06 August, 2021

സഡാക്കോയുടെ കൊറ്റികളും കോവിഡും

 


ആഗസ്റ്റ് 6. ഹിരോഷിമദിനം 


സീന്‍ ഒന്ന്

ചുമരിലെ കലണ്ടര്‍ ആഗസ്റ്റ് മാസത്തിലേക്ക് മറിച്ചിടുന്നു.കലണ്ടറിലെ ‍ ചതുരക്കളത്തില്‍ 6 എന്ന അക്കം സ്ക്രീനില്‍ തെളിയുന്നു.അക്കത്തിനുള്ളില്‍ നിന്നും ഒരു ബോംബര്‍ വിമാനം ഇരമ്പി വരുന്നു. സ്ഫോടനം. പര്‍വ്വത സമാനമായ പുകപടലങ്ങള്‍ വ്യാപിക്കുന്നു.


സീന്‍ രണ്ട്

പുകപടലങ്ങള്‍ക്കിടയില്‍ നിന്നും സഡാക്കോ സസുക്കിയുടെ ആയിരം കടലാസ് കൊറ്റികള്‍ പറന്നു വരുന്നു !


സീന്‍ മൂന്ന്

കടലാസ് കൊറ്റികളെ വലയം ചെയ്യുന്ന വൈറസുകള്‍. കൊറ്റികള്‍ പറക്കവയ്യാതാകുന്നു.വൈറസ് ചതുരക്കളം നിറയുന്നു.കലണ്ടര്‍ മുഴുവന്‍ വ്യാപിക്കുന്നു.

                                    Break 


അമേരിക്ക ജപ്പാനില്‍ അണുബോംമ്പ് സ്ഫോടനം നടത്തിയിട്ട് ഏഴര പതിറ്റാണ്ടുകള്‍ കടന്നുപോയിരിക്കുന്നു. അന്ന് ഹിരോഷിമ, നാഗസാക്കി നഗരങ്ങളെ ഉന്മൂലനം ചെയ്തത് 12500 ടണ്‍ പ്രഹര ശേഷിയുള്ള യുറേനിയം ബോംമ്പുകളായിരുന്നു. അമേരിക്കയുടെ B 29 ‘എനോള ഗേ’ ബോംബര്‍ വിമാനമാണ് 'ലിറ്റില്‍ ബോയ് ' എന്ന ബോംബിനെ ‍ചിറകിലേറ്റി പറന്നത്. സൂര്യന് തുല്യം ഉയര്‍ന്ന തീജ്വാലകള്‍.1,40,000 പേര്‍ക്ക് തല്‍ക്ഷണം ദാരുണാന്ത്യം. പതിറ്റാണ്ടുകളോളം നിലനിന്ന റേഡിയേഷനും, തുടര്‍ന്നും ജീവനാശവും !

ഇന്ന് ലോകം , അണുബോംബിന് സമാനമായ മഹാമാരി പ്രസരിപ്പിച്ച ഒരു വൈറസിന്റെ ആഘാതത്തിനു മുന്നില്‍ നടുങ്ങി നില്‍ക്കുന്നു. ഇവിടെ ലോകത്തെ വിറപ്പിച്ചത് SARS – Covi 2 ( Severe Acute Respirory Syndrome – corona virus 2 ) എന്ന ഒരു സൂക്ഷ്മാണു ആണെന്ന വ്യത്യാസം . ചൈനയില്‍ നിന്നും കൊറോണ വൈറസിനെ ചുമന്ന് പറന്നാകട്ടെ നിശാചരന്മാരായ വവ്വാലുകള്‍ !

2019 നവംബര്‍ 17 നാണ് കൊറോണയുടെ ആദ്യ പ്രഹരമെന്ന് അനുമാനിക്കപ്പെടുന്നത്. വൈറസിന്റെ സമ്പര്‍ക്കം വെളിപ്പെട്ട വുഹാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും വൈറസിനെ തളക്കാനായില്ല. പ്രതിരോധം തകര്‍ത്ത് കൊറോണ കുതിച്ചു.

2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന ( WHO ) വൈറസ് വ്യാപനം അന്തരാഷ്ട്ര വിഷയമായി പരിഗണിച്ചതോടെ കൊറോണ അന്തരാഷ്ട്ര ഭീകരനായി മുദ്രയടിക്കപ്പെട്ടു.

ഹിരോഷിമ ദുരന്തത്തിന്റെ എഴുപത്തിയാറാം വാര്‍ഷികമാചരിക്കുമ്പോള്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുന്നൂറ് മില്യന്‍ കടന്നിരിക്കുന്നു ( 201,170,767 പേര്‍ ).മരണമടഞ്ഞവരുടെ എണ്ണമാകട്ടെ 4.26 മില്യനിലേറെയും.കൃത്യമായി പറഞ്ഞാല്‍, ഇന്നലത്തെ കണക്ക് പ്രകാരം 42,73,831 പേര്‍കക്കാണ് ജീവഹാനി.

ലോകത്തിലെ ഇരുന്നൂറ്റി ഇരുപതിലേറെ രാജ്യങ്ങളില്‍ കൊറോണയുടെ പ്രസരണമുണ്ടായപ്പോള്‍ , കോവിഡ് ബാധിതരുടെയും , മരണസംഖ്യയുടെയും എണ്ണത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്നത് ഈ ഹിരോഷിമ ദിനത്തില്‍ ചിന്തനീയമായ വസ്തുതയാണ് !

അമേരിക്കയുടെ അണുബോംബില്‍ തകര്‍ന്ന ജപ്പാന്‍ പക്ഷെ , കൊറോണ വൈറസിന് മുന്നില്‍ പിടിച്ച് നിന്നു. രോഗബാധിതരുടെ എണ്ണം ഒരു മില്യന്‍ ( 970,460 )കടന്നിട്ടില്ല. 15,228 പേരാണ് ജപ്പാനില്‍ ഇന്ന് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

കൊറോണയുടെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ മരണ സംഖ്യ നാലായിരത്തി അറുന്നൂറ്റി മുപ്പത്തിയാറ് എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ വയ്യ ! ഇതു വരെയുള്ള രോഗബാധിതരാകട്ടെ 93,374 .

വല്യേട്ടനായ അമേരിക്കക്ക് കിട്ടിയ പ്രഹരം. കുഞ്ഞനുജനായ ജപ്പാന്റെ കര്‍മ്മ ശേഷി. ഇതിനൊക്കെ കാരണവരും , ജനസമൃദ്ധിയാല്‍ സമ്പന്നനുമായ ചൈനയുടെ അയോധന പാടവം ! ഈ വൈരുദ്ധ്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുക ?

