31 July, 2018



കഥ
 

പറയാതെ പോകുന്നവര്‍

എം.എന്‍.സന്തോഷ്

നീയിങ്ങനെ നൊണ കാച്ചാന്നാച്ചാ , ഗോപാലകൃഷ്ണാ നെന്റെ പത്രം എഴുതി വിടുന്നതൊക്ക ഇതിലും വല്യ നൊണയായിരിക്കോല്ലാടാ ?
മുല്ലപ്പൂമൊട്ടുപോലുള്ള വെപ്പ് പല്ല് കാട്ടി തൊണ്ണൂറ്റിമൂന്ന് കഴിഞ്ഞ പന്മാവതി അമ്മ ചിരിച്ചു.
കേട്ട് നിന്നവര്‍ ആ ചിരി കണ്ട് ചിരിച്ചു.
നാട്ടുകാര്‍ക്ക് പപ്പേമ്മയാണ് . നാട്ടിലെ കാര്യസ്ഥ.പ്രായാധിക്യം മറന്ന് എവിടെയും എത്തും.
രവി ബൈക്കോടിച്ച് പോകുന്നത് കണ്ടൂന്ന് പറഞ്ഞാ എങ്ങനെ നേരാവാ ഗോപാലകൃഷ്ണാ? അവന്റെ ബൈക്കല്ലേ ഇവിടെ ഉരിക്കണത്.കണ്ടോ നീയത്?”
ഗോപാലകൃഷ്ണന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.ബൈക്ക് സ്റ്റാന്റിലിരിക്കുന്നുണ്ട്.
കണ്ടത് നേരാന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.” വെളുപ്പിന് പത്രം കൊണ്ട് വരുമ്പോ ശ്രീ തിയേറ്റിന് മുന്നില് പുല്ലംകുളം ജംങ്‍ഷനീന്ന് പടിഞ്ഞാറോട്ട് വണ്ടിയോടിച്ച് രവിയേട്ടന്‍. ഞാന്‍ കണ്ടതാ പറഞ്ഞത്. ആ നേരത്ത് മുന്‍പും കണ്ടിട്ടുണ്ട്.”
ചെറുവല്യാകുളങ്ങര ക്ഷേത്രത്തില് തൊഴണ കണ്ടുന്നാ ശ്രീക്കുട്ടി പറഞ്ഞത്. പപ്പേമ്മ പറഞ്ഞു.
അത് ചെലപ്പ സത്യാവും. തൊഴുതിട്ടാ രവി ദെവസോം ബസ്സീ കേറാ.അല്ലേ ഗീതേ ?”
ഗീതയും ശരി വെച്ചു. "ഷട്ടില് കളിക്കാന്‍ പോകും പാര്‍ക്കില് . അത് മുടക്കാറില്ല. വന്ന് കാപ്പി കുടിച്ച് , കുളി കഴിഞ്ഞേ പോകു. അതാ ശീലം . ഇതിപ്പോ , പറയ് ക പോലും ചെയ്യാതെ ....
രവിയേട്ടന്‍ ഇന്നെന്താ പതിവില്ലാതെ ഒരു പോക്ക് ? “
ഡൈനിങ്ങ് ടേബിളില്‍ ചില്ല് ഗ്ളാസ്സില്‍ കാപ്പിയിരിക്കുന്നത് കണ്ടപ്പോള്‍ , അതവിടെയിരിക്കട്ടെ; അവന്‍ വന്നിട്ട് കഴിച്ചോളുമെന്ന് പപ്പേമ്മ പറഞ്ഞു.

മേശമേല്‍ പുസ്തകം തുറന്ന് വെച്ച് കസേരയില്‍ ചാരിയിരുന്ന് വര്‍ത്തമാനം കേട്ട് കൊണ്ടിരുന്ന നിമിഷമോളെ ഗീത വഴക്ക് പറഞ്ഞു.
മോളെ , ചേച്ചീടെ റൂമില് പോയിരുന്ന പഠിക്ക് . ഇന്ന് ഓണപരീക്ഷ തൊടങ്ങാന്ന് മറന്നോ നീ?”
പപ്പേമ്മ ചിരിച്ചു. “ പിന്നേ , ഇവള് ഐ..എസ് പരീക്ഷ എഴുതാന്‍ പോവേല്ലേ! എഴുതണം . മോള് പഠിച്ച് കളക് ടറാകണം . ഗീതക്കറിയാല്ലോ , ജഗന്നാഥന്റെ മോള് കളക് ടറാ . കൊല്ലത്ത്".
നിമിഷമോള്‍ പുസ്തകമെടുത്ത് പോയി.
ഗേറ്റിന് പുറത്ത് ഒരു ബൈക്ക് വന്നു.ബൈക്ക് സ്റ്റാന്റില്‍ വെച്ച് ആള്‍ അകത്തേക്ക്.
രവിയേട്ടന്‍ പോയോ ചേച്ചീ? “ അയാള്‍ ഗീതയോട് ചോദിച്ചു.
രവിയേട്ടന്റെ സുഹൃത്ത് എസ്..മനോജ്കുമാര്‍.
രവിയേട്ടന്‍ ഇന്ന് തിരുവനന്തപുരത്ത് പോകുന്ന കാര്യം പറഞ്ഞിരുന്നു. എന്റെ ഒരു പേപ്പറും കൊണ്ടുപോകാമെന്നേറ്റിരുന്നു. സെക്രട്ടറിയേറ്റില് കൊടുക്കാന്‍.”
ഞങ്ങളൊക്കെ കാത്തിരിക്കാ കുട്ട്യേന്ന് പപ്പേമ്മ മനോജിനോട് പറഞ്ഞു.
ഗീതേം , മക്കളും ഉണരും മുമ്പെ , വാതിലും പൂട്ടി ദിവസോം പോകും . പാര്‍ക്കിലേക്ക് കളിക്കാന്‍.
ഇന്നിപ്പോ പാര്‍ക്കിലേക്കാണോ , തിരുവനന്തപുരത്തേക്കാണോ ? എങ്ങോട്ടാ പോയേന്ന് ആര്‍ക്കാ അറിയാ?”

പപ്പേമ്മ എല്ലാവരോടുമായി ഒരാഗ്രഹം പറഞ്ഞു. തിരുവനന്തപുരത്ത് പോകണം എന്ന് ഒരു കൊതി.

എത്ര കാലമായി ജഗന്നാഥനോടും , രാധാമണിയോടും പറേന്നു. അവര്‍ക്ക് മനസ്സ് വരണില്ല എന്നെ കൊ​ണ്ടോവാന്‍. പന്മനാഭസ്വാമിക്ഷേത്രത്തില്‍ തൊഴണം , കൊച്ചു മക്കളെ കാണണം.
അവരോടൊപ്പം കൊറച്ച് കാലം നിക്കണം.ഒരാഗ്രഹാ ത്.”
പത്ര വായനയിലായിരുന്ന രാമചന്ദ്രന്‍ പിള്ളമാഷത് കേട്ട് കുലുങ്ങി ചിരിച്ചു.പപ്പേമ്മയുടെ അതേ പ്രായം. കണ്ണട വേണ്ടാതുള്ള സൂക്ഷ്മ വായന. പത്രത്തില്‍ നിന്ന് മുഖമുയര്‍ത്താതെ എല്ലാവരും കേള്‍ക്കാനായി പറഞ്ഞു.
കേട്ടില്ലേ , പപ്പേമ്മയുടെ ആഗ്രഹം! ഇന്റര്‍സിറ്റി കേറി തിരുവന്തൂരത്ത് പോണംന്ന്. ............” വായില്‍ പല്ല് രണ്ടേയുള്ളു പിള്ളമാഷിന്.‌
സമയമാവുമ്പോ നിന്റെ ജഗന്നാഥന്‍ വന്ന് കൊണ്ട് പൊക്കോളും ,എന്റെ പന്മാവതിയമ്മേ!”
ഗോപാലകൃഷ്ണന്റെ ഇരുചക്രത്തിനടുത്ത് നിന്ന് പത്രം വായിച്ചിരുന്ന പീറ്റര്‍ വര്‍ഗ്ഗീസ് മനോജിനെ അരികിലേക്ക് വിളിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമേശും വണ്ടിയോടിച്ചെത്തി.

പീറ്ററേട്ടാ, നമ്മുടെ ദിവ്യമോള്‍ടെ ഹാര്‍ട്ട് സര്‍ജറിടെ കാര്യത്തിന് പണപ്പിരിവാണ്.രവിയേട്ടനൊരുമിച്ച് ഇന്നിറങ്ങണം. എന്താണ് ശരിക്കും നടന്നത്?”

ഒരു ഗെയിം തീര്‍ന്നില്ല രമേശേ, കളി നിര്‍ത്തി , ഞാന്‍ പോവ്വാ എന്ന് രവിയേട്ടന്‍ പറഞ്ഞു.എല്ലാവരും ഹായ് പറഞ്ഞു. ഒറ്റ പോക്കാ.”
എന്നാലും പെട്ടെന്നൊരു പോക്ക്. എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. “ മനോജ് ഉത്കണ്ഠാകുലനായി.
പപ്പേമ്മ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. പിന്നെയും നാട്ട്കാര് വരണണ്ട് .രവിയെ തിരക്കി.
പപ്പേമ്മ സാവധാനം എഴുന്നേറ്റു.
ഗീതേ , ആ കാപ്പി ചൂടാറും മുമ്പ് ഇങ്ങെടുക്ക്. ഞാന്‍ കുടിക്കട്ടെ. രവിയെപ്പഴാ വരികാന്ന് എങ്ങനാ അറിയാ?”
പപ്പേമ്മ ഗീതയുടെ കൈയില്‍ നിന്നും കാപ്പി വാങ്ങി കഴിച്ചു.
പപ്പേമ്മ പുറം കാഴ്ച്ചകള്‍ ഒന്നു് കൂടി കണ്ടു. പിളളസാര്‍ പത്രം വായിക്കുന്നത് നോക്കി ചെറുതായി ചിരിച്ചു.
മോളേ, ഗീതേ മെത്തപ്പായില്ലേ. ഒന്നെടുക്ക്. കിടക്കട്ടെ.”
ഗീത മെത്തപ്പായ കൊണ്ട് വന്ന് വിരിച്ച് കൊടുത്തു.വാക്കര്‍ ഗീതയെ ഏല്‍പ്പിച്ച് പപ്പേമ്മ കിടന്നു.
കണ്ണടക്കും മുന്‍പ് പറഞ്ഞു.
രവി വരുമ്പോ വിളിക്കണം.”

No comments:

Post a Comment