്.എട്ട് മണിക്ക് എറണാകുളം. വൈറ്റിലയില്‍ നിന്ന് പറവൂര്‍ ബസ്സ് കിട്ടി. ഒമ്പത് മണിക്ക് വീട്ടിലെത്തിയപ്പോള്‍ സമാധാനമായി.അപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കാത്തിരിക്കുകയാണ്.

പ്രകൃതിയുടെ ശക്തി അപാരമാണ്. നാം ചിന്തിക്കുന്നതിന് അപ്പുറമാണ്.ഒരു നിമിഷം മതി എല്ലാം മാറിമറിയാന്‍. അത് വെള്ളത്തിന്റെ രൂപത്തിലാകാം, കാറ്റിന്റെ രൂപത്തിലാകാം, തിരമാലകളുടെ രൂപത്തിലാകാം. ആ ശക്തി ഏത് നിമിഷത്തിലും നമുക്ക് മുന്നില്‍ ഉയര്‍ന്ന് വരാവുന്നതേയുള്ളു എന്നെനിക്ക് മനസ്സിലായി.പുഴയുടെ തീരങ്ങളില്‍ കൊച്ച് വീടുകളില്‍ താമസിക്കുന്നവരുടെ സ്ഥിതി ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.കൂട്ടായ്മയും, സംഘടിതമായ പ്രവര്‍ത്തനവും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

പാലയിലെ വെള്ളപ്പൊക്കവും അവിടെ നിന്നുള്ള പാലായനവും അതിഗംഭീരമായിരുന്നു.


കഥ


സ്വാതന്ത്ര്യ ദിനം



പാരതന്ത്ര്യത്തിന്റെയും , തിന്മയുടെയും കമ്പിയഴികള്‍ ഭേദിച്ച് സത്യത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും അനന്തവിഹായസ്സില്‍ പാറിപ്പറക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് നേതാവ് പ്രസംഗം അവസാനിപ്പിച്ചത്.സമ്മാന വിതരണവും , പായസംവിളമ്പലും നടത്തി പ്രാതല്‍ കഴിക്കാന്‍ കാര്‍ വീട്ടിലേക്ക് വിട്ടു.കാറിന്റെ ഡോര്‍ തുറന്ന് വീടിന്റെ മുറ്റത്ത് കാല്‍ കുത്തിയ ഉടന്‍ ഒരു വിളി.
ശുംഭന്‍,........ ശുംഭന്‍"
നേതാവ് ഞെട്ടി.
പഞ്ചലോഹ കൂട്ടിലെ , വര്‍ത്തമാനം പറയുന്ന പച്ചതത്തയെ നോക്കി നേതാവ് കണ്ണുരുട്ടി.
"ഞാന്‍ പറയാറുള്ള വാക്കുകള്‍ തന്നെ എന്നെ നോക്കി അലക്കിക്കോ. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വര്‍ഗ്ഗം!"
ടിവിയിലെ ലൈവ് ചര്‍ച്ചകള്‍ കണ്ടും, കേട്ടും തത്തയുടെ ശബ്ദതാരാവലി സമ്പന്നമായിട്ടുണ്ട്.ഒരു വാര്‍ത്താ ചാനലിലെ ന്യൂസ് റീഡറെപ്പോലെയാണ് ഇപ്പോള്‍ തത്തയുടെ ഇരിപ്പും , തല ചരിച്ചുള്ള നോട്ടവും!
"
തീറ്റ കിട്ടിയില്ല....വിശക്കുന്നു"
 "
അഹങ്കാരി.”
നേതാവിന് ദ്വേഷ്യം ഇരച്ചു കയറി.ഇനി മിണ്ടിപ്പോകരുതെന്ന് തത്തയെ വിരട്ടി.
ഉടനെ തത്തയുടെ ചോദ്യം.
മാധ്യമക്കാര് വരുമ്പോ ഞാന്‍ മറ്റേക്കാര്യം പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?”
ഏതു കാര്യം?” നേതാവ് സംഭ്രമത്തോടെ കണ്ണു മിഴിച്ചു.
കുട്ടപ്പനെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത കാര്യം"
അതു ശരി , അപ്പോ നീ അതും കേട്ടു ! വാര്‍ത്താ വായനക്കാരുടെ ഏതു കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്കും അതിസമര്‍ത്ഥമായി ഉത്തരം പറയാറുള്ള നേതാവ് തത്തയുടെ ഈ ചോദ്യത്തിനും ചിരിച്ചു കൊണ്ട് തന്നെ ഉത്തരം കൊടുത്തു.
ക്വട്ടേഷന്‍ ഇല്ലാതെ തന്നെ നേതാവ് കാര്യം നടപ്പാക്കി.
തത്തമ്മ ആകാശനീലിമയിലേക്ക് പറന്നുയര്‍ന്നു!




സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം