05 July, 2011

എന്റെ സ്കൂള്‍ ഡയറി 6

ചൂരലിന്റെ ചൂട്

പഠന കാലത്ത് അധ്യാപകരിൽ നിന്നും ഒരിക്കലെങ്കിലും ‘തല്ല്’ വാങ്ങാത്ത വിദ്യാർഥികൾ ഇല്ലാതിരിക്കില്ല.ക്ലാസ്സ് മുറിയിലെ മേശപ്പുറത്ത് ചൂരൽ ഒരു അവിഭാജ്യ ഘടകമായിരുന്നു.വൈകി വരുന്നതിന് ,ഹോം വർക്ക് ചെയ്യാത്തതിന് , ഗുണനപ്പട്ടിക പഠിക്കാത്തതിന് , വർത്തമാനം പറഞ്ഞതിന് , അടുത്തിരിക്കുന്നവനെ തൊണ്ടിയതിന് എന്നിങ്ങനെ പല പല കുറ്റങ്ങൾക്കാവും “ചൂരൽ’ ശിക്ഷ പ്രയോഗം കിട്ടിയിട്ടുണ്ടാവുക. പണ്ടത്തെ തല്ലു വീരന്മാരായ പല ഗുരുശ്രേഷ്ഠരും ശിക്ഷ്യന്മാരുടെ മനസ്സുകളിൽ ജീവിക്കുന്നത് ഭയ ഭക്തി ബഹുമാനങ്ങളൊടെ തന്നെയാണ്.

അധ്യാപകർ കുട്ടിയെ ശിക്ഷിച്ചാൽ രക്ഷിതാക്കൾക്ക് പരാതി ഉണ്ടായിരുന്നില്ല.വീടിന്റെ തൂണിലും,മരത്തിലും മറ്റും മക്കളെ കെട്ടിയിട്ട് തല്ലുന്ന പിതാക്കന്മാരാണ് പണ്ടുണ്ടായിരുന്നത്.

’ഒന്നുള്ളുവെങ്കിൽ ഒലക്കക്ക് കൊട്ടി വളർത്തണം എന്നായിരുന്നു പ്രമാണം”.

എന്റെ ബാല്യത്തിൽ ,സമപ്രായക്കാരായ അയൽ വാസികളായിരുന്ന ഉണ്ണി, അശോകൻ, സജീവ് എന്നിങ്ങനെ പല കൂട്ടുകാരെയും അവരുടെ അച്ഛൻ മരത്തിൽ കെട്ടിയിട്ട് പുളി വടി കൊണ്ട് അടിക്കുന്ന കാഴ്ച്ച നോക്കി ഭയത്തൊടെ നിന്നിട്ടുണ്ട്.അച്ഛൻ പിൻ വാങ്ങുന്ന തക്കം നോക്കി അവരുടെ അമ്മ വന്ന് അഴിച്ചു വിടും.ഇന്ന് ഉണ്ണി  പോലിസ് ഉദ്യോഗസ്ഥനാണ്. അശോകനും, സജീവനുമൊക്കെ ബിസിനസ്സ് നടത്തി നല്ല നിലയിൽ ജീവിക്കുന്നു.

വിദ്യാലയങ്ങളിൽ ‘ചൂരൽ പ്രയോഗം ‘ നിയമം മൂലം നിരോധിക്കപ്പെട്ടു.മക്കളെ തല്ലാൻ അച്ചനമ്മമാർക്കും ഭയമാണ്.

ഒരു പൂർവ വിദ്യാർഥിയെ ഈയിടെ യാത്രക്കിടെ കണ്ടുമുട്ടിയപ്പോൾ അവൻ പറഞ്ഞ ഒരു കാര്യം കേട്ടപ്പോഴാണ് ഞാൻ ഇങ്ങനെയൊക്കെ ചിന്തിച്ചുപോയത്. പത്ത് ബി ഡിവിഷനിലാണ് പഠിച്ചിരുന്നതെന്ന് അവൻ തന്നെ പറഞ്ഞു. പേര് സജിത്ത്.ഇപ്പോൾ ബാംഗ്ലൂരിൽ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്നു.ട്രെയിനിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് എന്നെ കണ്ടത്.ബംഗ്ലൂരിലേയും,നാട്ടിലേയും, കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ പറഞ്ഞു..എന്റെ ബസ്സ് വരാറായി.അതിനിടെ ഒരു കാര്യം കൂടി സജിത്ത് പറഞ്ഞു..

‘പത്തിൽ വെച്ച് സാർ എന്നെ തല്ലിയത് ഓർക്കുന്നുണ്ടോ ? മൂട്ടിലിട്ട് രണ്ട് അടി അടിച്ചത് ! സാറിനെ കണ്ടപ്പോൾ ഞാൻ അന്നത്തെ ആ അടിയുടെ ചൂട് വീണ്ടും അനുഭവിച്ചു.

