27 April, 2019

അശാന്തിഗീതം - കവിത

          അശാന്തി ഗീതം

ആ കൊച്ചു കാവില്‍ തുടിക്കും പരശ്ശതം ജീവനും
പച്ചില പന്തലും,കുളിരിളം തെന്നലും , വെള്ളാമ്പലും , തെളിനീര്‍ തടാകവും
ഇനി, എത്ര നാള്‍ ?
ഈര്‍ച്ചവാള്‍ മുരളുന്നു ശാന്തി വനത്തില്‍.
മനുഷ്യരോ , ഈ ചിത്രകൂടം തകര്‍ത്തവര്‍ !
തച്ചു ചത്തു മലച്ചു വാ പിളര്‍ന്ന നാഗങ്ങള്‍
മണ്ണില്‍ പുതഞ്ഞ വെരുകിന്‍ ജഡങ്ങള്‍
ആമ്പലിന്‍ മറപറ്റി വിറപൂണ്ട തവളകള്‍
നീറുന്ന കണ്ണുമായ് തുഴ മറന്ന ആമകള്‍
കഥയറിയാതൊരു ചെങ്കീരി പായുന്നു.
തരുശ്രേഷ്ഠര്‍ വെട്ടേറ്റ് വീഴുന്നു,ഹാ, കഷ്ടം !
കാവിന്നറിയുമോ കുരുതിയാണെന്ന്
പതിനൊന്ന് കെ വി കറണ്ടിന് പായുവാന്‍.
 തണ്ണീര്‍തടത്തില്‍ നിന്നുയരും കുമിളകള്‍
ശാന്തിവനത്തിന്നന്ത്യ നിശ്വാസമോ ?
എവിടെ പച്ചപ്പരിസര പ്രേഷിതര്‍,
കല്‍പിളര്‍ന്നെഴുന്നേല്‍ക്കു കാലഭൈരവാ.
പച്ചപ്പ് കണ്ടാല്‍ കലിപ്പ് കേറുന്നോരെ,
ഊരിന്നുയിരേകും മൂക്ക് മുറിച്ചോരെ
ചൊല്‍പ്പടിക്കെന്തേ നിറുത്താനമാന്തമോ ?
വികസനം വേണമെന്നല്ലേ പറയേണ്ടു
വേണം പരിസരം , പച്ചപ്പും
കാവും, കുളങ്ങളും, കുളിര്‍ കാറ്റും
ആ കൊച്ചു കാട്ടിലെ ലോല നിശ്വാസവും
പാരിനമൃതമായ് കാക്കുവാനാകണം
പെരുമയെ നാളേക്കായി പകരുവാനാകണം

           


രചന - എം.എന്‍.സന്തോഷ്
28-04-2019







24 April, 2019

മഴവില്ല് - കവിത

മഴവില്ല് - കവിത  4wrd 1

ഏഴ് നിറങ്ങളില്‍
ഏഴഴകായ് തീര്‍ത്ത
ആകാശ കൊട്ടാര വാതിലോ
മഴവില്ലേ ?

കവി ഭാവനയിലെ
കാമിനി ശില്‍പ്പങ്ങളില്‍
അണിയിച്ച പൂമാലയോ
മഴവില്ലേ ?

ദേവ സദസ്സിലെ
കാമിനിമാരണിഞ്ഞ
സൗവര്‍ണ്ണ സുന്ദര ചേലയോ
മഴവില്ലേ ?

ആരു നീ മഴവില്ലേ ?

എന്റെ വസന്ത സ്വപ്നങ്ങളില്‍
വിടര്‍ന്ന പാരിജാതങ്ങളെ
തഴുകിയൊഴുകിയ തെന്നലോ ?
നിദ്രയില്‍ അധരം തൂകിയ സ്മിതമോ ?

എവിടെ നീ മഴവില്ലേ  ?

ഒരു തെന്നലില്‍ അകന്നുവോ
ഉഷ്ണരശ്മിയില്‍ പൊലിഞ്ഞുവോ
കരിമുകിലിന്‍ ചിറകില്‍ അമര്‍ന്നുവോ
വര്‍ണ്ണ പട്ടുടയാട ഉലഞ്ഞുവോ

മായയോ  നീ മഴവില്ലേ ?



രചന - എം.എന്‍. സന്തോഷ്
21-04-2019

21 April, 2019

ഒരു ഈസ്റ്റര്‍ ഗാനം

ഒരു ഈസ്റ്റര്‍ ഗാനം
         
സ്നേഹത്തിന്‍ ഗീതം നമുക്ക് പാടാം
ത്യാഗത്തിന്‍ പുണ്യം നമുക്ക് വാഴ്ത്താം
മരണത്തെ പോലും തകര്‍ത്തു ഈശന്‍
അനശ്വര സ്നേഹത്തിന്‍ ദൈവരാജന്‍
                                       ( സ്നേഹത്തിന്‍)
നെഞ്ചോടു ചേര്‍ത്തു കുഞ്ഞാടുമായ് നീ
ഞങ്ങള്‍ക്കായ് താണ്ടിയ കനല്‍ വഴികള്‍
ചുമടേന്തി വേര്‍ത്തവര്‍ക്കത്താണിയായി
ഹൃദയത്തില്‍ നീ തന്ന കാല്‍പ്പാടുകള്‍
                                         (സ്നേഹത്തിന്‍ )
സ്നേഹത്താല്‍ അനശ്വരമായ ജീവന്‍
ത്യാഗത്താല്‍ പരിശുദ്ധനായ നാഥന്‍
എന്നില്‍ പരിമളം പരത്തുമവന്‍ - എന്‍
 ഹൃദയത്തിന്‍ അല്‍ത്താരയില്‍ വാഴുമവന്‍
                                          (സ്നേഹത്തിന്‍ )
ദൈവം നമ്മെ തേടിടുന്നു
ഒരുമയോടവിടുത്തെ പ്രാര്‍ത്ഥിച്ചിടാം
ദൈവം നമ്മെ സ്നേഹിക്കുന്നു
കരുണയോടവിടുത്തെ സേവിച്ചിടാം
                                         (സ്നേഹത്തിന്‍ )
ഹൃദയത്തിന്‍ വാതില്‍ തുറന്നു വെയ്ക്കൂ
 സ്നേഹ‍ത്തിന്‍ അഗ്നി തെളിച്ചു വെക്കൂ
കുരിരുട്ടില്‍ നിന്നുണര്‍ന്നെണീക്കൂ
രക്ഷകന്‍ കല്‍പിളര്‍ന്നെത്തിടുമ്പോള്‍.
                                          (സ്നേഹത്തിന്‍ )
                 

രചന- എം.എന്‍.സന്തോഷ്
21-04-2019





19 April, 2019

മകരവിളക്ക്

മകര വിളക്ക് - പാട്ട്

മകര വിളക്ക്  തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
 ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

തിരുവാഭരണം ചാര്‍ത്തിയ ദേവനെ
 മാനത്ത്  താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.


രചന-എം.എന്‍.സന്തോഷ്
17-04-2019



17 April, 2019

മകരവിളക്ക് - പാട്ട്

മകര വിളക്ക് - പാട്ട്

മകര വിളക്ക്  തെളിഞ്ഞു
മലയില്‍ , പൊന്നമ്പല മേട്ടില്‍.
അഷ്ടദിക്ക് പാലകര്‍ തിരി തെളിച്ചു,
 ദേവസഭാതലം വാനില്‍ നമിച്ചു നിന്നു.
ശബരിമലയില്‍ , പന്തള രാജന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

തിരുവാഭരണം ചാര്‍ത്തിയ ദേവനെ
 മാനത്ത്  താരകള്‍ തൊഴുത് നിന്നു.
നെയ്വിളക്കുകള്‍ നടയില്‍ തെളിഞ്ഞു,
മലകളും മാനവും ദീപാഞ്ജലി കണ്ടു നമിച്ചു
ശബരിമലയില്‍, കാനനവാസന്റെ നടയില്‍
ശരണം വിളികള്‍ ഉയര്‍ന്നു.

സംക്രമ സന്ധ്യയില്‍ തത്വമസി നടയില്‍
ധനുവും മകരവും തൊഴുത് നിന്നു.
മഞ്ഞും, കുളിരും മലയെ വലം വെച്ചു-
രാവും, പകലും കൈകോര്‍ത്തു നിന്നു
ശബരിമലയില്‍ , ഹരിഹരപുത്രന്റെ നടയില്‍
ശരണം വിളികള്‍ മുഴങ്ങി.


രചന-എം.എന്‍.സന്തോഷ്
17-04-2019



14 April, 2019

വിഷു - കവിത

വിഷു
കവിത

കൈയില്‍ കണിക്കൊന്നയുമായ്
മേടപ്പെണ്ണ് വിരുന്ന് വന്നു
പാടം കൊയ്ത വിശേഷവുമായി
ചെല്ലെചെറുകിളി ചിലമ്പി വന്നു
മുണ്ടകപ്പാട മണം വിതറി
നാടോടികാറ്റ് കവിത മൂളി
വാളും ചിലമ്പും കളമെഴുത്തും
കോമരം കാവില്‍ ഉറഞ്ഞുതുള്ളി
ആര്‍പ്പും വിളിയും കളിവീടും കെട്ടി
കുട്ടികള്‍ മൂവാണ്ടന്‍ ചോട്ടിലെത്തി
മേലെ നീല വിതാന മധ്യേ
മേട സൂര്യന്‍ കത്തിജ്വലിച്ചു നിന്നു
കാഞ്ചന കാന്തി ചാരു പ്രഭ ചിതറി
കൊന്നമരം പാരില്‍ പൂത്തുലഞ്ഞു
ജീവിതച്ചുടില്‍ വെന്ത് നീറിയാലും
കൊന്നപോല്‍ ആഹ്ളാദം പങ്കു വെക്കാം
സ്നേഹം പകര്‍ന്ന് കൈനീട്ടമേകാം
പ്രകാശ പ്രഭ കണി കണ്ട് കുളിരണിയാം.

രചന - എം.എന്‍. സന്തോഷ്
14-04-2019


07 April, 2019

അറിവിന്‍ കേദാരം - കവിത

അക്ഷര മുറ്റം
കവിത

പഠിച്ചു മുന്നേറാം
കൊതിച്ചതായ് തീരാം
അക്ഷര മധുരം നുകരാം
അറിവിന്‍ അറ്റം നേടാം
നൂറ് വര്‍ഷങ്ങള്‍
നൂറ് വസന്തങ്ങള്‍
ഈ അക്ഷര മുറ്റത്ത്
അറിവ് നുകര്‍ന്നു
പറന്നുയര്‍ന്നു
നൂറ് നൂറ് ശലഭങ്ങള്‍
അഭിമാനമുയരട്ടെ
അഭിവാദ്യമരുളട്ടെ
ഈ അറിവിന്‍ ഗോപുരം വാഴട്ടെ
എസ് ഡി പി വൈ
എസ് ഡി പി വൈ

വിദ്യകള്‍ നേടുക പ്രബുദ്ധരാകാന്‍
ഗുരുദേവന്‍ അരുള്‍ ചെയ്തു
അറിവിന്‍ ചെറുവിത്ത് ഒന്ന്
ഈ മണ്ണില്‍ പാകി ഗുരുദേവന്‍
ആ വിത്ത് കിളിര്‍ത്തു
ചെടിയായ്, മരമായ്
തണല് ചൊരിഞ്ഞു വളര്‍ന്നിവിടെ
നാടിന് അക്ഷയ മധുരം നല്‍കി
പടര്‍ന്നു പാരിടമാകെ
അക്ഷര ഗോപുരം
അറിവിന്‍ കേദാരം
എസ് ഡി പി വൈ
എസ് ഡി പി വൈ

അറിവിന്നറ്റം
അറിവാണെന്ന്
ഗുരു ഉര ചെയ്തു
അറിവിന്‍ തോണി
തുഴഞ്ഞു ഗുരുവരര്‍
വഴി കാട്ടി വെട്ടവുമായ്
ചെറു കയ്യുകളാ വെ ട്ടം പേറി
തലമുറ കൈ മാറി
നാടിന് പെരുമ പകര്‍ന്നു

പരിപാവനമീ ക്ഷേത്രം
ഈ സരസ്വതി ക്ഷേത്രം
അറിവിന്‍ നിറകുടമീ ക്ഷേത്രം
ഈ സരസ്വതി ക്ഷേത്രം
നന്മകള്‍   നല്‍കു ന്നൊരു ക്ഷേത്രം
ഈ സരസ്വതി ക്ഷേ ത്രം

ഇവിടെ  സ്നേഹം വാഴട്ടെ
ഇവിടെ  നന്മകള്‍ പൂക്കട്ടെ
പടുത്തുയര്‍ത്തുക പുതിയൊരു ലോകം
മനുഷ്യരൊന്നായ്
ഒരൊറ്റ മനസ്സായ്
ഒരൊറ്റ മന്ത്രവുമായ്
മുന്നേറുക നാം
ഒരുമിച്ചൊന്നായി
അറിവിന്‍ ചെറുകനല്‍
കൈയിലെടുക്കൂ
ഊതി ജ്വലിപ്പിക്കൂ
പടുത്തുയര്‍ത്താം പുതിയൊരു നാളെ
എസ്   ഡി പി വൈ
എസ് ഡി പി വൈ

രചന - എം.എന്‍.സന്തോഷ്
07-04-2019






03 April, 2019

കണ്ണാ വരുന്നില്ലേ - കവിത

കണ്ണാ വരുന്നില്ലേ
കവിത

മഞ്ഞപട്ടാബരം താലത്തില്‍ വെച്ചു
ഒരു മയില്‍പീലി പട്ടില്‍ വെച്ചു
കോലക്കുഴലൊന്നതിന്മേലെ വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?

വെണ്ണയൊരു കുടം ഉറിയിലാക്കി
അവിലും മലരും പറ നിറച്ചു
കദളിക്കുലയൊന്ന് കാഴ്ച വെച്ചു
എന്നിട്ടുമെന്തേ കണ്ണന്‍ വന്നതില്ല ?

ആടിക്കളിക്കുവാന്‍ ഊഞ്ഞാലുണ്ട്
നീരാടാന്‍ ആമ്പല്‍ കുളങ്ങളുണ്ട്
കളിയാടാന്‍ മന്ദാര തോട്ടമു ണ്ട്
എന്നിട്ടുമെന്തേ കണ്ണന്‍  വന്നതില്ല

പാട്ടും പദവുമായ് സഖിമാരുണ്ട്
കൂട്ടരായ് ഗോപാലകരേറെയുണ്ട്
മേയ്ക്കുവാന്‍ ഗോക്കളനേകമുണ്ട്
എന്നിട്ടുമെന്തേ  കണ്ണന്‍  വന്നതില്ല ?

രാധമാര്‍ കൈകൂപ്പി നില്‍ക്കുന്നുണ്ട്
പയ്യുകള്‍ തുള്ളിക്കളിക്കുന്നുണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്
കണ്ണനെ എങ്ങുമേ കാണുന്നില്ല !

മാനത്ത് കാര്‍മുകില്‍ മേയുന്നുണ്ട്
മയിലുകള്‍ നര്‍ത്തനമാടുന്നുണ്ട്
കോകിലം കൂകി രസിക്കുന്നു ണ്ട്
കോലക്കുഴല്‍ വിളി കേള്‍ക്കുന്നുണ്ട്

പീലി നെറുകയില്‍ ചൂടിക്കൊണ്ട്
മഞ്ഞപ്പട്ടുടയാട ചുറ്റിക്കൊണ്ട്
ചിരി  തൂകി കുഴലൂതി പാടിക്കൊണ്ട്
കാര്‍മുകില്‍ വര്‍ണ്ണനിങ്ങെത്തിയല്ലോ !

രചന - എം.എന്‍.സന്തോഷ്
03-04-2019



02 April, 2019

നിര്‍മ്മാല്യ ദര്‍ശനം
കവിത

നിര്‍മ്മാല്യ ദര്‍ശനം സഫലമായി കൃഷ്ണ
മനസ്സും മിഴിയും നിറഞ്ഞു പോയി
ചന്ദനം ചാര്‍ത്തിയ കമനീയ രൂപം
കണ്‍നിറയെ കണ്ടു ഗദ്ഗദ കണ്ഠനായി

ദീപപ്രഭാമയം മോഹനം തേജോഹരം
മായാമാധവന്‍ വാഴുന്ന മണിമന്ദിരം
അനന്തപുരിയായി ശംഖനാദം മുഴങ്ങി
ഗുരുവായൂരമ്പലം പുണ്യ പാലാഴിയായ്

നാരായണാ നമോ കീര്‍ത്തന മുഖരിതം
പ്രാര്‍ത്ഥാനാലാപനം ഭക്തി സാന്ദ്രം
ഒന്നായനേകം കണ്ണുകള്‍ കണ്ണനെ
ഒരു മാത്ര ദര്‍ശിക്കാന്‍ മതിമറന്നീടുന്നു

രക്ഷിക്കണേ ഗുരുവായൂരപ്പാ എന്ന്
ഉച്ചൈസ്ഥരം ഘോഷിപ്പു കണ്ഠങ്ങള്‍
കണ്ണനെ കണ്ടൊരു മാത്രയില്‍ ചിലരതാ
കണ്ണാഎന്നോതുവാനാകാത്ത നിലയിലായ്

ഭക്തി പ്രഭാമയം ആനന്ദ പൂരിതം
ഗോകുലപാലന്റെ ഗുരുവായൂരമ്പലം
നാരായണാ നാമം പാരായണം ചെയ്തു
നീലക്കാര്‍വര്‍ണ്ണന്റെ ലീലകള്‍ വര്‍ണ്ണിച്ചു

ഗുരുവായൂരമ്പലം ഗോകുലമായ് മാറി
ഗോപികാ വൃന്ദങ്ങള്‍ ലാസ്യ നടനമാടി
പീതാംബരം ചുറ്റി നീലപ്പീലി ചൂടി ചേലില്‍
ഓടക്കുഴലൂതി കള്ളച്ചിരി തൂകി കണ്ണനും.


രചന - എം.എന്‍.സന്തോഷ്
02-04-2019



കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...