31 July, 2018

പാലായനം

ഒരു വെള്ളപ്പൊക്കത്തിന്റെ അനുഭവം

 


 

ഹരിശങ്കര്‍.എം.എസ്




2018 ജൂലൈ 15 ഞായറാഴ്ച. അന്ന് ഞാന്‍ പാല ബ്രില്ല്യന്‍റ് കോളജ് ഹോസ്റ്റല്ലില്‍ ആയിരുന്നു.നടക്കല്‍ റെസിഡന്‍സിയില്‍ താഴത്തെ നിലയിലെ മുറി നമ്പര്‍ 113 ലായിരുന്നു വാസം. പ്രവേശന പരീക്ഷക്ക് പഠിക്കുന്നു. അന്ന് വെള്ളപ്പൊക്കത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്.

തോരാതെ മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. വാതില്‍ തുറന്നിട്ട് കുറച്ച് നേരം മഴ കണ്ടു.വീട്ടില്‍ പോയിരുന്ന കൂട്ടുകാരന്‍ പ്രകാശ് രാജ് അപ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയത്.നമ്മുടെ കാമ്പസ് നിറയെ വെള്ളമാണല്ലെയെന്ന് വരും വഴിക്ക് കണ്ട കാര്യം പ്രകാശ് പറഞ്ഞു. പിറ്റേന്നത്തെ പരീക്ഷക്കുള്ള ഒരുക്കം ഒന്നുകൂടി നടത്തി ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റു. പഠിക്കാന്‍ തുടങ്ങി. ആറ് മണിയായപ്പോള്‍ വാതിലില്‍ മുട്ട് കേട്ട് തുറന്നു.
ഇന്ന് ക്ളാസ്സീല്ലെന്ന് സാര്‍ പറ‍ഞ്ഞു. കാമ്പസ്സില്‍ വെള്ളം കയറിയിരിക്കുന്നു.” ഹോസ്റ്റലിലെ ഒരു കുട്ടിയാണ് അറിയിപ്പുമായി വന്നിരിക്കുന്നത്.

ഹായ് രക്ഷപ്പെട്ടല്ലോയെന്ന് പ്രകാശ് രാജ് പറഞ്ഞു.
അപ്പോള്‍ ഇന്ന് പരീക്ഷയില്ല. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ മെസ്സ് ഹാളിലേക്ക് പോയി.ഇടിയപ്പവും ഗ്രീന്‍പീസും. മെസ്സ് ഹാളില്‍ പതിവില്ലാത്ത തിരക്ക്. കുട്ടികള്‍ തലേന്ന് രാത്രി നടന്ന് വേള്‍ഡ് കപ്പ് ഫൈനലിനെ ക്കുറിച്ചുള്ള വിശകലനങ്ങള്‍ നടത്തുന്നു.ക്രൊയേഷ്യയുമായുള്ള ഫൈനലില്‍ ഫ്രാന്‍സ് 4-2 ന് ജയിച്ച കാര്യം അപ്പോഴാണ് അറിഞ്ഞത്.മഴ പെയ്ത് കൊണ്ടിരിക്കുന്നുണ്ട്. മെസ്സ് ഹാളില്‍ നിന്ന് റൂമിലേക്ക് പോന്നു.

ക്ളോക്ക് റൂമില്‍ ചെന്ന് എല്ലാവരും ഫോണ്‍ വാങ്ങണമെന്ന് ഒരു അറിയിപ്പ് വന്നു.വീടുകളില്‍ പോകേണ്ടവര്‍ക്ക് പോകാമെന്നും പറയുന്നു.ഫോണ്‍ വാങ്ങി വരും വഴി ഗേറ്റ് വരെ പോയി നോക്കി. റോഡിനപ്പുറത്ത് റബ്ബര്‍ തോട്ടം വെള്ളം നിറഞ്ഞ് നില്‍ക്കുന്നു.ചിലരൊക്കെ പോകാനുള്ള തയ്യാറെടുപ്പുകള്‍. ഹോം രജിസ്റ്ററില്‍ എഴുതുന്നു. ബാഗെടുത്ത് ധൃതിയില്‍ ഇറങ്ങുന്നു. നോക്കി നില്‍ക്കെ റോഡിലും വെള്ളം നിറഞ്ഞു. സര്‍പ്പങ്ങളെ പോലെ വെള്ളം ഹോസ്റ്റല്‍ ഗേറ്റ് വരെ തിടുക്കത്തില്‍ ഇഴഞ്ഞെത്തി. മുട്ടോളം വെള്ളത്തില്‍ ആളുകള്‍ റോഡിലൂടെ സഞ്ചരിക്കുന്നു.
ഇനിയാരും തനിച്ച് പോകേണ്ടെന്ന് വാര്‍ഡന്‍ പറഞ്ഞു.