’ഒരു ചെറു ചിരിയോടെയാണ് സജിത്ത് ഇത്രയും പറഞ്ഞത്.എന്റെ ബസ്സ് വന്നു. സജിത്തിനൊട് യാത്ര പറഞ്ഞ് ഞാൻ ബസ്സിൽ കയറി.ബസ്സ് നീങ്ങുകയാണ്. എന്റെ കാഴ്ച്ചയിൽ നിന്നും സജിത്ത് മറഞ്ഞു.

എന്റെ ചിന്തകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു.മറ്റു വല്ലതും പറയാതെ അടിയുടെ കാര്യം ഇത്ര പ്രാധാന്യത്തോടെ പറഞ്ഞതെന്തു കൊണ്ടാണ് ?ആ അടിയുടെ ചൂട് അവൻ ഇപ്പോഴും ഓർക്കുന്നതെന്തു കൊണ്ടാണ്? കുറ്റം ചെയ്തിട്ട് തന്നെ യാകുമൊ അവൻ അടി വാങ്ങിയത്? എങ്കിൽ ആ ശിക്ഷ അർഹമെന്ന് കരുതി ആശ്വസിക്കുകയും , അക്കാര്യം വിസ്മരിക്കുകയൂം ചെയ്യുമായിരുന്നില്ലേ? ഒരു കുറ്റവും ചെയ്യാതിരുന്നവനെ പിടിച്ച് വെറുതെ അടിച്ചതാവുമൊ?

അങ്ങനെയുമാവാമെന്ന് ഞാൻ ഊഹിച്ചു.

അധ്യാപകർ അങ്ങനെയൊക്കെ ചെയ്യാറില്ലെ? ക്ലാസ്സിൽ ഒരു തല്ല് പിടുത്തം. ഉടനെ ഒരു ചൂരൽ പ്രയോഗം നടത്തും.ഇടിച്ചവനും, ഇടി കൊണ്ടവനും, പിടിച്ചുമാറ്റാൻ ചെന്നവനും, ചിലപ്പോൾ കാഴ്ച്ചക്കാർക്കും ഒക്കെ അടി കിട്ടും! 

( പോലിസ് മുറ അല്ലേ ? പിന്നെ എങ്ങിനെ ചൂരൽ പ്രയോഗം നിരോധിക്കാതിരിക്കും ?) 

ഇത്തരത്തിൽ ,സജിത്തിന് അകാരണമായി അടി കിട്ടിയിട്ടുണ്ടാകാമെന്നായി എന്റെ നിഗമനം.അങ്ങിനെയുള്ള ഒരു ശിക്ഷയുടെ വേദന ഒരിക്കലും മറക്കുകയില്ല, അല്ലേ സജിത് ?

എന്തായാലും, സജിത്തുമായുള്ള എന്റെ കൂടിക്കാഴ്ച്ച എന്റെ മനസ്സിൽ അശാന്തിയുടെ ഒരു അഗ്നിപർവതത്തിന് തീ കൊളുത്തി.

03 July, 2011

കവിത

ഗൌരിലക്ഷ്മിയുടെ കവിതകൾ

1 മഴവില്ല്

ഏഴുനിറമുള്ള കൊട്ടാരം

ഏഴു നിലയുള്ള കൊട്ടാരം

ഏഴു നിലയിലും ഏഴു നിറം

കാണാനഴകുള്ള കൊട്ടാരം

ആരു നൽകിയീ നിറങ്ങൾ ?

ആരു നൽകിയീ അഴക് ?

മഴ ചൊരിയുന്ന വില്ലാണ്

കാണാനെന്തൊരു ചേലാണ് !

2 കുരുവികളെ..

കുരുവികളേ ചെറുകുരുവികളേ

മാനം നോക്കി പോകുന്നോ ?

കൂടുണ്ടാക്കാൻ പോകുന്നോ,

കൂട്ടരെത്തേടി പോകുന്നോ ?

കൂടു വെച്ചു , മുട്ടകളിട്ടു ,

കുഞ്ഞിക്കുരുവികൾ പിറന്നതറിഞ്ഞില്ലേ ?

കുരുവി,കുരുവി , കുഞ്ഞി കുരുവികൾ കരയുന്നു,

കുഞ്ഞി ചിറകുകൾ വീശി പാറുന്നു !

കുഞ്ഞി കുരുവികൾ പറന്നല്ലൊ

മാനം നൊക്കി പൊയല്ലോ !

24 June, 2011

എന്റെ സ്കൂള്‍ ഡയറി 5

വാസുവേട്ടന്റെ ആ സ്വപ്നം

മദ്യ ലഹരിയിൽ അക്രമാസക്തനാവുകയും ഭാ‍ര്യയേയും മകനേയും കത്തിയുമായി ഇരുട്ടിലൂടെ ഓടിക്കുകയും ചെയ്യുന്ന ആളാ‍യിരുന്നു വിപിൻ കുമാർ എന്ന എട്ടാം ക്ലാസ്സുകരന്റെ പിതാവ് വാസുദേവൻ.ഭീതിയും, ഏകാന്തതയും,വിശപ്പും തണുത്തുറഞ്ഞ വീട്ടിലിരുന്ന് വിപിൻ കുമാർ ചിത്രങ്ങൾ വരച്ചും, ശിൽ‌പ്പങ്ങൾ കൊത്തിയും സങ്കടം മറന്നു.ഓരൊ സ്രുഷ്ടിയും അച്ചൻ കാണാതെ ഇരുംബ് പെട്ടിയിൽ ഒളിച്ചു വെച്ചു.

