28 April, 2021

കളിവീട് കെട്ടിക്കളിച്ച കാലം

 

കവിത

കളിവീട് കെട്ടിക്കളിച്ച കാലം


രസമുള്ളൊരാ നല്ല ബാല്യകാലം

കളിവീട് കെട്ടിക്കളിച്ച കാലം.

മനസ്സിന്റെ  പുസ്തക താളുകളില്‍

നിധി പോലെ മയില്‍ പീലി പോലെ !

കോട്ട കളിച്ചും, കിളി കളിച്ചും

കുട്ടിയും കോലും കളി തിമിര്‍ത്ത്

കണ്ണന്‍ ചിരട്ടയില്‍ കഞ്ഞി വെച്ച്

പുഴ നീന്തി , പാടത്ത് പന്തടിച്ച്

കണ്ണാരം പൊത്തി രസം പിടിച്ച്

ഉപ്പിന് പോകണ വഴിയേതെടോ ?

കാളികുളങ്ങര തെക്കേലെടൊ .

മനതാരിന്‍ സാഗര  തീരങ്ങളില്‍

കളിപ്പാട്ടിപ്പോഴും‍ കാറ്റ് മൂളുന്നുണ്ട്.

വേലികളില്ലാത്ത പുരയിടങ്ങള്‍

സ്നേഹം ചുരത്തുന്ന പൊതുകുളങ്ങള്‍

അതിരുകളില്‍ ചെത്തി മന്ദാരങ്ങള്‍

സ്നിഗ്ദ്ധ സുഗന്ധം പരത്തിടുന്നു.

പീച്ചിയും, പയറും, വഴുതിനയും

മുത്തച്ഛന്റെ കൊണ്ടല്‍ കൃഷിയിടങ്ങള്‍.

കോഴിക്കുടുംബവും  പരിവാരവും

മുത്തശ്ശി പോറ്റുന്ന പുന്നാരങ്ങള്‍.

എറിയന്റെ ദൃഷ്ടിയില്‍ പെട്ട് പോയാല്‍

തല്‍ക്ഷണം റാഞ്ചുമാ പൈതങ്ങളെ .

ഇന്നിവയെല്ലാം പഴങ്കഥകള്‍ മാത്രം

മനച്ചെപ്പിലെ ചിത്രശേഖരങ്ങള്‍

വീണ്ടെടുക്കുവാന്‍ ആവില്ല പോയകാലം

എങ്കിലും ,ഓര്‍ക്കുവാനണതിലേറെ ഇഷ്ടം .

രസമുള്ളൊരാ നല്ല ബാല്യകാലം

കളിയൂഞ്ഞാല്‍ കെട്ടി  കളിച്ച കാലം



എം.എന്‍. സന്തോഷ്

 







18 April, 2021

കവിത

 

കണിക്കാഴ്ച

എം.എന്‍.സന്തോഷ്

കണ്ണന് കാണിക്ക കര്‍ണ്ണികാരം,


കണ്ണിണകളില്‍ കാരുണ്യ നീലോപലം

 
നെഞ്ചത്തില്‍ മുല്ല മലര്‍ മാലിക

 
ചെഞ്ചുണ്ടില്‍ കളിയാടും മന്ദഹാസം

 
കരപല്ലവങ്ങളില്‍ മായാമുരളിക

 
മുളന്തണ്ടിലൊഴുകുന്നു രാഗാമൃതം

 
മണിമുകുടത്തില്‍ ചേലഞ്ചും ശിഖിപിഞ്ചം

 
പുണ്യമാം പാദങ്ങള്‍ പത്മദളം പോലെ,


മഞ്ഞപ്പട്ടാമ്പരം തേജോഹരം !


നിലവിളക്കിന്‍ തിരി തെളിയുന്ന മാത്രയില്‍

 
നീലക്കാര്‍വര്‍ണ്ണന്റെ ദിവ്യരൂപം !


കണികണ്ട് കണ്ട് കൈകൂപ്പുന്ന നേരത്ത്

 
കായാമ്പൂ വര്‍ണ്ണന്റെ വേണുനാദം.


