05 May, 2021

ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നോ ?

 

 "അനുകമ്പയാകുന്ന മധുരം കൊണ്ട് നിറഞ്ഞതായിരിക്കണം മനുഷ്യ 

മനസ്സ്"     - ചട്ടമ്പി സ്വാമികള്‍

 

 

ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നോ ?



അറിവ് പരസ്പരം പങ്കുവെക്കുന്നവരെ ഗുരുവെന്നും ശിഷ്യനെന്നും വിവക്ഷിക്കപ്പെടമോ ? ചരിത്രത്തില്‍ അങ്ങനെയുള്ള ചര്‍ച്ചക്ക് ഇടം നേടിയിട്ടുള്ള രണ്ട് ചരിത്രപുരുഷന്മാരില്‍ ഗുരുസ്ഥാനീയനെന്ന് വിവക്ഷിക്കപ്പെടുന്ന ഒരു മഹാത്മാവിന്റെ സമാധി ദിനമാണിന്ന് , മെയ് 5. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക ചിന്തകള്‍ക്ക് തിരി കൊളുത്തിയ ചട്ടമ്പി സ്വാമികളാണ് ആ മഹത് വ്യക്തി.


അറിവ് നേടുവാനുള്ള ജാതിപരമായ വിലക്കുകളെ ഒരു നൂറ്റാണ്ടിന് മുന്‍പ് യുക്തി പൂര്‍വം എതിര്‍ത്ത ധീരനായിരുന്നു അദ്ദേഹം. ബ്രാഹ്മണാധിപത്യത്തെ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. കേരളം പരശുരാമസൃഷ്ടിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വം , സാര്‍വത്രിക വിദ്യാഭ്യാസം എന്നിവ ഒരു നൂറ്റാണ്ടിന് മുന്‍പ് അദ്ദേഹം സമൂഹ ശ്രദ്ധയില്‍ കൊണ്ടുവന്നു.


തിരുവനന്തപുരത്ത്, കൊല്ലൂര്‍ (കണ്ണമ്മൂല) ഉള്ളൂര്‍ക്കോട് വീട് എന്ന ദരിദ്ര നായര്‍ കുടുംബത്തിലാണ് അദ്ദേഹം ഭൂജാതനായത്. 1853 ആഗസ്റ്റ് 25ന് . ശ്രീനാരായണ ഗുരുദേവന്‍ ജനിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് .


കുഞ്ഞന്‍ പിള്ളയെന്നായിരുന്നു പേര്. പേട്ടയില്‍ രാമന്‍ പിള്ള ആശാനായിരുന്നു ആദ്യ ഗുരു. രാമന്‍ പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുമ്പോഴാണ്

' ചട്ടമ്പി '( ലീഡര്‍ ) ആകുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്ന കുഞ്ഞനെ , മാതാപിതാക്കള്‍ സുബ്ബജടാ പാഠിയെന്ന മഹാപണ്ഡിതന്റെ ശിക്ഷ്യത്വം നല്‍കി.നാല് വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഗുരുകുലത്തില്‍ വിജ്ഞാന സമ്പാദനം നടത്തി.


സംസ്കൃതം, വേദവേദാന്തങ്ങള്‍, സിദ്ധവൈദ്യം എന്നിവ അഭ്യസിച്ചു. വിജ്ഞാനമാര്‍ജിക്കാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തെ നിരവധി ഗുരുക്കന്മാരുടെ അടുക്കലെത്തിച്ചു. മഹാ സിദ്ധന്മാരുമായുള്ള സംസര്‍ഗം അദ്ദേഹത്തെ സന്യാസിയായി രൂപപ്പെടുത്തി. “ഷണ്‍മുഖദാസന്‍” എന്ന പേരില്‍സന്യാസം സ്വീകരിച്ചു. വിദ്യാധിരാജന്‍ എന്നും അറിയപ്പെടുന്നു. തുടര്‍ന്നദ്ദേഹം , മരുത്വാ മലയിലെ ഏകാന്ത വാസവും, ദക്ഷിണ ഭാരതം മുഴുവന്‍ സഞ്ചരിച്ചും , അറിവ് സമ്പാദിച്ചും അങ്ങനെ നടന്നു. തൈക്കാട്ട് അയ്യാവ് എന്ന ഗുരുവിന്റെ ശിക്ഷണത്തില്‍ കുഞ്ഞന്‍ പിള്ള യോഗാഭ്യാസം പരിശീലിച്ചിരുന്നു.