നിലവറകളിലെ ആയുധപ്പുരകളില്‍ ശത്രുനിഗ്രഹത്തിനായി അത്യാധുനിക വെടിക്കോപ്പുകള്‍ സംഭരിച്ച് സ്വന്തം പ്രമാണിത്തത്തില്‍ അഭിരമിച്ചിരുന്ന നായകരാഷ്ട്രങ്ങള്‍ വൈറസിന്റെ പടയോട്ടത്തില്‍ കാലിടറിവീഴുന്നത് നാം കണ്ടു. ഒരു സൂക്ഷാമാണു മാനവരാശിയെ നിശ്ചലവും , നിസ്സഹായരുമാക്കുന്ന കാഴ്ചകള്‍ !

പട്ടിയും , പൂച്ചയും , പറവകളും മാസ്ക്കും, സാനിട്ടറൈസുമില്ലാതെ യഥേഷ്ടം അഭിരമിക്കുന്നു. പരിണാമത്തിന്റെയും , പരിഷ്കാരത്തിന്റെയും ഉച്ചകോടിയിലെത്തിയെന്നഹങ്കരിക്കുന്ന മനുഷ്യന് പ്രതിരോധത്തിന് രക്ഷാമാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരുന്നു.

കീപ്പ് എവേ ഫ്റൊം ക്രൗഡ് ' എന്നും "മെന്റെയ്ന്‍ എ ഡിസ്റ്റന്‍സ് ഓഫ് ടു മിറ്റേഴ്സ് ഫ്റൊം അദേഴ്സ്’ എന്നും വചനങ്ങള്‍ മൊബൈല്‍ ഫോണ്‍‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യനെയാണ്, പറവകളോടല്ലല്ലോ.

അത്യാഡബരങ്ങളിലും ,അനുഭൂതികളിലും മനുഷ്യന്‍ നിമഗ്നനായപ്പോള്‍ മനുഷ്യന്‍ അന്യനെ വിസ്മരിച്ചുപോയതാണോ ? ദയയും, കാരുണ്യവും, സഹാനുഭൂതിയും കൈവിട്ടതാണോ ?

എന്റെ പ്രിയവും അന്യന്റെ പ്രിയവും രണ്ടല്ല എന്ന ബോധം നമുക്കുണ്ടാകേണെമെന്ന് ഗുരുദേവന്‍ അരുളിച്ചെയ്തിട്ടുണ്ട്.

ആത്മോപദേശശതകത്തിലെ ഇരുപത്തിരണ്ടാമത്തെ വരികള്‍ ഉദ്ബോധിപ്പിക്കുന്നത് പ്രസക്തമായ ഈ മാനവധര്‍മ്മമാണ്.

പ്രിയമപരന്റെയതെന്‍ പ്രിയം ,സ്വകീയ -

പ്രിയമപരപ്രിയ, മിപ്രകാരമാകും

നയമതിനാലെ നരനു നന്മ നല്‍കും

ക്രിയയപരപ്രിയ ഹോതുവായ് വരേണം.


' മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന് ഒരാള്‍ ധരിക്കുന്നവോ അതുപോലെ അയാള്‍ മറ്റുള്ളവരോട് പെരുമാറണം' എന്ന ബൈബിള്‍ വചനവും ഇതേ മാനവധര്‍മ്മത്തെയാണ് പ്രകീര്‍ത്തിക്കുന്നത്.

ആത്മോപദേശശതകത്തിലെ ഇരുപത്തിനാലാമത്തെ പദ്യം നോക്കുക

'അവനിവനെന്നു പറഞ്ഞിടുന്നതെല്ലാ

മവനിയിലാദിമമായൊരാത്മ രൂപം

അവരവരാത്മ സുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.’

ഓരോരുത്തരം അവനവന്റെ സുഖത്തിനായി ചെയ്യുന്ന പ്രവര്‍ത്തികള്‍ അന്യന്റെ സുഖത്തിനുതകുന്നതാകണം. നമുക്കാത്മ ബലം നല്‍കുാനുതകുന്നതാണ് ഗുരുവിന്റെ ഈ നറുമൊഴികളും.

ഇതൊരു മാറ്റത്തിനുള്ള നിമിത്തമാകട്ടെ .

ഹിരോഷിമ ദുരന്തവും, കോവിഡ് മഹാമാരിയും പുനര്‍ജ്ജനിക്കുള്ള പാഠമാകട്ടെ !

 

സീന്‍ നാല്

 

ചുമരിലെ കലണ്ടര്‍.

ചതുരക്കളങ്ങളില്‍ അക്കങ്ങള്‍ നിറയുന്നു.സഡാക്കോയുടെ കൊക്കുകള്‍ അക്കങ്ങളിലേക്ക് പറന്ന് മറയുന്നു.

ചതുരക്കളങ്ങളില്‍ നിന്നും വെള്ളവസ്ത്രങ്ങള്‍ ധരിച്ച ആള്‍രൂപങ്ങള്‍ പ്രത്യക്ഷമാകുന്നു. സിറിഞ്ചും, സ്റ്റെത് സ്കോപ്പും കൈകളിലേന്തിയിട്ടുണ്ട്. ആതുരശുശ്രൂഷകര്‍.ഭൂമിയിലെ മാലാഖമാര്‍.

അവര്‍ കലണ്ടറില്‍ നിറയുന്നു.കാറ്റിലാടുന്ന കലണ്ടറിന്റെ ഓരോ താളിലും ഇവര്‍ നിറയുന്നു.

ആഹ്ളാദാരവങ്ങള്‍ ഉയരുന്നു.

                                                  The End

   

 

എം.എന്‍.സന്തോഷ്



17 July, 2021

ദേവസന്ധ്യയില്‍



ഇന്ന് കര്‍ക്കടകം ഒന്നാം തിയതി.

 'കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു' എന്നൊരു പഴമൊഴിയുണ്ട്. പണ്ട് 'ശ്രാവണ'  മാസം അഥവാ കര്‍ക്കടകം ഒരു ദുരിത പര്‍വ്വമായിരുന്നു.തോരാതെ പെയ്യുന്ന മഴയും, പട്ടിണിയും. മാറാരോഗങ്ങളും , പകര്‍ച്ചവ്യാധികളും പിടിപെടുന്ന സമയം. ആള്‍ക്കാര്‍ക്ക് പണിയുണ്ടാകില്ല. അടുപ്പ് പുകയാത്ത ദിനങ്ങള്‍!

   വറുതിയുടെ ക്ളേശപൂരിതമായ ദിനരാത്രങ്ങളിലുടെയാണ് കടന്നുപോകുന്നതെങ്കിലും,  പൊന്‍ചിങ്ങമാസമിങ്ങെത്തിച്ചേരുമല്ലോ എന്ന പ്രതീക്ഷയാണ് മലയാളിയെ മുന്നോട്ട് നയിച്ചിരുന്നത്. 

  പക്ഷെ , ഇപ്പോള്‍  കര്‍ക്കടകം കഴിഞ്ഞാലും ദുര്‍ഘടം തീരുമെന്ന് ആശയറ്റ   ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

   നിനച്ചിരിക്കാതെ പിടികൂടിയ മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു.

  ദുര്‍ഘടങ്ങളുടെ  കാര്‍മേഘങ്ങളൊഴിഞ്ഞ്, ഒരു പൂക്കാലം വരുമെന്ന് പ്രത്യാശിക്കാം.

   മലയാളികള്‍ കര്‍ക്കടകത്തില്‍ അനുവര്‍ത്തിച്ചിരുന്ന ജീവിത ശൈലികളെ  ഓര്‍മ്മപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.

  കര്‍ക്കടകശീലങ്ങള്‍

  ഭൂമിയില്‍ നിന്നുള്ള വീക്ഷണപ്രകാരം ,സൂര്യന്‍  ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനത്തിന്  തുടക്കം കുറിക്കുന്നത്  കര്‍ക്കടകം  ഒന്നാം തിയതിയാണ്.ദേവന്മാരുടെ രാത്രി തുടങ്ങുന്ന നേരം. ദേവലോകത്തെ ഒരു ദിവസം ഒരു മനുഷ്യവര്‍ഷത്തിന് തുല്യമാണെന്ന് പുരാണം .  അതായത് ദേവലോകത്ത് സന്ധ്യയായി!

   ആരോഗ്യം പരിപാലിക്കുന്നതില്‍ നമ്മുടെ പൂര്‍വികര്‍ക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടായിരുന്നു.കര്‍ക്കടകത്തില്‍ 'കര്‍ക്കടക കഞ്ഞി' കഴിക്കുക അത്തരമൊരു ശീലമായിരുന്നു.അതുപോലെ 'പത്തില' കഴിക്കുന്നതും കര്‍ക്കടകത്തിലെ ആഹാരചര്യയായിരുന്നു.

    താള്, തകര, ചീര, മത്തന്‍, കുമ്പളം, പയറ്, ചേന, ചേമ്പ്, ഉഴുന്ന്, തഴുതാമ ഇവയുടെ ഇലകളായിരുന്നു പത്തിലക്കൂട്ടത്തിലെ താരങ്ങള്‍.

  'കര്‍ക്കടക കഞ്ഞി'  വിശേഷപ്പെട്ട ഒരിനമായിരുന്നു.ഏഴ് ദിവസം കഞ്ഞിയും, പതിനാല് ദിവസം പഥ്യവും. 

  ദശപുഷ്പം ചൂടുക എന്നതും കര്‍ക്കടക മാസത്തിലെ സവിശേഷതയാണ്. കറുക, ചെറൂള, കൃഷ്ണക്രാന്തി, പൂവാംകുറുന്നില, തിരുതാളി, കയ്യോന്നി, മുക്കുറ്റി, തിലപ്പന ഉഴിഞ്ഞ, മുയല്‍ചെവിയന്‍ ഇവയാണ് ദശപുഷ്പങ്ങള്‍. ദശപുഷ്പമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഈ സസ്യങ്ങളില്‍ ചിലത് സമൂലവും പിഴിഞ്ഞ് നീരും, ഇലയുടെ നീരും  കുറി തൊടാനും, കഴിക്കാനും ഉപയോഗിക്കുന്നു. ഔഷധച്ചെടികളാണ്ഇവയെല്ലാം.

   ഉപ്പിലിട്ട മാങ്ങ, ഉണക്ക കപ്പ,തവിട് എന്നിവയും കര്‍ക്കടകത്തിലെ വിശേഷ വിഭവങ്ങളായിരുന്നു.

    കര്‍ക്കടക ചികിത്സ

           പഞ്ചകര്‍മ്മ ചികിത്സയാണ് പ്രധാനം.ഇലക്കിഴി, പിഴിച്ചില്‍, ഞവരക്കിഴി, ഇവ പ്രധാനം. കര്‍ക്കടക ചികിത്സ ഇരട്ടി ഫലവത്താണെന്നാണ് വിശ്വാസം.

കര്‍ക്കടക ചൊല്ലുകള്‍

  കര്‍ക്കടക ചേന കട്ടെങ്കിലും തിന്നണം.

  കര്‍ക്കടകത്തില്‍ മര്‍ക്കടമുഷ്ടി വേണ്ട.

  കര്‍ക്കടകത്തില്‍ പത്തുണക്ക്.

  കര്‍ക്കടകത്തില്‍ കാക്ക പോലും കൂട് കൂട്ടില്ല.

  കര്‍ക്കടകത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനും ദോഷം.

  വാഴക്കൂമ്പും, വന്‍പയറും, ചേനത്തണ്ടും, ചെറുപയറും കര്‍ക്കടകത്തില്‍ മറക്കണ്ട.

     ഇക്കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ നല്ല രസമാണ്. പത്തിലക്കൂട്ടത്തിലെ സസ്യങ്ങള്‍ നാട്ടിന്‍പുറത്ത് ലഭിക്കുമായിരിക്കും. ദശപുഷ്പമോ? കറുകയും, കയ്യോന്നിയും,കൃഷ്ണക്രാന്തിയും നാട്ടിന്‍പുറത്ത് പോലും കിട്ടുമോ? 

       ആരോഗ്യം പരിരക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു നമ്മുടെ പൂര്‍വികര്‍.ഇന്നത്തെപ്പോലെ മാലിന്യപൂരിതമായിരുന്നില്ല പ്രകൃതി. ശുദ്ധവായു വേണ്ടുവോളമുണ്ട്. ശുദ്ധജലം സര്‍വത്ര. വിഷരഹിതമായ ഭക്ഷ്യവസ്തുക്കളും സുലഭം. 

     പക്ഷെ രോഗപീഢകള്‍ അവരെ അലട്ടിയിരുന്നു. ഇന്നത്തെപ്പോലെ ചികിത്സാസൗകര്യങ്ങളും , ആശുപത്രികളും തൊട്ടടുത്തില്ല. രോഗം വന്നാല്‍ വൈദ്യശാലകളാണ് ആലംബം. വൈദ്യന്‍ നിര്‍ദ്ദേശിക്കുന്നത് കഷായവും, നാട്ടുചികിത്സയുമായിരിക്കും. 

       വീടുകള്‍ തന്നെയായിരുന്നു ഈറ്റില്ലങ്ങളും. വയറ്റാട്ടികളുണ്ടായിരുന്നു നാട്ടില്‍! ആതുരാലയങ്ങളുടെ അപര്യാപ്തത. ആരോഗ്യപരിപാലനത്തില്‍ വലിയ പ്രതിസന്ധിനേരിടേണ്ടിയിരുന്നു. 

അതുകൊണ്ടായിരിക്കാം ചിട്ടയായ ജീവിത ക്രമങ്ങളും, ആഹാര രീതിയും, അവര്‍ അനുവര്‍ത്തിച്ചു.ഒപ്പം, ഈശ്വരാരാധനക്കും ഈ പഞ്ഞമാസത്തില്‍ പ്രാധാന്യം നല്‍കി. അങ്ങനെ പ്രകൃതി ദത്തമായ ദുര്‍ഘടങ്ങളെ ആത്മവിശ്വാസത്തോടെ അവര്‍ക്ക് അതിജീവിക്കുവാന്‍ കഴിഞ്ഞു .

