31 July, 2018

പാലായനം

ഒരു വെള്ളപ്പൊക്കത്തിന്റെ അനുഭവം

 


 

ഹരിശങ്കര്‍.എം.എസ്




2018 ജൂലൈ 15 ഞായറാഴ്ച. അന്ന് ഞാന്‍ പാല ബ്രില്ല്യന്‍റ് കോളജ് ഹോസ്റ്റല്ലില്‍ ആയിരുന്നു.നടക്കല്‍ റെസിഡന്‍സിയില്‍ താഴത്തെ നിലയിലെ മുറി നമ്പര്‍ 113 ലായിരുന്നു വാസം. പ്രവേശന പരീക്ഷക്ക് പഠിക്കുന്നു. അന്ന് വെള്ളപ്പൊക്കത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്.

തോരാതെ മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. വാതില്‍ തുറന്നിട്ട് കുറച്ച് നേരം മഴ കണ്ടു.വീട്ടില്‍ പോയിരുന്ന കൂട്ടുകാരന്‍ പ്രകാശ് രാജ് അപ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയത്.നമ്മുടെ കാമ്പസ് നിറയെ വെള്ളമാണല്ലെയെന്ന് വരും വഴിക്ക് കണ്ട കാര്യം പ്രകാശ് പറഞ്ഞു. പിറ്റേന്നത്തെ പരീക്ഷക്കുള്ള ഒരുക്കം ഒന്നുകൂടി നടത്തി ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റു. പഠിക്കാന്‍ തുടങ്ങി. ആറ് മണിയായപ്പോള്‍ വാതിലില്‍ മുട്ട് കേട്ട് തുറന്നു.
ഇന്ന് ക്ളാസ്സീല്ലെന്ന് സാര്‍ പറ‍ഞ്ഞു. കാമ്പസ്സില്‍ വെള്ളം കയറിയിരിക്കുന്നു.” ഹോസ്റ്റലിലെ ഒരു കുട്ടിയാണ് അറിയിപ്പുമായി വന്നിരിക്കുന്നത്.

ഹായ് രക്ഷപ്പെട്ടല്ലോയെന്ന് പ്രകാശ് രാജ് പറഞ്ഞു.
അപ്പോള്‍ ഇന്ന് പരീക്ഷയില്ല. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ മെസ്സ് ഹാളിലേക്ക് പോയി.ഇടിയപ്പവും ഗ്രീന്‍പീസും. മെസ്സ് ഹാളില്‍ പതിവില്ലാത്ത തിരക്ക്. കുട്ടികള്‍ തലേന്ന് രാത്രി നടന്ന് വേള്‍ഡ് കപ്പ് ഫൈനലിനെ ക്കുറിച്ചുള്ള വിശകലനങ്ങള്‍ നടത്തുന്നു.ക്രൊയേഷ്യയുമായുള്ള ഫൈനലില്‍ ഫ്രാന്‍സ് 4-2 ന് ജയിച്ച കാര്യം അപ്പോഴാണ് അറിഞ്ഞത്.മഴ പെയ്ത് കൊണ്ടിരിക്കുന്നുണ്ട്. മെസ്സ് ഹാളില്‍ നിന്ന് റൂമിലേക്ക് പോന്നു.

ക്ളോക്ക് റൂമില്‍ ചെന്ന് എല്ലാവരും ഫോണ്‍ വാങ്ങണമെന്ന് ഒരു അറിയിപ്പ് വന്നു.വീടുകളില്‍ പോകേണ്ടവര്‍ക്ക് പോകാമെന്നും പറയുന്നു.ഫോണ്‍ വാങ്ങി വരും വഴി ഗേറ്റ് വരെ പോയി നോക്കി. റോഡിനപ്പുറത്ത് റബ്ബര്‍ തോട്ടം വെള്ളം നിറഞ്ഞ് നില്‍ക്കുന്നു.ചിലരൊക്കെ പോകാനുള്ള തയ്യാറെടുപ്പുകള്‍. ഹോം രജിസ്റ്ററില്‍ എഴുതുന്നു. ബാഗെടുത്ത് ധൃതിയില്‍ ഇറങ്ങുന്നു. നോക്കി നില്‍ക്കെ റോഡിലും വെള്ളം നിറഞ്ഞു. സര്‍പ്പങ്ങളെ പോലെ വെള്ളം ഹോസ്റ്റല്‍ ഗേറ്റ് വരെ തിടുക്കത്തില്‍ ഇഴഞ്ഞെത്തി. മുട്ടോളം വെള്ളത്തില്‍ ആളുകള്‍ റോഡിലൂടെ സഞ്ചരിക്കുന്നു.
ഇനിയാരും തനിച്ച് പോകേണ്ടെന്ന് വാര്‍ഡന്‍ പറഞ്ഞു.