1884 ലാണ് കുഞ്ഞന്‍ പിള്ളയും, നാണു എന്ന ശ്രീനാരായണ ഗുരുവും കണ്ടുമുട്ടുന്നത്. അന്ന് , ചട്ടമ്പി സ്വാമികള്‍ക്ക് 27 വയസ്സും ഗുരുദേവന് 24വയസ്സും. പെരുനെല്ലി കൃഷ്ണന്‍ വൈദ്യരാണ് കുഞ്ഞന്‍ പിള്ള ചട്ടമ്പിയെന്ന മഹാനെ നാണുവാശാന് പരിചയപ്പെടുത്തികൊടുക്കുന്നത്.


കുഞ്ഞന്‍ പിള്ള ചട്ടമ്പിയുടെ പ്രേരണയാല്‍ നാണുവാശാന്‍ തൈക്കാട്ട് അയ്യാവിന്റെ ശിഷ്യത്വം സ്വീകരിച്ച് യോഗ പഠിച്ചു. അക്കാലം മുതല്‍ക്കാണ് രണ്ട് ചരിത്ര പുരുഷന്മാരും സതീര്‍ത്ഥ്യരും, സഹയാത്രികരുമാകുന്നത്.


അവധൂതനായി , ചട്ടമ്പി സ്വാമികള്‍ കാടുകളും മലകളും താണ്ടി കഴിയുമ്പോള്‍ , ആ സഹചാരിയും ഒപ്പമുണ്ടാകുമായിരുന്നു. ചട്ടമ്പി സ്വാമികള്‍ സര്‍വ്വകലാ വല്ലഭനായിരുന്നു.നല്ല വായനക്കാരനായിരുന്നു. അറിവുകള്‍ ഗുരുദേവന് പകര്‍ന്ന് നല്‍കി കൊണ്ടിരുന്നു.


* * * * * *

ശ്രീനാരായണ ഗുരുവും ,ചട്ടമ്പി സ്വാമികളും തമ്മില്‍ ആത്മീയമായി വളരെ അടുപ്പമുണ്ടായിരുന്നു.


ഒരിക്കല്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍ ഗുരുദേവനോട് ചോദിച്ചു.


ചട്ടമ്പി സ്വാമികള്‍ അങ്ങയുടെ ഗുരുവായിരുന്നോ ?”


ഗുരുദേവന്‍ ഇപ്രകാരമാണ് മറുപടി പറഞ്ഞത്.


ആര് ഗുരുവായാലെന്ത് ? ആര് ശിഷ്യനായാലെന്ത് ? ചട്ടമ്പിയും നാമും സതീര്‍ത്ഥ്യരാണ്. പരസ്പരം 'നാണന്‍' എന്നും 'ചട്ടമ്പി' എന്നുമാണ് വിളിച്ചിരുന്നത് . പരസ്പരം എന്തെങ്കിലും പഠിപ്പിച്ചിട്ടില്ല. അറിവുകള്‍ പങ്കു വെച്ചിട്ടുണ്ട്. ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്.”


ചട്ടമ്പി സ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് ശ്രീനാരായണഗുരു പറഞ്ഞതായി സത്യവൃതസ്വാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പി സ്വാമികളെ സ്നാപക യോഹന്നാനോടും , ഗുരുദേവനെ യേശുക്രിസ്തുവിനോടുമാണ് സത്യവൃതസ്വാമികള്‍ താരതമ്യം ചെയ്യുന്നത്.


1924 മെയ് 5 നായിരുന്നു ചട്ടമ്പി സ്വാമികളുടെ സമാധി. തദവസരത്തില്‍ ഗുരുദേവന്‍ രണ്ട് ചരമ ശ്ലോകങ്ങള്‍ രചിച്ചിരുന്നു. ഒരു പദ്യത്തില്‍ "സദ്ഗുരു ” എന്നൊരു പ്രയോഗമുണ്ട്.


സര്‍വ്വജ്ഞ ഋഷിരുത് ക്രാന്ത: സദ്ഗുരു: ശുക വര്‍ത്മനാ ”


ഇതാണ് ആദ്യ വരികള്‍.


'സദ്ഗുരു ' എന്നാല്‍ 'ഉത്തമനായ ഗുരു' എന്നും 'സജ്ജനങ്ങളുടെ ഗുരു' എന്നും അര്‍ത്ഥം കാണുന്നുണ്ട്. പദ്യത്തിലെ 'സദ്ഗുരു ' പ്രയോഗത്തെ അടിസ്ഥാനമാക്കിയും താര്‍ക്കികന്മാര്‍ ഒരു പക്ഷെ ഗുരു സ്ഥാനം നല്‍കുന്നുണ്ടാകും എന്ന് കരുതാം.


എം.എന്‍.സന്തോഷ്


No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...