ഉരുളിയില്‍ അടിയന്റെ കണിക്കാഴ്ചകള്‍

 
കാണിക്ക ഈ മൂളും പാട്ട് മാത്രം.


14.04.2021



പറവൂരിന്റെ ഗ്രാമക്ഷേത്രത്തില്‍ ഉത്സവം

 

പറവൂരിന്റെ ഗ്രാമക്ഷേത്രത്തില്‍ ഉത്സവം



എം.എന്‍.സന്തോഷ്

17.04.2021


പുരാതനവും ചരിത്രപ്രസിദ്ധവുമായ പെരുവാരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന് മഹോത്സവമാണ്.മന്നത്തപ്പനെ ആചാരപൂര്‍വം വരവേറ്റ് ,താളമേളങ്ങളുടെ അകമ്പടിയില്‍ രണ്ടുപേരും ഒരുമിച്ചെഴുന്നുള്ളുന്നു.വലിയവിളക്ക് ദര്‍ശിച്ച് മന്നത്തപ്പന്‍ യാത്രയാവുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്ക് കൊട്ടിക്കലാശം തുടങ്ങും.


പറവൂരിന്റെ ഗ്രാമക്ഷേത്രം എന്നാണ് മഹാദേവക്ഷേത്രം അറിയപ്പെടുന്നത്.പരശുരാമനാല്‍ നിര്‍മ്മിതമായ 64 ഗ്രാമങ്ങളിലൊന്നാണ് പറവൂര്‍ എന്നാണ് ഐതിഹ്യം.പറവൂര്‍ തമ്പുരാന്റെ ആരാധനാ മൂര്‍ത്തിയായിരുന്നു ശ്രീമഹാദേവന്‍. ഏകദേശം 600 - 800 വര്‍ഷത്ത പഴക്കമുണ്ട് ക്ഷേത്രത്തിന് എന്ന് ഊഹിക്കുന്നു.ക്ഷേത്രാങ്കണത്തില്‍ ഒരു സ്വര്‍ണ്ണക്കൊടിമരമുണ്ടായിരുന്നു. പടയോട്ടക്കാലത്ത് ടിപ്പു കൊടിമരം പിഴുതെടുത്തു.കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജിതനായി.സമീപത്തുള്ള പെരുങ്കുളങ്ങരക്കാവില്‍ , പുല്ലങ്കുളത്ത് കുഴിച്ചിട്ടു. കാവ് തകര്‍ക്കാനും ടിപ്പു മടിച്ചില്ല.

ഐതിഹ്യം

' മന്നം -കുന്നം -പണിതീരാ പെരുവാരം ' എന്നൊരു പഴമൊഴിയുണ്ട്.മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുവാരം മഹാദേവക്ഷേത്രം, വാണിയക്കാട് കുന്നത്ത് ക്ഷേത്രം ഈ മൂന്ന് അമ്പലങ്ങളും ഒറ്റ രാത്രികൊണ്ട് പണിപൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.പെരുവാരം ക്ഷേത്രം പൂര്‍ത്തിയാകും മുന്‍പ് നേരം വെളുത്തു.പണിതീര്‍ന്നില്ല.ഈ മൂന്ന് ക്ഷേത്രങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരാതെ ഇപ്പോഴും തുടരുന്നുവത്രെ !

പ്രത്യേകതകള്‍

വൈക്കത്തിന് ഉദയനാപുരമെന്നപോലെ, പെരുവാരത്തിന് മന്നം സ്ഥിതിചെയ്യുന്നു.മഹേശ്വരനും, ശ്രീപാര്‍വ്വതിയും ഒറ്റക്കോവിലില്‍ വസിക്കുന്നു.നേര്‍കിഴക്കായി വല്‍സല പുത്രനുണ്ട്.അതും ഒരപൂര്‍വതയാണ്.വര്‍ഷത്തിലൊരിക്കല്‍ മന്നത്തപ്പന്‍ , വാദ്യമേളങ്ങളോടും കലാരൂപങ്ങളോടും താലാദി ഘോഷങ്ങളോടും കൂടി പിതാവിന്റെ സവിധത്തിലെത്തിച്ചേരുന്നു, വലിയവിളക്ക് ദിവസം ! ശ്രീകോവില്‍ വൃത്താകാരത്തിലാണ്.കന്നിമൂലയില്‍ ഗണപതിയും, പാലച്ചുവട്ടില്‍ യക്ഷിയും, തെക്ക് ദിക്കില്‍ ധര്‍മ്മശാസ്താവും, നാഗദൈവങ്ങളുമുണ്ട്. വേഴപ്പറമ്പ് മനയ്ക്കാണ് താന്ത്രികാവകാശം.

പേരിന്റെ പിന്നില്‍

ശ്രീപരമേശ്വരന്‍ പരിവാരങ്ങളോടെ കുടികൊള്ളുന്നതിനാല്‍ പെരുവാരം എന്ന് ഉത്ഭവിച്ചന്ന് കരുതുന്നു.

ഉപക്ഷേത്രങ്ങള്‍

1.ചെറുവല്യാകുളങ്ങര ക്ഷേത്രം

ഗുരുവായൂരപ്പനാണ് പ്രതിഷ്ഠ.ചെറുവല്യാകുളങ്ങര വാര്യത്തിന് കീഴിലായിരുന്നു ക്ഷേത്രം . ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സംരക്ഷണയില്‍.

2. വേട്ടക്കൊരുമകന്‍ ക്ഷേത്രം

പെരുവാരം ക്ഷേത്രത്തിന് പടിഞ്ഞാറ് വശം സ്ഥിതിചെയ്യുന്നു.വേട്ടക്കൊരുമകന്‍ സ്വാമി പാട്ട് പ്രധാന ചടങ്ങാണ്. ധനുമാസത്തിത്തിലെ ആദ്യത്തെ ശനിയാഴ്ചയാണ് സ്വാമി പാട്ട്.

സ്ഥലനാമ ചരിതം

'പറയരുടെ ഊര് ' ആയിരുന്നത്രെ പറവൂര്‍.തമിഴില്‍ നിന്ന് മൊഴി മാറിയപ്പോള്‍ പറൈയൂരും, പിന്നെ പറയൂരും ആയി എന്ന് കരുതുന്നു.ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂര്‍.

പറവൂര്‍ രാജാവിന്റെ കാലത്ത് ഒരു മണ്‍കോട്ടയുണ്ടായിരുന്നു.ടിപ്പുവിന്റെ ആക്രമണത്തില്‍ കോട്ട തകര്‍ന്നു.'ഫോര്‍ട്ട് റോഡ് ' കോട്ടയുടെ ചരിത്രം നിലനിറുത്തുന്നു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വി.വി.കെ. വാലത്ത് രചിച്ച ' കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ ' എന്ന കൃതിയില്‍ പറവൂരിന്റെ സ്ഥലനാമ കഥ പ്രതിപാദിച്ചിട്ടുണ്ട്.



09 April, 2021

കവിത ..... പരീക്ഷ

 

പരീക്ഷ

 

കൊട്ടിക്കലാശം കഴിഞ്ഞു


'പെട്ടികള്‍' വോട്ടിട്ടു  പൂട്ടിവെച്ചു.


അവരുടെ പരീക്ഷ കഴിഞ്ഞു

 
നാട് നയിക്കുവാന്‍ ജയിക്കണം.


കൊടികളും, കവല പ്രസംഗവും

 
വോട്ട് പിടിക്കുവാന്‍

 
തിക്കിത്തിരക്കിയ വഴികളും

 
കൈവിട്ടു പോയ നിയന്ത്രണങ്ങള്‍.


കൊറോണയെ മര്‍ദ്ദിച്ചമര്‍ത്തുവാന്‍

 
സഹിച്ചൊരാ നാളുകള്‍ മറന്നുവോ

 
പത്തിവിടര്‍ത്തിയാടുന്നിതാ ഫണം വീണ്ടും

 
രണ്ടാം വരവിന്റെ ശീല്‍ക്കാരാരവം !


പാമ്പാട്ടി നാം തന്നെ 

 
മകുടിയൂത്തുന്നതും നാം തന്നെ.


കൊട്ടിക്കലാശം കഴിഞ്ഞു,


വോട്ടുകള്‍ പെട്ടിയില്‍ പൂട്ടിവെച്ചു,


അവരുടെ പരീക്ഷ കഴിഞ്ഞു.


കുട്ടികള്‍ നാളത്തെ മുത്തുകള്‍

 
പത്താം തര പരീക്ഷക്കിന്നിറങ്ങിയോര്‍

 
അവരുടെ പരീക്ഷ തുടങ്ങി.


പത്താണ്ട് പഠിച്ചതിന്‍ സമാപ്തി.


മാസ്ക്കിട്ടിറങ്ങണം

 
കൈകഴുകി കയറണം

 
തെര്‍മല്‍ സ്കാനിങ്ങെടുക്കണം

 
അകലമൊന്നര മീറ്റര്‍ തന്നെ വേണം

 
അരുതരുത് കൈമാറ്റം !


ഇത് നിങ്ങള്‍ക്ക് വേണ്ടി മാത്രം,


ഇത് നിങ്ങളുടെ നന്മയോര്‍ത്ത്.


വോട്ട് പിടിക്കുന്ന കാഴ്ച്ചകള്‍,


ആള്‍ക്കൂട്ടം , ആരവം  , മറന്നുവോ ?


അത് നാളത്തെ നാടിന് വേണ്ടിയത്ര !


കൊറോണയാര്‍ത്തു ചിരിക്കുന്നു

 
ഗ്രാഫുയരുന്നു.


ഇടവഴികളില്‍ ,കവലയില്‍

 
നാലാളു കൂടുമിടങ്ങളില്‍.


പാവം കുട്ടികള്‍ അവരിന്നിറങ്ങി

 
ഇനിയിവരുടെ പരീക്ഷ

 
നാട് നയിക്കുവാന്‍ പഠിക്കണം

 
പരീക്ഷകള്‍ ജയിക്കണം

 
അതവരുടെ പ്രാര്‍ത്ഥന.


പാലാഴി കടഞ്ഞതും നാം തന്നെ

 
കാളകൂടം ഭുജിപ്പതും നാം തന്നെ.



എം.എന്‍.സന്തോഷ്










02 April, 2021

വോട്ട്

 കവിത

വോട്ട്

 


നാട്ടാരെ ബൂത്തില്‍ പോകാന്‍
സമയമിതായല്ലോ.
വോട്ടേകാം , തിരഞ്ഞെടുക്കാം
നാടിന്‍ നായകരെ.
നല്ലൊരു നാളെക്കായ്,
നമ്മുടെ നാടിന്‍ നന്മക്കായ്.
തേര് നയിച്ചിടുവാന്‍;

സാരഥിയായിടുവാന്‍,

നാട്ടാരെ വോട്ട് പതിക്കാന്‍
ദിവസമിതാഗതമായ്,
സുവര്‍ണ്ണ നിമിഷമിതാഗതമായ് !
വോട്ട്, എന്റെ വോട്ട്
പൊന്നു് വിലയുള്ള എന്റെ വോട്ട്
ഒരൊറ്റ വോട്ട്
നമ്മുടെ വോട്ട്
വരി വരിയായ്
നിര നിരയായ്
അണിചേരാം  ബൂത്തില്‍.
വോട്ട്, എന്റെ വോട്ട്

വോട്ട്,വോട്ട്, വോട്ട്

ആര് ജയിക്കണം

ആര് നയിക്കണം

ആര് ഭരിക്കണം

സോദരത്വം വാഴുന്ന നാട്ടില്‍
പുലരട്ടെ ശാന്തി നിത്യം
വളരട്ട എന്റെ നാട് !
ഉയരട്ടെ ഖ്യാതി പാരില്‍ !
വോട്ട്‌.....!

 

എം.എന്‍.സന്തോഷ്

ജയ് ഹിന്ദ്

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...