     


   എം.എന്‍.സന്തോഷ്

   1196 കര്‍ക്കടകം  01

   

  


   

  


  

05 July, 2021

ബഷീര്‍ ദിനം വായനാക്കുറിപ്പ്

 






മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി



"മുച്ചീട്ട് കളിക്കാരന്റെ മകള്‍"‍ എന്ന ചരിത്ര കഥയുടെ സുന്ദരമായ ഗുണപാഠം നേരത്തേ അങ്ങ് പറ‍‍‍ഞ്ഞേക്കാം. പക്ഷേ പെണ്‍ പിള്ളേരുടെ ആരോഗ്യത്തിനത്ര പറ്റിയതല്ല. മൊത്തത്തില്‍ പെണ്‍മക്കള്‍. ...അവര്‍ ഏത് പ്രായത്തിലുള്ളതൈണെങ്കിലും ശരി.....കഴിയുന്നത്ര വേഗത്തില്‍ ....അവരെ ഒന്നടങ്കം വധിച്ചു കളയുക!

ഇത് കേട്ട് ആരും ക്ഷോഭിച്ച് ഇളകേണ്ട! ഈ അഭിപ്രായം എന്റെ സ്വന്തമാണെന്നാരും വിചാരിക്കരുത്. ഇതില്‍ യാതൊരു പങ്കും എനിക്കില്ല.............

ഇത് സംബന്ധമായി ആര്‍ക്കെങ്കിലും ന്യായമായ തോതില്‍ വഴക്കിടണമെങ്കില്‍ പോക്കറുടെ അടുത്തേക്കാണ് ചെല്ലേണ്ടത്.”

ബഷീറിന്റെ 'മുച്ചീട്ട് കളിക്കാരന്റെ മകള്‍’ നോവല്‍ ആരംഭമാണ് മേല്‍ കൊടുത്തത്.

മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കര്‍, മകള്‍ സൈനബ എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. മൂരാച്ചികളായ രണ്ട് പോലീസുകാര്‍, ആഴ്ച ചന്തയിലെ ആള്‍ക്കൂട്ടം, പൊതുജനം തുടങ്ങി വിശാലമായ ഒരു വേദിയുമുണ്ട്.

ഒറ്റക്കണ്ണന്‍ പോക്കര്‍ക്ക് മുച്ചീട്ട് കളിക്കാരന്‍ പോക്കറെന്നും പേരുണ്ട്. മുച്ചീട്ട് കളിയാണ് തൊഴില്‍.പത്തൊമ്പത് വയസ്സുള്ള മകള്‍ സൈനബയെ പിടിപ്പുള്ള ഒരാള്‍ക്ക് കെട്ടിച്ച് കൊടുക്കണം. ആയതിലേക്കായി നൂറ്റിഇരുപത് രൂപയും സമ്പാദിച്ച് വെച്ചിട്ടുണ്ട്.

മണ്ടന്‍ മുത്തപ്പക്ക് പോക്കറ്റടിയാണ് തൊഴില്‍. ആഴ്ച ചന്തയാണ് മുത്തപ്പയുടെ തൊഴിലിടം.പോക്കറ്റടിക്കാരനാകുന്നതിന് മുന്‍പ് , മുച്ചീട്ട് കളി പഠിക്കാന്‍ ഒറ്റക്കണ്ണന്‍ പോക്കറുടെ അപ്രന്റീസാകാന്‍ പലകുറി അഭ്യര്‍ത്ഥിച്ചതാണ്. അപ്പോഴൊക്കെ പോക്കര്‍ , മുത്തപ്പയെ പരിഹസിച്ചു വിട്ടു. മുത്തപ്പയും സൈനബയും ലോഹ്യത്തിലായി.മുത്തപ്പ ഒരു ദിവസം പറഞ്ഞു.

ഞമ്മക്ക് ഇമ്മാസത്തീത്തന്നെ നിക്കാഹ് കഴിക്കണം.”

എന്റെ റൂഹൊള്ള കാലത്ത് നീ അയിന് മോഹിക്കേണ്ടെന്ന് പറഞ്ഞ് പോക്കര്‍ ക്ഷുഭിതനായി. പക്ഷെ സൈനബയെ നിക്കാഹ് കഴിച്ച് കെട്ട്യോളാക്കുമെന്ന് ഉറച്ച നിലപാടെടുത്തു മുത്തപ്പ.

പോക്കറ്റടി നിറുത്തി ചായക്കട തുടങ്ങാന്‍ പത്തുരൂപ കാശ് പോക്കറോട് മുത്തപ്പ സഹായം ചോദിച്ച്. അതും നടന്നില്ല.

അങ്ങനെ യുദ്ധം തുടങ്ങി.

ബഹുജനം രണ്ട് ചേരിയായി തിരിഞ്ഞു.സൈനബ ആരുടെ ചേരിയിലാണെന്ന് ജനത്തിന് പിടികിട്ടിയില്ല. നമ്മുടെ ചേരിയിലാണെന്ന് മുത്തപ്പ തുറന്നടിച്ച് പറഞ്ഞു.

പെണ്ണിന്റെ മനസ്സ് പോണേടത്ത് ജയമെന്ന് ജനം പ്രവചിച്ചു.

ചന്ത യുദ്ധക്കളമായി.സിനിമയില്‍ കാണും പോലെ സ്റ്റണ്ടല്ല. മുച്ചീട്ട് കളിയുദ്ധം.പോക്കറും, മുത്തപ്പയും പൊരുതി.

മുത്തപ്പ ജയിച്ചു. പോക്കര്‍ കുത്തുപാളയെടുത്തു. സൈനബയെ കെട്ടിക്കാന്‍ വെച്ച കാശ് മുത്തപ്പ നേടി. ഒപ്പം സൈനബയേയും!

കളി ജയിക്കാനുള്ള ബുദ്ധി മുത്തപ്പക്ക് എങ്ങനെ കിട്ടി?

അതാണ് കഥയുടെ ക്ളൈമാക്സ്!

ആഴ്ചചന്തയിലും അതിന് ചുറ്റുപാടുകളിലുമായാണ് ബഷീറിന്റെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. ഭാഷയും ജീവിതരീതികളുമെല്ലാം അതിനനുയോജ്യമാം വിധം തന്നെ. കഥാകാരന്‍ ഇതെല്ലാം നേരില്‍ക്കണ്ട പോലെ വിവരിക്കുകയാണ്. ആഴ്ച ചന്ത, ശായേന്റെ കട, മുച്ചീട്ട് കളി, കായക്കുല പുഴയിലൂടെ നീന്തുന്നതുമൊക്കെ വായനക്കാരന് നേരില്‍ക്കാണാം.

1951 ലാണ് ഈ ലഘുനോവല്‍ പ്രസിദ്ധീകരിച്ചത്. എഴുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിട്ടും ആ കഥയും കഥാപാത്രങ്ങളും ഇന്നും ആസ്വാദകമനസ്സുകളില്‍ ജീവിക്കുകയാണ്.കൃതഹസ്തനായ ആ എഴുത്തുകാരന്റെ ഭവനാചാതുരി കാലങ്ങളെയും അതിജീവിക്കുന്നു. ബഷീര്‍ അങ്ങനെയാണ് ഇതിഹാകാരനാകുന്നത്.

1994 ജൂലൈ 5നാണ് അദ്ദേഹം നിര്യാതനായത്. ഇന്ന് ബഷീര്‍ ദിനം. സാഹിത്യ സാമ്രാജ്യത്തിലെ സുല്‍ത്താനെ അനുസ്മരിച്ച് കൊണ്ട് ഈ വായനാക്കുറിപ്പ് സമര്‍പ്പിക്കുന്നു.


എം.എന്‍.സന്തോഷ്




19 June, 2021

തെരുവിലെ അമ്മയും പുഴയിലെ കുഞ്ഞും

 

വായനാദിനം



തെരുവിലെ അമ്മയും പുഴയിലെ കുഞ്ഞും



ഇന്ന് വായനദിനം. മഹാമാരിയില്‍ അടച്ച് പൂട്ടി വീട്ടിനകത്ത് തളച്ചിടപ്പെട്ട ദിനങ്ങള്‍. വിരസതയകറ്റിയത് വായന തന്നെയായിരുന്നു. ടെലിവിഷനെക്കാളും , ഓണ്‍ലൈന്‍ മാധ്യമങ്ങളെക്കാളും ഏറെ വിശ്വസനീയവും , ആശ്വസകരവും വായനയാണെന്നാണ് എന്റെ വിശ്വാസം.


പത്രവായനയോടെയായിരുന്നു പണ്ട് നമ്മുടെ ദിനചര്യയുടെ തുടക്കം. പക്ഷെ ഇന്ന് , കോഴി കൂവും മുന്‍പ് തന്നെ ഫെയ്സ് ബുക്കിലും, വാട്ട്സാപ്പിലും വായനയുടെ ലോകത്ത് സഞ്ചാരം തുടങ്ങിയിട്ടുണ്ടാകും . സോഷ്യല്‍ മീഡിയ അവിഭാജ്യ ഘടകമായിക്കഴിഞ്ഞു.


ഇന്ന് വായനാദിനത്തില്‍ ഒരു വായനാക്കുറിപ്പ് പങ്കുവെക്കണമെന്ന് തോന്നിയപ്പോള്‍ ഇന്നലെ പത്രം വായിച്ചപ്പോഴുണ്ടായ ഒരു നൊമ്പരമാണ് എഴുതാന്‍ തോന്നിയത്. ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ , അല്ലെങ്കില്‍ ചാനല്‍ ചര്‍ച്ച കേള്‍ക്കുമ്പോള്‍ ‍ നമ്മുടെ ആധി കൂടുകയാണ്. ഒന്നും രണ്ടും ലോക്ഡൗണുകള്‍ കടന്നു. ഇനിയൊരു മൂന്നാം ഘട്ട വ്യാപനമുണ്ടായാല്‍ അത് അതി തീവൃമായിരിക്കുമെന്ന് ഇന്നലെ സന്ധ്യക്ക് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. സമ്മര്‍ദ്ദം കൂട്ടുന്നു.


പക്ഷെ ഇന്നലെ പത്ര വായനയില്‍ കണ്ണ് നിറഞ്ഞ, മനസ്സ് വിങ്ങിയ രണ്ട് വാര്‍ത്തകളുണ്ടായിരുന്നു. ആ വായാനാനുഭവമാണ് ഞാന്‍ പങ്ക് വെക്കുന്നത്. അതൊട്ടും ആനന്ദകരമാല്ലയെന്നെനിക്കറിയാം.


ജൂണ്‍ പതിനെട്ട് വെള്ളിയാഴ്ചയിലെ 'മാതൃഭൂമി'യിലെ ഒരു വാര്‍ത്തയാണ് ആദ്യം. എട്ടാം പേജില്‍ "വേണ്ടാതായാല്‍ ” എന്ന കാപ്ഷന്‍ സഹിതം കൊടുത്ത ഒരു ചിത്രം. നിളയൊഴുകുന്ന നാട്ടില്‍ നിന്നാണ് ആ വാര്‍ത്ത

 



 

 

 

 

 

 

ഒരു വൃദ്ധ റോഡരുകിലിരിക്കുന്ന ചിത്രമാണത്. പാലക്കാട് ശംഖുവാരത്തോട് റെയില്‍വേ പാലത്തിനു കീഴെ റോഡരുകില്‍ മതിലു ചാരിയിരിക്കുന്ന കുഞ്ഞമ്മ എന്ന പേരുള്ള ഒരു എഴുപതുകാരിയുടെ ദയനീയ മുഖമാണ് ചിത്രത്തില്‍.


പേരില്‍ത്തന്നെ ഒരമ്മയുണ്ട്. കുഞ്ഞമ്മ തെരുവിലകപ്പെട്ടതെങ്ങനെയാണ് ? നിറ സഞ്ചികളും ഒരു ചൂലും അരികിലുണ്ട്. എന്താണാവോ സഞ്ചിയില്‍ ? മാസ്ക് കെട്ടിയിട്ടുണ്ട്. തലമുടി ചെറുതുണിയാല്‍ മറച്ചിട്ടുണ്ട്. പാതവക്കത്ത് മതില്‍ ചാരി , നിസ്സംഗയായിരുന്ന് വാഹനങ്ങള്‍ ചീറ്റിക്കുന്ന ചെളി വെള്ളം ഏറ്റു വാങ്ങുന്നു ആ അനാഥ വാര്‍ദ്ധക്യം. ‘സാഗരം കണ്ണിലുണ്ടെങ്കിലും കരയുവാന്‍ കണ്ണുനീരില്ല ’ എന്ന സിനിമാ പാട്ട് ധ്വനിപ്പിക്കുന്ന നിസ്സംഗഭാവം !


ബാല്യം, കൗമാരം, യൗവനം, ഭാര്യ, അമ്മ, കുടുംബിനി എന്നിങ്ങനെ ജീവിതത്തിലെ പ്രകാശപൂരിതവും, ത്യാഗപൂര്‍ണ്ണവുമായ ഓരോരോ കടമ്പകളിലൂടെ അവരും സഞ്ചരിച്ചിട്ടുണ്ടാവില്ലേ ? എഴ് ദശാബ്ദം പിന്നിട്ട ആ ജീവിതം ഒടുവിലിതാ തെരുവില്‍ !


ഉറ്റവരും, ഉടയവരും പാഴ് വസ്തുവെപ്പോലെ പുറന്തള്ളിയതാണോ ആ അമ്മയെ ? അല്ലെങ്കില്‍ സ്വയം വീട് വിട്ടിറങ്ങിയതോ ? ഒരു പക്ഷെ മാനസിക വിഭ്രാന്തിയെങ്ങാനും ബാധിച്ച് .......? ദൂരെയൊരു കുടുംബം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുണ്ടാകുമോ? പത്ര വാര്‍ത്ത വന്ന സ്ഥിതിക്ക് കുഞ്ഞമ്മക്ക് ഒരു പുതുജീവിതം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. അനാഥയാകപ്പെട്ട അമ്മയെത്തേടി മക്കള്‍ വരും. അല്ലെങ്കില്‍ ആ അമ്മക്ക് സ്വന്തം ഭവനത്തിലേക്കുള്ള വഴി നമുക്ക് കാണിച്ച് കൊടുക്കണം.


ചന്ദനം മണക്കുന്ന പൂന്തോട്ടം

ചന്ദ്രികമെഴുകിയ മണിമുറ്റം

ഉമ്മറത്തമ്പിളി നിലവിളക്ക്

ഉച്ചത്തില്‍ സന്ധ്യക്ക് നാമജപം , ഹരി നാമജപം. ”

'അച്ചുവേട്ടന്റെ വീട് ' എന്ന സിനിമയില്‍ എസ്.രമേശന്‍ നായര്‍ രചിച്ച് ഹൃദയസ്പര്‍ശിയായ വരികളാണ് ഓര്‍മ്മയിലെത്തുന്നത്.

കവിക്ക് പ്രണാമം.


ചന്ദനം മണക്കുന്ന സ്വന്തം മണിമുറ്റത്തേക്ക് ആ അമ്മ തിരിച്ചെത്തട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന .


ഇന്നലെത്തന്നെ "ടൈംസ് ഓഫ് ഇന്‍ഡ്യ” യില്‍ വായിച്ചതാണ് രണ്ടാമത്തെ വാര്‍ത്ത. പുണ്യനദിയായ ഗംഗയുടെ തീരത്ത് വാരണാസിയില്‍ നിന്നാണ് ആ വാര്‍ത്തയെത്തുന്നത്

 



 

 

 

 

 

 

ഗംഗാ നദിയിലെ തോണിക്കാരനായ ഗല്ലു ചൗധരി തുഴയുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുവന്ന പട്ട് കൊണ്ട് പൊതിഞ്ഞ ഒരു പെട്ടി ഗംഗയുടെ ഒളപ്പരപ്പുകളിലൂടെ ഒഴുകി വരുകയാണ്. പൂക്കളും പൂജാപാത്രങ്ങളും മൃതശരീരങ്ങളും ഒഴുകുന്ന ഗംഗ ! 

അയാള്‍ ആ പെട്ടിയെടുത്ത് തോണിയില്‍ വെച്ചു.


പെട്ടിതുറന്നപ്പോള്‍ ഒരു കുഞ്ഞ് ! ജീവന്‍ തുടിക്കുന്നണ്ട്.


ദുര്‍ഗ്ഗാ ദേവിയുടെയും, മഹാവിഷ്ണുവിന്റെയും ചിത്രങ്ങള്‍ പെട്ടിക്കകത്ത് പതിച്ച് വെച്ചിട്ടുണ്ട്. കുട്ടിയുടെ ജനനത്തിയതിയും ജാതകവും കുറിച്ച് വെച്ചിട്ടുണ്ട്. കുഞ്ഞിന് 'ഗംഗ' യെന്ന് പേര് ചാര്‍ത്തി, അരഞ്ഞാണം കെട്ടി ....... ഗംഗാമാതാവിന് സമര്‍പ്പിക്കപ്പെട്ട ഒരു പെണ്‍ജന്മം !

ഇവിടെ അമ്മ അദൃശ്യയാണ്.


പോറ്റമ്മയാണ് ഗംഗ !


ഓളങ്ങള്‍ ചാഞ്ചാടുന്ന ഗംഗാനദിയിലൂടെ കര്‍ണ്ണന്‍ ഒഴുകുന്നതും നോക്കി ചക്രവാളത്തില്‍ പിതാവ് ആദിത്യനുണ്ടായിരുന്നു. ഗംഗാ ദേവിക്ക് കുന്തി മഹാറാണിയുടെ സമര്‍പ്പണം ! ഇതിഹാസത്തില്‍ അക്കഥ വായിച്ചിട്ടുണ്ട്.


ഐതിഹ്യമാലയിലൊരു കഥയുണ്ട്. വരരുചിയുടെ കഥ. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ.

പറയന്റെ മാടത്തില്‍ പറയി പെറ്റ പെണ്‍കുഞ്ഞ് രാജ്യത്തിന് വിനാശം വരുത്തുമെന്ന് ജാതകം പ്രവചിച്ച് വരരുചി , മഹാരാജാവിനെ പരിഭ്രമിപ്പിച്ചു.

 ബാലനിഗ്രഹം പാടില്ല. പെണ്‍കുഞ്ഞാണ്. പെണ്‍ഹത്യയും പാപം. അതിനാല്‍ പുഴയിലൊഴുക്കാം.


നെറുകയില്‍ ഒരു പന്തം കൊളുത്തി വെച്ച് , വാഴപ്പിണ്ടിയില്‍ കിടത്തി കുഞ്ഞിനെ ഒഴുക്കി വിട്ടു. തലയില്‍ എരിയുന്ന പന്തവും വഹിച്ച് ആ പെണ്‍കുഞ്ഞ് ഗംഗയുടെ താരാട്ട് കേട്ട് ഒഴുകി.

ആ കുഞ്ഞ് കരക്കടുത്തു. ഒരു സ്ത്രീയുടെ പരിലാളനയില്‍ വളര്‍ന്നു. വരരുചിയുടെ തന്നെ ധര്‍മ്മപത്നിയായത് നിയോഗം. പറയിപെറ്റ പന്തിരു കുലത്തിന്റെ ചരിത്രം ഇവിടെയാരംഭിക്കുന്നു.


ശിശുഹത്യാ കഥകള്‍ ഇതിഹാസം തൊട്ട് തുടങ്ങുന്നു.


മാതൃദേവോ ഭവ:’ മഹത്തായ ഭാരതീയ പൈതൃകവുമാണ്.


ഈ രണ്ട് തത്വങ്ങളെ തൊട്ടുണര്‍ത്തുന്ന രണ്ട വ്യത്യസ്ഥ സംഭവങ്ങള്‍ ഒരേ ദിവസം വായിക്കാന്‍ കഴിഞ്ഞത് വായനാദിനത്തിന്റെ തലേന്നാണ്. പുഴയിലൊഴുക്കപ്പെട്ട പെണ്‍കുഞ്ഞും, തെരുവിലകപ്പെട്ട അമ്മയും !

ഒരേ കാന്തത്തിന്റെ രണ്ട് ധൃുവങ്ങളിലുള്ള സംഭവങ്ങള്‍.



എം.എന്‍.സന്തോഷ്



05 June, 2021

ഇടവപ്പാതി മഴയേ

 


കവിത


ഇടവപ്പാതി മഴയേ


തക തിമി തോം

തക തിമി തോം

തക തിമി തക തിമി

തക തിമി തക തക തോം


ഇടവപ്പാതി മഴയേ

ഇടമുറിയാത്ത മഴയെ

കരിമഷി ഇമകളിലെഴുതിയ

കാര്‍ച്ചേലയുടുത്തൊരു പെണ്ണേ

കാര്‍കൂന്തല്‍ പരത്തി ,

കളിചിരി തൂകി

ഇടവഴിയേ, ഇതുവഴിയേ വരുമോ ?

മഴയേ, മാധവമാസ മഴയേ !


മേഘരാജികള്‍ മേയുന്നു മാനത്ത്

മേഘാന്ധകാരം പരക്കുന്നു

മാനത്തെ മേടയില്‍ മേഘനിര്‍ഘോഷം

മേഘനാദന്‍ വിളിക്കുന്നുവോ നിന്നെ

മേഘപുഷ്പങ്ങള്‍ ചാര്‍ത്തിയ ചാരുതേ

വരുമോ ഇതുവഴിയെന്നരുകില്‍

മഴയേ, എഴുതാന്‍ മറന്ന കവിതേ !


എം.എന്‍.സന്തോഷ്




23 May, 2021

വി ഡി

 


വി ഡി സതീശന്‍


സതിയും ഈശനും വാഴുന്നൊരീ

പെരുവാരത്തെ കോവിലിന്‍

തിരുനടയില്‍ നിന്നുമായനന്ത -

പുരിയില്‍ വിളങ്ങുമാ

മണിമന്ദിരത്തിലേക്കിതാ

പറവൂരിനു പ്രിയനൊരാള്‍

'പ്രതിപക്ഷ പ്രധാനി'യായ് വരുന്നിതാ.

പ്രതീതന്‍, പ്രത്യുല്‍പ്പന്ന മതിയവന്‍

വിദ്യാവിലാസിതന്‍, വീര്യവാന്‍,

വി ഡി സതീശന്‍, വിശാരദന്‍ !

വിളങ്ങണമങ്ങൊരാ കോവിലില്‍ ,

വിശ്രാന്തി വേണ്ടിനി, വിസ്മയിക്ക കേരളം.

'പുനര്‍ജ്ജനി'ക്കട്ടെ സമസ്തവും,

സപ്തകര്‍മ്മങ്ങളാല്‍ സന്തതം !


എം.എന്‍.സന്തോഷ്

പറവൂര്‍

15 May, 2021

പെരുവാരനാഥാ

പെരുവാരനാഥാ


 

 

 

 

 

 

സര്‍വ ചരാചര രക്ഷകനേ 

                           
 പ‍ഞ്ചമഹാ ഭൂത പാലകനേ

ശ്രീ പരമേശ്വരന്‍

ത്രൈലോക പാലകന്‍

പരിവാരങ്ങളോടൊത്ത് വാഴുന്നിടം.


ഓം മഹാ ദേവാ, ശ്രീ മഹാ ദേവാ,

പെരുവാര നാഥാ കൈ തൊഴുന്നേൻ.


തൃക്കോവിലില്‍ ശിവകാന്ത

ശ്രീപാര്‍വ്വതി

കന്നിമൂലയില്‍ ഗണാധിപന്‍

ഏകദന്തന്‍

അന്നപൂര്‍ണ്ണേശ്വരി

പരമാത്മസ്വരൂപിണി

പരിവാരങ്ങളോടൊത്ത് വാഴുന്നിടം.


ശക്തിയും, മുക്തിയും കൈവരുത്തീടണേ

പെരുവാരം അമരാപുരിയാക്കണേ.


ഓം മഹാ ദേവാ, ശ്രീ മഹാ ദേവാ,

പെരുവാര നാഥാ കൈ തൊഴുന്നേൻ.


മന്നത്ത് ശിവാത്മജന്‍

മയില്‍ വാഹനന്‍

തിരുനടയില്‍ നേര്‍ക്ക് നേര്‍ കോവിലുകള്‍

ചന്ദ്രകലാധരന്‍

താരകാസുരാഹരന്‍

പരിവാരങ്ങളോടൊത്ത് വാഴുന്നിടം.


കദനപ്പെരുംങ്കടല്‍ കടത്തീടണേ

മഹാമാരികളേശാതെ കാത്തീടണേ

സദാശൂല പാലകാ

സര്‍വ്വ സംഹാരകാ

ആധിയും വ്യാധിയും ഹരിച്ചീടണേ


ഓം മഹാ ദേവാ, ശ്രീ മഹാ ദേവാ,

പെരുവാര നാഥാ കൈ തൊഴുന്നേൻ.

 

എം.എന്‍.സന്തോഷ്

 

 


05 May, 2021

ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നോ ?

 

 "അനുകമ്പയാകുന്ന മധുരം കൊണ്ട് നിറഞ്ഞതായിരിക്കണം മനുഷ്യ 

മനസ്സ്"     - ചട്ടമ്പി സ്വാമികള്‍

 

 

ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നോ ?



അറിവ് പരസ്പരം പങ്കുവെക്കുന്നവരെ ഗുരുവെന്നും ശിഷ്യനെന്നും വിവക്ഷിക്കപ്പെടമോ ? ചരിത്രത്തില്‍ അങ്ങനെയുള്ള ചര്‍ച്ചക്ക് ഇടം നേടിയിട്ടുള്ള രണ്ട് ചരിത്രപുരുഷന്മാരില്‍ ഗുരുസ്ഥാനീയനെന്ന് വിവക്ഷിക്കപ്പെടുന്ന ഒരു മഹാത്മാവിന്റെ സമാധി ദിനമാണിന്ന് , മെയ് 5. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക ചിന്തകള്‍ക്ക് തിരി കൊളുത്തിയ ചട്ടമ്പി സ്വാമികളാണ് ആ മഹത് വ്യക്തി.


അറിവ് നേടുവാനുള്ള ജാതിപരമായ വിലക്കുകളെ ഒരു നൂറ്റാണ്ടിന് മുന്‍പ് യുക്തി പൂര്‍വം എതിര്‍ത്ത ധീരനായിരുന്നു അദ്ദേഹം. ബ്രാഹ്മണാധിപത്യത്തെ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. കേരളം പരശുരാമസൃഷ്ടിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വം , സാര്‍വത്രിക വിദ്യാഭ്യാസം എന്നിവ ഒരു നൂറ്റാണ്ടിന് മുന്‍പ് അദ്ദേഹം സമൂഹ ശ്രദ്ധയില്‍ കൊണ്ടുവന്നു.


തിരുവനന്തപുരത്ത്, കൊല്ലൂര്‍ (കണ്ണമ്മൂല) ഉള്ളൂര്‍ക്കോട് വീട് എന്ന ദരിദ്ര നായര്‍ കുടുംബത്തിലാണ് അദ്ദേഹം ഭൂജാതനായത്. 1853 ആഗസ്റ്റ് 25ന് . ശ്രീനാരായണ ഗുരുദേവന്‍ ജനിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് .


