31 July, 2018

കഥ


സ്വാതന്ത്ര്യ ദിനം



പാരതന്ത്ര്യത്തിന്റെയും , തിന്മയുടെയും കമ്പിയഴികള്‍ ഭേദിച്ച് സത്യത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും അനന്തവിഹായസ്സില്‍ പാറിപ്പറക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് നേതാവ് പ്രസംഗം അവസാനിപ്പിച്ചത്.സമ്മാന വിതരണവും , പായസംവിളമ്പലും നടത്തി പ്രാതല്‍ കഴിക്കാന്‍ കാര്‍ വീട്ടിലേക്ക് വിട്ടു.കാറിന്റെ ഡോര്‍ തുറന്ന് വീടിന്റെ മുറ്റത്ത് കാല്‍ കുത്തിയ ഉടന്‍ ഒരു വിളി.
ശുംഭന്‍,........ ശുംഭന്‍"
നേതാവ് ഞെട്ടി.
പഞ്ചലോഹ കൂട്ടിലെ , വര്‍ത്തമാനം പറയുന്ന പച്ചതത്തയെ നോക്കി നേതാവ് കണ്ണുരുട്ടി.
"ഞാന്‍ പറയാറുള്ള വാക്കുകള്‍ തന്നെ എന്നെ നോക്കി അലക്കിക്കോ. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വര്‍ഗ്ഗം!"
ടിവിയിലെ ലൈവ് ചര്‍ച്ചകള്‍ കണ്ടും, കേട്ടും തത്തയുടെ ശബ്ദതാരാവലി സമ്പന്നമായിട്ടുണ്ട്.ഒരു വാര്‍ത്താ ചാനലിലെ ന്യൂസ് റീഡറെപ്പോലെയാണ് ഇപ്പോള്‍ തത്തയുടെ ഇരിപ്പും , തല ചരിച്ചുള്ള നോട്ടവും!
"
തീറ്റ കിട്ടിയില്ല....വിശക്കുന്നു"
 "
അഹങ്കാരി.”
നേതാവിന് ദ്വേഷ്യം ഇരച്ചു കയറി.ഇനി മിണ്ടിപ്പോകരുതെന്ന് തത്തയെ വിരട്ടി.
ഉടനെ തത്തയുടെ ചോദ്യം.
മാധ്യമക്കാര് വരുമ്പോ ഞാന്‍ മറ്റേക്കാര്യം പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?”
ഏതു കാര്യം?” നേതാവ് സംഭ്രമത്തോടെ കണ്ണു മിഴിച്ചു.
കുട്ടപ്പനെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത കാര്യം"
അതു ശരി , അപ്പോ നീ അതും കേട്ടു ! വാര്‍ത്താ വായനക്കാരുടെ ഏതു കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്കും അതിസമര്‍ത്ഥമായി ഉത്തരം പറയാറുള്ള നേതാവ് തത്തയുടെ ഈ ചോദ്യത്തിനും ചിരിച്ചു കൊണ്ട് തന്നെ ഉത്തരം കൊടുത്തു.
ക്വട്ടേഷന്‍ ഇല്ലാതെ തന്നെ നേതാവ് കാര്യം നടപ്പാക്കി.
തത്തമ്മ ആകാശനീലിമയിലേക്ക് പറന്നുയര്‍ന്നു!




No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...