വിപിൻ കുമാറിന്റെ സർഗ്ഗപ്രതിഭയെപ്പറ്റിയറിഞ്ഞപ്പൊൾ സഹപാഠികൾക്ക് അവ കാണാൻ ആഗ്രഹം.വിപിന്റെ ചിത്രങ്ങളുടെയും, ശിൽ‌പ്പങ്ങളുടെയും പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുവാൻ തീരുമാനമായി.അച്ചന്റെ എതിർപ്പു മൂലം പ്രദർശനം പല പ്രാവശ്യം മുടങ്ങി.പിന്നീട് കുട്ടികളുടെ സഹായത്തൊടെ വീട്ടിൽ നിന്നും കലാശേഖരം കൊണ്ട് വന്ന് സ്കൂൾ വരാന്തയിൽ നിരത്തി വെച്ചു.സ്കൂളിലെ മുഴുവൻ കുട്ടികളേയും പ്രദർശനം കാണിച്ചു.കുട്ടികൾ വരി വരിയായി പ്രദർശനം കണ്ടു പൊകുന്നതും നോക്കി വാസുദേവൻ സ്കൂൾ മൈതാനത്ത് നിൽക്കുന്നുണ്ടായിരുന്നു.

വാസുദേവൻ, എന്ന വിപിൻ കുമാറിന്റെ അച്ചനെ ആദ്യം കണ്ടത് അന്നാണ്. തൊഴിൽ നഷ്ടപ്പെട്ടതും, നാലു സഹോദരിമാരെ വിവാഹം ചെയ്തയച്ചതും, അതിന്റെ ബാധ്യത തീർക്കാനവാതെ നട്ടം തിരിഞ്ഞതും,പിന്നീടെപ്പൊഴൊ മദ്യലഹരിയിൽ സാന്ത്വനം (?) തേടിയതുമായ കഥകൾ വാസുവട്ടൻ പിന്നീടൊരിക്കൽ ഉള്ളു തുറന്നു പറഞ്ഞു.

ഒൻപതാം ക്ലാസിലെത്തിയപ്പൊഴേക്കും കലയിലും പഠനത്തിലും വിപിൻ മുന്നേറി.അക്കൊല്ലം നടന്ന ജില്ലാതല ശിൽ‌പ്പ നിർമ്മാണ മത്സരത്തിൽ പങ്കെടുക്കുന്നതിന് എല്ലാസഹായവും ചെയ്തു കൊണ്ട് മകനൊടൊപ്പം വാസുവേട്ടനും പൊയിരുന്നു.പത്താം ക്ലാസിലെത്തിയപ്പൊൾ അച്ചന്റെ പ്രൊത്സാഹനത്തൊടെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് ജേതാവായി.

വിപിൻ പത്താം ക്ലാസിലെത്തി. ഒരു ദിവസം വാ‍സുവട്ടൻ പറഞ്ഞു.. “ കലാകാരനായതു കൊണ്ട് മാത്രം ജീവിക്കുവാൻ പറ്റ്വൊ മാഷേ ? വരുമാനത്തിന് ഒരു തൊഴിലും വേണ്ടേ ? അവൻ നന്നായൊന്ന് പാസ്സയാൽ മതിയായിരുന്നു.”

വിപിന് ഫസ്റ്റ് ക്ലാസ്സ് കിട്ടുമെന്ന് ഞാൻ പറഞ്ഞു.

മഴ തിമിർത്ത് പെയ്യുന്ന ഒരു ഒരു മധ്യാഹ്നത്തിൽ വാസുവേട്ടൻ സ്കൂളിൽ വന്നു.വിപിനെ വിനൊദ യാത്രക്ക് വിടുന്ന കാര്യം സംസാരിക്കാനായിരുന്നു വന്നത്.പോകാൻ നേരത്ത് വാസുവട്ടൻ പറഞ്ഞു. “ മാഷേ , ഞാൻ കുടി നിറുത്തി.അവനൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് ഒരു തോന്നൽ. അവൻ പഠിക്കട്ടെ.എത്ര വേണമെങ്കിലും പഠിക്കട്ടെ.”