നോക്കി നില്‍ക്കേ ജലനിരപ്പ് ഉയര്‍ന്ന് വരുന്നു. ഗേറ്റ് കടന്ന് പോര്‍ച്ചിലേക്ക് . സ്റ്റെയര്‍കേസിനടുത്തേക്ക്, പിന്നെ ഗ്രൗണ്ട് മെല്ലെ മുങ്ങുന്നു. ഹോസ്റ്റലിന്റെ പുറകില്‍ നിന്നും വെള്ളം കയറുന്നുണ്ട്. വന്‍ ശബ്ദത്തോടെ തൊട്ടടുത്ത ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞ് വീണു.ആ ഹോസ്റ്റലിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ച് കയറുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്.താഴെയാണ് അവിടത്തെ മെസ്സ് ഹാള്‍ നിമിഷങ്ങള്‍ക്കകം മെസ്സ് ഹാളില്‍ വെള്ളം നിറഞ്ഞു.

ഞങ്ങള്‍ സാധനങ്ങള്‍ മുകളില്‍ മെസ്സ് ഹാളില്‍ കൊണ്ട് വെക്കാന്‍ തുടങ്ങി..പുസ്തകവും ബാഗുകളും,പുതപ്പും റാക്കില്‍ വെച്ചു. മറ്റ് അത്യാവശ്യ സാധനങ്ങള്‍ ബക്കറ്റിലെടുത്ത് കട്ടിലില്‍ വെച്ചു.കിടക്ക ചുമലിലേറ്റി മൂന്നാം നിലയിലെ മെസ്സ് ഹാളില്‍ എത്തിച്ചു.ഹോസ്റ്റല്‍ മുറ്റത്ത് വെള്ളത്തിലൂടെ എലി, നീര്‍ക്കോലി, അരണ എന്നിവ പരക്കം പായുന്നു.

നാട്ടുകാര്‍ വെള്ളപ്പൊക്കം ആഘോഷിക്കുകയാണ്. അവര്‍ റോഡിലെ വെള്ളത്തില്‍ നീന്തി രസിക്കുന്നു. ചിലര്‍ വഞ്ചി തുഴയുന്നു.

മെസ്സ് ഹാളില്‍ അധ്യാപകര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നു. അവര്‍ക്ക് നിരന്തരം ഫോണുകള്‍ വരുന്നു.ഹോസ്റ്റലില്‍ ഉള്ളവരെല്ലാം തന്നെ മെസ്സ് ഹാളില്‍ അഭയം പ്രാപിച്ചിരിക്കുക യാണ്.ജലനിരപ്പ് ഉയര്‍ന്ന് വരുന്നത് മുകളില്‍ നിന്ന് ഭയത്തോടെ നോക്കിനിന്നു.മെസ്സിലെ അടുക്കളയില്‍ പാചകം നടക്കുന്നുണ്ട്. ഭക്ഷണം കിട്ടുമെന്ന് ആശ്വസിച്ചു.താഴത്തെ നിലകളിലെ മുറികളില്‍ വെള്ളം കയറിക്കഴിഞ്ഞിരിക്കുന്നു.എന്റെ മുറി 113. ഏതാണ്ട് കട്ടില്‍ പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ടാകും.രണ്ട് ബെഡ്കളുണ്ടായിരുന്നു. ഒരെണ്ണമേ മുകളിലേക്ക് കൊണ്ടുപോയിട്ടുള്ളു. ഒരെണ്ണം കട്ടിലില്‍ തന്നെ കിടക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി.
പാല മുങ്ങിയെന്നും വാഹന ഗതാഗതം നിറുത്തയെന്നുമുള്ള കാര്യവും അറിഞ്ഞു. ഭക്ഷണം പാചകം ചെയ്യാന്‍ വെള്ളമില്ല. കിണര്‍ വെള്ളം മലിനമായിക്കഴിഞ്ഞു.വൈദ്യുതി നിലച്ചു.ഹോസ്റ്റല്‍ വാസം ബുദ്ധിമുട്ടാകാന്‍ പോകുന്നു.ബ്രില്ല്യന്റ് കോളജിന് ഒരാഴ്ച്ച അവധി നല്‍കിയിരിക്കുന്നതായും അറിയിപ്പ് വന്നു.വിവരങ്ങളൊക്കെ വീടുകളിലേക്ക് അറിയിക്കുന്നുണ്ട്.


ഗതാഗതം നിറുത്തിയിരിക്കുന്നു.റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. എങ്ങനെ പുറത്ത് കടക്കും? വീട്ടിലെത്താന്‍ കഴിയുമോ?ഇവിടെ ഈ മൂന്നാം നിലയില്‍ കുടുങ്ങി പോകുമോ?
പക്ഷെ ഞങ്ങളെ പുറത്ത് കടത്താനുള്ള തയ്യാറെടുപ്പുകള്‍ അധ്യാപകര്‍ നടത്തിക്കഴിഞ്ഞിരുന്നു.
ബസ്സ് വന്നിട്ടുണ്ട് . പുറപ്പെടാന്‍ ഒരുങ്ങിക്കോളാന്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍ സന്തോഷമായി.ഉടുത്തിരുന്ന വസ്ത്രവും ബാഗും മാത്രം . അത്യാവശ്യം പുസ്തകങ്ങളും കുറച്ച് വസ്ത്ത്രവും മാത്രം ബാഗില്‍.

