02 May, 2021

പുസ്തക പരിചയം

 




 

 

 

 

 

 

 

 

 

ഒരു കൈലാസ തീര്‍ത്ഥാടകന്റെ അസാധാരണ ആത്മകഥ


ഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള ആസ്വാദനം


എം.എന്‍.സന്തോഷ്



ഹിമാലയന്‍ യാത്രക്കായി പത്തൊമ്പതാമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങിയ ഒരു തീര്‍ത്ഥാടകന്റെ ആത്മകഥയാണ് ശ്രീ എം. രചിച്ച 'ഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ'. ബാല്യത്തില്‍ കണ്ടുമുട്ടിയ ഒരു സന്യാസിയില്‍ ആകൃഷ്ടനാവുകയും , ഹിമാലയത്തില്‍ വസിക്കുന്ന ഗുരുവിന്റെ സന്നിധിയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്ന ഒരു തീര്‍ത്ഥാടകന്റെ ആത്മകഥ, സഞ്ചാരക്കുറിപ്പുകളിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്.

മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വ്വതസാനുക്കളില്‍ അദ്ദേഹം താന്‍ അന്വേഷിച്ചിറങ്ങിയ ഗുരുവിനെ കണ്ടെത്തുകയും , മൂന്ന് വര്‍ഷത്തോളം താപസ സമാനമായ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്.

ബാല്യകാലത്ത് ഇന്ദ്രിയാനുഭവത്തിലൂടെ ദര്‍ശിച്ച ഗുരുനാഥനെ കണ്ടെത്താന്‍ നടത്തുന്ന ഹിമാലയ പര്യടനം വായനക്കാരില്‍ അനുഭൂതിയുണര്‍ത്തും. ബദരിനാഥ ക്ഷേത്രത്തിനടുത്ത് വ്യാസഗുഹയില്‍ ധ്യാനനിമഗ്നനായിരുന്ന ഗുരുനാഥനെ ശ്രീ.എം. കണ്ടെത്തി. 'മഹേശ്വര നാഥ ബാബാജി' എന്നായിരുന്നു ഗുരുവിന്റെ നാമധേയം.

പിന്നീട് ബാബാജിയോടൊപ്പവും , അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്താലും ഹിമാലയ ഗിരി നിരകളിലൂടെ ശ്രീ.എം. നടത്തിയ തീര്‍ത്ഥാടനത്തിന്റെ കഥകളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.

ശ്രീ.എം. എന്നത് ഗുരു , ശിഷ്യന് ഇഹലോകത്തില്‍ അറിയപ്പെടുന്നതിന് അരുളിയ നാമമാണ്. മധു എന്നാണ് ദര്‍ശന മാത്രയില്‍ തന്നെ ബാബജി ശിഷ്യനെ അഭിസംബോധന ചെയ്തത്.

തന്റെ യഥാര്‍ത്ഥ നാമധേയം എന്താണെന്ന് ശ്രീ .എം. ഗ്രന്ഥത്തിലുടനീളം അനാവരണം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കൈലാസ ദര്‍ശനം നടത്തിയ ഒരു തീര്‍ത്ഥാടകന്റെ സഞ്ചാരക്കുറിപ്പുകളായി പുസ്തകം ആസ്വദിക്കാം. അതൊരു ആത്മീയ സഞ്ചാരം കൂടിയായിരുന്നു. ആകപ്പാടെ മാറിമറിഞ്ഞ ബോധമനസ്സുമായി ശൈലശൃംഗങ്ങളില്‍ താപസിയായി വിഹരിക്കുകയും , പിന്നീട് നാട്ടിലെത്തി സാധാരണക്കാരനായി , സാമൂഹ്യപരമായ കടമകള്‍ നിര്‍വഹിച്ച് ലൗകിക ജീവിതം നയിക്കുന്ന ഋഷിതുല്യനായ ഒരു മനുഷ്യന്റെ ജീവിതദര്‍ശനമായും , ആത്മകഥയായും ഈ കൃതി പാരായണം ചെയ്യാം !

ഹിമാലയത്തിലെ യോഗിമാരോടൊത്തുള്ള സഹവാസത്തിലൂടെ പഠിച്ചതും , അനുഭവിച്ചതുമായ പാഠങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അദ്ദേഹം പിന്നീട് പല ഘട്ടങ്ങളിലായി ലോക പര്യടനം നടത്തി. ജനങ്ങളുമായി സംവേദിച്ചു. ആത്മീയവും , ഭൗതികവുമായ ഉണര്‍വിന് വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടു. വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.അധ്യാപകനായി ജീവിതം നയിച്ചു.

ബാബാജി, ശ്രീ ഗുരു, തുടങ്ങിയ ഹൈമവത ഭൂമിയിലെ യോഗിമാരില്‍ നിന്നും പ്രസരിച്ച ആത്മീയ തരംഗങ്ങളാണ് ഒരു പത്തൊമ്പതുകാരന്‍ യുവാവിന്റെ ചിന്താമണ്ഡലത്തെ ഉഴുത് മറിച്ചത് . സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ പരമഹംസര്‍, രമണ മഹര്‍ഷി, ഷിര്‍ദ്ദിസായി ബാബ, സൂഫി ഗുരുക്കന്മാര്‍, ടിബറ്റന്‍ ലാമമാര്‍ , ലക്ഷ്മണ്‍ ജൂ , ജെ.കൃഷ്ണമൂര്‍ത്തി എന്നിവരെല്ലാം അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തികളായിരുന്നു. സ്വാമി അഭേദാനന്ദന്‍, രാമകൃഷ്ണമിഷനിലെ തപസ്യാനന്ദ, ചെമ്പഴന്തി സ്വാമി തുടങ്ങിയ ആധ്യാത്മികാചാര്യന്മാരുമായി നേരിട്ട് സംവേദിച്ചു. ആ അനുഭവങ്ങള്‍ , അവരുമായുള്ള ആത്മബന്ധങ്ങള്‍ ശ്രീ. എം. ആത്മകഥയിലുടനീളം പ്രതിപാദിക്കുന്നുണ്ട്. എട്ടാം അധ്യായത്തില്‍ ശ്രീനാരായണഗുരുവിന്റെ മഹിമകളാണ് പ്രതിപാദ്യ വിഷയം.ഗുരുവിനെത്തേടിയുള്ള യാത്രക്കിടയില്‍ ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മരുത്വാമലയും ആ യുവാവ് സന്ദര്‍ശിച്ചതായി പറയുന്നുണ്ട്.

അചഞ്ചലമായ മനസ്സും , ലക്ഷ്യബോധവും , അതിസാഹസികതയും സ്വയമാര്‍ജിച്ചെടുത്ത ഒരു കൗമാരക്കാരന്‍ ഹൈമവതഭൂമിയില്‍ നടത്തിയ പര്യടനം വിസ്മയത്തോടെ മാത്രമേ വായിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു.

തിരുവനന്തപുരത്ത് വഞ്ചിയൂരാണ് ശ്രീ. എം. ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ പത്താന്‍ വംശജരായിരുന്നു. സൂഫികഥകളായിരുന്നു ബാല്യത്തില്‍ കേട്ടത്. അയല്‍പക്കത്തെ ഹിന്ദു വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് പോലും മുതിര്‍ന്നവര്‍ വിലക്കിയിരുന്നു.

ഒമ്പതാമത്തെ വയസ്സില്‍ , വീടിന് മുന്നിലെ റോഡിലൂടെ ഒരു ഭജന സംഘത്തെ നയിച്ചുകൊണ്ടുപോയ അസാമാന്യ തേജസ്വിയായ ഒരു സന്യാസിയുടെ സ്പര്‍ശനമാണ് ആ ബാലന്റെ ചിന്തകളിലേക്ക് അഗ്നിസ്ഫുല്ലിംഗങ്ങള്‍ പടര്‍ത്തിയത്. അജ്ഞാതവും , അവര്‍ണ്ണനീയവുമായ ഒരു ശക്തി ഹിമാലയത്തിലേക്ക് ക്ഷണിക്കുന്നതായി ബാലന് അനുഭവപ്പെട്ടു.


ദി കംപ്ളീറ്റ് വര്‍ക്ക്സ് ഓഫ് സ്വാമി വിവേകാനന്ദ, ദി ഗോസ്പല്‍ ഓഫ് രാമകൃഷ്ണ, ജീസസ് അണ്‍വെയില്ഡ്, ദി സീക്രട്ട് ഡോക്ട്രിന്‍, ദി ഉപനിഷദ്സ്, ദി ഭഗവത് ഗീത, അരിസ്റ്റോട്ടിന്‍, പ്ളേറ്റോ തുടങ്ങിയവരുടെ കൃതികള്‍, ജെ. കൃഷ്ണമൂര്‍ത്തിയുടെ ദി കമ്മന്ററീസ് ഓണ്‍ ലിവിങ്ങ്, യോഗശാസ്ത്രം, ബ്രഹ്മശാസ്ത്രം, തത്വശാസ്ത്രം ഇങ്ങനെ , അതിരുകളില്ലാത്ത വായനയുടെ മേച്ചില്‍പ്പുറങ്ങളില്‍ ആ കൗമാരക്കാരന്‍ സ്വയം വിഹരിച്ചു.

