27 April, 2019

അശാന്തിഗീതം - കവിത

          അശാന്തി ഗീതം

ആ കൊച്ചു കാവില്‍ തുടിക്കും പരശ്ശതം ജീവനും
പച്ചില പന്തലും,കുളിരിളം തെന്നലും , വെള്ളാമ്പലും , തെളിനീര്‍ തടാകവും
ഇനി, എത്ര നാള്‍ ?
ഈര്‍ച്ചവാള്‍ മുരളുന്നു ശാന്തി വനത്തില്‍.
മനുഷ്യരോ , ഈ ചിത്രകൂടം തകര്‍ത്തവര്‍ !
തച്ചു ചത്തു മലച്ചു വാ പിളര്‍ന്ന നാഗങ്ങള്‍
മണ്ണില്‍ പുതഞ്ഞ വെരുകിന്‍ ജഡങ്ങള്‍
ആമ്പലിന്‍ മറപറ്റി വിറപൂണ്ട തവളകള്‍
നീറുന്ന കണ്ണുമായ് തുഴ മറന്ന ആമകള്‍
കഥയറിയാതൊരു ചെങ്കീരി പായുന്നു.
തരുശ്രേഷ്ഠര്‍ വെട്ടേറ്റ് വീഴുന്നു,ഹാ, കഷ്ടം !
കാവിന്നറിയുമോ കുരുതിയാണെന്ന്
പതിനൊന്ന് കെ വി കറണ്ടിന് പായുവാന്‍.
 തണ്ണീര്‍തടത്തില്‍ നിന്നുയരും കുമിളകള്‍
ശാന്തിവനത്തിന്നന്ത്യ നിശ്വാസമോ ?
എവിടെ പച്ചപ്പരിസര പ്രേഷിതര്‍,
കല്‍പിളര്‍ന്നെഴുന്നേല്‍ക്കു കാലഭൈരവാ.
പച്ചപ്പ് കണ്ടാല്‍ കലിപ്പ് കേറുന്നോരെ,
ഊരിന്നുയിരേകും മൂക്ക് മുറിച്ചോരെ
ചൊല്‍പ്പടിക്കെന്തേ നിറുത്താനമാന്തമോ ?
വികസനം വേണമെന്നല്ലേ പറയേണ്ടു
വേണം പരിസരം , പച്ചപ്പും
കാവും, കുളങ്ങളും, കുളിര്‍ കാറ്റും
ആ കൊച്ചു കാട്ടിലെ ലോല നിശ്വാസവും
പാരിനമൃതമായ് കാക്കുവാനാകണം
പെരുമയെ നാളേക്കായി പകരുവാനാകണം

           


രചന - എം.എന്‍.സന്തോഷ്
28-04-2019







No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...