.കുടിച്ച് കുടിച്ച് കരൾ പതിരായി മാറിയിരുന്ന അയാൾ രോഗിയായി മാറിക്കഴിഞ്ഞിരുന്നു. മകന്റെ എസ്.എസ്.എൽ.സി.വിജയം കാണാൻ കാത്തിരിക്കാതെ ,സ്വപ്നങ്ങൾ ബാക്കി വെച്ച് വാസുവട്ടൻ മരണത്തിനു കീഴടങ്ങി അച്ചന്റെ ആഗ്രഹം പൊലെ വിപിൻ ഡിസ്റ്റിംഗ്ഷനൊടെ എസ്.എസ്.എൽ.സി. പാസ്സായി.സ്കൂളിൽ നിന്നും വിട പറഞ്ഞു.. പ്ലസ് ടു പാസ്സയി പൊയതിനു ശേഷം വിപിനെ കണ്ടു മുട്ടിയിട്ടില്ല.

എസ്.എസ്.എൽ.സി.പരീക്ഷ കഴിഞ്ഞിട്ട് വിപിനെ കൊണ്ട് “ലാസ്റ്റ് സപ്പർ “ ശിൽ‌പ്പം ചെയ്യിക്കണമെന്ന് ആഗ്രഹം വാസുവേട്ടൻ എന്നൊട് സൂചിപ്പിച്ചിരുന്നു.അതിനുള്ള തടി കണ്ടെത്തിയ കാര്യവും എന്നൊട് പറഞ്ഞിരുന്നു. അച്ചൻ കരുതി വെച്ച തടിയിൽ “ ലാസ്റ്റ് സപ്പർ “ ഉയർന്നുവൊ ?എനിക്കറിയില്ല. വിപിനെ പിന്നെ കണ്ടിട്ടില്ല.

30 May, 2011

കഥ


സിക്സ
നഗരത്തിലെ ഇത്തിരി മുറ്റമുള്ള വീടിനു മുകളിലെ ടെറസ്സിലായിരുന്നു മോനും, മോളും ക്രിക്കറ്റ് കളിച്ചിരുന്നത് ബാറ്റ് ആഞ്ഞു വീശിയാൽ പന്ത് അടുത്ത വീട്ടിലേക്ക് പറക്കും.സിക്സും, ഫൊറും അടിക്കാൻ സാധിക്കില്ല.അതിർത്തി ലംഘിക്കാത്ത വിധം പന്ത് മെല്ലെ ഉരുട്ടി വിട്ടാണ് കളി.
അവധിക്കാലത്ത് മോനും, മോളും ഗ്രാമത്തിലെ തറവാട്ടു വീട്ടിൽ ചെലവഴിക്കുന്നതിനിടെ ക്രിക്കറ്റ് ളിച്ചതിന്റെ രസങ്ങൾ ഫൊണിൽ വിളിച്ചു പറഞ്ഞു. ആശ്ചര്യത്തൊടെയാണ് മോനത് പറഞ്ഞത്. “ സിക്സും, ഫോറുമൊക്കെ ആഞ്ഞാഞ്ഞടിക്കാം ! പന്ത് പറ പറക്കുകയാണ്...... ! ന്ത് പൊങ്ങി പ്പൊകുന്നത് കാണാൻ നല്ല രസമാണ്. കുറെ സിക്സ് അടിച്ചു !“മൊനൊരു സ്വകാര്യ ആവശ്യവും കൂടി പറഞ്ഞു. “ അച്ചാ, നമുക്ക് സിറ്റിയിലെ വീട് ഒഴിഞ്ഞ് ഇവിടെ എവിടെയെങ്കിലും താമസിച്ചാലൊ ? ഇവിടെയാകുംബൊ കളീക്കാനായി ഒത്തിരി സ്ഥലമുണ്ട്.ന്റെ മറുപടിക്ക് അവന് കാത്തുനിന്നു.