ഇറങ്ങാന്‍ നിര്‍ദ്ദേശം കിട്ടി.ഞങ്ങള്‍ മൂന്നാം നിലയില്‍ നിന്നും ഇറങ്ങിത്തുടങ്ങി ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ മുട്ടോളം വെള്ളം. ബാഗ് തലയില്‍വെച്ചു.കൈകള്‍ കോര്‍ത്ത് പിടിച്ച് ഒറ്റ വരിയായി നടന്നു. ഗേറ്റ് കടന്ന് താഴെ റോഡിലെത്തിയപ്പോള്‍ നെഞ്ചൊപ്പം വള്ളം.അടിയൊഴുക്ക് ശക്തം. കാലുകള്‍ വീശി റോഡിന്റെ നടുവിലൂടെ നടന്നു.ഫയര്‍ഫോഴ് സും പോലിസും നാട്ടുകാരും ഞങ്ങളെ നിരീക്ഷിച്ച് കാവല്‍ നിന്നു.ഇരുന്നൂറ് മറ്ററോളം അങ്ങനെ നടന്നു. വെള്ളത്തില്‍ നിന്ന് മെല്ലെ കരകയറി തുടങ്ങി. പൊക്കത്തിലേക്ക് കയറുകയാണ്.ഉയര്‍ന്ന സ്ഥലത്ത ബസ്സ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.ആശ്വാസമായി.മൂന്ന് ബസ്സുകളിലായി ഞങ്ങളുടെ ഹോസ്റ്റലിലെ നൂറ്റി മുപ്പതോളം കുട്ടികള്‍ കയറി. .അതോടെ ആഹ്ളാദം ആര്‍പ്പ് വിളികളായി ഉയര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ ആ പ്രളയത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു. ബസ്സ് പുറപ്പെട്ടു. ബ്രില്ല്യന്റ് കോളജിന്റെതാണ് ബസ്സുകള്‍. അപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് 3.30


മരങ്ങള്‍ തിങ്ങിയ ഇരുള്‍ മൂടിയ വഴികളിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു.മഴ തോര്‍ന്നിട്ടില്ല.ഒരു പാലത്തിലൂടെ പോയപ്പോള്‍ മീനച്ചിലാര്‍ കലങ്ങി മറിഞ്ഞ് ഒഴുകുന്നത് കണ്ടു.വെള്ളത്തിന് ചായയില്‍ ബൂസ്റ്റ് കലക്കിയ നിറം. തീരത്തുള്ള വീടുകള്‍ മൂങ്ങിയത് കാണാം. ചില വീടുകളുടെ മേല്‍ക്കൂരക്ക് മുകളില്‍ ആളുകള്‍ കയറി ഇരിക്കുന്നുണ്ട്. നിരാലംബരായ ആളുകള്‍. പാവങ്ങള്‍.നാല് മണിക്ക് ബസ്സ് കോട്ടയത്തെത്തി.കോട്ടയം കെ.എസ് ആര്‍.ടി.സി .ബസ്സ് സ്റ്റേഷന്‍.അവിടെ വെച്ച് കുട്ടികള്‍ പല വഴിക്ക് പിരിഞ്ഞു. ഞാനും കുറച്ച് പേരും എറണാകുളത്തേക്കുള്ള ബസ്സില്‍ കയറി.ഒറ്റക്ക് ആദ്യമായി സഞ്ചരിക്കുകയാണ്. അതും അപരിചിതമായ സ്ഥലങ്ങളിലൂടെ.അഞ്ചരക്ക് ഏറ്റുമാന്നൂരെത്തിയപ്പോഴാണ് മഴ മാറി യത്. അപ്പോഴാണ് സൂര്യനെ കാണുന്നത്.എട്ട് മണിക്ക് എറണാകുളം. വൈറ്റിലയില്‍ നിന്ന് പറവൂര്‍ ബസ്സ് കിട്ടി. ഒമ്പത് മണിക്ക് വീട്ടിലെത്തിയപ്പോള്‍ സമാധാനമായി.അപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കാത്തിരിക്കുകയാണ്.

