14 April, 2019

വിഷു - കവിത

വിഷു
കവിത

കൈയില്‍ കണിക്കൊന്നയുമായ്
മേടപ്പെണ്ണ് വിരുന്ന് വന്നു
പാടം കൊയ്ത വിശേഷവുമായി
ചെല്ലെചെറുകിളി ചിലമ്പി വന്നു
മുണ്ടകപ്പാട മണം വിതറി
നാടോടികാറ്റ് കവിത മൂളി
വാളും ചിലമ്പും കളമെഴുത്തും
കോമരം കാവില്‍ ഉറഞ്ഞുതുള്ളി
ആര്‍പ്പും വിളിയും കളിവീടും കെട്ടി
കുട്ടികള്‍ മൂവാണ്ടന്‍ ചോട്ടിലെത്തി
മേലെ നീല വിതാന മധ്യേ
മേട സൂര്യന്‍ കത്തിജ്വലിച്ചു നിന്നു
കാഞ്ചന കാന്തി ചാരു പ്രഭ ചിതറി
കൊന്നമരം പാരില്‍ പൂത്തുലഞ്ഞു
ജീവിതച്ചുടില്‍ വെന്ത് നീറിയാലും
കൊന്നപോല്‍ ആഹ്ളാദം പങ്കു വെക്കാം
സ്നേഹം പകര്‍ന്ന് കൈനീട്ടമേകാം
പ്രകാശ പ്രഭ കണി കണ്ട് കുളിരണിയാം.

രചന - എം.എന്‍. സന്തോഷ്
14-04-2019


No comments:

Post a Comment

Great expectations