ഹിമാലയ യാത്രക്കുള്ള ആഗ്രഹം തീവൃമായതോടെ ഒരു പരീക്ഷണ യാത്ര നടത്താന്‍ ആ യുവാവ് സജ്ജനായി. തിരുനല്‍വേലിയില്‍ താമ്രപര്‍ണ്ണീ നദീതീരത്തുള്ള പോട്ടല്‍പുത്തൂര് വനാന്തര്‍ഭാഗത്തുള്ള ഒരു ഗ്രാമമാണ്. അബ്ദുള്‍ ഗാഫര്‍ ഗിലാനി എന്ന സൂഫി വിശുദ്ധന്റെ ശവകുടീരം ആ ഘോരവനത്തിലാണെന്ന് ആ യുവാവിനറിയാം. കേട്ടറിവ് വെച്ച് ആ ശവകുടീരം കാണാന്‍ തന്നെ ആദ്യ യാത്ര. യാത്രയെന്ന് വെച്ചാല്‍ മുങ്ങല്‍ !

പത്ത് ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി.

ഈ പരീക്ഷണ പര്യടനം വിജയിച്ചതോടെ ഹിമാലയ യാത്ര ഉറപ്പിച്ചു.

ഹിമാലയ യാത്രക്ക് നാന്ദി കുറിച്ച് കൊണ്ട് , ദല്‍ഹിക്ക് പോകുന്നതിന് ആ പത്തൊമ്പത് കാരന്‍ പയ്യന്‍ ചെന്നൈ എക്സ്പ്രസ്സിലെ തിരക്കില്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ ‍ കയറിയിരുന്നു.

വിചിത്രമായ ചില ഇന്ദ്രിയാനുഭൂതികളെകുറിച്ചുള്ള വിവരണങ്ങളും, സാധാരണ മനുഷ്യന് അനുഭവേദ്യമാകുമോയെന്ന് സന്ദേഹിച്ചു പോകുന്ന ദിവ്യദര്‍ശനങ്ങളും, മായികമായ സ്വപ്നക്കാഴ്ച്ചകളും അനുഭവിച്ചത് ആത്മകഥയിലുടനീളം ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നുണ്ട്. യോഗികള്‍ക്കും, തപസ്വികള്‍ക്കും ദിവ്യദൃഷ്ടികളുള്ളതായും ,മായക്കാഴ്ച്ചകള്‍ കാണാനുള്ള അമാനുഷിക ശേഷികളുള്ളതായും നമ്മള്‍ പുരാണങ്ങളിലേയും , ഇതിഹാസങ്ങളിലേയും കഥകളില്‍ വായിച്ചിട്ടുണ്ടല്ലോ !

ഗംഗാതീരത്ത് ,ആദ്യമായി കണ്ടുമുട്ടിയ ഒരു സന്യാസി അഹിന്ദുവായ ഈ തീര്‍ത്ഥാടകന് ശിവപ്രസാദ് എന്ന് നാമകരണം ചെയ്തു.

അളകനന്ദയും, സരസ്വതിയും സംഗമിക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്ത് ഒരു ഗുഹയില്‍ ശിവപ്രസാദ് , താന്‍ അന്വേഷിച്ചിറങ്ങിയ ഗുരുവിനെ കണ്ടെത്തി. മഹേശ്വര്‍ നാഥ് ബാബാജി ആയിരുന്നു ഗുരു.ബാബാജി ശിവപ്രസാദിനെ മധു എന്ന് വിളിച്ചു. ആ പുണ്യഭൂമിയില്‍ ശ്രീ. എം. അവതരിക്കുകയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

അമ്പത് അധ്യായങ്ങളിലായാണ് ശ്രീ.എം. എന്ന യോഗിയുടെ ആത്മകഥ ആവിഷ്ക്കരിച്ചിരിക്കുന്നത്.

മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് ഹിന്ദി വിഭാഗം മേധാവിയായിരുന്ന ശ്രീ ഡി.തങ്കപ്പന്‍ നായരാണ് യോഗിയുടെ ആത്മകഥ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പ്രസാധകര്‍ ഡി.സി.ബുക്ക്സ്. വില മുന്നൂറ്റി അമ്പത് രൂപ.








No comments:

Post a Comment