പ്രകൃതിയുടെ ശക്തി അപാരമാണ്. നാം ചിന്തിക്കുന്നതിന് അപ്പുറമാണ്.ഒരു നിമിഷം മതി എല്ലാം മാറിമറിയാന്‍. അത് വെള്ളത്തിന്റെ രൂപത്തിലാകാം, കാറ്റിന്റെ രൂപത്തിലാകാം, തിരമാലകളുടെ രൂപത്തിലാകാം. ആ ശക്തി ഏത് നിമിഷത്തിലും നമുക്ക് മുന്നില്‍ ഉയര്‍ന്ന് വരാവുന്നതേയുള്ളു എന്നെനിക്ക് മനസ്സിലായി.പുഴയുടെ തീരങ്ങളില്‍ കൊച്ച് വീടുകളില്‍ താമസിക്കുന്നവരുടെ സ്ഥിതി ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.കൂട്ടായ്മയും, സംഘടിതമായ പ്രവര്‍ത്തനവും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

പാലയിലെ വെള്ളപ്പൊക്കവും അവിടെ നിന്നുള്ള പാലായനവും അതിഗംഭീരമായിരുന്നു.


കഥ


സ്വാതന്ത്ര്യ ദിനം



പാരതന്ത്ര്യത്തിന്റെയും , തിന്മയുടെയും കമ്പിയഴികള്‍ ഭേദിച്ച് സത്യത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും അനന്തവിഹായസ്സില്‍ പാറിപ്പറക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് നേതാവ് പ്രസംഗം അവസാനിപ്പിച്ചത്.സമ്മാന വിതരണവും , പായസംവിളമ്പലും നടത്തി പ്രാതല്‍ കഴിക്കാന്‍ കാര്‍ വീട്ടിലേക്ക് വിട്ടു.കാറിന്റെ ഡോര്‍ തുറന്ന് വീടിന്റെ മുറ്റത്ത് കാല്‍ കുത്തിയ ഉടന്‍ ഒരു വിളി.
ശുംഭന്‍,........ ശുംഭന്‍"
നേതാവ് ഞെട്ടി.
പഞ്ചലോഹ കൂട്ടിലെ , വര്‍ത്തമാനം പറയുന്ന പച്ചതത്തയെ നോക്കി നേതാവ് കണ്ണുരുട്ടി.
"ഞാന്‍ പറയാറുള്ള വാക്കുകള്‍ തന്നെ എന്നെ നോക്കി അലക്കിക്കോ. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വര്‍ഗ്ഗം!"
ടിവിയിലെ ലൈവ് ചര്‍ച്ചകള്‍ കണ്ടും, കേട്ടും തത്തയുടെ ശബ്ദതാരാവലി സമ്പന്നമായിട്ടുണ്ട്.ഒരു വാര്‍ത്താ ചാനലിലെ ന്യൂസ് റീഡറെപ്പോലെയാണ് ഇപ്പോള്‍ തത്തയുടെ ഇരിപ്പും , തല ചരിച്ചുള്ള നോട്ടവും!
"
തീറ്റ കിട്ടിയില്ല....വിശക്കുന്നു"
 "
അഹങ്കാരി.”
നേതാവിന് ദ്വേഷ്യം ഇരച്ചു കയറി.ഇനി മിണ്ടിപ്പോകരുതെന്ന് തത്തയെ വിരട്ടി.
ഉടനെ തത്തയുടെ ചോദ്യം.
മാധ്യമക്കാര് വരുമ്പോ ഞാന്‍ മറ്റേക്കാര്യം പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?”
ഏതു കാര്യം?” നേതാവ് സംഭ്രമത്തോടെ കണ്ണു മിഴിച്ചു.
കുട്ടപ്പനെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത കാര്യം"
അതു ശരി , അപ്പോ നീ അതും കേട്ടു ! വാര്‍ത്താ വായനക്കാരുടെ ഏതു കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്കും അതിസമര്‍ത്ഥമായി ഉത്തരം പറയാറുള്ള നേതാവ് തത്തയുടെ ഈ ചോദ്യത്തിനും ചിരിച്ചു കൊണ്ട് തന്നെ ഉത്തരം കൊടുത്തു.
ക്വട്ടേഷന്‍ ഇല്ലാതെ തന്നെ നേതാവ് കാര്യം നടപ്പാക്കി.
തത്തമ്മ ആകാശനീലിമയിലേക്ക് പറന്നുയര്‍ന്നു!




കഥ




ഉല്ലാസ യാത്ര




പ്രവിതയാണ് വിളിക്കുന്നത്. ഫോണെടുത്തു.
എത്ര നേരമായി വിളിക്കുന്നു.”പ്രവിതയുടെ ശബ്ദത്തില്‍ രോഷം ജ്വലിക്കുന്നണ്ട്.
കലി തുള്ളി സംസാരിക്കുന്ന തന്റെ ഭാര്യയുടെ ചിത്രം മനസ്സിലും , ശബ്ദം ചെവിയിലും പവിത്രന്‍ ശരിക്കും ആസ്വദിച്ചു.
പ്രവിത, ഞാനല്പം തിരക്കിലായിരുന്നു.”
റിങ്ങ് ചെയ്യുന്നുണ്ടല്ലോ .ഫോണെടുത്തു കൂടെ നിങ്ങള്‍ക്ക്. പവിത്രേട്ടാ,അമ്മക്ക് തീരെ വയ്യാന്ന് പറയാനാ വിളിച്ചത്. ”
ഇടത് ഷോള്‍ഡര്‍ കൊണ്ട് ഫോണ്‍ ചെവിയിലമര്‍ത്തിപ്പിടിച്ച് പ്രവിതയുടെ ശബ്ദം കേള്‍ക്കുകയും, ബാഗില്‍ സാധനങ്ങള്‍ തിരുകി വെക്കുകയും ചെയ്തു പവിത്രന്‍.
രാത്രി ഉറങ്ങീട്ടില്ല. പവിത്രനെ അറിയിക്കേണ്ടാ, ലീവ് കളഞ്ഞ് വരുത്തണ്ടന്നാണ് അമ്മ.... എങ്കിലും പവിത്രേട്ടന്‍ വാ. ചെക്കപ്പിനുള്ള സമയമായിട്ടിട്ടുണ്ട്.ഇഞ്ചക്ഷനുള്ള മരുന്നും തീര്‍ന്നു . വരുമ്പോ മരുന്ന് മറക്കരുത്.”
പാക്കറ്റില്‍ നിന്നും പുറത്തെടുത്ത് ,പൊന്നാടയുടെ തിളക്കം ഒന്ന് കൂടി ഉറപ്പ് വരുത്തി വീണ്ടും പാക്കറ്റിലാക്കുന്നതിനിടയില്‍ പവിത്രന്‍ നിസ്സംഗത അറിയിച്ചു.
യു മാനേജ് ഇറ്റ്. ഞാന്‍ നാളെയെത്താം . ഇന്നത്തെ പ്രോഗ്രാം ഫിക്സ്ഡ് ആണ്.”
ുടുംബമെന്ന വിചാരമുണ്ടോ നിങ്ങള്‍ക്ക് എന്ന് പരിഹസിച്ച് കൊണ്ട് അവള്‍ ഫോണ്‍ കട്ട് ചെയ്തു.
നിര്‍മ്മല ടീച്ചറെ പൊന്നാട അണിയിക്കുന്ന ഐറ്റം ഗംഭീരമാകുമെന്ന് പവിത്രന്‍ നിസ്സംശയം അഭിമാനിച്ചു.ഗ്രൂപ്പില്‍ മറ്റാര്‍ക്കുമില്ലാത്ത ഈ ഐഡിയ തന്റേതാണ്.അതിന്റെ ക്രഡിറ്റ് തനിക്ക് തന്നെ.വണ്ടി കാത്ത് കേസരി ജംങ്ഷനില്‍ നില്ക്കുമ്പോള്‍ വിനോദയാത്ര പോകുന്ന സ്ക്കൂള്‍ പിള്ളേരുടെ കൂക്കി വിളികളുമായി ഒരു ലക്ഷ്വറി ബസ്സ് കടന്ന് പോയി.
പെരുംപടന്നയിലെത്തിയെന്ന് അഭയ്ശേഖറിന്റെ സന്ദേശമെത്തി. വാട്സ്ആപ്പില്‍ പ്രഭാത വന്ദനങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്നു. പതിവുകാരൊക്കെയുണ്ട്. ലക്ഷ്മി.കെ.കെ., വിമലമേനോന്‍, അയ്യപ്പന്‍ പിള്ള, ഗൗരിലക്ഷ്മി, ഹരിശങ്കര്‍. വന്ന ഇമേജുകള്‍ ഓരോരുത്തര്‍ക്കും പരസ്പരം മാറ്റി അയച്ചു.
രേണുക ഗോപകുമാറിന്റെ മിസ്ഡ് കോള്‍ വന്നിരിക്കുന്നു.കണ്ട ഉടനെ തിരിച്ച് വിളിച്ചു.
ഞങ്ങളിതാ പുറപ്പെട്ടു.”
കവിയില്ലേ?”
"രാമദാസ് കണ്ണമാലിയല്ലേ. ഉണ്ട്. പുള്ളിക്കാരന്‍ നല്ല ത്രില്ലിലാണ്.”
നിര്‍മ്മല ചേച്ചി കവിയെക്കാണാന്‍ ഒത്തിരി നാളണ്ട് കൊതിക്കുന്നു.കണ്ണമാലിയുടെ ആരാധകനാണ് ചേച്ചി.ഒരു സീക്രട്ടുണ്ട്.നിര്‍മ്മല ചേച്ചി ഒരു ട്രിപ്പ് അറേഞ്ച് ചെയ്തിരിക്കുന്നു.ലഞ്ച് കഴിഞ്ഞിട്ട് നേരെ തുഞ്ചന്‍ പറമ്പിലേക്ക് . ഗ്രൂപ്പില്‍ പറയേണ്ട.ഒരു സീക്രട്ടായിക്കോട്ടെ.”
അഭയ് ശേഖര്‍ ഷെ‍ഡ്യുള്‍ വായിച്ചു.
നേരെ ചെങ്ങമനാട്ടക്ക്. ആദ്യം ഡാനിയുടെ ഭവനം.സെക്കന്റ് ലി രേണുക ഗോപകുമാര്‍, പിന്നെ റോയ് ചെറിയാന്‍, ആന്റ് ഫൈനലി നിര്‍മ്മല ടീച്ചര്‍.ക്ളിയറായോ?”
കലക്കി. എഫ് ബി ലിസ്റ്റിലെ കിഡ്ഡീസ് ഡാനിയില്‍ തുടങ്ങി മോസ്റ്റ് റെസ് പെക്ടബിെള്‍ കപ്പിള്‍സ് മിസ്സിസ്സ് നിര്‍മ്മല ടീച്ചര്‍ ആന്റ് മിസ്റ്റര്‍ രാമചന്ദ്രമേനോന്‍ സാര്‍ വരെ, അല്ലേ? നമ്മുടെ എഫ്ബി കുടുംബത്തിന്റെ മഹത്വംഅതാണ്.”
പ്രവിത വിളിക്കുന്നു.
പവിത്രന്‍ ഫോണെടുത്തു.ഫോണിലെ വെളുത്ത വലയത്തില്‍ വിരല്‍ മുട്ടിച്ച് മുകളിലേക്ക് ചലിപ്പിച്ചു.മെസ്സേജ ബോക്സില്‍ ' can't talk now.call me later' ല്‍ വിരലമര്‍ത്തി.പ്രവിതക്ക് ഒരു ടെക്സ്റ്റ് സന്ദേശമയച്ചു.
രാമദാസ് കണ്ണമാലി കവിത ആലപിക്കാന്‍ തുടങ്ങിയിരുന്നു.ഉണ്ടാക്കി പാടുകയാണ്. എഫ് ബി കൂട്ടായ്മ നടത്തുന്ന പ്രതിമാസ യാത്രയെപ്പറ്റിയുള്ള പാട്ട്.
ഒരു മിസ്ഡ് കോള്‍ കിടക്കുന്നു. വീണ്ടും രേണുക ഗോപകുമാര്‍.പവിത്രന്‍ തിരക്കിട്ട് ഡയല്‍ ചെയ്തു.
രേണുക വിളിച്ചിരുന്നു, അല്ലേ? സോറി ,എല്ലാവരും നല്ല ഉല്‍സാഹത്തിലാണ്.അതിനിടക്ക് റിങ്ങ് കേട്ടില്ല.”
നോവല്‍ മറന്നില്ലല്ലോ?നിങ്ങളുടെ നാട്ടുകാരന്റെ .”
ഒറ്റുകാരന്റെ സുവിശേഷം.അല്ലേ?”
യെസ്”
ബാഗിലുണ്ട്.”
നൈസ്.താങ്ക് യു.”
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു.അഭയ് റേഡിയോ ഓണ്‍ ചെയ്തു.ആശചേച്ചിയും , ബാലേട്ടനും കത്ത് വായിക്കുന്നു. പശ്ചാത്തലത്തില്‍ നേര്‍ത്ത ഈണം.റോഡിനിരുവശവും കതിരണിഞ്ഞ് നില്‍ക്കുന്ന നെല്‍പ്പാടം. എ സി യുടെ ഇളം കാറ്റ് പവിത്രനെ തഴുകി.
ശ്വസിക്കാന്‍ പാടുപെടുന്ന വലിവ് രോഗിയായ കുഞ്ഞിനെ തോളില്‍ ഇടത് കൈകൊണ്ട് അമര്‍ത്തിപ്പിടിച്ച് , വലത് കൈയില്‍ ഔണ്‍സ് കുപ്പി മുറുക്കിപ്പിടിച്ച് , പാടവരമ്പത്ത് കൂടി ആശുപത്രിയിലേക്ക് അതിവേഗം പോകുന്ന ഒരമ്മ.....
" കുഞ്ഞിനെ മഴ കൊള്ളിക്കല്ലെ. ലീലേ, നില്‍ക്ക്....”കുട നിവര്‍ത്തിപ്പിടിച്ച് കൈലിമുണ്ട് മാത്രമുടുത്ത് ഓടി വരുന്ന അച്ഛന്‍.....
"ഇത്ര പെട്ടെന്ന് ഉറങ്ങിപ്പോയോ നീ ?എന്തായിരുന്നു സ്വപ്നം കണ്ടത്?”ഡ്രൈവ് ചെയ്യുന്ന അഭയ് ശേഖറിന്റെ മന്ദഹാസത്തോടോയുള്ള ചോദ്യത്തിന് ഏയ്. ഒന്നുമില്ല എന്ന് പവിത്രന്‍ മറുപടി പറഞ്ഞു.
അഭയ് , അടുത്ത ജംങ്ഷനില്‍ നിറുത്തണം.”
എന്തിനാ?”
മരുന്ന് വാങ്ങണം ,അമ്മക്ക്.”
പഴ് സ് തുറന്ന് മരുന്നിന്റെ കുറിപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തി.പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് സ്വിച്ച് ഓണാക്കി.
കരഞ്ഞത് ആരാണ്? അമ്മയോ,കുഞ്ഞോ,താനോ? അതോ സ്വപ്നമോ? പവിത്രന്‍ കുടുംബത്തെപ്പറ്റിയുള്ള ആലോചനയിലായിരുന്നു.


എം.എന്‍.സന്തോഷ്

കഥ




കാറ്റും കോളും

എം.എന്‍.സന്തോഷ്.



ദിവസത്തില്‍ ചില നേരങ്ങളില്‍ വരുന്ന ഫോണ്‍ കോളുകള്‍ ആപത്തുകള്‍ വിളിച്ച് കൂവുന്ന സൈറണുകളായിരുക്കും.ഉദാഹരണത്തിന് പരപരാ വെളുത്ത വരുന്ന നേരം.
അത്തരമൊരു വെളുപ്പാന്‍ കാലത്താണ് ഉണ്ണി ഗോപാലന്റെ കോള്‍ വരുന്നത്.ഫോണെടുത്ത് ചെവി ചേര്‍ത്തു.
ചേട്ടാ, ഉണ്ണിയാണ്. വെളുപ്പിലെ കാറ്റിന് ആഞ്ഞിലി വീണു.1
"ഏതാടാ ? വടക്കേപ്രത്തെയാണോ?”
അല്ല, തെക്കേപ്രത്തെ.ചേട്ടന്റെ അതിരില്‍ നില്‍ക്കുന്നത്”
വേറെ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ വരാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.
മരം വീണത് കാണാന്‍ കള്‍ കുട ചൂടി മുന്‍പേ നടന്നു.
ഞ്ഞിലിയുടെ കിടപ്പ് കണ്ടപ്പോള്‍ പാദാദി കേശം വിറപൂണ്ടു.വിശാലം ചേച്ചിയുടെ പറമ്പില്‍ പതിച്ച് , മൂലയിലൂടെ അപ്പുറത്ത് വല്ല്യേച്ചിയുടെ പറമ്പില്‍ തല പതിച്ചുള്ള കിടപ്പ് ! ഇടത് ശിഖരങ്ങള്‍ കുഞ്ഞേച്ചി പണിയുന്ന പുരയെ തൊടാതെ വന്‍ മരം മാറി വീണു. വേലിയും ശീമക്കൊന്നകളും നിലം പരിശാക്കിയതൊഴിച്ചാല്‍ , ജാതിക്കും തേക്കിനും മൂവാണ്ടന്‍ മാവിനും ഇടയിലൂടെ ഒരു സേഫ് ലാന്റിങ്ങ്.
ഞാനെത്തിയപ്പോഴെക്കും വീണ മരത്തിന് വില പറയാനായി ഒന്ന് രണ്ട് പരിചയക്കാരെത്തി.
വരട്ടെ തീരുമാനിക്കാനുണ്ട് എന്ന് പറഞ്ഞ് അവരെ വിട്ടു.മുപ്പത്തടത്ത് വല്യേട്ടനെ വിളിച്ച് പറയാന്‍ ഉണ്ണിയെ ഓര്‍മ്മിപ്പിച്ചു.പെങ്ങന്മാര്‍ക്കും കോളുകള്‍ പോയി.

വല്യേച്ചി മകനോടിച്ച കാറില്‍ വന്നു.കുഞ്ഞേച്ചി ഓട്ടോയില്‍ വന്നിറങ്ങി.വല്യേട്ടനൊപ്പം വിശാലം ചേച്ചി ബൈക്കില്‍ കയറി വന്നു.അവരങ്ങനെയാണ്.

മരത്തിനപ്പുറവും ഇപ്പുറവും നിന്ന് അവര്‍ ഓരോന്ന് പറഞ്ഞു.മരത്തെ ചുറ്റി പറ്റിയുള്ള പൂര്‍വ്വ കഥകള്‍.മരച്ചുവട്ടിലെ ബാല്യകാലം.മരച്ചുവട്ടില്‍ കളിവീട് വെച്ചതു്. ആഞ്ഞിലിച്ചുള തിന്നത്.കുരു വറചട്ടിയിലിട്ട് പൊരിച്ച് തിന്നത്.അതിന്റെ ഒരു സ്വാദ് !

"താഴത്തെ ചില്ലയില്‍ കെട്ടിയ ഊഞ്ഞാലില്‍ എന്റെ മടിയിലിരുന്ന് ഊഞ്ഞാലാടിയത് ഓര്‍ക്കുന്നുണ്ടോടാ ദിനേശാ?”
എന്റെ മനം കുളുര്‍പ്പിക്കാന്‍ വിശാലം ചേച്ചി ഊതി വിട്ട ഊഷ്മളമായ ആ വാങ്മയ തരംഗം ഒരു ചുഴലിക്കാറ്റിന്‍െ ആഗമനമാണെന്ന് ഞാന്‍ ഉറപ്പിച്ചു.
ദേ , ഈ ശിഖരത്തിലിരുന്നാണ് ബി.. പരീക്ഷക്ക് വായിച്ചതെന്ന് വല്യേട്ടനും അവകാശമുന്നയിച്ചു.
വല്ല്യേച്ചിയുടെ മകന്‍ അരുണ്‍കുമാര്‍ മരം വീണ് കിടക്കുന്ന കാഴ്ച്ചകള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

ആഞ്ഞിലി വീണപ്പോഴെങ്കിലും എല്ലാവരും ഒത്തുകൂടിയല്ലോ എന്ന് പറഞ്ഞ് അടുത്ത വീട്ടിലെ മാധവേട്ടന്‍ വന്നപ്പോള്‍ എല്ലാവരും സങ്കടം മായ് ച്ച് കളഞ്ഞ് ചിരി വരുത്തി.ദാസന്‍ ചേട്ടന്റെ മകന്‍ ശ്രീജിത്ത് വന്നത് മരം കൊടുക്കുന്നണ്ടെങ്കില്‍ എടുത്തോളാമെന്ന് പറയാനാണ്.
അളിയന്റെ വീട് പണിക്ക് ഉരുപ്പടി വേണം. ഇതാവുമ്പോ അറിയാവുന്ന തടി.വര്‍ക്കത്തുള്ള മരം.”
ശ്രീജിത്ത് ചോദിച്ച് മടങ്ങി.
അത് ശരി. ഞങ്ങളറിയാതെ കച്ചവടമുറപ്പിച്ചല്ലേ , ദിനേശാ.” വല്ല്യച്ചി സ്വരം കടുപ്പിച്ചിരുന്നു.
മരമുത്തച്ഛന്റെ ശയ്യക്കരുകില്‍ ഒരു ന്യൂന മര്‍ദ്ദം രൂപം പ്രാപിച്ചു.കാറ്റും കോളും തുടങ്ങി.
മഴ കനത്തു.വേരറ്റ് വീണ മരക്കാരണവര്‍ക്ക് പ്രകൃതിയുടെ തീര്‍ത്ഥാഭിഷേകം.കുട ചൂടിനിന്ന ചേട്ടനും ചേച്ചിമാരും ദാസന്‍ ചേട്ടന്റെ കടയുടെ വരാന്തയിലേക്ക് കയറി നിന്നു.
മഴ തോരുമ്പോള്‍ തറവാട്ടിലക്ക് വന്നിട്ട് പോകാവൂ എന്ന് പറഞ്ഞ് ഞാന്‍ നടന്നു.ചെറുകുടയും ചൂടി മഴ രസിച്ച് മകള്‍ മുന്‍പേ നടന്നു , ഓരോരോ സംശയങ്ങളും ചോദിച്ച് .
അച്ഛന്റെ അപ്പുപ്പന്‍ നട്ടതല്ലേ ഈ മരം. അപ്പുപ്പന്മാരൊക്കെ മരിച്ചു.മരവും മരിച്ചു. മരിച്ച് വീണ മരമുത്തശ്ശന് മക്കളില്ലേ? കുഞ്ഞുമക്കളില്ലേ?”
ഉണ്ടല്ലോ മോളേ, നമ്മളൊക്കെ ആ മര മുത്തച്ഛന്റെ മക്കളാണല്ലോ.പിന്നെ , ചില്ലകളില്‍ കൂട് വെച്ച് പാര്‍ത്തിരുന്ന കിളികളും.”
ഒരു ഫോണ്‍ കോള്‍ വന്നു. കീശയില്‍ നിന്നും ഫോണെടുത്തു. വല്യേട്ടന്‍ വിളിക്കുന്നു.
ദിനേശാ, നീയിങ്ങോട്ടൊന്ന് വരൂ.വന്നിട്ട് പറയാം.”
മാനത്ത് പടിഞ്ഞാറ് നിന്നും കാറ് വെച്ച് കേറുന്നുണ്ട്. മഴ ഇനിയും തകര്‍ത്ത് പെയ്യും.
കുട നിവര്‍ത്തി ഞാന്‍ തിരിച്ച് നടന്നു.


1

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...