18 April, 2021

പറവൂരിന്റെ ഗ്രാമക്ഷേത്രത്തില്‍ ഉത്സവം

 

പറവൂരിന്റെ ഗ്രാമക്ഷേത്രത്തില്‍ ഉത്സവം



എം.എന്‍.സന്തോഷ്

17.04.2021


പുരാതനവും ചരിത്രപ്രസിദ്ധവുമായ പെരുവാരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന് മഹോത്സവമാണ്.മന്നത്തപ്പനെ ആചാരപൂര്‍വം വരവേറ്റ് ,താളമേളങ്ങളുടെ അകമ്പടിയില്‍ രണ്ടുപേരും ഒരുമിച്ചെഴുന്നുള്ളുന്നു.വലിയവിളക്ക് ദര്‍ശിച്ച് മന്നത്തപ്പന്‍ യാത്രയാവുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്ക് കൊട്ടിക്കലാശം തുടങ്ങും.


പറവൂരിന്റെ ഗ്രാമക്ഷേത്രം എന്നാണ് മഹാദേവക്ഷേത്രം അറിയപ്പെടുന്നത്.പരശുരാമനാല്‍ നിര്‍മ്മിതമായ 64 ഗ്രാമങ്ങളിലൊന്നാണ് പറവൂര്‍ എന്നാണ് ഐതിഹ്യം.പറവൂര്‍ തമ്പുരാന്റെ ആരാധനാ മൂര്‍ത്തിയായിരുന്നു ശ്രീമഹാദേവന്‍. ഏകദേശം 600 - 800 വര്‍ഷത്ത പഴക്കമുണ്ട് ക്ഷേത്രത്തിന് എന്ന് ഊഹിക്കുന്നു.ക്ഷേത്രാങ്കണത്തില്‍ ഒരു സ്വര്‍ണ്ണക്കൊടിമരമുണ്ടായിരുന്നു. പടയോട്ടക്കാലത്ത് ടിപ്പു കൊടിമരം പിഴുതെടുത്തു.കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജിതനായി.സമീപത്തുള്ള പെരുങ്കുളങ്ങരക്കാവില്‍ , പുല്ലങ്കുളത്ത് കുഴിച്ചിട്ടു. കാവ് തകര്‍ക്കാനും ടിപ്പു മടിച്ചില്ല.

ഐതിഹ്യം

' മന്നം -കുന്നം -പണിതീരാ പെരുവാരം ' എന്നൊരു പഴമൊഴിയുണ്ട്.മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുവാരം മഹാദേവക്ഷേത്രം, വാണിയക്കാട് കുന്നത്ത് ക്ഷേത്രം ഈ മൂന്ന് അമ്പലങ്ങളും ഒറ്റ രാത്രികൊണ്ട് പണിപൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.പെരുവാരം ക്ഷേത്രം പൂര്‍ത്തിയാകും മുന്‍പ് നേരം വെളുത്തു.പണിതീര്‍ന്നില്ല.ഈ മൂന്ന് ക്ഷേത്രങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരാതെ ഇപ്പോഴും തുടരുന്നുവത്രെ !

പ്രത്യേകതകള്‍

വൈക്കത്തിന് ഉദയനാപുരമെന്നപോലെ, പെരുവാരത്തിന് മന്നം സ്ഥിതിചെയ്യുന്നു.മഹേശ്വരനും, ശ്രീപാര്‍വ്വതിയും ഒറ്റക്കോവിലില്‍ വസിക്കുന്നു.നേര്‍കിഴക്കായി വല്‍സല പുത്രനുണ്ട്.അതും ഒരപൂര്‍വതയാണ്.വര്‍ഷത്തിലൊരിക്കല്‍ മന്നത്തപ്പന്‍ , വാദ്യമേളങ്ങളോടും കലാരൂപങ്ങളോടും താലാദി ഘോഷങ്ങളോടും കൂടി പിതാവിന്റെ സവിധത്തിലെത്തിച്ചേരുന്നു, വലിയവിളക്ക് ദിവസം ! ശ്രീകോവില്‍ വൃത്താകാരത്തിലാണ്.കന്നിമൂലയില്‍ ഗണപതിയും, പാലച്ചുവട്ടില്‍ യക്ഷിയും, തെക്ക് ദിക്കില്‍ ധര്‍മ്മശാസ്താവും, നാഗദൈവങ്ങളുമുണ്ട്. വേഴപ്പറമ്പ് മനയ്ക്കാണ് താന്ത്രികാവകാശം.

പേരിന്റെ പിന്നില്‍

ശ്രീപരമേശ്വരന്‍ പരിവാരങ്ങളോടെ കുടികൊള്ളുന്നതിനാല്‍ പെരുവാരം എന്ന് ഉത്ഭവിച്ചന്ന് കരുതുന്നു.

ഉപക്ഷേത്രങ്ങള്‍

1.ചെറുവല്യാകുളങ്ങര ക്ഷേത്രം

ഗുരുവായൂരപ്പനാണ് പ്രതിഷ്ഠ.ചെറുവല്യാകുളങ്ങര വാര്യത്തിന് കീഴിലായിരുന്നു ക്ഷേത്രം . ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സംരക്ഷണയില്‍.

2. വേട്ടക്കൊരുമകന്‍ ക്ഷേത്രം

പെരുവാരം ക്ഷേത്രത്തിന് പടിഞ്ഞാറ് വശം സ്ഥിതിചെയ്യുന്നു.വേട്ടക്കൊരുമകന്‍ സ്വാമി പാട്ട് പ്രധാന ചടങ്ങാണ്. ധനുമാസത്തിത്തിലെ ആദ്യത്തെ ശനിയാഴ്ചയാണ് സ്വാമി പാട്ട്.

സ്ഥലനാമ ചരിതം

'പറയരുടെ ഊര് ' ആയിരുന്നത്രെ പറവൂര്‍.തമിഴില്‍ നിന്ന് മൊഴി മാറിയപ്പോള്‍ പറൈയൂരും, പിന്നെ പറയൂരും ആയി എന്ന് കരുതുന്നു.ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂര്‍.

പറവൂര്‍ രാജാവിന്റെ കാലത്ത് ഒരു മണ്‍കോട്ടയുണ്ടായിരുന്നു.ടിപ്പുവിന്റെ ആക്രമണത്തില്‍ കോട്ട തകര്‍ന്നു.'ഫോര്‍ട്ട് റോഡ് ' കോട്ടയുടെ ചരിത്രം നിലനിറുത്തുന്നു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വി.വി.കെ. വാലത്ത് രചിച്ച ' കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ ' എന്ന കൃതിയില്‍ പറവൂരിന്റെ സ്ഥലനാമ കഥ പ്രതിപാദിച്ചിട്ടുണ്ട്.



No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...