28 April, 2021

കളിവീട് കെട്ടിക്കളിച്ച കാലം

 

കവിത

കളിവീട് കെട്ടിക്കളിച്ച കാലം


രസമുള്ളൊരാ നല്ല ബാല്യകാലം

കളിവീട് കെട്ടിക്കളിച്ച കാലം.

മനസ്സിന്റെ  പുസ്തക താളുകളില്‍

നിധി പോലെ മയില്‍ പീലി പോലെ !

കോട്ട കളിച്ചും, കിളി കളിച്ചും

കുട്ടിയും കോലും കളി തിമിര്‍ത്ത്

കണ്ണന്‍ ചിരട്ടയില്‍ കഞ്ഞി വെച്ച്

പുഴ നീന്തി , പാടത്ത് പന്തടിച്ച്

കണ്ണാരം പൊത്തി രസം പിടിച്ച്

ഉപ്പിന് പോകണ വഴിയേതെടോ ?

കാളികുളങ്ങര തെക്കേലെടൊ .

മനതാരിന്‍ സാഗര  തീരങ്ങളില്‍

കളിപ്പാട്ടിപ്പോഴും‍ കാറ്റ് മൂളുന്നുണ്ട്.

വേലികളില്ലാത്ത പുരയിടങ്ങള്‍

സ്നേഹം ചുരത്തുന്ന പൊതുകുളങ്ങള്‍

അതിരുകളില്‍ ചെത്തി മന്ദാരങ്ങള്‍

സ്നിഗ്ദ്ധ സുഗന്ധം പരത്തിടുന്നു.

പീച്ചിയും, പയറും, വഴുതിനയും

മുത്തച്ഛന്റെ കൊണ്ടല്‍ കൃഷിയിടങ്ങള്‍.

കോഴിക്കുടുംബവും  പരിവാരവും

മുത്തശ്ശി പോറ്റുന്ന പുന്നാരങ്ങള്‍.

എറിയന്റെ ദൃഷ്ടിയില്‍ പെട്ട് പോയാല്‍

തല്‍ക്ഷണം റാഞ്ചുമാ പൈതങ്ങളെ .

ഇന്നിവയെല്ലാം പഴങ്കഥകള്‍ മാത്രം

മനച്ചെപ്പിലെ ചിത്രശേഖരങ്ങള്‍

വീണ്ടെടുക്കുവാന്‍ ആവില്ല പോയകാലം

എങ്കിലും ,ഓര്‍ക്കുവാനണതിലേറെ ഇഷ്ടം .

രസമുള്ളൊരാ നല്ല ബാല്യകാലം

കളിയൂഞ്ഞാല്‍ കെട്ടി  കളിച്ച കാലം



എം.എന്‍. സന്തോഷ്

 







No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...