നോക്കി നില്‍ക്കേ ജലനിരപ്പ് ഉയര്‍ന്ന് വരുന്നു. ഗേറ്റ് കടന്ന് പോര്‍ച്ചിലേക്ക് . സ്റ്റെയര്‍കേസിനടുത്തേക്ക്, പിന്നെ ഗ്രൗണ്ട് മെല്ലെ മുങ്ങുന്നു. ഹോസ്റ്റലിന്റെ പുറകില്‍ നിന്നും വെള്ളം കയറുന്നുണ്ട്. വന്‍ ശബ്ദത്തോടെ തൊട്ടടുത്ത ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞ് വീണു.ആ ഹോസ്റ്റലിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ച് കയറുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്.താഴെയാണ് അവിടത്തെ മെസ്സ് ഹാള്‍ നിമിഷങ്ങള്‍ക്കകം മെസ്സ് ഹാളില്‍ വെള്ളം നിറഞ്ഞു.

ഞങ്ങള്‍ സാധനങ്ങള്‍ മുകളില്‍ മെസ്സ് ഹാളില്‍ കൊണ്ട് വെക്കാന്‍ തുടങ്ങി..പുസ്തകവും ബാഗുകളും,പുതപ്പും റാക്കില്‍ വെച്ചു. മറ്റ് അത്യാവശ്യ സാധനങ്ങള്‍ ബക്കറ്റിലെടുത്ത് കട്ടിലില്‍ വെച്ചു.കിടക്ക ചുമലിലേറ്റി മൂന്നാം നിലയിലെ മെസ്സ് ഹാളില്‍ എത്തിച്ചു.ഹോസ്റ്റല്‍ മുറ്റത്ത് വെള്ളത്തിലൂടെ എലി, നീര്‍ക്കോലി, അരണ എന്നിവ പരക്കം പായുന്നു.

നാട്ടുകാര്‍ വെള്ളപ്പൊക്കം ആഘോഷിക്കുകയാണ്. അവര്‍ റോഡിലെ വെള്ളത്തില്‍ നീന്തി രസിക്കുന്നു. ചിലര്‍ വഞ്ചി തുഴയുന്നു.

മെസ്സ് ഹാളില്‍ അധ്യാപകര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നു. അവര്‍ക്ക് നിരന്തരം ഫോണുകള്‍ വരുന്നു.ഹോസ്റ്റലില്‍ ഉള്ളവരെല്ലാം തന്നെ മെസ്സ് ഹാളില്‍ അഭയം പ്രാപിച്ചിരിക്കുക യാണ്.ജലനിരപ്പ് ഉയര്‍ന്ന് വരുന്നത് മുകളില്‍ നിന്ന് ഭയത്തോടെ നോക്കിനിന്നു.മെസ്സിലെ അടുക്കളയില്‍ പാചകം നടക്കുന്നുണ്ട്. ഭക്ഷണം കിട്ടുമെന്ന് ആശ്വസിച്ചു.താഴത്തെ നിലകളിലെ മുറികളില്‍ വെള്ളം കയറിക്കഴിഞ്ഞിരിക്കുന്നു.എന്റെ മുറി 113. ഏതാണ്ട് കട്ടില്‍ പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ടാകും.രണ്ട് ബെഡ്കളുണ്ടായിരുന്നു. ഒരെണ്ണമേ മുകളിലേക്ക് കൊണ്ടുപോയിട്ടുള്ളു. ഒരെണ്ണം കട്ടിലില്‍ തന്നെ കിടക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി.
പാല മുങ്ങിയെന്നും വാഹന ഗതാഗതം നിറുത്തയെന്നുമുള്ള കാര്യവും അറിഞ്ഞു. ഭക്ഷണം പാചകം ചെയ്യാന്‍ വെള്ളമില്ല. കിണര്‍ വെള്ളം മലിനമായിക്കഴിഞ്ഞു.വൈദ്യുതി നിലച്ചു.ഹോസ്റ്റല്‍ വാസം ബുദ്ധിമുട്ടാകാന്‍ പോകുന്നു.ബ്രില്ല്യന്റ് കോളജിന് ഒരാഴ്ച്ച അവധി നല്‍കിയിരിക്കുന്നതായും അറിയിപ്പ് വന്നു.വിവരങ്ങളൊക്കെ വീടുകളിലേക്ക് അറിയിക്കുന്നുണ്ട്.


ഗതാഗതം നിറുത്തിയിരിക്കുന്നു.റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. എങ്ങനെ പുറത്ത് കടക്കും? വീട്ടിലെത്താന്‍ കഴിയുമോ?ഇവിടെ ഈ മൂന്നാം നിലയില്‍ കുടുങ്ങി പോകുമോ?
പക്ഷെ ഞങ്ങളെ പുറത്ത് കടത്താനുള്ള തയ്യാറെടുപ്പുകള്‍ അധ്യാപകര്‍ നടത്തിക്കഴിഞ്ഞിരുന്നു.
ബസ്സ് വന്നിട്ടുണ്ട് . പുറപ്പെടാന്‍ ഒരുങ്ങിക്കോളാന്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍ സന്തോഷമായി.ഉടുത്തിരുന്ന വസ്ത്രവും ബാഗും മാത്രം . അത്യാവശ്യം പുസ്തകങ്ങളും കുറച്ച് വസ്ത്ത്രവും മാത്രം ബാഗില്‍.

ഇറങ്ങാന്‍ നിര്‍ദ്ദേശം കിട്ടി.ഞങ്ങള്‍ മൂന്നാം നിലയില്‍ നിന്നും ഇറങ്ങിത്തുടങ്ങി ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ മുട്ടോളം വെള്ളം. ബാഗ് തലയില്‍വെച്ചു.കൈകള്‍ കോര്‍ത്ത് പിടിച്ച് ഒറ്റ വരിയായി നടന്നു. ഗേറ്റ് കടന്ന് താഴെ റോഡിലെത്തിയപ്പോള്‍ നെഞ്ചൊപ്പം വള്ളം.അടിയൊഴുക്ക് ശക്തം. കാലുകള്‍ വീശി റോഡിന്റെ നടുവിലൂടെ നടന്നു.ഫയര്‍ഫോഴ് സും പോലിസും നാട്ടുകാരും ഞങ്ങളെ നിരീക്ഷിച്ച് കാവല്‍ നിന്നു.ഇരുന്നൂറ് മറ്ററോളം അങ്ങനെ നടന്നു. വെള്ളത്തില്‍ നിന്ന് മെല്ലെ കരകയറി തുടങ്ങി. പൊക്കത്തിലേക്ക് കയറുകയാണ്.ഉയര്‍ന്ന സ്ഥലത്ത ബസ്സ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.ആശ്വാസമായി.മൂന്ന് ബസ്സുകളിലായി ഞങ്ങളുടെ ഹോസ്റ്റലിലെ നൂറ്റി മുപ്പതോളം കുട്ടികള്‍ കയറി. .അതോടെ ആഹ്ളാദം ആര്‍പ്പ് വിളികളായി ഉയര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ ആ പ്രളയത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു. ബസ്സ് പുറപ്പെട്ടു. ബ്രില്ല്യന്റ് കോളജിന്റെതാണ് ബസ്സുകള്‍. അപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് 3.30


മരങ്ങള്‍ തിങ്ങിയ ഇരുള്‍ മൂടിയ വഴികളിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു.മഴ തോര്‍ന്നിട്ടില്ല.ഒരു പാലത്തിലൂടെ പോയപ്പോള്‍ മീനച്ചിലാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നത് കണ്ടു.വെള്ളത്തിന് ചായയില്‍ ബൂസ്റ്റ് കലക്കിയ നിറം. തീരത്തുള്ള വീടുകള്‍ മൂങ്ങിയത് കാണാം. ചില വീടുകളുടെ മേല്‍ക്കൂരക്ക് മുകളില്‍ ആളുകള്‍ കയറി ഇരിക്കുന്നുണ്ട്. നിരാലംബരായ ആളുകള്‍. പാവങ്ങള്‍.നാല് മണിക്ക് ബസ്സ് കോട്ടയത്തെത്തി.കോട്ടയം കെ.എസ് ആര്‍.ടി.സി .ബസ്സ് സ്റ്റേഷന്‍.അവിടെ വെച്ച് കുട്ടികള്‍ പല വഴിക്ക് പിരിഞ്ഞു. ഞാനും കുറച്ച് പേരും എറണാകുളത്തേക്കുള്ള ബസ്സില്‍ കയറി.ഒറ്റക്ക് ആദ്യമായി സഞ്ചരിക്കുകയാണ്. അതും അപരിചിതമായ സ്ഥലങ്ങളിലൂടെ.അഞ്ചരക്ക് ഏറ്റുമാന്നൂരെത്തിയപ്പോഴാണ് മഴ മാറി യത്. അപ്പോഴാണ് സൂര്യനെ കാണുന്നത്.എട്ട് മണിക്ക് എറണാകുളം. വൈറ്റിലയില്‍ നിന്ന് പറവൂര്‍ ബസ്സ് കിട്ടി. ഒമ്പത് മണിക്ക് വീട്ടിലെത്തിയപ്പോള്‍ സമാധാനമായി.അപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കാത്തിരിക്കുകയാണ്.

പ്രകൃതിയുടെ ശക്തി അപാരമാണ്. നാം ചിന്തിക്കുന്നതിന് അപ്പുറമാണ്.ഒരു നിമിഷം മതി എല്ലാം മാറിമറിയാന്‍. അത് വെള്ളത്തിന്റെ രൂപത്തിലാകാം, കാറ്റിന്റെ രൂപത്തിലാകാം, തിരമാലകളുടെ രൂപത്തിലാകാം. ആ ശക്തി ഏത് നിമിഷത്തിലും നമുക്ക് മുന്നില്‍ ഉയര്‍ന്ന് വരാവുന്നതേയുള്ളു എന്നെനിക്ക് മനസ്സിലായി.പുഴയുടെ തീരങ്ങളില്‍ കൊച്ച് വീടുകളില്‍ താമസിക്കുന്നവരുടെ സ്ഥിതി ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.കൂട്ടായ്മയും, സംഘടിതമായ പ്രവര്‍ത്തനവും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

പാലയിലെ വെള്ളപ്പൊക്കവും അവിടെ നിന്നുള്ള പാലായനവും അതിഗംഭീരമായിരുന്നു.


No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...