കുഞ്ഞന്‍ പിള്ളയെന്നായിരുന്നു പേര്. പേട്ടയില്‍ രാമന്‍ പിള്ള ആശാനായിരുന്നു ആദ്യ ഗുരു. രാമന്‍ പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുമ്പോഴാണ്

' ചട്ടമ്പി '( ലീഡര്‍ ) ആകുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്ന കുഞ്ഞനെ , മാതാപിതാക്കള്‍ സുബ്ബജടാ പാഠിയെന്ന മഹാപണ്ഡിതന്റെ ശിക്ഷ്യത്വം നല്‍കി.നാല് വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഗുരുകുലത്തില്‍ വിജ്ഞാന സമ്പാദനം നടത്തി.


സംസ്കൃതം, വേദവേദാന്തങ്ങള്‍, സിദ്ധവൈദ്യം എന്നിവ അഭ്യസിച്ചു. വിജ്ഞാനമാര്‍ജിക്കാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തെ നിരവധി ഗുരുക്കന്മാരുടെ അടുക്കലെത്തിച്ചു. മഹാ സിദ്ധന്മാരുമായുള്ള സംസര്‍ഗം അദ്ദേഹത്തെ സന്യാസിയായി രൂപപ്പെടുത്തി. “ഷണ്‍മുഖദാസന്‍” എന്ന പേരില്‍സന്യാസം സ്വീകരിച്ചു. വിദ്യാധിരാജന്‍ എന്നും അറിയപ്പെടുന്നു. തുടര്‍ന്നദ്ദേഹം , മരുത്വാ മലയിലെ ഏകാന്ത വാസവും, ദക്ഷിണ ഭാരതം മുഴുവന്‍ സഞ്ചരിച്ചും , അറിവ് സമ്പാദിച്ചും അങ്ങനെ നടന്നു. തൈക്കാട്ട് അയ്യാവ് എന്ന ഗുരുവിന്റെ ശിക്ഷണത്തില്‍ കുഞ്ഞന്‍ പിള്ള യോഗാഭ്യാസം പരിശീലിച്ചിരുന്നു.


1884 ലാണ് കുഞ്ഞന്‍ പിള്ളയും, നാണു എന്ന ശ്രീനാരായണ ഗുരുവും കണ്ടുമുട്ടുന്നത്. അന്ന് , ചട്ടമ്പി സ്വാമികള്‍ക്ക് 27 വയസ്സും ഗുരുദേവന് 24വയസ്സും. പെരുനെല്ലി കൃഷ്ണന്‍ വൈദ്യരാണ് കുഞ്ഞന്‍ പിള്ള ചട്ടമ്പിയെന്ന മഹാനെ നാണുവാശാന് പരിചയപ്പെടുത്തികൊടുക്കുന്നത്.


കുഞ്ഞന്‍ പിള്ള ചട്ടമ്പിയുടെ പ്രേരണയാല്‍ നാണുവാശാന്‍ തൈക്കാട്ട് അയ്യാവിന്റെ ശിഷ്യത്വം സ്വീകരിച്ച് യോഗ പഠിച്ചു. അക്കാലം മുതല്‍ക്കാണ് രണ്ട് ചരിത്ര പുരുഷന്മാരും സതീര്‍ത്ഥ്യരും, സഹയാത്രികരുമാകുന്നത്.


അവധൂതനായി , ചട്ടമ്പി സ്വാമികള്‍ കാടുകളും മലകളും താണ്ടി കഴിയുമ്പോള്‍ , ആ സഹചാരിയും ഒപ്പമുണ്ടാകുമായിരുന്നു. ചട്ടമ്പി സ്വാമികള്‍ സര്‍വ്വകലാ വല്ലഭനായിരുന്നു.നല്ല വായനക്കാരനായിരുന്നു. അറിവുകള്‍ ഗുരുദേവന് പകര്‍ന്ന് നല്‍കി കൊണ്ടിരുന്നു.


* * * * * *

ശ്രീനാരായണ ഗുരുവും ,ചട്ടമ്പി സ്വാമികളും തമ്മില്‍ ആത്മീയമായി വളരെ അടുപ്പമുണ്ടായിരുന്നു.


ഒരിക്കല്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍ ഗുരുദേവനോട് ചോദിച്ചു.


ചട്ടമ്പി സ്വാമികള്‍ അങ്ങയുടെ ഗുരുവായിരുന്നോ ?”


ഗുരുദേവന്‍ ഇപ്രകാരമാണ് മറുപടി പറഞ്ഞത്.


ആര് ഗുരുവായാലെന്ത് ? ആര് ശിഷ്യനായാലെന്ത് ? ചട്ടമ്പിയും നാമും സതീര്‍ത്ഥ്യരാണ്. പരസ്പരം 'നാണന്‍' എന്നും 'ചട്ടമ്പി' എന്നുമാണ് വിളിച്ചിരുന്നത് . പരസ്പരം എന്തെങ്കിലും പഠിപ്പിച്ചിട്ടില്ല. അറിവുകള്‍ പങ്കു വെച്ചിട്ടുണ്ട്. ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്.”


ചട്ടമ്പി സ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് ശ്രീനാരായണഗുരു പറഞ്ഞതായി സത്യവൃതസ്വാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പി സ്വാമികളെ സ്നാപക യോഹന്നാനോടും , ഗുരുദേവനെ യേശുക്രിസ്തുവിനോടുമാണ് സത്യവൃതസ്വാമികള്‍ താരതമ്യം ചെയ്യുന്നത്.


1924 മെയ് 5 നായിരുന്നു ചട്ടമ്പി സ്വാമികളുടെ സമാധി. തദവസരത്തില്‍ ഗുരുദേവന്‍ രണ്ട് ചരമ ശ്ലോകങ്ങള്‍ രചിച്ചിരുന്നു. ഒരു പദ്യത്തില്‍ "സദ്ഗുരു ” എന്നൊരു പ്രയോഗമുണ്ട്.


സര്‍വ്വജ്ഞ ഋഷിരുത് ക്രാന്ത: സദ്ഗുരു: ശുക വര്‍ത്മനാ ”


ഇതാണ് ആദ്യ വരികള്‍.


'സദ്ഗുരു ' എന്നാല്‍ 'ഉത്തമനായ ഗുരു' എന്നും 'സജ്ജനങ്ങളുടെ ഗുരു' എന്നും അര്‍ത്ഥം കാണുന്നുണ്ട്. പദ്യത്തിലെ 'സദ്ഗുരു ' പ്രയോഗത്തെ അടിസ്ഥാനമാക്കിയും താര്‍ക്കികന്മാര്‍ ഒരു പക്ഷെ ഗുരു സ്ഥാനം നല്‍കുന്നുണ്ടാകും എന്ന് കരുതാം.


എം.എന്‍.സന്തോഷ്


സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം