02 April, 2019

നിര്‍മ്മാല്യ ദര്‍ശനം
കവിത

നിര്‍മ്മാല്യ ദര്‍ശനം സഫലമായി കൃഷ്ണ
മനസ്സും മിഴിയും നിറഞ്ഞു പോയി
ചന്ദനം ചാര്‍ത്തിയ കമനീയ രൂപം
കണ്‍നിറയെ കണ്ടു ഗദ്ഗദ കണ്ഠനായി

ദീപപ്രഭാമയം മോഹനം തേജോഹരം
മായാമാധവന്‍ വാഴുന്ന മണിമന്ദിരം
അനന്തപുരിയായി ശംഖനാദം മുഴങ്ങി
ഗുരുവായൂരമ്പലം പുണ്യ പാലാഴിയായ്

നാരായണാ നമോ കീര്‍ത്തന മുഖരിതം
പ്രാര്‍ത്ഥാനാലാപനം ഭക്തി സാന്ദ്രം
ഒന്നായനേകം കണ്ണുകള്‍ കണ്ണനെ
ഒരു മാത്ര ദര്‍ശിക്കാന്‍ മതിമറന്നീടുന്നു

രക്ഷിക്കണേ ഗുരുവായൂരപ്പാ എന്ന്
ഉച്ചൈസ്ഥരം ഘോഷിപ്പു കണ്ഠങ്ങള്‍
കണ്ണനെ കണ്ടൊരു മാത്രയില്‍ ചിലരതാ
കണ്ണാഎന്നോതുവാനാകാത്ത നിലയിലായ്

ഭക്തി പ്രഭാമയം ആനന്ദ പൂരിതം
ഗോകുലപാലന്റെ ഗുരുവായൂരമ്പലം
നാരായണാ നാമം പാരായണം ചെയ്തു
നീലക്കാര്‍വര്‍ണ്ണന്റെ ലീലകള്‍ വര്‍ണ്ണിച്ചു

ഗുരുവായൂരമ്പലം ഗോകുലമായ് മാറി
ഗോപികാ വൃന്ദങ്ങള്‍ ലാസ്യ നടനമാടി
പീതാംബരം ചുറ്റി നീലപ്പീലി ചൂടി ചേലില്‍
ഓടക്കുഴലൂതി കള്ളച്ചിരി തൂകി കണ്ണനും.


രചന - എം.എന്‍.സന്തോഷ്
02-04-2019



No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...