12 March, 2024

അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി


 

 അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി

    സാമൂഹ്യ പരിഷ്ക്കർത്താവായിരുന്ന അയ്യാ വൈകുണ്ഠ സ്വാമികളുടെ 215-)മത്
ജന്മദിനമാണിന്ന് .
1809 മാർച്ച് 12 ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ ശൂചീ
ന്ദ്രത്ത് ശാസ്താംകോവിൽ വിളയിൽ പിന്നോക്ക വിഭാഗമായ ചാന്നാൻ സമുദായത്തിലാണ്
അദ്ദേഹം ജനിച്ചത്.
മാതാപിതാക്കൾ ' മുടി ചൂടും പെരുമാൾ ' എന്ന് പേരു വിളിച്ചു. സവർണ്ണ മേധാവികൾ ആ
പേര് കേട്ടപ്പോൾ കലിതുള്ളി.അങ്ങനെ 'മുത്തുക്കുട്ടി ' എന്ന് പേര് മാറ്റി.


സമത്വ സമാജം
തിരുവിതാംകൂറിലെ ആദ്യത്തെ പൗരാവകാശ സംഘടന എന്ന് വിളിക്കാവുന്ന 'സമത്വ
സമാജം ' സ്ഥാപിച്ചതു് അയ്യാ വൈകുണ്ഠ സ്വാമിയാണ് . മനുഷ്യരെല്ലാം സമന്മാർ
എന്നതായിരുന്നു സമത്വസമാജത്തിന്റെ ആപ്തവാക്യം.ചട്ടമ്പിസ്വാമികളുടെ ഗുരുവായ ഷൺമുഖ വടിവേലു, ശ്രീനാരായണഗുരു , അയ്യങ്കാളി
എന്നീ മഹാത്മാക്കളുടെ ഗുരുവായിരുന്ന തൈക്കാട്ട് അയ്യാവ് എന്നിവർ സമത്വ സമാജത്തിന്റെ
പ്രചാരകരായിരുന്നു. സവർണ്ണർക്കെതിരെയുള്ള പിന്നോക്ക ജാതിയിൽ പെട്ടവരുടെ
കലാപമായിരുന്നു അത് .


1881 മുതൽ എല്ലാ വർഷവും മകര പൊങ്കാല ദിനത്തിൽ
അദ്ദേഹത്തിന്റെ ആസ്ഥാനമായ സ്വാമിത്തോപ്പിൽ നടത്തിവന്ന സമ
പന്തി ഭോജനത്തിൽ ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു,
അയ്യങ്കാളി എന്നിവർ പങ്കെടുത്തിട്ടുണ്ട്.

 


 

സഹപന്തിഭോജനം
1837 ലാണ് 'സമത്വ സമാജം ' എന്ന സംഘടന രൂപീകരിച്ചത് . സമത്വ സമാജത്തിന്റെ
നേതൃത്വത്തിൽ നാനാജാതി മനുഷ്യർ ചേർന്ന് ചരിത്രത്തിലെ ആദ്യത്തെ 'സഹപന്തി
ഭോജനം ' നടത്തി സാമൂഹ്യ തിന്മകൾക്കെതിരെ വിപ്ളവകരമായ പോരാട്ടം നടത്തി.


 

അയ്യാവഴി
ഏക ദൈവാധിഷ്ഠിതമായ 'അയ്യാവഴി ' എന്ന മത വിഭാഗം, കണ്ണാടി പ്രതിഷ്ഠ ,
സഹപന്തിഭോജനം തുടങ്ങി നിരവധി സാമൂഹ്യ വിപ്ളവങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
' അയ്യാവഴി ' എന്ന മത വിഭാഗം സ്ഥാപിച്ചതോടെയാണ് 'അയ്യാ വൈകുണ്ഠൻ '
എന്നറിയപ്പെട്ടത് . അയ്യാവഴി മതവിഭാഗം അനൗദ്യോഗിക മതമായി ഇപ്പോഴും കന്യാകുമാരി,
തൂത്തുക്കുടി, തിരുനൽവേലി എന്നീ ജില്ലകളിലുണ്ട്.
വസ്ത്രധാരണത്തിന് പോലും കീഴ്ജാതിക്കാർക്ക് വിലക്കുണ്ടായിരുന്ന കാലത്ത് , ഇഷ്ടമുള്ള
വസ്ത്രം ധരിക്കാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്ത് നടപ്പിലാക്കി.കൂലിയില്ലാതെ നിർബന്ധമായി ചെയ്യേണ്ട 'ഊഴിയവേല 'ചെയ്ത് വന്ന പുലയർ, പറയർ,
കുറവർ, ചാന്നാൻ തുടങ്ങിയ കർഷക വിഭാഗം ജനങ്ങളെ അത് ലംഘിക്കാൻ ആഹ്വാനം
ചെയ്തു. കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത് എന്നദ്ദേഹം അവരെ പറഞ്ഞ് മനസിലാക്കി.
മേൽജാതിക്കാർക്ക് മാത്രമേ അക്കാലത്ത് തലപ്പാവ് ധരിക്കാൻ അവകാശമുണ്ടായിരുന്നുള്ളു.
താഴ്ന്ന ജാതിക്കാരേയും അദ്ദേഹം തലപ്പാവ് ധരിപ്പിച്ചു.


 

കണ്ണാടി പ്രതിഷ്ഠ
ശ്രദ്ധേയമായ ഒരു ആരാധനാ സമ്പ്രദായത്തിനും അദ്ദേഹം തുടക്കം
കുറിച്ചു. 'സ്വാമിത്തോപ്പ് ' എന്ന അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിൽ
വിഗ്രഹത്തിന് പകരംകണ്ണാടി പ്രതിഷിച്ചു. തലപ്പാവ് വെച്ച്
കണ്ണാടിക്ക് മുന്നിൽ നിന്ന് അതിൽ കാണുന്ന പ്രതിബിംബത്തെ
വണങ്ങി ആരാധിക്കാൻ പറഞ്ഞു.
ജാതി മത ഭേദമന്യേ എല്ലാവർക്കും താമസിക്കാനും പ്രാർത്ഥന
നടത്താനും 'നിഴൽ തൻ കർ ' എന്ന വഴിയോര കോവിലുകൾ സ്ഥാപിച്ചു.
പിന്നോക്കക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്ന പൊതു കിണറുകൾക്ക് പകരം എല്ലാവർക്കും
ഉപയോഗിക്കാൻ വേണ്ടി 'മുന്തിരി കിണറു'കൾ പണിതു.
തിരുവിതാംകൂറിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് കൊണ്ട് മാറു മറക്കൽ
പ്രക്ഷോഭത്തിന് നേതൃത്വം നൽകി.


ഒരു ജാതി , ഒരു മതം , ഒരു ദൈവം , ഒരു ഭാഷ , ഒരു കുലം , ഒരു ലോകം
'ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ഭാഷ, ഒരു കുലം, ഒരു ലോകം ' എന്നത് അദ്ദേഹം
പ്രചരിപ്പിച്ച ഒരു സന്ദേശമായിരുന്നു.
നിരവധി ആചാര ലംഘന കുറ്റങ്ങളും രാജ്യദ്രോഹ കുറ്റങ്ങളും ചുമത്തി അന്നത്തെ
തിരുവിതാംകൂർ മഹാരാജാവ് അദ്ദേഹത്തെ നൂറ്റിപ്പത്ത് ദിവസം കാരാഗൃഹത്തിലടച്ചു.
1851 ൽ 42 വയസിലാണ് അദ്ദേഹം അകാല ചരമമടഞ്ഞത് .
ആ കർമ്മയോഗി തുടക്കമിട്ട സാമൂഹ്യ പരിഷ്ക്കരണ ആശയങ്ങളും പ്രവർത്തനങ്ങളുമാണ്
അദ്ദേഹത്തെ പിന്തുടർന്ന സാമൂഹ്യ വിപ്ളവകാരികൾക്ക് ഊർജ്ജം പകർന്നത്.
കേരളത്തിലെ നവോത്ഥാന വിപ്ളവത്തിന്റെ പതാക വാഹകരില്‍‍ ‍ അയ്യാ വൈകുണ്ഠ
സ്വാമികള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട് .
- എം . എന്‍ . സന്തോഷ്

05 February, 2024

അധിവര്‍ഷം അതികേമം

 

അധിവര്‍ഷം അതികേമം


എം.എന്‍.സന്തോഷ്

     അധിവർഷം എന്ന ആശയം എല്ലാവർക്കും സുപരിചിതമാണ്. 2024 ഫെബ്രുവരി മാസത്തിന് അധികമായി ഒരു ദിവസം ലഭിച്ചതിനാൽ ഇത് അധിവർഷമാണ്. 2024 ഫെബ്രുവരിയിൽ 29 ദിവസങ്ങളുണ്ട്. കലണ്ടർ വർഷത്തിൽ 366 ദിവസങ്ങളുമുണ്ട്.അധിവർഷം ക്രമപ്പെടുത്തിയതിന് പിന്നിൽ ന്യായവും, യുക്തിയും, ശാസ്ത്രവുമുണ്ട്. നാല് വർഷത്തിലൊരിക്കൽ അധിവർഷം സംഭവിക്കുമെന്നാണല്ലോ. ഈ വസ്തുത പൂർണ്ണമായും ശരിയാണോ?


അധിവർഷം കണക്കാക്കുന്നതെങ്ങനെ?
ഒരു സൗരവർഷം ഏകദേശം 365.25 ദിവസമാണ്. കൃത്യമായി പറഞ്ഞാൽ 365.242190 ദിവസം. അതായത് 365 ദിവസം , 5 മണിക്കൂർ , 48 മിനിറ്റ് , 56 സെക്കന്റ്. കലണ്ടറിൽ ഇത് 365 ദിവസമായി ക്രമീകരിച്ചിരിക്കുകയാണ്. അധികമായി നീക്കിവെച്ചിരിക്കുന്ന സമയമാണ് നാലാം വർഷത്തിൽ ഒരു ദിവസമായി ഫെബ്രുവരിയിൽ ചേർത്ത് 29 ദിവസമായി പരിഗണിക്കുന്നതു്. അധിവർഷത്തിൽ 366 ദിവസങ്ങൾ.


അധിവർഷം ഇല്ലെങ്കിൽ എന്ത് സംഭവിക്കും?


അധിവർഷങ്ങൾ കണക്കാക്കുന്നില്ല എന്നിരിക്കട്ടെ. ഫെബ്രുവരിക്ക് 28 ദിവസം തന്നെ എന്ന് കരുതുക. കാലാന്തരത്തിൽ എന്ത് സംഭവിക്കും? ഊഹിച്ച് നോക്കു .
നൂറ് വർഷങ്ങൾ കഴിയുമ്പോൾ 24 ദിവസങ്ങൾ കലണ്ടറിൽ നഷ്ടപ്പെടും. നാനൂറ് വർഷം പിന്നിടുമ്പോൾ 96 ദിവസങ്ങൾ കൈവിട്ട് പോകും.
കലണ്ടറിലൂടെ കാലം മുന്നോട്ട് പോകുമ്പോൾ , പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളായ ഋതുക്കൾ മാറ്റമില്ലാതെ തുടരുകയും ചെയ്യും. വസന്തം, ഗ്രീഷ്മം, ശരത്, ശൈത്യകാലങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കും. കലണ്ടറിലെ മാസവും സൂര്യായനം കൊണ്ട് സംഭവിക്കുന്ന ഋതുക്കളും സമന്വയിക്കപ്പെടുകയില്ല.
കലണ്ടർ പ്രകാരം ജുൺ മാസത്തിൽ തുടങ്ങേണ്ട തെക്ക് പടിഞ്ഞാറൻ കാലവർഷം മാർച്ച് മാസത്തിൽ തുടങ്ങിയാൽ എങ്ങനെയിരിക്കും? കലണ്ടറും കാലാവസ്ഥയും തമ്മിൽ പൊരുത്തപ്പെടതെ വരികയില്ലേ? ഇപ്പോൾ തന്നെ അധിവർഷത്തിൽ ഒരു ദിവസം ചേർക്കുമ്പോൾ നാല് വർഷത്തിലൊരിക്കൽ ഏതാനം മിനിറ്റുകൾ അധികമായി ചേരുന്നുണ്ട്. ഈ മിനിറ്റുകൾ സഹസ്രാബ്ദങ്ങൾ ചേരുമ്പോൾ ദിവസങ്ങളായി വളരും. ഋതു പരിഗണനകൾ വീണ്ടും താളം തെറ്റും. ഇത് വിദൂരമായ കാലത്തിനപ്പുറമാകയാൽ നമുക്ക് ബാധകമല്ല എന്ന് സമാധാനിക്കാം.


ഇതെങ്ങനെ പരിഹരിക്കും?

കലണ്ടറും കാലാവസ്ഥയും പൊരുത്തപ്പെടാതെ പോകുന്നത് നിയന്ത്രിക്കാൻ ഗണിതം സഹായത്തിനെത്തുന്നുണ്ട്. ഓരോ വർഷവും നഷ്ടപ്പെട്ട കാൽ ദിവസങ്ങളെ , നാല് വർഷം കൂടുമ്പോൾ ഒരു ദിവസമായി കലണ്ടറിലെ കളങ്ങളിൽ ചേർക്കുന്നത് പോലെ, നൂറ്, നാനൂറ് എന്നീ സംഖ്യകളുപയോഗിച്ചുള്ള ഹരണ ക്രിയയും അധിവർഷ നിർണ്ണയത്തിന് ഉപയോഗിക്കുന്നുണ്ട്.
4 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകളായി വരുന്നവയാണ് അധിവർഷങ്ങൾ എന്നതാണ് ലളിതമായ ഗണിത തത്വം. ഇങ്ങനെയുള്ള സംഖ്യകളെ നൂറ്, നാനൂറ് എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധ്യമല്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതാണ് ഒരു മാനദണ്ഡം. 2020, 2024. 2028, തുടങ്ങി 2096 വരെയുള്ള അധിവർഷങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.
1700, 1800, 1900 , 2100, 2200 , 2300 എന്നീ വർഷങ്ങൾ അധിവർഷങ്ങളല്ല. ഈ സംഖ്യകളെ നാല്, നൂറ് എന്നീ സംഖ്യകളാൽ നിശ്ശേഷം ഹരിക്കാമെങ്കിലും നാനൂറ് കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം വരും. ഇത് മറ്റൊരു മാനദണ്ഡമാണ്. അതായത് നാല് കൊണ്ടും നൂറ് കൊണ്ടും ഹരിക്കാം , പക്ഷെ നാനൂറ് കൊണ്ട് സാധ്യമല്ല എന്നതാണ് കാരണം.
4, 100, 400 എന്നീ സംഖ്യകൾ ഉപയോഗിച്ച് ഹരിക്കുമ്പോൾ ശിഷ്ടം പൂജ്യം വരുന്ന വർഷം അധിവർഷമാകുമോ? കഴിഞ്ഞു പോയ 2000 അധിവർഷമായിരുന്നതെന്ത് കൊണ്ടാണ്?
രണ്ടായിരത്തിനെ നാല് , നൂറ് . നാനൂറ് എന്നീ സംഖ്യകളുപയോഗിച്ച് ഹരിക്കുമ്പോൾ ശിഷ്ടം വരുന്നില്ലല്ലോ. ഇതാണ് നാനൂറ് വർഷം കൂടുമ്പോഴുള്ള സൂപ്പർ ചെക്കിങ്ങ് . ഇതു പ്രകാരം 2400, 2800 എന്നീ വർഷങ്ങളും അധിവർഷങ്ങളാണ് . ഇതാണ് മൂന്നാമത്തെ ഗണിത നിർണ്ണയം.
അധിവർഷത്തിന്റെ സംഗതികൾ പിടികിട്ടിയോ?
2024 ഫെബ്രുവരി 29 ന് അധിദിനത്തിൽ ജനിച്ച ശിശുവിന്റെ ഒന്നാം ജന്മ വാർഷികം എന്ന് ആഘോഷിക്കും?
സംശയമെന്തിന്. 2025 മാർച്ച് ഒന്നിന് തന്നെ!




അഭിനയിച്ച നാടകവും അനുഭവിച്ച ജീവിതവും

 

അഭിമുഖം

അഭിനയിച്ച നാടകവും അനുഭവിച്ച ജീവിതവും

എം.എന്‍.സന്തോഷ്

ആറാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ നാട്ടുമ്പുറത്തെ യുവശക്തി ക്ളബ്ബിന്റെ ഓണാഘോഷ പരിപാടിക്ക് 'നാമ്പുകള്‍ നാളങ്ങള്‍ ' എന്ന സി.എല്‍ ജോസിന്റെ നാടകത്തില്‍ പൊടി പരമു എന്ന കള്ളന്റെ വേഷം അഭിനയിച്ച് നാട്ടുകാരുടെ കൈയടി വാങ്ങിയ കൊച്ചു നടന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ' രണ്ട് നക്ഷത്രങ്ങള്‍’ എന്ന നാടകത്തില്‍ സത്യപ്രതാപന്‍ എന്ന ഒരു കള്ളന്റെ വേഷം ഭാവതീവ്രതയോടെ അവതരിപ്പിച്ച് മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം നേടിയതും അതേ നടന്‍ !

അവാര്‍ഡ് കിട്ടിയപ്പോള്‍ എന്ത് തോന്നി ?”

ഒരു ആശ്വാസം , അത്ര മാത്രം!”

മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ ബിജു ജയാനന്ദനെ അനുമോദിക്കാന്‍ 'സാഹിത്യശ്രീ' യുടെ പ്രതിനിധിയായെത്തിയപ്പോള്‍ ബിജുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ ഒരു നാടക നടനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് പകരുന്നതാണ്. നാടക നടന്‍ താരപ്പകിട്ടില്ലാത്ത , ആള്‍ക്കൂട്ടത്തിലൊരാള്‍ മാത്രമാണ് എന്ന കരുതുന്നയാളാണ് ബിജു. ആരാലും തിരിച്ചറിയപ്പെടാതെ നില്‍ക്കുമ്പോള്‍ , ഇവിടെ ഇങ്ങനെയൊരാള്‍ ഉണ്ടായിരുന്നു എന്ന് കാലത്തിന് രേഖപ്പടുത്തിവെക്കാന്‍ ഒരു അടയാളം.

ഭൗതിക സാഹചര്യങ്ങളില്‍ കാര്യമായ മെച്ചമുണ്ടായില്ലെങ്കിലും എന്ത് നേടി എന്ന് സമൂഹം ചോദിക്കുമ്പോള്‍ ബിജുവിന് നല്‍കാന്‍ ഒറ്റ ഉത്തരമേയുള്ളു. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ മാത്രം. . ജീവിത യാത്രയില്‍ തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നില്ല എന്ന് തിരിച്ചറിയുന്നത് ഇങ്ങനെയാണ്.

1980 – 90 കാലഘട്ടങ്ങളില്‍ നാട്ടിലെ കലാസമിതികള്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ കണ്ട് വളര്‍ന്ന ബാല്യകാലം ബിജു അനുസ്മരിച്ചു.ഊണുറക്കമുപേക്ഷിച്ച് റിഹേഴ് സല്‍ കണ്ടിരിക്കുന്നതും , അവര്‍ക്ക് വേണ്ട സാധനങ്ങള്‍ സംഘടിപ്പിച്ച് കൊടുക്കുന്നതും, നാടകം അവതരിപ്പിക്കുന്നത് സ്റ്റേജിന് മുന്നിലിരുന്ന കാണുകയും ചെയ്തപ്പോഴുണ്ടായ കൗതുകമാണ് അഭിനയ മോഹമുണര്‍ത്തിയത്. ഒരു നടനാകണമെന്ന മോഹം ബാല്യത്തിലേ പൂവിട്ടതായി ബിജു പറഞ്ഞു.

നാടകവേദിയിലേക്ക്

ദേശീയ പുരസ്ക്കാരം നേടിയ ചലച്ചിത്ര നടന്‍ സലിംകുമാര്‍ ബിജുവിന്റെ അമ്മ സരോജത്തിന്റെ സഹോദരനാണ്. നാടക നടനാവണമെന്ന മോഹവുമായി ബിജു സമീപിച്ചത് അമ്മാവനെയാണ്. അമ്മാവന്‍ ഒരു മിമിക്രി ട്രൂപ്പ് മികച്ച നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലം . സലിംകുമാര്‍ ആലുവ ശാരികയിലേക്കാണ് ബിജുവിനെ കൂട്ടിക്കൊണ്ട് പോയത്. 

      ആലുവ ശാരിക 'സത്യഗോപുരം’ തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ച് അരങ്ങ് വാണിരുന്ന കാലം. പകരക്കാരനായി വേഷം ലഭിച്ച് സ്ക്രിപ്റ്റ് പഠിച്ച് തയ്യാറായെങ്കിലും നടന്‍ തിരിച്ചത്തിയതോടെ ആദ്യാവസരം നഷ്ടപ്പെട്ടു.

പിന്നീട് 'സരയു സാക്ഷി ’ എന്ന നാടകത്തിലൂടെയാണ് വേദിയില്‍ കയറുന്നത്. ഉത്തരേന്ത്യയില്‍ ഒരു നാടക ട്രൂപ്പ് 'രാംലീല’ അവതരിപ്പിക്കുന്നതാണ് കഥ. സമീര്‍ഖാന്‍ എന്ന മുസ്ലിം കഥാപാത്രം രാംലീലയിലെ രാമനായി വേഷമിടുമ്പോള്‍ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. ശ്രദ്ധേയമായ ആ നാടകത്തില്‍ സമീര്‍ഖാന്റെ വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. വാസവന്‍ പുത്തൂര്‍ രചനയും, മുരുകന്‍ സംവിധാനവും, ഗാന രചന മുല്ലനേഴിയുമായിരുന്നു. ഒരു പുതുമുഖത്തിന് നായക വേഷം നല്‍കുക എന്ന അതി സാഹസം , അസാമാന്യ ധീരത സംവിധായകന്‍ കാണിച്ചത് കൊണ്ടാണ് ബിജു ജയാനന്ദന്‍ എന്ന നടന്‍ രൂപപ്പെട്ടത് എന്ന ബിജു നന്ദിയോടെ അനുസ്മരിക്കുന്നു.