29 May, 2011

ശ്രീ വി.ഡി.സതീശന് നല്ലൊരു ഭാവിയുണ്ട്

ജാതിയുടെയും,മതത്തിന്റെയും പലവിധ സ്വാധീനങ്ങളുടെയും വലയത്തീൽ പെടാത്തതുകൊണ്ടാണ് ശ്രീ വി.ഡീ.സതീശന് ഇത്ര ചങ്കൂറ്റത്തൊടെ സത്യം വിളിച്ചു പറയാന് കഴിഞ്ഞത്. മുസ്ലിം,ക്രിസ്ത്യാനി ,നായര്, മറ്റു പിന്നൊക്ക ജാതി അടിസ്ഥാനത്തില് മന്ത്രി പദവി വീതം വെക്കുന്ന സംസ്കാരം കൊണ്ഗ്രസ്സില് മാത്രമേ ഉണ്ടാവുകയുള്ളു. മന്ത്രി സഭാ രൂപീകരണത്തിലൂടെ കൊണ്ഗ്രസ്സ് നേത്രുത്വം സല് പ്പേരു കളഞ്ഞു കുളിച്ചിരിക്കുകയാണ്.പെട്ടിയും തൂക്കി നടന്നവറ്ക്ക് പൊലും സ്ഥാനം കൊടുത്തു എന്ന് ശ്രീ. വി.ഡി. സതീശന് പറഞ്ഞത് ഒരു പരിധി വരെ സത്യമാണ്. മന്ത്രി സഭക്ക് സൽ‌പ്പേര് നൽകാന് കഴിയുന്നവരെയല്ല കൊണ്ഗ്രസ്സിനാവശ്യം എന്നു അവര് തന്നെ തെളിയിച്ചു കഴിഞ്ഞു.
ശ്രീ സതീശനെ പറവൂരില് തൊല്പിക്കാന് ലൊട്ടറി മാഫിയക്ക് കഴിഞ്ഞില്ല. പക്ഷെ മന്ത്രിക്കസേരയിലിരുത്താതെ പകരം വീട്ടാന് അവര്ക്ക് കഴിഞ്ഞു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. കൊണ്ഗ്രസ്സ് നേത്രുത്വം ലൊട്ടറി രാജാക്കന്മാരുടെ അജ്ഞാനുവര്ത്തികളാണെന്ന സത്യം മറച്ചു വെക്കാനാകുമൊ ?ഏതൊക്കെ കൊണ്ഗ്രസ്സ് നേതാക്കന്മാര് തിരഞ്ഞെടുപ്പിന്റെ ചെലവ് ലൊട്ടറി മാഫിയയില് നിന്നും കൈപ്പറ്റിയിട്ടുണ്ടെന്ന് അന്വേഷിക്കണം.അതിന്റെ പ്രത്യുപകാരമാണല്ലൊ സതീശന് നല്കിയ അവഗണന !
ഒരു ചാനല് അഭിമുഖത്തില് ശ്രീ സതീശന് പറയുകയുണ്ടായി : “ കേരളത്തിലെ കൊണ്ഗ്രസ്സ് നേത്രുത്വം എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാന് കരുതി.” ബഹുമാനപ്പെട്ട ശ്രീ വി. ഡി.സതീശന് , കഴിഞ്ഞ നിയമ സഭയില് ഒരു പ്രതിപക്ഷ മുണ്ടെന്ന് ജനം അറിഞ്ഞിരുന്നത് അങ്ങ് എടുത്ത ധീരമായ നടപടിക്രമങ്ങളിലൂടെയായിരുന്നു.താങ്കളെ മുന്നിറുത്തിയാണല്ലൊ ശ്രീ ഉമ്മന്ചാണ്ടിയും കൂട്ടരും നിയമ സഭയില് അങ്കം നടത്തിയിരുന്നത്.അപ്പൊള് അവറ്ക്ക് താങ്കളെ വേണമായിരുന്നു.ഒരു വാക്ക്, കേരളത്തിന് അങ്ങയെപ്പൊലുള്ളവരെ ഇനിയും ആവശ്യമാണ്. ഈ നാട് അങ്ങയെ ഇഷ്ടപ്പെടുന്നു.പ്രത്യേകിച്ചും പറവൂരിലെ ജനങ്ങള്.

23 April, 2011

ഉറുമി :കഥാഖ്യാനം ദുര്‍ഗ്രഹം




വാസ്കൊഡ ഗാമയെ വധിക്കാന്‍ മനസ്സില്‍ ജ്വലിക്കുന്ന രൊഷവും, സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഉറുമിയും കൈയിലേന്തി പൊരാട്ടത്തിനിറങ്ങിയ കേളുനായര്‍ എന്ന അപ്രശസ്തനായ ഒരു ധീര യുവാവിന്റെ സാഹസിക ജീ‍വിതമാണ് ഉറുമി എന്ന ചലച്ചിത്രത്തിന്റെ കഥയുടെ കാതല്‍। കേളുനായരെപ്പൊലെ ധീരരായ നിരവധി പൊരാളികള്‍ ഈ മണ്ണിനു വേണ്ടി രക്തം ചീന്തിയിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്। അവരില്‍ പലരും ചരിത്ര താളുകളില്‍ ഇടം നേടാതെ വിസ്മരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്। അത്തരം ഒരു ധീരനായ പൊരാളിയുടെ ജീവിതം തേടിപ്പിടിച്ച് ചലച്ചിത്രം ചമച്ച ഈ സിനിമയുടെ ശില്‍പ്പികളെ അഭിനന്ദിക്കുന്നു.സന്തൊഷ് ശിവന്‍ എന്ന ചലച്ചിത്ര പ്രതിഭ ഈ സിനിമയില്‍ കാഴ്ച്ച വെച്ച സംവിധാനത്തിന്റെയും, ഫൊട്ടൊഗ്രഫിയുടെയും മികവ് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടും എന്ന് കരുതുന്നു.
കഥ പറയുന്ന രീതി ദുര്‍ഗ്രഹമായിപ്പൊയി എന്നു തൊന്നുന്നു.കേളുനാ‍യര്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ പ്രതിപാദിക്കപ്പെടാത്ത ഒരു വ്യക്തിയാണ്. അത്തരം ഒരു വ്യക്തിയുടെ ചരിത്രം അനാവരണം ചെയ്യുംബൊള്‍ വളരെ വ്യക്തത വേണം.തിയറ്ററിലിരിക്കുംബൊള്‍ , കഥക്കൊപ്പം മനസ്സിനും, ചിന്തക്കും സഞ്ചരിക്കുവാന്‍ പലപ്പൊഴും പ്രയാസം നേരിടുന്നു.സിനിമയിലെ പല സന്ദര്‍ഭങ്ങളും, സ്ഥലവും, സംഭവങ്ങളും സമയവുമായി കൊര്‍ത്തിണക്കിയിരിക്കുന്നത് യുക്തിക്ക് നിരക്കുന്നില്ല. ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് വേണമായിരുന്നൊ? ഫ്ലാഷ് ബാ‍ക്കിലെ നടന്മാര്‍ തന്നെ ചരിത്രത്തിലെ കഥാപാത്രങ്ങളായി ചമയുംബൊള്‍ മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍.
കേളുനായര്‍ വിവാഹിതനാവും മുന്‍പ് വീരചരമം അടയുന്നു.അറക്കല്‍ ഐഷയുമായി ഉണ്ടായിരുന്ന ബന്ധത്തില്‍ കുട്ടി ജനിച്ചിട്ടുണ്ടാകാം! ഈ തലമുറയിലെ കണ്ണീയാണൊ ക്രിഷ്ണദാസ് ?വനാന്തരത്തിലെ ഗുഹയില്‍ കണ്ടുമുട്ടിയ ‘കാട്ടുവാസി’ കേളുനായരുടെ ജീവിത കഥ ദാസിനൊട് ഇത്ര സ്പഷ്ടമായി പറഞ്ഞു കൊടുക്കുന്നത് എങ്ങിനെയാണ്? പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ‘കാട്ടുവാസി’ ഇത്ര വ്യക്തമായി എങ്ങനെ അറിഞ്ഞു?
മികച്ച ഒരു ചരിത്ര സിനിമയായി ഉറുമി പ്രകീര്‍ത്തിക്കപ്പെടും.സിനിമ തുടങ്ങിയാല്‍ തീരും വരെ സംഭ്രമ ജനകം എന്നു വിശേഷിപ്പിക്കാം.ഏതാനം മണിക്കൂറുകള്‍ നമ്മള്‍ പതിനഞ്ചാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കുകയാണ്.വാസ്കൊഡ ഗാമയുടെ ‘കാല്‍പ്പാടും’ (കാപ്പാട്) ശവകുടീരവുമൊക്കെ നമ്മള്‍ കാത്തുസൂക്ഷിക്കുംബൊള്‍ , കൊല്ലും, കൊലയും നടത്തി രക്തരക്ഷസ്സിനെപ്പൊലെ അട്ടഹസിച്ച ഗാമയുടെ ക്രൂര മുഖം ഈ ചിത്രത്തില്‍ കാണാം.കേളുനായരെപ്പൊലുള്ള ചുണക്കുട്ടികള്‍ ഈ മണ്ണില്‍ ജീവിച്ചിരുന്നു എന്നതിന്റെ ചരിത്രത്തിന് ഒരു ചലച്ചിത്ര സാക്ഷ്യമാണ് ഈ സിനിമ. ഈ മുഖങ്ങള്‍ പരിചയപ്പെടുത്തിയ , മികച്ച ഒരു ചരിത്രസിനിമ കൈരളിക്ക് കാഴ്ച്ച വെച്ച ഇതിന്റെ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍!

എന്‍ഡൊസള്‍ഫാന്‍ : കേരളജനത നിരാഹാര സത്യാഗ്രഹം നടത്തണം

എന്ഡൊസള്‍ഫാന്‍ ഹാനികരമാണെന്നതിന് തെളിവ് ഹാജറാക്കണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ആവശ്യവും, എന്‍ഡോസള്‍ഫാന്‍ ഉപയൊഗിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലെപ്പൊലെ പ്രശ്നങ്ങളില്ല എന്ന കേന്ദ്ര ക്രിഷി മന്ത്രിയുടെ പ്രഖ്യാപനവും ക്രൂരവും, കേരളത്തൊടുള്ള വെല്ലുവിളിയുമാണ്. അംഗവൈകല്യങ്ങളൊടെ ജനിക്കുകയും, അങ്ങനെ ഇപ്പൊഴും ജീവിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ഹതഭാഗ്യരുണ്ട് കാസര്‍കൊഡ് ജില്ലയില്‍. അവിടുത്തെ ജനങ്ങളുടെ രക്തത്തില്‍പ്പൊലും എന്‍ഡൊസള്‍ഫാന്റെ അംശമുണ്ടെന്ന് പഠന റിപ്പൊര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.മാരകമായ ഈ കീടനാശീനി സ്രുഷ്ട്ടിച്ച വിപത്തിന്റെ കരളലിയിപ്പിക്കുന്ന കാഴ്ച്ചകള്‍ കണ്ടിട്ടും കണ്ണടച്ചിരുട്ടാക്കുകയാണൊ ഇവര്‍ ചെയ്യുന്നത് ? ജനങ്ങളുടെ ജീവിതവും , ആരൊഗ്യവും സംരക്ഷിക്കുവാന്‍ ഉത്തരവാദപ്പെട്ട ഇവര്‍ ആര്‍ക്കു വേണ്ടിയാണ് വാദിക്കുന്നത് ?ഗുരുതരമായ ഈ പ്രശ്നത്തിന്റെ വികാരം കേരള സമൂഹം ഉള്‍ക്കൊണ്ടു കഴിഞ്ഞു.ഒറ്റപ്പെട്ട് പ്രസ്ഥാവനകളൊ, പ്രസംഗങ്ങളൊ അല്ല ഇനി വേണ്ടത്. കേരള ജനത ഒന്നടങ്കം സത്യാഗ്രഹ സമരം നടത്തണം. വിജയം വരെ ഉപവസിക്കണം.നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടിപ്പൊലും ഹര്‍ത്താല്‍ നടത്തി നാടു നിശ്ചലമാക്കാന്‍ ഒരുംബെടുന്ന നേതാക്കളെ, നിങ്ങളൊന്ന് ആഹ്വാനം ചെയ്തു നൊക്കൂ, നമുക്ക് ഒറ്റകെട്ടായി ബന്ദു നടത്താം, സത്യാഗ്രഹ സമരം നടത്താം. ഈ കീടനാശിനിയെ ഈ നാട്ടില്‍ നിന്നും തുരത്താം!
അതൊടൊപ്പം ഒരു കാര്യം കൂടി അന്വേഷിക്കണം. കേന്ദ്ര മന്ത്രിമാര്‍ പറയുന്നതില്‍ വാസ്ഥവം ഉണ്ടൊ എന്നു കൂടി അന്വേഷിക്കണം.ഹെലികൊപ്റ്ററില്‍ വിതറിയതു കൊണ്ടാണൊ വിഷബാധയുണ്ടായത് എന്ന മന്ത്രിയുടെ പരാമര്‍ശം ശരിയാണൊ?
കാസര്‍കൊഡ് കീടനാശീനി വിതറിയവര്‍ ഉപയൊഗ ക്രമം പാലിച്ചിട്ടുണ്ടൊ? അതും അന്വേഷിക്കണം.

08 April, 2011

വിഷുവിന്റെ അടയാളം

വീണ്ടുമൊരു വിഷുക്കാലം വരവായി.ബാല്യത്തിലെ വിഷുക്കാലം ഓര്‍ക്കുംബൊള്‍ പൊള്ളുന്ന ഒരു അനുഭവമാണ് മത്താപ്പുവെളിച്ചത്തിലെന്നപൊലെ തെളിഞ്ഞുവരുന്നത്.അച്ചന്‍ വാങ്ങിത്തരാറുള്ളത് പൊട്ടാത്ത ഇനം പടക്കങ്ങള്‍ മാത്രമായിരുന്നു. കംബിത്തിരി, മത്താപ്പൂവ്, മേശപ്പൂവ്, തുടങ്ങിയ അപകടരഹിതമായ ഇനങ്ങള്‍ മാത്രമടങ്ങിയ ഒരു ചെറിയ പൊതിയാണ് അച്ചന്‍ കൊണ്ടുവരാറുള്ളത്. അയല്‍ വീടുകളില്‍ മത്സരിച്ചാണ് പടക്കം പൊട്ടിക്കുന്നത്. സന്ധ്യയൊടെ ‘പടപട‘ ഘൊഷം ചുറ്റുപാ‍ടും മുഴങ്ങി തുടങ്ങും.സന്ധ്യക്ക്, അത്താഴം കഴിഞ്ഞ്, പിന്നെ പുലര്‍ച്ചെ കണികണ്ടു കഴിഞ്ഞ് ,ഇങ്ങനെ പല ഘട്ടങ്ങളായി കരിമരുന്നു പ്രയൊഗം ചുറ്റുപാടും തകര്‍ക്കും.ഒന്നാം വിഷു, രണ്ടാം വിഷു, മൂന്നാം വിഷു ഇങ്ങനെ സ്റ്റൊക്ക് തീരുവൊളം അവര്‍ പടക്കം പൊട്ടിക്കും ! അയല്‍ വീടുകളിലെ സമപ്രായക്കാരായ ഉണ്ണിയും, അശൊകനും ,പൊട്ടിച്ച പടക്കങ്ങളുടെ വര്‍ണ്ണന നടത്തുംബൊള്‍ അസൂയ തൊന്നിയിട്ടുണ്ട്.
അച്ചന്‍ വാങ്ങിത്തരുന്ന പടക്കങ്ങള്‍ കത്തിക്കാന്‍ ഞങ്ങളെ അനുവദിക്കാറില്ല. അയല്‍ വീട്ടിലെ ബാ‍ബു ചേട്ടനാണ് അതിന്റെ ചുമതല. എനിക്ക് കംബിത്തിരി പൊലും കൈയില്‍ പിടിച്ചു കത്തിക്കാനുള്ള ധൈര്യമില്ലായിരുന്നു.ഒരു നീളമുള്ള വടിയുടെ തുംബില്‍ കംബിത്തിരി കുത്തിനിറുത്തും.എന്നിട്ട് വടി നീട്ടിപ്പിടിച്ചാണ് കംബിത്തിരി കത്തിക്കുന്നത്.
കംബിയില്‍ കൊര്‍ത്ത് കത്തിക്കുന്ന ഒരു തരം ചക്രം ഉണ്ടായിരുന്നു അക്കാലത്ത്. ബാബുചേട്ടന്‍ കംബിയില്‍ ചക്രം കൊര്‍ത്ത് തീ പിടിപ്പിച്ചു.തീ പിടിച്ചാല്‍ ചക്രം ഒരു തീ പൂക്കളം തീര്‍ത്തുകൊണ്ട് കംബിയില്‍ കിടന്നു കറങ്ങും.നല്ല ഭംഗിയാണ് അതു കാണാന്‍ !ഞങ്ങള്‍ അകന്നാണിരിക്കുന്നത്. ചക്ക്രത്തിനു തീ പിടിച്ചു ! കഷ്ടകാലത്തിന് ചക്രം കറങ്ങിയില്ല. കറങ്ങാതെ ഒരൊറ്റ ചീറ്റല്‍. ചീറ്റിയത് തീ ആണെന്നു മാത്രം ! ആ തീ മുഴുവനും വന്ന് വീണത് എന്റെ കാലിലാണ് . അതൊടെ വിഷു ആഘൊഷം കലങ്ങി.പ്രഥമ ശുശ്രൂഷ എന്തൊക്കെയൊ ചെയ്തെങ്കിലും ഫലിച്ചില്ല.കനത്ത പൊള്ളലായിരുന്നു.ഇടതു കാല്‍മുട്ടിന്റെ പിന്‍ഭാഗം പഴുത്തു വ്രണമായി. കുഴുപ്പിള്ളീ‍ സേന്റ് വിന്‍സന്റ് ഡി പൊള്‍ ആശുപത്രിയിലായിരുന്നു ചികിത്സ.ആശുപത്രിയിലെ മേശപ്പുറത്ത് കമിഴ് ത്തി ക്കിടത്തി , കൈയും, കാലും അറ്റന്‍ഡര്‍മാര്‍ അമര്‍ത്തിപ്പിടിച്ച് വ്രണം തേച്ചുകഴുകുംബൊഴുള്ള പ്രാണരക്ഷാര്‍ത്തമുള്ള ആര്‍ത്തനാദം ഇപ്പൊഴും കാതുകളില്‍ മുഴങ്ങുന്നു.അച്ചച്ചനാണ് ആശുപത്രിയില്‍ കൊണ്ടുപൊകുന്നത്. ആശുപത്രിയില്‍ നിന്നുള്ള മടക്കയാത്രയില്‍, ദേവസ്വം നടയിലെ ഒരു ചായക്കടയില്‍ നിന്നു അച്ചച്ചന്‍ ചായയും, ഒരു ബൊണ്ടയും വാങ്ങിച്ചു തരും.ബൊണ്ട ആദ്യമായാണ് തിന്നുന്നത്. നല്ല രുചിയായിരുന്നു.വേദന സഹിച്ചാലും, ബൊണ്ട തിന്നാമെന്നുള്ള കൊതിയൊടെ മനസ്സില്ലാ മനസ്സൊടെ ആശുപത്രിയിലേക്കുള്ള ആ യാത്രയെക്കുറിച്ചൊര്‍ക്കുംബൊള്‍ നല്ല രസം !
പൊള്ളലേറ്റ ആ പാട് ശരീരത്തില്‍ നിന്നും മാഞ്ഞില്ലെന്നു മാത്രമാല്ല , എസ്. എസ് . എല്‍ . സി. ബുക്കിലും ഈ അടയാളം രേഖപ്പെടുത്താനിട വന്നു.അങ്ങനെ ആ വിഷുക്കാല സംഭവം ജീവിതത്തിലെ മായാത്ത അടയാളമായിത്തീര്‍ന്നു.
വിഷുപ്പക്ഷികള്‍ ഇപ്പൊഴും പാടുന്നു ! കൊന്നമരങ്ങള്‍ പൂവണിയുന്നു !വിഷുവിന് ഇന്നും ഒരു മാറ്റവുമില്ല.കാലമെത്ര കഴിഞ്ഞാലും , മായാത്ത അടയാളം സമ്മാനിച്ച കുട്ടിക്കാലത്തെ ആ വിഷുദിനം ഇന്നൊരു വേദനയല്ല.പൂത്തിരി കത്തിക്കുംബൊഴുള്ള ആഹ്ലാദം പൊലെയാണ് !

സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം