31 July, 2018

കഥ



കടല്‍തീരത്ത്



എം.എന്‍.സന്തോഷ്

തിരമാലകള്‍ നൃത്തം ചെയ്യുന്നതായി ശാന്ത ടീച്ചര്‍ സങ്കല്‍പ്പിച്ചു.കടലലകളുടെ നൃത്തം ടീച്ചര്‍ ശരിക്കും ആസ്വദിച്ചു.താളം മുറുകുകയാണ്. നര്‍ത്തകിമാര്‍ തീരത്ത് നമിച്ച് തന്റെ കാലുകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരകള്‍ പരന്ന് ആഞ്ഞ് കയറി വരുന്നുണ്ട്.കാലില്‍ തൊടാനുള്ള തിരകളുടെ ശ്രമം വിഫലമാകുകയാണ്.
ബീച്ചിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോള്‍‌ ടീച്ചറിന് ഉത്സാഹമായിരുന്നു.ദീര്‍ഘകാലത്തെ അകല്‍ച്ചക്ക് ശേഷം രു സുഹൃത്തിനെ കാണുവാന്‍ പോകുന്ന സന്തോഷം.പണ്ട് സ്ക്കൂളിലായിരുന്നപ്പോള്‍ കുട്ടികളെ ടൂര്‍ കൊണ്ട് പോയിരുന്ന കാലമാണ് ടീച്ചറപ്പോള്‍ ഓര്‍ത്തത്.ഇപ്പോള്‍ അനുസരണയുള്ള കുട്ടിയുടെ സ്ഥാനത്ത് താനാണ്.വയോധികയായ കുട്ടി!സ്ഥാപനത്തിന്റെ ചുമതലയുള്ള മദറും , സിസ്റ്റര്‍മാരുമാണ് ബീച്ച് യാത്രക്ക് നേതൃത്വം വഹിക്കുന്നത്.

പുതുവത്സരം ആഘോഷിക്കാനെത്തിയവരുടെ തിരക്കാണ് തീരത്ത്. തിരമാലകള്‍ ആഞ്ഞടിക്കുന്നത് കൂസാക്കാതെ കുട്ടികള്‍ പോലും കടലില്‍ കുളിക്കുന്നുണ്ട്.തിരമാലകളെ തരണം ചെയ്ത് രണ്ട് ആളുകള്‍ നീന്തിപോകുന്നത് കാഴ്ച ടീച്ചറെ അമ്പരപ്പിച്ചു.
സിസ്റ്ററേ അത് കണ്ടോ ?”
നീന്താനറിയുന്നവരായിരിക്കും ടീച്ചറേ അവര്‍” സിസ്റ്റര്‍ സ്റ്റെല്ലക്കും അവരുടെ പോക്കില്‍ അപകടം തോന്നാതിരുന്നില്ല.കരയില്‍ നില്‍ക്കുന്ന അവരുടെ ഉറ്റവര്‍ അവരെ തിരികെ വിളിക്കുന്നുണ്ട്.

കടല് എത്ര കണ്ടാലും മതിയാവില്ല അല്ലേ സിസ്റ്ററേ ?”
ടീച്ചറിരിക്കുന്ന വീല്‍ചെയറിിനരുകില്‍ മണലിലിരുന്ന് സിസ്റ്റര്‍ കടലിന്റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു.വൃദ്ധസദനത്തില്‍ ടീച്ചറുടെ ആത്മമിത്രമാണ് സിസ്റ്റര്‍.സങ്കടങ്ങളും , സന്തോഷങ്ങളും പങ്ക് വെക്കുന്നത് സിസ്റ്ററിനോട് മാത്രം.കേള്‍ക്കാനുള്ള ഒരു മനസ്സുണ്ട് സിസ്റ്ററിന്.

ഈ തീരദേശഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന കഥകള്‍ ടീച്ചര്‍ വിവരിച്ചത് സിസ്റ്റര്‍ കൗതുകത്തോടെ കേട്ടിരുന്നു.പത്തെഴുപത് വര്‍ഷം മുമ്പത്തെ കഥകള്‍. കാറ്റും ,കടലും അത് മൂളിക്കേട്ടു!

അക്കരെനിന്നും കടത്ത് വഞ്ചിയില്‍ പുഴ കടന്നാണ് കടല് കാണാന്‍ വന്നിരുന്നത്.മീന്‍ പിടുത്തക്കാരുടെ തോണികളായിരുന്നു തീരത്ത് നിരനിരന്ന്. അന്ന് തീരത്ത് കരിങ്കല്‍ ചിറ ഉണ്ടായിരുന്നില്ല.കിഴക്കന്‍ മലകളെ പിളര്‍ത്തി കരിങ്കല്ലുകളാക്കി ലോറിയിലേറ്റി വന്ന് തീരത്ത് ചിറ പണിതിട്ടും കടലിനെ തോല്‍പ്പിക്കാന്‍ പറ്റിയില്ല.കോള് പിടിച്ചാല്‍ കടല്‍ കരിങ്കല്‍ ചിറ ഭേദിച്ചും കരയിലേക്ക് കയറും.മണല് കവര്‍ന്ന് കൊണ്ട് പോകും. തീരം നിര്‍മ്മിച്ച് തരികയും ചെയ്യും.കടലമ്മേടെ കുസൃതികള്.

സൂര്യബിംബം ചുവന്ന് തുടുത്തിരിക്കുന്നു, തീയണഞ്ഞ ആലയില്‍ കിടക്കുന്ന ലോഹം പോലെ.വര്‍ണ്ണപ്പകിട്ടാര്‍ന്ന ആകാശം. ഒരു തിര ഇളകി മറിഞ്ഞ് പരന്നൊഴുകി ടീച്ചറുടെ പാദങ്ങളില്‍ തലോടിയിട്ട് പിന്‍വാങ്ങിയപ്പോള്‍ ടീച്ചറോര്‍ത്തു. ഭര്‍ത്താവിന്റെ ചിതാഭസ്മം കടലിലൊഴുക്കാന്‍ വന്ന ആ ദിവസത്തപ്പറ്റി. അച്ഛന്റെ കൈപിടിച്ച് കടലുകാണാന്‍ വന്ന പുത്രന്റെ കൈകളപ്പോള്‍ അമര്‍ത്തിപ്പിടിച്ചിരുന്നത് ഒരു പിടി ചാരം .അതവന്‍ കടലിലേക്ക് കുടഞ്ഞിട്ടു.സങ്കടത്തിന്റെ ആ പ്രളയകാലത്ത് നടുക്കടലിലെന്നപോലെ തീരത്ത് കണ്ണീര്‍ മഴ നനഞ്ഞ് തിരകള്‍ക്കിടയില്‍ അവര്‍ നിന്നു.

ഞാന്‍ പിന്നെയും ഈ തീരത്ത് വന്നിട്ടുണ്ട്. കടല്‍ ജലത്തില്‍ നനഞ്ഞ് നിന്ന് കൊണ്ട് രാജുവേട്ടനോട് സംസാരിക്കും.സങ്കടങ്ങള്‍ പറയും, സന്തോഷങ്ങള്‍ കൈമാറും. അപ്പോള്‍ കാറ്റില്ല.കടല്‍ അലയിളക്കില്ല.ഞങ്ങള്‍ക്ക് മാത്രമായി , കടലമ്മ ഈ തീരത്ത് ഒരു വിജനത തീര്‍ക്കും.സിസ്റ്ററത് വിശ്വസിക്കില്ല.അനുഭവിച്ചാലേ മനസ്സിലാകു....

അസ്തമയം കാണാനെത്തിയവരെ നിരാശരാക്കിക്കൊണ്ട് സൂര്യനെ കാര്‍മേഘം മറച്ചു.തിരകള്‍ രൗദ്രമായി.കടല്‍കാക്കകള്‍ കരയിലേക്ക് ചേക്കേറി. തീരത്ത് തെങ്ങിന്‍ തലപ്പുകളില്‍ കാക്കകള്‍ കൂടണയുന്ന കോലാഹലം.

ശാന്ത ടീച്ചര്‍ വീല്‍ചെയര്‍ മുന്നോട്ട് ഓടിച്ചു. തിരമാലകള്‍ ടീച്ചറെ ആലിംഗനചെയ്ത് വരവേറ്റു.

സിസ്റ്റര്‍ സ്റ്റെല്ല എഴുന്നേറ്റു.മുന്നോട്ട് പോകല്ലേയെന്ന് ടീച്ചറെ വിലക്കി.വലിയ തിരയെങ്ങാനും വന്നാല്‍ വലിച്ച് കൊണ്ട് പോകുമെന്ന് മുന്നറിയിപ്പ് വിളിച്ച് പറഞ്ഞു.

സിസ്റ്ററേ , ഇത്രയും നേരം തിരകള്‍ എന്നെ വന്ന് തൊട്ടു. ഇനി ഞാന്‍ തിരകളെ ചെന്ന് ഒന്ന് തൊടട്ടെ. തിരകളുടെ കൂടാരത്തില്‍ കയറിയിരുന്ന് ഞാനല്‍പ്പനേരം രാജുവേട്ടനോട് സല്ലപിക്കട്ടെ.”

തിരകള്‍ ഒന്നിനു പുറകെ ഒന്നായി കരയിലേക്ക് കയറി വരികയാണ് ടീച്ചര്‍ക്ക് കൂടാരം തീര്‍ക്കാനെന്നോണം.ടീച്ചര്‍ എന്തു് ഭാവിച്ചാണ് കടലിനോട് കളിക്കുന്നതെന്നോര്‍ത്ത് സിസ്റ്റര്‍ ഉറക്കെ കരഞ്ഞു.സിസ്റ്ററുടെ കരച്ചില്‍ തിരകള്‍ മുക്കികളഞ്ഞു.തീരം വിജനമായിരിക്കുന്നു. വൃദ്ധസദനത്തില്‍ നിന്നും ഞങ്ങളെയും കൊണ്ട് വന്ന വണ്ടി പോലും പോയിക്കഴിഞ്ഞിരിക്കുന്നു.

-------------------------------------




No comments:

Post a Comment