ട്രൂപ്പുകള്‍, നാടകങ്ങള്‍

സരയു സാക്ഷിയെത്തുടര്‍ന്ന് ആലുവ ശാരികയുടെ 'ഗുരുപ്രസാദം’, കൊച്ചിന്‍ ഭരതിന്റെ , ഞാറക്കല്‍ ശ്രീനി സംവിധാനം ചെയ്ത 'പൊന്ന് വിളയും നാട്’, 'അച്ചുവേട്ടന്റെ കൊച്ചു ബംഗ്ലാവ്’, എന്നീ നാടകങ്ങളിലൂടെ സ്റ്റേജിലെ സാന്നിധ്യമായി.

കൊച്ചിന്‍ സിദ്ധാര്‍ത്ഥക്ക് വേണ്ടി ബെന്നി പി നായരമ്പലം രചനയും , ഞാറക്കല്‍ ശ്രീനി സംവിധാനവും നിര്‍വഹിച്ച നിരവധി നാടകങ്ങളിലെ വേഷങ്ങള്‍ ബിജുവിലെ നടന്‍ സ്റ്റേജില്‍ നില ഉറപ്പിച്ചു. 'ദൈവം കോപിക്കാറില്ല’, 'ഇവളെന്റെ മണവാട്ടി’, 'മഹാനായ മത്തായി’, 'അപ്പുപ്പന് നൂറ് വയസ്സ്’, 'സ്വര്‍ഗത്തേക്കാള്‍ സുന്ദരം' ,'മഴവില്‍ കിനാക്കള്‍’, 'വല്യേട്ടന്റെ വീട്' എന്നീ നാടകങ്ങളിലൂടെ അരങ്ങ് ജീവിതവുമായി ഇഴുകി ചേര്‍ന്നു.

സലിംകുമാറിന്റെ ട്രൂപ്പായ കൊച്ചിന്‍ ആരതിയുടെ 'ദുബായ് കത്ത്’ , 'അമ്മ തറവാട്’, 'അവന്‍ അടുക്കളയിലേക്ക്' പാല കമ്മൂണിക്കേഷന്‍സിന്റെ 'ഫെയ്സ് ബുക്കില്‍ കണ്ട മുഖം' എന്നീ നാടകങ്ങളിലും അഭിനയിച്ചു.

ഞാറക്കല്‍ ശ്രീനിയോടൊപ്പം അഭിനയിച്ച 'ഇവള്‍ എന്റെ മണവാട്ടി' നാല് വര്‍ഷം കൊണ്ട് ആയിരത്തോളം വേദിയില്‍ അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ് നാടകമായിരുന്നു.

ഇരുപത്തിയൊന്ന് വേഷങ്ങള്‍

സംവിധായകന്‍ രാജേഷ് ഇരുളത്തേയും നാടകകൃത്ത് ഹേമന്ത് കുുമാറിനേയും പരിചയപ്പെടുന്നതോടെയാണ് ബിജുവിന്റെ നാടക ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. വള്ളുവനാട് ഭീക്ഷ്മയുടെ ' സാമൂഹ്യ പാഠ'ത്തിലെ ഷോബി , വള്ളുവനാട് കൃഷ്ണകലാനിലയത്തിന്റെ 'ചില നേരങ്ങളില്‍ ചിലര്‍' നാടകത്തിലെ ആല്‍ബി , 'വെയിലി'ലെ കണ്ണമ്പായി, 'പാട്ട് പാടുന്ന വെള്ളായി' എന്നിവ മികച്ച വേഷങ്ങളായിരുന്നു. ഇതോടെ ബിജു ജയാനന്ദന്‍ എന്ന പേര് പ്രൊഫഷണല്‍ നാടകത്തിലെ നായകന്‍ എന്ന നിലയില്‍ എഴുതപ്പെട്ടു. ‍ വള്ളുവനാട് ബ്രഹ്മയുടെ 'പാട്ട് പാടുന്ന വെള്ളായി' യിലെ സുനിച്ചന്‍ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഇരുപത്തിയൊന്ന് നാടകങ്ങളില്‍ വേഷമിട്ടു.

രാജേഷും ഹേമന്തും ഒരുക്കിയ 'രണ്ട് നക്ഷത്രങ്ങളി'ലെ കള്ളന്‍ കഥാപാത്രത്തിലൂടെ ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച നാടക നടനുമായി.പൊടി പരമു എന്ന കള്ളന്‍ കഥാപാത്രത്തില്‍ തുടങ്ങിയ അഭിനയ ജീവിതം കള്ളന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തന്നെ സംസ്ഥാന പുരസ്ക്കാരവും കരസ്ഥമാക്കിയത് വിസ്മയമാണ്.

പ്രൊഫഷണല്‍ നാടകത്തില്‍ ഒരു പരീക്ഷണമായിരുന്നു 'രണ്ട് നക്ഷത്രങ്ങള്‍' എന്ന നാടകം. രണ്ടര മണിക്കൂര്‍ നാടകത്തില്‍ രണ്ട് നടന്മാര്‍ മാത്രം രണ്ട് മണിക്കൂര്‍ നിറഞ്ഞാടുന്നു എന്നതായിരുന്നു ആ പ്രത്യേകത. ജോണ്‍സണ്‍ ഐക്കരയായിരുന്നു ഒപ്പം.

മറക്കാനാവാത്ത അനുഭവങ്ങള്‍

അമ്മയുടെ മരണം . ബിജുവിനന്ന് അഞ്ച് വയസ്സ്. വലിയൊരാഘാതമായിരുന്നു അത്. ഇപ്രാവശ്യം , നാടക മത്സരം കഴിഞ്ഞ് കര്‍ട്ടന്‍ വീണപ്പോള്‍ വിയര്‍ത്ത് കുളിച്ച് സ്റ്റേജില്‍ നിന്നിറങ്ങി ജോണ്‍സണ്‍ ഐക്കരയുമായി കെട്ടിപ്പിടിച്ച് നിന്ന് കരഞ്ഞത്. സംഘര്‍ഷഭരിതമായ മനസ്സോടെ രണ്ട് പേര്‍ ചേര്‍ന്ന് തോണി തുഴഞ്ഞ് കര പറ്റാനുള്ള ശ്രമം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സംഘര്‍ഷമായിരുന്നു ആ നേരത്ത് അനുഭവിച്ചത്. നാടകവുമായി സഞ്ചരിക്കുമ്പോള്‍ ചില ഉള്‍നാടന്‍ ഗ്രാമ ദേശങ്ങളില്‍ എത്തിയത്. നാടക വണ്ടി തിരിച്ചോടുമ്പോള്‍ ആ നാടുകളിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് വണ്ടിയിലിരിക്കും.

അരങ്ങിലേക്കുള്ള ഒരുക്കങ്ങള്‍

രണ്ട് നക്ഷത്രങ്ങളിലെ കള്ളന്റെ കഥാപാത്രത്തിന്റെ സ്ക്രിപ്റ്റ് കിട്ടിയപ്പോള്‍ അത്തരമൊരു കള്ളന്‍ ജന്മമെടുക്കാനുള്ള സാഹചര്യങ്ങളാണ് മനസ്സില്‍ മെനഞ്ഞെടുത്തത്. സ്വന്തം ജീവിതാവസ്ഥകളുമായി കഥാപാത്രത്തെ കൂട്ടിച്ചേര്‍ത്തു. എന്റെ വീട്ടുകാരുടെ അവസ്ഥ, നാടകത്തിലേക്ക് വരാനുണ്ടായ സാഹചര്യം, ഒരു ബാഗും തൂക്കി ഞാന്‍ വീട്ടില്‍ നിന്നിറങ്ങുന്നത്, അങ്ങനെ സ്ക്രിപ്റ്റിനപ്പുറം കുറെ കാര്യങ്ങള്‍ ഭാവനയില്‍ കണ്ടുകൊണ്ടാണ് കള്ളനായി നാടകത്തിലെ ആ വീട്ടിലേക്ക് ഇറങ്ങി വരുന്നത്. ആ രീതിയിലാണ് മുന്നൊരുക്കങ്ങള്‍.

സ്വാധീനിച്ച വ്യക്തികള്‍

അഭിരുചിക്കനുസരിച്ച് എന്റെ ഇഷ്ടത്തിന് വിട്ട് ഒപ്പം നിന്ന കുടുംബാംഗങ്ങളാണ് ഏറ്റവും സ്വാധീനിച്ചത്. അഞ്ചാം വയസ്സില്‍ അമ്മയുടെ വേര്‍പാടിന് ശേഷം അമ്മയുടെ സ്നേഹം നല്‍കിയ ഇപ്പോഴും അമ്മ എന്ന് വിളിക്കുന്ന അച്ഛന്റെ സഹോദരി രമണി, അച്ഛന്‍ ജയാനന്ദന്‍, ഭാര്യ ഷാലിമ, ഏഴിലും അഞ്ചിലും പഠിക്കുന്ന മക്കള്‍ ഭരത്കൃഷ്ണ, സ്വേത എന്നിവരുടെ സ്നേഹവും പിന്തുണയുമാണ് ചാലക ശക്തികള്‍.

കുട്ടിക്കാലത്തെ സംവിധായകന്‍ ജി പാലക്കല്‍, പൂയപ്പിള്ളി തങ്കപ്പന്‍ മാസ്റ്റര്‍, അമ്മാവന്‍ സലിംകുമാര്‍, സ്ക്കൂള്‍ ഓഫ് ഡ്രാമയിലെ മുരുകന്‍, ബെന്നി പി നായരമ്പലം, ശ്രീനി ഞാറക്കല്‍, ഫ്രാന്‍സിസ് ടി മാവേലിക്കര, ഹേമന്ത്കുമാര്‍, രാജേഷ് ഇരുളം, മുല്ലനേഴി ...... ഒരു നാടകം കഴിയുമ്പോള്‍ അനുമോദിക്കാന്‍ പിന്നണിയിലേക്കെത്തുന്ന നാടക പ്രേമികള്‍ ... അങ്ങനെ ഒട്ടനവധി പേര്‍. പിന്നിട്ട വഴിത്താരകളില്‍ ഇത്തരം വഴിവിളക്കുകളില്ലായിരുന്നെങ്കില്‍ ഈ നടനുണ്ടാകുമായിരുന്നില്ല.‍ കോവിലകത്തുംകടവില്‍ മാത്രം ജീവിക്കുന്ന ഒരു മനുഷ്യന്‍ മാത്രമാകുമായിരുന്നു.

തിരിഞ്ഞ് നോട്ടം

നാടകത്തിന് വേണ്ടി ജിവിതത്തെ പരിമിതപ്പെടുത്തി. ആഗ്രഹങ്ങളും ആശകളും ഒളിപ്പിച്ച് വെച്ചു. നാടകത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വാര്‍ഡ് സമിതി അംഗവുമായി. കലാകാരന്‍ എന്ന നിലയില്‍ ലഭിച്ച , പൊതുജനങ്ങളുടെ അംഗീകാരമായിരുന്നു അത്. നാടകമില്ലാത്ത കാലത്ത് സ്വന്തമായുള്ള ഓട്ടോ ടാക്സി ഓടിച്ച് ജിവിത മാര്‍ഗം കണ്ടെത്തും. ഇപ്പോള്‍ തികച്ചും സംതൃപ്തന്‍.

സ്റ്റേജിലെ സംഘര്‍ഷം

ഇരുപത്തിനാല് അടി ചുറ്റളവില്‍ നടന്‍ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്.പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണത്. സിനിമയില്‍ കിട്ടാത്ത സ്വാതന്ത്ര്യമാണത്. സ്റ്റേജില്‍ വൈകാരികമായ ഒരു തുടര്‍ച്ച അനുഭവപ്പെടും. വേദിയില്‍ വെച്ച് അനുഭവിക്കേണ്ടി വരുന്ന ഒരു വേദനയും ഏകാന്തതയുമുണ്ട്. അതോടൊപ്പം ഏകാഗ്രതയും വേണം. കാണികളില്‍ നിന്നുള്ള ഒരു കൗണ്ടര്‍ ഡയലോഗ് മതി ഏകാഗ്രത തകരാന്‍. വേദനക്ക് അതും ഒരു കാരണമാണ്.

നടന്റെ അന്നന്നത്തെ മാനസികാവസ്ഥ പോലിരിക്കും പ്രകടനം. മനസ്സ് ശൂന്യമായി പോകുന്ന അവസ്ഥയുണ്ടാകും. ഡയലോഗ് മറന്ന് പോകും, സ്ഥലകാല ബോധം നഷ്ടപ്പെടും. ഏതൊരു നടനുമുണ്ടാകും ഇത്തരം മാനസികാവസ്ഥകള്‍.

നാടകത്തില്‍ നിന്നും സിനിമയിലേക്ക്

രാജേഷ് ഇരുളും ഹേമന്ത് കുമാറും ചേര്‍ന്നൊരുക്കുന്ന 'നുണ' എന്ന സിനിമയില്‍ ഇന്ദ്രന്‍സിനൊപ്പം ആദ്യാവസാനമുള്ള വേഷം അഭിനയിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുന്ന ചിത്രം ആഗസ്റ്റില്‍ റിലീസ് ചെയ്യും. താരപരിവേഷം പ്രകടിപ്പിക്കാത്ത ഇന്ദ്രന്‍സിനൊപ്പം സ്വാതന്ത്ര്യത്തോടെ അഭിനയിക്കാന്‍ കഴിഞ്ഞത് വേറിട്ട ഒരനുഭവമായി.





സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം